പൊതു വിഭാഗം

വെളിക്കിറങ്ങാത്ത വെങ്ങോല…

പെരുന്പാവൂരിൽ നിന്നും പി പി റോഡിൽ പാത്തിപ്പാലം കഴിഞ്ഞാലുടൻ വെങ്ങോല ആയി. എന്താണ് വെങ്ങോലയുടെ ചരിത്ര പ്രാധാന്യമെന്ന് ഇനിയും അറിയാത്തവർ എന്റെ വായനക്കാരിൽ പെട്ടവരല്ലല്ലോ !
 
ഗ്രാമം തുടങ്ങുന്നിടത്ത് തന്നെ ഒരു ബോർഡ് ഉണ്ട്
‘വെളിയിട വിസർജ്ജന വിമുക്തമായ വെങ്ങോല.’
കേരളത്തിൽ മറ്റു ഗ്രാമങ്ങളിലും ഇതുണ്ടാവാൻ വഴിയുണ്ട്. എല്ലാ വീട്ടിലും കക്കൂസ് വന്നതിന്റെ ഭാഗമായിട്ടോ മറ്റോ ആയിരിക്കണം ഈ ബോർഡ്.
 
എന്റെ ചെറുപ്പകാലത്ത് വെങ്ങോലയിൽ കക്കൂസ് ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാം രാവിലെ തന്നെ വെളിക്കിറങ്ങി കാര്യം സാധിച്ചവരാണ്. അതിനാൽ വെങ്ങോല വെളിയിട വിസർജ്ജന വിമുക്തം ആയതിൽ സന്തോഷവുമുണ്ട്.
 
എന്നാലും ഇക്കാര്യം പഞ്ചായത്ത് അതിർത്തിയിൽ എഴുതിവക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം തന്നെയും പണ്ടേ ചെയ്യുന്ന കാര്യമാണ്. നമ്മൾ ഇതൊരു വലിയ കാര്യമായി പറയുന്പോൾ ആളുകൾക്ക് അതൊരു അതിശയമായി തോന്നാം. ഇതിലെന്താണിത്ര പറയാൻ? കൂടുതൽ പേരും വെളിക്കിറങ്ങുന്നവരുള്ള പ്രദേശത്തോ, വെളിക്കിറങ്ങുന്നവരെ തല്ലിക്കൊല്ലുന്ന പ്രദേശത്തോ മാത്രമേ ഇത്തരം ബോർഡുകൾക്ക് പ്രസക്തിയുള്ളൂ. നമുക്ക് ഇതൊരു സെൽഫ് ഗോളാണ്.
 
കേരളത്തിൽ നിന്നും യൂറോപ്പിൽ എത്തുന്ന പലരും കേരളത്തെ പറ്റി വിദേശികളോട് പറയുന്പോൾ ‘സന്പൂർണ്ണ സാക്ഷരതയുള്ള സ്ഥലം’ എന്നാണ് പരിചയപ്പെടുത്താറ്. ഇതും ഇത്തരം ഒരു പ്രയോഗമാണ്. സാധാരണ വികസനമുള്ള ഒരു പ്രദേശത്ത് എല്ലാവർക്കും സാക്ഷരത സ്വാഭാവികമായ ഒന്നാണ്. അപ്പോൾ നിങ്ങൾക്ക് ഇപ്പോൾ സന്പൂർണ്ണ സാക്ഷരത ഉണ്ടെന്ന് എടുത്ത് പറയുന്പോൾ ‘അപ്പോൾ ഇതുവരെ നിങ്ങൾക്ക് ഉണ്ടായിരുന്നില്ലേ, അല്ലെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ളവർ സാക്ഷരർ അല്ലേ’ എന്നൊക്കെയാണ് കേൾക്കുന്നവർക്ക് തോന്നുന്നത്. ശ്രദ്ധിക്കണം.
 
ബോർഡ് വച്ചുകൊണ്ടിരിക്കാൻ നിയമപരമായ നിർദ്ദേശമില്ലെങ്കിൽ ഇത്തരം ബോർഡുകൾ എടുത്തുമാറ്റുന്നതാണ് ബുദ്ധി. അത്തരം നിയമങ്ങളുണ്ടെങ്കിൽ ആ നിയമം മാറ്റുന്നതും ബുദ്ധിപരമാണെന്നാണ് വെളിക്കിറങ്ങി പരിചയമുള്ള രണ്ടാമന്റെ അഭിപ്രായം. നമ്മുടെ നാറ്റക്കേസായ പാരന്പര്യം ബോർഡ് വച്ച് നാട്ടുകാരെ അറിയിക്കണോ?
 
മുരളി തുമ്മാരുകുടി

Leave a Comment