പൊതു വിഭാഗം

വെറുതെ വേഷം കെട്ടരുത്

2004-ലാണ് ഞാൻ ലൈബീരിയയിൽ പോയത്. ജനീവയിൽനിന്ന് ബ്രസൽസ് വഴിയാണ് യാത്ര. വൈകിട്ട് 7 മണിക്ക് അവിടെ വിമാനമിറങ്ങിയപ്പോൾ എന്റെ പെട്ടി എത്തിയിട്ടില്ല. ഒരാഴ്ച നീണ്ട യാത്രക്കാവശ്യമുള്ള വസ്ത്രങ്ങളെല്ലാം വലിയ പെട്ടിയിൽ ലഗേജിലും, ഓഫിസ് ആവശ്യമായ പേപ്പറുകളും ടോയ്‌ലറ്ററീസും അടങ്ങിയ ചെറിയ ബാഗ് മാത്രം കൈയിൽ പിടിച്ചും സൗകര്യത്തിലാണ് ഞാൻ യാത്രചെയ്യാറ്. അതിനാൽ വസ്ത്രമായിട്ട് ധരിച്ചിരിക്കുന്നത് മാത്രമേയുള്ളു.

സാധാരണഗതിയിൽ ഇതൊരു പ്രശ്നമല്ല. ജനീവയിലേക്ക് നാട്ടിൽനിന്നു വരുമ്പോൾ പലകുറി ലഗേജ് മിസ്സായിട്ടുണ്ട്. മറ്റുള്ളവരുടെ ലഗേജെല്ലാം വന്നതിനുശേഷം ലഗേജ് ട്രാക്കിങ്ങിനായി മാത്രമുള്ള ഓഫിസിൽ ചെന്ന് നമ്മുടെ പേരും ടിക്കറ്റ് നമ്പറും ലഗേജിന്റെ വണ്ണവും നീളവും നിറവും എഴുതിക്കൊടുക്കുക. കസ്റ്റംസിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അക്കാര്യം ഒപ്പിട്ടുകൊടുക്കുക. മിക്കവാറും അടുത്ത വിമാനത്തിൽ, പരമാവധി 24 മണിക്കൂറിനുള്ളിൽ, സാധനം എയർപോർട്ടിൽ എത്തും, അവർ സ്വന്തം ചിലവിൽ വീട്ടിലെത്തിക്കും. ഈ 24 മണിക്കൂറിൽ നമുക്ക് അത്യാവശ്യമായ സാധനങ്ങളുടെ ചെലവും എയർ ലൈൻ തരും (https://www.swiss.com/CH/EN/prepare/baggage/baggage-irregularities.html). യാത്രചെയ്ത് പരിചയമുള്ളവർക്കും ഏറെനേരം ഹെൽപ് ലൈനിൽ ഫോണും പിടിച്ചിരിക്കാൻ മടിയില്ലാത്തവർക്കും ഇംഗ്ലീഷിൽ ഇമെയിൽ യുദ്ധം ചെയ്യാൻ തയ്യാറുള്ളവർക്കും മാത്രമേ ഈ നഷ്ടപരിഹാരം കിട്ടാറുള്ളു. എന്റെ ഒരു മണിക്കൂർ സമയത്തിന് അതിനേക്കാൾ വിലയുള്ളതുകൊണ്ട് ഞാനിതുവരെ ഈ യുദ്ധത്തിന് പോയിട്ടില്ല.

ലൈബീരിയ ഒരു സാധാരണ സ്ഥലമല്ല. അന്ന് ബ്രസൽസ് എയർലൈൻ ആഴ്ചയിൽ ഒരുപ്രാവശ്യമാണ് അങ്ങോട്ടേക്ക് സർവീസ് നടത്തുന്നത്. ഒരാഴ്ചയാണ് എന്റെ യാത്രയുടെ ദൈർഘ്യം. അപ്പോൾ അവർ ‘അടുത്ത’ യാത്രയിൽ പെട്ടി എത്തിക്കുന്ന അന്നാണ് എനിക്ക് തിരിച്ചുപോകേണ്ടതെന്നതിനാൽ അടുത്ത ഫ്ലൈറ്റിന് എന്റെ ലഗ്ഗേജ് വന്നിട്ട് പ്രയോഗികഗുണമില്ല.

