പൊതു വിഭാഗം

വ്യത്യസ്തമായ ഒരു സിനിമ ഇന്റർവ്യൂ…

സിനിമ രംഗത്ത് നിന്നുള്ള ഇന്റർവ്യൂകൾ ഞാൻ ഒരിക്കലും വായിക്കാറോ കാണാറോ ശ്രദ്ധിക്കറോ ഇല്ല. ഏറെ സമയം ലാഭിക്കാം എന്നത് മാത്രമല്ല ഇതിന്റെ കാരണം. കൃത്രിമത്വമാണ് സിനിമ ഇന്റർവ്യൂവിന്റെ മുഖമുദ്ര. അഭിനയം കണ്ട് മതിമറന്ന് ‘കട്ട്’ പറയാൻ മറന്ന പൊട്ടക്കഥ മുതൽ ‘എല്ലാവരും പരസ്പരം സ്നേഹബഹുമാനത്തോടെ ജീവിക്കുന്ന സിനിമ ലോകം’, ‘പുറം ലോകം അറിയുന്നത് പോലല്ല, സർവ്വഗുണ സന്പന്നനായ നായകൻ’, ‘സിനിമക്ക് വേണ്ടി നായകന്മാരും നായികമാരും നടത്തുന്ന ത്യാഗങ്ങൾ’ ഇങ്ങനെയുള്ള സ്ഥിരം വാചകക്കസർത്തൊക്കെ മല്ലുവുഡിൽ മാത്രമല്ല കോളിവുഡിലും നോളിവുഡിലും തൊട്ട് ബോളിവുഡ് വരെ ഉണ്ട്. അതിനൊരു കാരണവുമുണ്ട്. സിനിമ എന്നത് ഊതിപ്പെരുപ്പിച്ച വ്യക്തിത്വങ്ങളുടെ ലോകമാണ്. അവർക്കൊക്കെ ഇമേജ് വളരെ പ്രധാനമാണ്. ഹോളിവുഡിലെ മുതിർന്ന സെലിബ്രിറ്റികൾക്കൊക്കെ കമ്മൂണിക്കേഷൻ ഉപദേശകർ വരെ കാണും. അവർ പറയുന്നത് പോലെയാണ് സെലിബ്രിറ്റികൾ ജീവിക്കുന്നത്. ഉദാഹരണത്തിന് അവർ പറയുന്ന മാധ്യമങ്ങളോടു മാത്രമേ സെലിബ്രിറ്റികൾ സംസാരിക്കൂ. അവർ മുൻകൂട്ടി സമ്മതിക്കുന്ന ചോദ്യങ്ങളേ ചോദിക്കപ്പെടൂ, ഉത്തരങ്ങൾ അവരാണ് എഴുതിക്കൊടുക്കുന്നത്. ട്വീറ്റ് തൊട്ട് ബ്ലോഗ് വരെയുള്ള സെലിബ്രിറ്റി കമ്മ്യൂണിക്കേഷൻ നമ്മൾ കാണുന്നതും കേൾക്കുന്നതും പൊതുവെ ‘ഭൂത ലിപി’ ആണ്. ഇങ്ങനെ ‘കൃത്രിമ ബുദ്ധിയിൽ’ നിന്നും വരുന്ന ഇന്റർവ്യൂവും ബ്ലോഗും വായിച്ചു സമയം കളയേണ്ട കാര്യമില്ലല്ലോ.
 
സിനിമ സംവിധായകനും തിരക്കഥാ രചയിതാവുമായ ശ്രീ ഡെന്നിസ് ജോസഫിന്റെ ഇന്റർവ്യൂ കാണണം എന്ന് മരുമകൻ
Sreekanth വിളിച്ചു പറഞ്ഞപ്പോൾ ആദ്യം ഒന്ന് മടിച്ചു. പക്ഷെ ഞാൻ വായിക്കുന്ന പുസ്തകങ്ങൾ ഒക്കെ തന്നെ ശ്രീ സ്ക്രീൻ ചെയ്ത് വിടുന്നതാണ്, ഒന്നും മോശമാവാറില്ല, അപ്പോൾ എൻ്റെ ടേസ്റ്റ് അവനറിയാം. അതുകൊണ്ട് തന്നെ ഒന്നാം ഭാഗം കണ്ടു തുടങ്ങി, ശരിക്കും ഇഷ്ടപ്പെട്ടു. പിന്നെ രണ്ടു ദിവസം കൊണ്ട് മുഴുവനും കണ്ടു തീർത്തു.
 
അന്ധവിശ്വാസങ്ങളും ഈഗോയും പാര വയ്പ്പും ഒക്കെയുള്ള മലയാള സിനിമാലോകത്തിൻ്റെ നേർ പതിപ്പാണ് ഈ ഇന്റർവ്യൂ നമ്മെ കാണിച്ചു തരുന്നത്. താരങ്ങളും സംവിധായകരും നിർമ്മാതാക്കളും ഒക്കെ വളരുന്നതും തളരുന്നതും ഒക്കെ അദ്ദേഹം സ്നേഹ ദ്വേഷങ്ങൾ ഇല്ലാതെ വരച്ചു കാട്ടുന്നു. ജീവിതത്തിന്റെ അർത്ഥത്തെ പറ്റിയും അർത്ഥശൂന്യതയെ പറ്റിയും ഒക്കെ ചിന്തിക്കാൻ അവസരം തരുന്ന ഇന്റർവ്യൂ ആണ്..
കണ്ടിരിക്കേണ്ടത് തന്നെ !!
 
(എങ്ങനെയാണ് സഫാരി ചാനൽ ആളുകളെക്കൊണ്ട് ഇത്തരത്തിൽ കഥപറയിക്കുന്നത് എന്നൊന്ന് കണ്ടു പിടിക്കണം. സമയമുള്ളപ്പോൾ പോയി എൻ്റെ ചരിത്രവും കൂടി പറഞ്ഞു വക്കണം)
 
https://www.youtube.com/watch?v=is6OnzMADSo
 
മുരളി തുമ്മാരുകുടി

1 Comment

  • Dear ചേട്ടാ, ഈ initiative നെ സ്വാഗതം ചെയ്യുന്നതിനൊപ്പം, നിങ്ങൾ പണ്ട് മറുനാടൻ മലയാളി online നെ pomote ചെയ്തത് ഒട്ടും ശരിയായില്ല എന്നു അവരുടെ പല നിലപാടും കണ്ടു ഊന്നി ഊന്നി ഇവിടെ വ്യക്തമാക്കുന്നു…

Leave a Comment