പൊതു വിഭാഗം

വെള്ളത്തിലാകുന്ന കൊച്ചി

മഴക്കാലം തുടങ്ങിയിട്ടില്ല. വേനൽമഴയിൽ തന്നെ എറണാകുളം കുളമായി തനിസ്വഭാവം കാണിച്ചു തുടങ്ങി.

ഈ മഴക്കാലത്ത് ഇനിയും അനവധി ദിവസങ്ങളിൽ വെള്ളം കെട്ടും, ജനജീവിതം സ്തംഭിക്കും, രോഗം പകരും.

ഇനിയുള്ള ഓരോ വർഷവും ഇത് കൂടിക്കൂടി വരും. വർഷത്തിൽ പത്തു ദിവസം എന്നത് അന്പതും നൂറുമാകും.

ഇതിനൊരു പരിഹാരമില്ലേ ഡോക്ടർ?

ഉണ്ട്

കുറച്ചു ചാലുകീറി, കനാലുകൾ  വൃത്തിയാക്കി ഒന്നോ രണ്ടോ പന്പിംഗ് സ്റ്റേഷൻ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന ചിന്ത മാറുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതൊക്കെ ചെയ്ത് തൽക്കാലം ജനങ്ങൾക്ക് ആശ്വാസം നൽകാം എന്നിരുന്നാലും.

പഴയത് പോലെ ജീവിക്കാവുന്ന നഗരമല്ല കൊച്ചി എന്നും എഞ്ചിനീയറിംഗ് പരിഹാരം കൊണ്ട് കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാകുകയില്ലെന്നും ജനങ്ങളെ ബോധവൽക്കരിച്ചേ പറ്റൂ. ഇതെത്ര കയ്പേറിയ വാർത്തയാണെങ്കിലും.

കാലാവസ്ഥ വ്യതിയാനം കൊച്ചിയെ മുകളിൽ നിന്നും കടലിൽ നിന്നും ശ്വാസം മുട്ടിക്കുകയാണ്.

മഴ കൂടുതൽ സാന്ദ്രതയിൽ ചെയ്യുന്നു എന്നത് ഇനി പതിവാകും.

കടലിന്റെ ജലനിരപ്പ് പതുക്കെ ഉയരും.

സാധാരണ മഴയിൽ വെള്ളം ഒഴുകിപ്പോകാൻ പോലും പറ്റുന്ന ഓടകളും കനാലും ഇല്ലാത്തിടത്ത് മുൻപറഞ്ഞ രണ്ടു കാര്യങ്ങൾ ഒരുമിച്ച് നടന്നാൽ പിന്നെ വെള്ളം എവിടെ പോകും?

അത് പൊങ്ങിക്കൊണ്ടേ ഇരിക്കും. ഇന്നു കയറുന്നതിനേക്കാൾ കൂടുതൽ നാളെ കയറും. പൊങ്ങുന്നതനുസരിച്ചു വെള്ളം പരക്കുകയും ചെയ്യും. ഇന്നെത്താത്തിടത്ത് നാളെ എത്തും.

ഇത് കുറച്ചു കൊണ്ടുവരണമെങ്കിൽ വലിയ മഴ ചെയ്യുന്ന മണിക്കൂറിൽ വെള്ളത്തിന് ഒഴുകിപ്പോകുന്നതിന് മുൻപ് കെട്ടിക്കിടക്കാൻ കുറച്ചു സ്ഥലം കൊടുക്കണം.

പക്ഷെ എറണാകുളം നഗരത്തിൽ സെൻറിന് ദശ ലക്ഷങ്ങളാണ് വില. അവിടെ വെള്ളത്തിന് പരക്കാനായി ആരും ഒരു സെൻറും കൊടുക്കില്ല. പോരാത്തതിന് കെട്ടിടം നിർമ്മിക്കാത്ത ഏതെങ്കിലും സ്ഥലം ഉണ്ടെങ്കിൽ അതും നിർമ്മിച്ചെടുക്കും. കനാലുകൾ വീതി കുറച്ച് റോഡിന് വീതി കൂട്ടി സ്ഥല വില കൂട്ടും. അപ്പോൾ കൂടുതൽ കെട്ടിടങ്ങൾ ഉണ്ടാകും. വെള്ളം വീണ്ടും പൊങ്ങും.