യുദ്ധശേഷം അധികനാളായിട്ടില്ലാത്തതിനാൽ അവിടെ റെഡിമെയ്ഡ് വസ്ത്രങ്ങൾ കിട്ടാനില്ല. തുണിവാങ്ങി തയ്പ്പിക്കാം എന്നുവെച്ചാൽ തിരിച്ചുകിട്ടുമ്പോഴേക്കും ഞാൻ തിരിച്ചുപോയിട്ടുണ്ടാകും.(ലോകത്തെ എല്ലാ തയ്യൽക്കാരും പറഞ്ഞ ദിവസം സാധനം തരാത്ത, ഒരു ആഗോള ഉടമ്പടിയിലാണ്). ഭാഗ്യത്തിന് എന്റെ ഓഫീസിലെ, ഏതാണ്ട് എന്റെ വലിപ്പമുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു. എന്റെ കഷ്ട സ്ഥിതി അറിഞ്ഞപ്പോൾ ഒരാഴ്ചത്തേക്ക് രണ്ടു ഷർട്ടും പാന്റും കടം തന്നു. (പിന്നെ എന്നൊക്കെ ഞാൻ അവിടെ പോയോ, അപ്പോളൊക്കെ അദ്ദേഹത്തിന് റെയ്‌മണ്ടിന്റെ അടിപൊളി പാന്റും ഷർട്ടും വാങ്ങിക്കൊടുത്തിട്ടുണ്ട്. ഇട്ട പാന്റിന് നന്ദിയില്ലാത്തവനല്ല രണ്ടാമൻ.)

പ്രശ്നം അവിടെ തീർന്നില്ല. ഇട്ടിരുന്ന ഷഡ്ജമല്ലാതെ ഊരുതെണ്ടിയുടെ ബാഗിൽ മറ്റൊന്നില്ല. എനിക്കാണെങ്കിൽ ആ രാജ്യത്തെ പ്രസിഡന്റടക്കം പലരെയും കാണേണ്ടതാണ്. അപ്പോൾ കുറച്ചു ബലംപിടിച്ചു നിൽക്കണമെങ്കിൽ ഷഡ്ജമില്ലാതെ പറ്റില്ല. പ്രസിഡന്റിന്റെ മന്ദിരത്തിലെ സുരക്ഷാപരിശോധനക്കിടയിൽ, പഞ്ചാബിഹൗസിൽ കൊച്ചിൻ ഖനീഫ പറയുന്നതുപോലെ ധൈര്യം ചോർന്നുപോയാൽ തടയാനൊന്നുമില്ല എന്നുവന്നാൽ!? ലൈബീരിയയിൽ കടയിൽ പോയാൽ ഷഡ്ജം കിട്ടില്ലേ? എന്ന് നിങ്ങൾക്ക് തോന്നാം. എനിക്കും തോന്നി. എന്നാൽ യുദ്ധാനന്തര രാജ്യത്ത് നമ്മൾ നിസാരമെന്ന് കരുതുന്നതൊന്നും അത്ര നിസാരമല്ല.

എന്നിട്ട് രണ്ടാമന് ഷഡ്ജം കിട്ടിയോ? ധൈര്യം ചോർന്നു പോകാതെ പ്രസിഡന്റിനെ കണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം UNusual stories എന്ന എന്റെ ഇംഗ്ലീഷ് ബുക്കിലുണ്ട്. അല്പം ക്ഷമിക്കുക.

വിഷയത്തിലേക്ക് വരാം. യാത്രയിലെ വസ്ത്രങ്ങൾ ആണ് വിഷയം. നമ്മൾ ഏതൊക്കെ തരം വസ്ത്രങ്ങൾ, എത്രയെണ്ണം കൊണ്ടുപോകണം എന്നതൊക്കെ പ്രധാനമാണ്.

ഏതൊക്കെ വസ്ത്രങ്ങൾ?: യാത്രചെയ്യുമ്പോൾ ഏതൊക്കെ തരം വസ്ത്രങ്ങൾ കരുതണമെന്നത് നമ്മൾ യാത്രയിൽ എന്തൊക്കെ പ്ലാൻ ചെയ്യുന്നു, എവിടെയാണ് പോകുന്നത്, അവിടുത്തെ കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, നമ്മൾ ഔദ്യോഗികമായ ഒരു യാത്രക്കാണ് പോകുന്നതെങ്കിൽ വേണ്ട വസ്ത്രമല്ല ടൂറിസത്തിന് വേണ്ടി മാത്രം പോകുമ്പോൾ. ചൂടുള്ള രാജ്യത്തേക്ക് പോകുന്നത് പോലെ അല്ല തണുപ്പുള്ള രാജ്യത്തേക്ക്.

