പൊതു വിഭാഗം

ശതമാനത്തിന്റെ വളർച്ച.

പലപ്പോഴും പറയണമെന്ന് വിചാരിച്ച ഒരു കാര്യമാണ്. കേരളത്തിലെ പത്രങ്ങൾ ഇംഗ്‌ളീഷിൽ നിന്ന് വാർത്ത മലയാളത്തിലേക്ക് മാറ്റുമ്പോൾ അർത്ഥം ആകെ തെറ്റും. വളർച്ചാനിരക്കിന്റെ കാര്യത്തിലാണ് സ്ഥിരം പ്രശ്നം.
 
ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ‘വളർച്ചാനിരക്ക്’ 10 ശതമാനവും മറ്റൊന്നിന്റെത് 5 ശതമാനവും ആണെങ്കിൽ അതിന്റെയർത്ഥം ഒന്നാമത്തെ രാജ്യം രണ്ടാമത്തെ രാജ്യത്തെ അപേക്ഷിച്ച് സാമ്പത്തികമായി മുന്നിലാണ് എന്നല്ല. ഒന്നാമത്തെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർഷാദ്യത്തിൽ നൂറുകോടിയും രണ്ടാമത്തേതിന്റേത് ആയിരം കോടിയും ആയിരുന്നു എന്ന് കരുതുക. അപ്പോൾ ഒരു വർഷത്തെ വളർച്ച കഴിയുമ്പോൾ ഒന്നാമത്തേത് 110 കോടി ആയിട്ടുണ്ടാകും, രണ്ടാമത്തേത് 1050 കോടിയും. അപ്പോൾ വർഷാദ്യത്തിൽ ഒന്നാമത്തെ രാജ്യത്തിന്റെ പത്തിരട്ടിയാണ് രണ്ടാമത്തെ രാജ്യത്തെ സമ്പദ് വ്യവസ്‌ഥ എങ്കിൽ ഒരു വർഷം കഴിഞ്ഞപ്പോൾ അത് ഒൻപതിരട്ടിയുണ്ടാകും. ഒന്നാമത്തെ ശങ്കരൻ അപ്പോഴും പഴയ തെങ്ങിൽ തന്നെയുണ്ട്. വളർച്ച നിരക്കിലെ ഈ വ്യത്യാസം പതിറ്റാണ്ടുകളോളം നിലനിന്നാലേ ഈ സമ്പദ്‌വ്യവസ്ഥകൾ അടുത്ത് വരൂ. ഇനി ഏതെങ്കിലും പാവം രാജ്യം അവരുടെ സമ്പദ് വ്യവസ്‌ഥ ഒരുകോടി ആയിരുന്നത് രണ്ടുകോടി ആക്കി എന്ന് കരുതുക, അവരായിരിക്കും ഈ ‘വളർച്ചാ നിരക്കിൽ’ നൂറുശതമാനം വളർച്ചയോടെ ഒന്നാമത് നിൽക്കുന്നത്.
 
ഇന്നത്തെ റിപ്പോർട്ട് പ്രതിരോധ ചിലവിനെ പറ്റിയാണ്.
 
‘പ്രതിരോധമേഖലയില്‍ ഏറ്റവും അധികം തുക ചിലവഴിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്’ എന്നാണ് തലക്കെട്ട്. അമേരിക്കയും റഷ്യയും ചൈനയും ഒക്കെ ചിലവാക്കുന്നതിലും വളരെ കുറച്ചേ ഇന്ത്യ ചിലവാക്കുന്നുള്ളൂ എന്നെനിക്ക് ഉറപ്പുള്ളതു കൊണ്ട് മുഴുവൻ വായിച്ചു.
 
അപ്പൊ ദാണ്ടെ കിടക്കുന്നു,
‘ആഗോളതലത്തില്‍ ആയുധം വാങ്ങുന്നതിനായി പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം’
അപ്പറഞ്ഞതു നേര്…
കഷ്ടം എന്തെന്ന് വച്ചാൽ ഇതേ ലേഖനത്തിന്റെ അവസാനത്തിൽ കാര്യം നേരെ പറഞ്ഞിട്ടുണ്ട്.
‘അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ തുക പ്രതിരോധ ആവശ്യങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന രാജ്യം അമേരിക്കയാണ്. 61100 കോടി ഡോളറാണ് 2016 ല്‍ അമേരിക്ക പ്രതിരോധ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. 5590 കോടി ഡോളറാണ് ഇന്ത്യ 2016 ല്‍ പ്രതിരോധ മേഖലയ്ക്കായി ചിലവഴിച്ചത്”
ഇത്രേ ഉള്ളൂ കാര്യം.
എല്ലാ പത്രക്കാരും സ്ഥിരം ചെയ്യുന്ന തെറ്റാണ്, ഇന്ന് മാതൃഭുമിയാണ് എന്നേയുള്ളൂ. എഴുതുന്നവരും വായിക്കുന്നവരും ഒന്ന് കൂടി ശ്രദ്ധിക്കണം.
 
http://www.mathrubhumi.com/news/india/india-russia-china-military-expense-increases-in-9-years–1.2602678
 
മുരളി തുമ്മാരുകുടി

Leave a Comment