കേരളത്തിലെ പോലീസിങ്ങിനെ പറ്റി ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു.
കൊലപാതകങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളോട് കിടപിടിക്കാവുന്ന നിരക്കാണ് കേരളത്തിൽ ഉള്ളത് എന്നാണ് അന്ന് പറഞ്ഞത്. സത്യമാണ്.
പക്ഷെ ആ പോസ്റ്റ് എഴുതാൻ വേണ്ടി കേരള ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ വെബ്‌സൈറ്റിൽ ചെന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. 1980 മുതൽ ഏറെ വർഷങ്ങൾ കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞതിന് ശേഷം അടുത്തിടെയായി ഇത് കൂടുകയാണ്.
ഒരു ലക്ഷത്തിന് ഒന്നിന് താഴെ മാത്രം എന്ന നിരക്കിൽ എത്തിയതിന് ശേഷം ഇതിപ്പോൾ ഒരു ലക്ഷത്തിന് ഒന്നിന് മുകളിലേക്ക് എത്തി.
2024 ലെ മുഴുവൻ കണക്കുകൾ ഇനിയും ലഭ്യമല്ല. ഡിസംബർ വരെയുള്ള പതിനൊന്നു മാസത്തെ കണക്കെടുത്ത് പന്ത്രണ്ടാം മാസത്തേക്ക് കൂടി പ്രൊജക്ട് ചെയ്താൽ 2023 ലെ കൊലപാതകങ്ങളുടെ എണ്ണത്തിനേക്കാൾ മുകളിൽ പോകുന്നുണ്ട്.
ആപേക്ഷികമായി ഇപ്പോഴും കേരളത്തിലെ കൊലപാതക നിരക്ക് ഇന്ത്യൻ ശരാശരിയുടെ പകുതിയിലും താഴെയാണ്. ഞാൻ എപ്പോഴും പറയാറുള്ളത് പോലെ, അതൊരു ആശ്വാസമല്ല. അടുത്ത വീട്ടിൽ കറണ്ടുണ്ടോ എന്നുള്ളതായിരിക്കരുത് പ്രകാശത്തെ പറ്റിയുള്ള നമ്മുടെ സങ്കല്പം.
എന്തുകൊണ്ടാണ് കേരളത്തിൽ കൊലപാതകങ്ങൾ കൂടി വരുന്നത്? പൊതുബോധത്തിന് ഉടൻ ഉത്തരങ്ങൾ ഉണ്ടാകും.
മറുനാടൻ തൊഴിലാളികൾ – ഇത് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ആളോഹരി അനുസരിച്ച് പൊതുവെ കേരളത്തിലെ ആളുകൾ നടത്തുന്നതിനേക്കാൾ കുറച്ചു കൊലപാതകങ്ങളാണ് മറുനാടൻ തൊഴിലാളികൾ നടത്തുന്നത്. സമൂഹത്തിലെ ഏത് വിഭാഗത്തിൽ ഏത് കാരണം കൊണ്ടാണ് കൊലപാതകങ്ങൾ കൂടുന്നത് എന്ന് പഠിക്കുകയാണ് ചെയ്യേണ്ടത്.
മയക്കുമരുന്നുകളുടെ ഉപയോഗം – ഇതും പൊതുബോധത്തിന്റെ ഭാഗമാണ്. പത്ര വാർത്തകൾ വായിക്കുമ്പോൾ ഇതും സമഗ്രമായി പഠിക്കേണ്ട വിഷയമാണെന്ന് തോന്നുന്നു.
പ്രത്യക്ഷമായ കാരണങ്ങൾ – കുടുംബ വഴക്ക്, അതിർത്തി പ്രശ്നം, വിവാഹേതര ബന്ധങ്ങൾ, കവർച്ച, കള്ളക്കടത്ത്, മയക്കുമരുന്നുൾപ്പെടെയുള്ള കച്ചവടങ്ങളിലെ വൈരാഗ്യം, മതപരം, മാനസിക പ്രശ്നങ്ങൾ, ഭിന്നശേഷി ഉള്ളവരെയും കിടപ്പുരോഗികളെയും സംരക്ഷിക്കേണ്ടവർ നിരാശകൊണ്ട് കൊലപാതകം ചെയ്യുന്നത്, എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാകുമല്ലോ. ഇതും പഠിക്കേണ്ടതാണ്.
ഒരു വിഷയത്തെ ഉടൻ രാഷ്ട്രീയമാക്കി കാണുന്നതിൽ നിന്നും ഒരു ഗുണവും ഉണ്ടാവില്ല. പോലീസിംഗ് എന്നത് ഒരു തുടർച്ചയാണ്, എല്ലാവരുടെയും ഉത്തരവാദിത്തവുമാണ്.
സുരക്ഷിതമായ ഒരു കേരളത്തിലേ വികസനം സാധ്യമാകൂ. വികസനം എന്നത് സുരക്ഷയിൽ ഉണ്ടാകുന്ന വികസനം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ വിഷയം കൂടുതൽ ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ടതുണ്ട്.
മുരളി തുമ്മാരുകുടി
Leave a Comment