നമ്മൾ പോകുന്നത് ഔദ്യോഗിക പരിപാടികൾ കൂടി ഉൾപ്പെട്ട മീറ്റിങ്ങിനാണെങ്കിൽ ഫോർമൽ ആയ വസ്ത്രങ്ങൾ ഉണ്ടായിരിക്കണം. എന്റെ തലമുറയിലെ മലയാളി ആൺകുട്ടികൾ ടൈ കെട്ടാൻ ഒന്നും പഠിച്ചിട്ടില്ല. അതെ സമയം വിദേശത്താണ് മീറ്റിങ്ങെങ്കിൽ ആണുങ്ങൾക്ക് പാന്റും സൂട്ടും ടൈയും ഉണ്ടാകുന്നത് ആണ് പതിവ്. അമേരിക്കയിൽ പടിഞ്ഞാറേ തീരത്ത് (സിലിക്കൺ വാലിയിലും മറ്റും) ടൈ സാധാരണമല്ല.

UN -ന്റെ മീറ്റിങ്ങുകളിൽ ടൈ, കോട്ട് / ജാക്കറ്റ് ആണ് സാധാരണവേഷം. എന്നൽ നിങ്ങൾ ഏതു നാട്ടിൽനിന്ന് വരുന്നുവോ അവിടുത്തെ ഔദ്യോഗികവേഷങ്ങൾ ധരിക്കുന്നതിൽ കുഴപ്പമില്ല. ഇവിടെയും നമുക്ക് മലയാളികൾക്ക് പ്രശ്നം ആണ്. ഇന്ത്യക്കാരുടെ ഔദ്യോഗികവേഷം എന്ന് മറ്റുള്ളവർ മനസ്സിലാക്കിയിരിക്കുന്നത് നമ്മുടെ പ്രസിഡന്റ് ധരിക്കുന്നതാണ് (പുരുഷന്മാരുടെ). ഈ സാധനം ശരാശരി മലയാളി കണ്ടിട്ടുള്ളത് ടി വിയിൽ മാത്രമാണെന്ന് അവർക്കറിയില്ലല്ലോ. നമ്മുടെ മുണ്ടുടുത്ത് പോകുന്നതിന് ഔദ്യോഗികനിയന്ത്രണം ഉണ്ടെന്ന് കരുതുന്നില്ലെങ്കിലും വിദേശത്ത് നാട്ടുകാരൊക്കെ നമ്മെ നോക്കിയിരിക്കുകയാണെന്നാണല്ലോ നമ്മുടെ ചിന്ത. അതിനാൽ മുണ്ടുടുത്ത് നടക്കുന്നത് നമ്മളെ അല്പം സെൽഫ് കോൺഷ്യസാക്കും. പ്രസന്റേഷൻ കുളമാകാൻ അതുമതി. പാന്റും ഷർട്ടും ജാക്കറ്റും ടൈയും ഒക്കെത്തന്നെയാണ് വിദേശത്തെ ആത്മവിശ്വാസത്തിന് നല്ലത്. മുണ്ടെന്ന് കേട്ടാൽ ചോര തിളക്കുന്നവർ ഇവിടെ ഉണ്ടെങ്കിൽ വെറുതെ എന്നോട് തിളക്കേണ്ട. അടുത്ത പ്രാവശ്യം ഒറ്റമുണ്ടും കഴുത്തിൽ ഒരു തോർത്തും ആയി വിദേശത്തേക്ക് പോയാൽ മതി. എന്നാണ് നമുക്കീ ഷർട്ടൊക്കെ ഉണ്ടായത്… ഹല്ല പിന്നെ!