സർക്കാരിന് ഒരു കാര്യം ചെയ്യാം. എറണാകുളത്തെ ജനറൽ ആശുപത്രി മുതൽ പോലീസ് കമ്മീഷണറേറ്റ് വരെയുള്ള കെട്ടിടങ്ങൾ അവിടെനിന്നും ജില്ലയിൽ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാം. ഈ സ്ഥലം ഇടിച്ചുനിരത്തി തടാകമാക്കാം. കെ. എസ്. ആർ. ടി. സി. സ്റ്റാൻഡ് ഉൾപ്പെടെ എവിടെയൊക്കെ അത്യാവശ്യം സ്ഥലമുണ്ടോ അതൊക്കെ കുഴിച്ചു കുളമാക്കി പരസ്പരം ബന്ധിപ്പിക്കാം. ഹൈക്കോടതി മുതലുള്ള കോടതികൾക്കും ഇതൊക്കെ ചെയ്യാം. ഇവയൊന്നും ഇനി അവിടെയിരിക്കേണ്ട പ്രത്യേക കാര്യമൊന്നുമില്ല. ഹൈക്കോടതിയും ആശുപത്രിയും ബൈപ്പാസിനിപ്പുറത്ത് കൂടുതൽ സൗകര്യങ്ങളോടെ പുനഃസ്ഥാപിക്കാം.  നഗരത്തിലെ വെള്ളം കുറച്ചൊക്കെ ഇങ്ങോട്ട് വരട്ടെ. മഴ കഴിയുന്പോൾ പറഞ്ഞുവിടാം. എറണാകുളത്തിന്റെ നാലിലൊന്നെങ്കിലും വീണ്ടും കുളമാക്കിയാൽ ബാക്കി സ്ഥലം ഉപയോഗിക്കാൻ പറ്റും.

സുനാമി തൊട്ട് വെള്ളക്കെട്ട് വരെ ഭീഷണിയുള്ള സ്ഥലത്ത് ഇത്തരം ക്രിട്ടിക്കൽ സ്ഥാപനങ്ങൾ കൊണ്ടുവെച്ചത് അല്ലെങ്കിൽ തന്നെ ശരിയല്ല. പോരാത്തതിന് തിരക്കുള്ള നഗരത്തിന്റെ മെട്രോ ചെല്ലാത്ത അറ്റത്ത് തന്നെ വേണോ ആശുപത്രി?

ഒഴിവാകുന്ന സ്ഥലത്തിന്റെ ഒരു ഭാഗം പുനർനിർമ്മാണത്തിന് അനുമതി കൊടുത്തും നന്നായിവരുന്ന നഗത്തിലെ ബാക്കിയുള്ള സ്ഥലത്തിനും കെട്ടിടങ്ങൾക്കും കുറച്ച് വിൻഡ്ഫാൾ ടാക്സ് കൊണ്ടുവന്നും ഈ പദ്ധതിക്കുള്ള പണം കണ്ടുപിടിക്കാം. പണമല്ല വിഷനാണ് പ്രധാനം.

സ്പോഞ്ച് നഗരങ്ങൾ എന്നാണ് ഇത്തരം പദ്ധതികളെ വിളിക്കുന്നത്. ഇതൊന്നും പക്ഷെ കേരളത്തിൽ നടപ്പാവില്ല. എതിർക്കാൻ ഒരു പദ്ധതിയും നോക്കി ആളുകൾ ഇരിക്കുന്ന നാടല്ലേ.  ഏറെ മുൻകുട്ടി ചിന്തിച്ച് പ്ലാൻ ചെയ്യുന്ന ഒരു രീതി ഈ കോലോത്ത് ഇല്ല. വെള്ളം പൊങ്ങിക്കൊണ്ടേ ഇരിക്കും. വിഷു വരും വർഷം വരും ആളുകൾ സ്ഥലം വിട്ടു പോകും. നഗരം ക്ലൈമറ്റ് സെൻട്രൽ പ്രവചിച്ചതു പോലെ ഏറെഭാഗവും വെള്ളത്തിലാകും.

സ്നേഹം കൊണ്ടു പറയുകയാണ്, ഇറ്റ്സ് ഇൻക്യൂറബിൾ. എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി.

മുരളി തുമ്മാരുകുടി

Leave a Comment