പൊതു വിഭാഗം

ശ്രീ. പി സി ജോർജ്ജ് എം എൽ എ എവിടെയാണ്?

“ശ്രീ കെ എം മാണി പാലാ നിയോജകമണ്ഡലം നോക്കുന്നതു പോലെ മണ്ഡലം നോക്കുന്ന വേറെ ആരെങ്കിലുമുണ്ടോ?”
ഞാൻ ഒരിക്കൽ എന്റെ ബന്ധുവും സുഹൃത്തുമായ വിഷ്ണുവിനോട് ചോദിച്ചു.
“ചേട്ടാ, മണ്ഡലം നോക്കുന്ന കാര്യം അറിയണമെങ്കിൽ പൂഞ്ഞാറിൽ പോയി നോക്കണം. അവിടുത്തെ ഓരോ വീട്ടുകാരേയും പി സി ജോർജ് അറിയും, അവരുടെ ഏതൊരാവശ്യത്തിനും ആൾ മുന്നിൽ ഉണ്ടാവുകയും ചെയ്യും.”
 
നേരിട്ട് ഒട്ടും പരിചയമുള്ള ആളല്ല ശ്രീ. പി സി ജോർജ്ജ്. അതുകൊണ്ട് തന്നെ ഇതെന്നെ അതിശയിപ്പിച്ചു. പിന്നീട് അദ്ദേഹം പൂഞ്ഞാറിൽ സ്വതന്ത്രനായി നിന്നപ്പോൾ ജയിക്കുമെന്ന് മിക്കവരും പ്രതീക്ഷച്ചില്ല, പക്ഷെ വിഷ്ണുവിന് ഒരു സംശയവും ഉണ്ടായിരുന്നില്ല.
സാധാരണ ഏതൊരു സമയത്തും മാധ്യമങ്ങളിലും ടി വി ചർച്ചകളിലും നിറഞ്ഞു നിൽക്കുന്ന നേതാവാണ് അദ്ദേഹം. ഈ കൊറോണക്കാലത്ത് അദ്ദേഹം എന്ത് ചെയ്യുകയാണെന്ന് ഞാൻ അടുത്ത ദിവസം ചിന്തിച്ചതേ ഉള്ളൂ.
 
ഇന്ന് രാവിലെ പൂഞ്ഞാറിലെ കാർഷിക വിപണി എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പുമായി അദ്ദേഹത്തെ ഫേസ്ബുക്കിൽ കണ്ടു. അതിശയവും ബഹുമാനവും തോന്നി.
 
ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ
* പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വിളകളും, മൂല്യവർദ്ധിത ഉത്പന്നങ്ങളും ന്യായമായ വിലയ്ക്ക് ഇടനിലക്കാരില്ലാതെ നാട്ടിലെ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുക.
* നമ്മുടെ നാടിനു ചേരുന്ന നൂതന കൃഷി രീതികളും വിളകളും പരിചയപ്പെടുത്തുക.
* കൃഷി വകുപ്പുമായി സഹകരിച്ച് നല്ലയിനം വിത്തുകൾ കർഷകരിൽ എത്തിക്കുക.
* കൃഷി വകുപ്പും സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ന്യായമായ വിലയ്ക്ക് വളം ലഭ്യമാക്കുക.
 
മുന്നേ തന്നെ നടുവൊടിഞ്ഞിരിക്കുന്നവരാണ് കേരളത്തിലെ കർഷകർ. പരന്പരാഗത കൃഷിക്ക് ഇനി കേരളത്തിൽ വലിയ ഭാവി ഇല്ല എന്നും ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ നൂതന രീതികൾ കൊണ്ട് വരിക എന്നത് തന്നെയാണ് ഭാവിക്ക് വേണ്ടത്. പെട്ടെന്ന് ഉണ്ടായ ലോക്ക് ഡൌൺ മൂലം കേരളത്തിലെ കർഷകർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കാലമാണ്. വിളകളും കന്പോളവുമായി ബന്ധിപ്പിക്കാൻ പറ്റുന്നില്ല, സംഭരിച്ചു ശേഖരിച്ചു വക്കാനുള്ള സൗകര്യങ്ങൾ ഇല്ല. ഒരു ഭാഗത്ത് ആളുകൾ നല്ല പച്ചക്കറി കിട്ടാതെ, അല്ലെങ്കിൽ കൂടിയ വില കൊടുത്ത് വാങ്ങേണ്ടി വരുന്പോൾ മറു വശത്ത് കർഷകർ അവരുടെ വിളകൾ വാങ്ങാൻ ആളില്ലാതെ കഷ്ടപ്പെടുന്നു. ഇതിന് ഇപ്പോൾ പരിഹാരം കണ്ടേ പറ്റൂ. കോൾഡ് സ്റ്റോറേജ് ഉണ്ടാക്കാം, ഹൈഡ്രോപോണിക്സ് നടത്താം, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം എന്നതൊക്കെ ശരിയാണ്, പക്ഷെ അതിന് സമയം വേണം. ഇവിടെ, ഇപ്പോൾ, ഇന്ന് ആണ് ആക്ഷൻ വേണ്ടത്.
 
ഈ സാഹചര്യത്തിൽ സമൂഹ മാധ്യമത്തിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ച് പൂഞ്ഞാറിലെ കർഷകരെ സഹായിക്കാൻ ശ്രീ. പി സി ജോർജ്ജ് നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണ്, മറ്റു കാർഷിക പ്രാധാന്യമുള്ള മണ്ഡലങ്ങളിൽ ഉള്ളവർ അനുകരിക്കേണ്ടതും. ഇത് ഈ കോവിഡ് കാലത്തെ ഏറ്റവും ഉത്തമമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഒന്നാണ്.
പൂഞ്ഞാർ കാർഷിക വിപണിക്ക് എല്ലാ ആശംസകളും. ശ്രീ. പി സി ജോർജ്ജിനും കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ!
 
മുരളി തുമ്മാരുകുടി
 
https://www.facebook.com/groups/699186677496885/

Leave a Comment