മലയാളിസ്ത്രീകൾക്ക് കാര്യം എളുപ്പമാണ്. സാരിയാണ് ലോകത്തെവിടെയും ഇന്ത്യൻ സ്ത്രീകളുടെ വേഷമായി പരിഗണിക്കുന്നത്, ഇക്കാര്യത്തിൽ സാരിയുടുക്കുന്ന മറ്റ് രാജ്യക്കാർക്ക് (നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ) പരാതിയുണ്ടെങ്കിലും. പുതിയ ഐ ടി തലമുറ വന്നതോടെ ചുരിദാറും വികസിതരാജ്യങ്ങളിൽ ഇന്ത്യൻ സ്ത്രീ വേഷത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മുണ്ടും നേര്യതും ഒന്നും ഇപ്പോഴും വിദേശത്ത് ഓണത്തിനല്ലാതെ മലയാളികൾ ഉപയോഗിക്കാറില്ല. എന്നാൽ സാരിയും നേര്യതും തമ്മിലുള്ള വ്യത്യാസമൊന്നും വിദേശികൾക്ക് പിടികിട്ടില്ല. അതിനാൽ മലയാളി സ്ത്രീകൾക്ക് വിദേശത്ത് ഔദ്യോഗിക മീറ്റിംഗിന് പോകാൻ ഏതു വസ്ത്രവുമാകാം.

ഞാൻ പലവട്ടം പറഞ്ഞല്ലോ, വിദേശത്ത് പോകുന്ന മലയാളിസ്ത്രീകൾ അവിടുത്തെ സമൂഹവുമായി ഇടപഴകുന്നതിലും സമന്വയിക്കുന്നതിലും ആണുങ്ങളേക്കാൾ മുന്നിലാണെന്ന്. അതിനാൽ വിദേശത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്ന സ്ട്രീകൾ ഫോർമൽ ആയ സ്കര്ട്ടും ടോപ്പും ധരിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല.

ഞാൻ പറഞ്ഞു വരുന്നത് ഔഗ്യോഗികാവശ്യങ്ങൾക്കാണ് വരുന്നതെങ്കിൽ അതിനുള്ള വസ്ത്രങ്ങൾ സ്ത്രീകളും പുരുഷന്മാരും പ്രത്യേകം കരുതണം. അതിനുള്ള ഒരു ജോഡി വസ്ത്രങ്ങൾ നമ്മുടെ കയ്യിൽ ഉള്ള ബാഗിൽ (കാരി ഓൺ) ഉണ്ടാവുകയും വേണം. അല്ലെങ്കിൽ നമ്മുടെ മൊത്തം പരിപാടി കുളമാകും. യാത്രയുടെ ഉദ്ദേശം ടൂർ മാത്രമാണെങ്കിൽ പിന്നെ കാഷ്വൽ അല്ലെങ്കിൽ സെമി ഫോർമൽ ഒക്കെ മതി. ഇത് സ്ത്രീകൾക്ക് പ്രത്യേകിച്ചും സൗകര്യമാണ്. കാലാവസ്ഥയനുസരിച്ച് ഷോർട്ട്സോ, സ്ലീവ്‌ലെസ് വസ്ത്രമോ, ഷാളില്ലാതെ ചുരിദാറോ ഇട്ട് എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് വിദേശത്തെത്തുന്ന സ്ത്രീകൾ ആദ്യം ആസ്വദിക്കുന്നത്. .

സംസ്കാരത്തിന് അനുസരിച്ച വേഷം: പാശ്ചാത്യനാടുകളിലെ പോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ രാജ്യത്തുമില്ല, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. ഇക്കാര്യം വിദേശത്തേക്ക് പോകുന്നതിന് മുൻപേ തന്നെ വായിച്ചു മനസ്സിലാക്കണം. യൂറോപ്പിൽ നിന്നും ഇറാനിലേക്ക് യാത്രപോകുന്ന വിമാനം ഇറാന്റെ അതിർത്തി കടക്കുന്നതോടെ, ഇറാന്റെ സാംസ്‌കാരിക പൈതൃകത്തിന് യോജിച്ച വസ്ത്രങ്ങൾ ധരിച്ചേ വിമാനത്താവളത്തിൽ ഇറങ്ങാവൂ എന്ന് പൈലറ്റ് അനൗൺസ്‌ ചെയ്യും. ഉടനെ വിദേശവസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ ടോയ്‌ലറ്റിലേക്ക് നിരയായി പോയി നാടൻ വസ്ത്രമണിഞ്ഞ് തിരിച്ചുവരുന്നത് കാണാം. വിദേശികൾ ഷാൾ കൊണ്ട് തലമുടി മൂടും. വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും എല്ലാവരും ഈ തരത്തിൽ റെഡിയാകണം. സൗദി മുതൽ മൊറോക്കോ വരെ ഉള്ള രാജ്യങ്ങളിൽ വ്യത്യസ്‌ത നിയമങ്ങൾ ആണ്, വായിച്ചു മനസ്സിലാക്കിയിട്ടു വേണം പോകാൻ (http://www.telegraph.co.uk/travel/advice/dress-code-guide-for-muslim-countries/)

വസ്ത്രധാരണം നിങ്ങളുടെ സുരക്ഷയുടെ പ്രശ്നം കൂടിയാണ്. വസ്ത്രധാരണത്തിന് ഔദ്യോഗികവിലക്ക് ഇല്ലാത്തതും എന്നാൽ പഴഞ്ചൻ ചിന്താഗതിയുള്ളതുമായ നാടുകളിൽ (ഉദാഹരണം: കേരളം) ഷോർട്ട്സ് പോയിട്ട് ലെഗ്ഗിങ്‌സ് പോലുമിട്ട് പുറത്തിറങ്ങുന്ന സ്ത്രീകളെ കൂടുതലാളുകൾ നോട്ടമിടും. ഇത് ഒട്ടും ശരിയല്ല എന്ന് പറയേണ്ടല്ലോ. എന്നുവെച്ച് ഇന്ത്യയിലേക്ക് ഒരാഴ്ചത്തെ സന്ദർശനത്തിനു വരുന്നവർക്ക് ഇവിടുത്തെ സാംസ്ക്കാരിക നിലവാരം ഉയർത്താനുള്ള സമയമോ താല്പര്യമോ ഉണ്ടാകില്ല. നമ്മുടെ ‘സംസ്കാരത്തി’ന്റെ കൈയിലും കണ്ണിലും പെടാതിരിക്കാനുള്ള വസ്ത്രങ്ങളുമായിട്ടേ ഇന്ത്യയിലേക്ക് വരാവൂ എന്നാണ് സ്ത്രീകൾക്ക് മറ്റ് നാടുകൾ നൽകുന്ന മുന്നറിയിപ്പ് (http://thetravelhack.com/travel-tips/women-wear-travelling-india/). ഇതുപോലുള്ള പല പ്രശ്നങ്ങളും മറ്റ് നാടുകളിലുമുണ്ട്. യാത്രക്കുമുമ്പ് വായിച്ചുമനസ്സിലാക്കണം.

വെറുതെ വേഷം കെട്ടരുത്: നമ്മൾ പോകുന്ന നാടുകളിലെ വസ്ത്രം ഉപയോഗിക്കുക എന്നത് പൊതുവെ ഒരു നല്ലകാര്യം ആയി തോന്നിയേക്കാം. ഇന്ത്യയിൽ മുണ്ടുടുത്തു നടക്കുന്ന ഒരു സായിപ്പിനെ കണ്ടാൽ നമുക്ക് ഇഷ്ടം തോന്നും. പക്ഷെ എല്ലാ നാടുകളിലും അങ്ങനെ ആയിരിക്കണം എന്നില്ല. അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ അവരുടെ വസ്ത്രം അവരുടെ സാമൂഹ്യ വ്യവസ്ഥയിലെ പല പടവുകൾക്ക് അനുസരിച്ചാണ്. പുറത്തു നിന്നുള്ളവർക്ക് ഇത് മനസ്സിലാവണം എന്നില്ല. അത് കൊണ്ട് തന്നെ മറ്റു നാടുകളിൽ നിന്നുള്ളവർ നാടൻ വേഷം കെട്ടി നടക്കുന്നത് അവർക്ക് ഇഷ്ടമുള്ള കാര്യമല്ല. ബ്രൂണെയിൽ മഞ്ഞ എന്നത് രാജകുടുംബത്തിന്റെ നിറമാണ്. അത് കൊണ്ട് തന്നെ രാജകുടുംബത്തിലെ ആരെങ്കിലും ഉള്ള ചടങ്ങുകളിൽ മഞ്ഞ നിറത്തിലുള്ള വസ്തങ്ങൾ സാധാരണക്കാർ ഉപയോഗിക്കാൻ പാടില്ല. (https://www.export.gov/article?id=Brunei-Business-Customs). നാട്ടുകാർ ആകട്ടെ ഒട്ടും റിസ്ക് എടുക്കാറും ഇല്ല, മഞ്ഞ വസ്ത്രം മഞ്ഞ കാറുകൾ പോലും അവിടെ നാട്ടുകാരും, താമസിക്കുന്ന മറ്റുള്ളവരും ഉപയോഗിച്ച് കാണാറില്ല. ഇതൊന്നും അറിയാതെ പോയി വേഷം കെട്ടരുത്.

എന്നാൽ വസ്ത്രം അല്പം ഓവർ ആയാലോ: ആവശ്യത്തിൽ കൂടുതൽ വസ്ത്രങ്ങളായാലും ചിലപ്പോൾ പ്രശ്നം തന്നെയാണ്. യാത്രയിൽ, പ്രത്യേകിച്ച് ക്രൂയിസ് കപ്പലിൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ അല്പവസ്ത്രങ്ങളും കരുതുക. ജനീവക്കടുത്ത് സൽഫറടങ്ങിയ ചൂടുവെള്ളമുള്ള ഒരു ഹോട്ട് സ്പ്രിങ് ഉണ്ട്. ആണും പെണ്ണുമെല്ലാം അവിടെ ഒരുമിച്ചാണ് കുളിക്കുന്നത്. നാട്ടിൽനിന്നും ടൂർ വരുന്ന പെൺകുട്ടികൾക്ക് ഇവിടെ സ്വിമ്മിങ് ഡ്രസ്സിട്ട് ഇറങ്ങാൻ മടിയാണ്. ചുരിദാറിട്ട് ഇറങ്ങാൻ നോക്കിയാൽ അവിടുത്തെ ജീവനക്കാർ പറയും, പോയി പണിനോക്കാൻ.

ജപ്പാനിലെ ബാത്ത് ഹൗസുകളിലെ നിബന്ധന ഒറ്റ വസ്ത്രവും പാടില്ല എന്നതാണ് (http://www.sentoguide.info/etiquette). വെള്ളത്തിലിറങ്ങുന്നത് ഒരു ടവൽ ചുറ്റി ഡീസന്റായിട്ടാകാം എന്നുകരുതിയ എന്നെ അവർ ഓടിച്ചുവിട്ടു. ആദ്യം പിറന്ന പടി ഷവർ, പിന്നെ സോപ്പെല്ലാം തുടച്ചു വൃത്തിയാക്കിയതിന് ശേഷം ബാത്തിലേക്ക്. നാലോ എട്ടോ പേർക്ക് കാലുനീട്ടി ഇരിക്കാവുന്ന കുളിത്തൊട്ടികളാണ് ജാപ്പനീസ് ബാത്ത് ഹൌസ്. വെള്ളത്തിന് ചെറിയ ചൂടുള്ളതിനാൽ പതുക്കെപതുക്കെയേ ഇറങ്ങാൻ പറ്റൂ. ബാത്തിൽ എപ്പോഴും കുറച്ചു പേർ കാണും, അവരുടെ മുൻപിൽ പിറന്ന പടി വേണം വെള്ളത്തിലേക്കുള്ള പ്രവേശനം. പിന്നെ ജാപ്പനീസ് ബാത്ത് ഹൌസ് ആയതിനാൽ അല്പം നാണം തോന്നിയെങ്കിലും വലിയ അപകർഷതാബോധം ഉണ്ടായില്ല (https://www.indiatimes.com/news/world/bad-news-indians-have-the-second-smallest-penis-in-the-world-235005.html).

കാലാവസ്ഥക്ക് ചേർന്ന വസ്ത്രം: യാത്രയിലെ വസ്ത്രത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം കാലാവസ്ഥയാണ്. കേരളത്തിൽ പന്ത്രണ്ട് മാസവും ഒരേ വസ്ത്രം ധരിച്ച് നടക്കാം. വടക്കേ ഇന്ത്യയിലും യൂറോപ്പിലും സ്ഥിതി അതല്ല. തണുപ്പുകാലം പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുണ്ടായേ പറ്റൂ. തണുപ്പ് തന്നെ പല തരത്തിലുണ്ട്. ഇരുപതിന് താഴെ പത്ത് ഡിഗ്രി വരെ, പത്തിനും പൂജ്യത്തിനുമിടക്ക്, പൂജ്യത്തിനും മൈനസ് പത്തിനുമിടക്ക്, മൈനസ് പത്തിന് താഴെ എന്നിങ്ങനെ വേണമെങ്കിൽ തരംതിരിക്കാം. ഓരോ തണുപ്പിനും ഓരോ തരം വസ്ത്രങ്ങൾ, പല അടുക്കുകളുള്ളത് വേണം. ഇതറിയാതെ യാത്ര പുറപ്പെട്ടാൽ പണി കിട്ടും. തണുത്തുവിറച്ച് ന്യുമോണിയ പിടിപെട്ട് ചത്തുപോകാനും മതി. വിദേശരാജ്യങ്ങളിൽ വസ്ത്രങ്ങൾക്ക് വിലക്കൂടുതലാണ്. ഒരിക്കൽ ഒസ്ലോവിലെത്തിയ ഞാൻ കൈയുറ എടുക്കാൻ മറന്നുപോയി. അവിടെ മൈനസ് പത്തിൽ താഴെയാണ് തണുപ്പ്. കടയിൽ ഓടിക്കയറി ഞാൻ വാങ്ങിയ കൈയുറക്ക് കൊടുക്കേണ്ടിവന്നത് 120 ഡോളർ, ഏതാണ്ട് 8000 രൂപ. പത്ത് ഡോളറാണ് സാധാരണ സമയത്തെ വില. അതുകൊണ്ട് തലയും കൈയും കാലും മറയുന്ന വസ്ത്രങ്ങൾ കരുതാൻ മറക്കരുത്.

മഴ പലതരം: കേരളത്തിലെ മഴയാണ് മഴ! തുള്ളിക്ക് ഒരു കുടമായി നിന്നു പെയ്യുകയല്ലേ. പക്ഷെ, മറ്റു നാടുകളിൽ അങ്ങനെയല്ല. എപ്പോഴും മഴ പെയ്യുന്ന സ്കോട്ട്ലാൻഡിൽ മഴ പലതരം ഉണ്ട്. (http://scottishsceptic.co.uk/2014/11/28/scots-more-words-for-rain-than-eskimos-for-snow/). അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് വസ്ത്രങ്ങളിലും മാറ്റം വരുത്തണം. മഴയോട് ഒപ്പമോ തണുപ്പിനൊപ്പമോ കാറ്റുണ്ടെങ്കിൽ വസ്ത്രത്തിന്റെ കാര്യത്തിൽ പിന്നെയും ശ്രദ്ധ വേണം. സഹിക്കാൻ പറ്റാത്ത തണുപ്പും കാറ്റുമാണെങ്കിൽ ഹോട്ടലിനുള്ളിൽ തന്നെ കട്ടൻ ചായയോ സ്‌മോളോ കുടിച്ചിരിക്കുന്നതാണ് ബുദ്ധി.

വസ്ത്രമലക്കാനുള്ള ചെലവ്: യാത്രക്ക് എത്ര ജോഡി വസ്ത്രങ്ങൾ കരുതണമെന്നതും ചോദ്യമാണ്. ബാങ്കോക്കിലേക്കാണ് പോകുന്നതെങ്കിൽ രണ്ടുജോഡി മതിയാകും. ബാക്കി അവിടെ റോഡ്‌സൈഡിൽ നിന്ന് വാങ്ങാം. നല്ല ഡിസൈനാണ്, ചീപ്പാണ്, ചുമ്മാ വാങ്ങണം സാർ. അതേ സമയം സ്വിറ്റ്സർലാൻഡിലേക്കാണ് വരുന്നതെങ്കിൽ എത്രദിവസമുണ്ടോ അത്രയും ഡ്രസ്സും വേണം. കാരണം ഇവിടെ വാങ്ങുക എന്നത് ചിന്തിക്കുകയെ വേണ്ട. ഒരു തവണ അലക്കിക്കിട്ടാൻ തന്നെ നാട്ടിൽ പുതിയത് വാങ്ങുന്നത്ര പണമാകും. ചൂടും വിയർപ്പ്പും കുറവായതിനാൽ അധികം തവണ മാറേണ്ടതില്ല എന്നത് മാത്രമാണ് ഒരു ഗുണം. ഇങ്ങനെ ഓരോ നാട്ടിലേക്ക് പോകുമ്പോഴും പലതും ചിന്തിച്ചു വേണം വസ്ത്രങ്ങൾ പാക്ക് ചെയ്യാൻ. കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ കാര്യം കൂടുതൽ ബുദ്ധിമുട്ടാകും.

എന്റെ സാറെ ഒരു യാത്രക്ക് വസ്ത്രത്തെ പറ്റി മാത്രം ഇത്രയൊക്കെ ചിന്തിക്കാനുണ്ടോ ?

ഓ, അല്പം ഓവർ ആയി അല്ലെ… മനഃപൂർവമല്ല..നിങ്ങൾ മറ്റൊന്നും ധരിക്കരുത്…

മുരളി തുമ്മാരുകുടി.

Leave a Comment