പൊതു വിഭാഗം

വെടി വഴിപാടിന്റെ ഭാവി…

ആൾ ദൈവങ്ങൾ തൊട്ട് അത്ഭുത മരങ്ങൾ, ശിലാ വിഗ്രഹങ്ങൾ, അരൂപികൾ വരെ ഏറെയുണ്ട് ദൈവങ്ങൾ ഭൂമിയിൽ. അവരെ പ്രീതിപ്പെടുത്താൻ പല തരത്തിലുള്ള വഴിപാടുകളും മനുഷ്യൻ കണ്ടു പിടിച്ചിട്ടുണ്ട്.
 
ഉണ്ണിയപ്പം മുതൽ പാൽപ്പായസം വരെയുള്ള വഴിപാടുകൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ പതിവാകുമ്പോൾ കപ്പലണ്ടി മുതൽ പഞ്ചാമൃതം വരെയുണ്ട് കേരളത്തിന് പുറത്ത്. തായ്‌ലാന്റിൽ പന്നിയുടെ പുഴുങ്ങിയ തലയും ഇന്തോനേഷ്യയിൽ കൊക്കോകോളയും ജപ്പാനിൽ വാറ്റു ചാരായവും ദൈവങ്ങൾക്ക് നിവേദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതിൽ ഒട്ടും അസ്വാഭിവകതയില്ല. ഒരു ബിരിയാണിയോ കുപ്പിയോ മേടിച്ചു കൊടുത്താൽ മനുഷ്യരെക്കൊണ്ട് പല കാര്യങ്ങളും നടത്താമെന്ന് നമുക്കറിയാം. അപ്പോൾ കാര്യ സാധ്യത്തിനായി ദൈവത്തിനും ഭക്ഷണമോ പാനീയങ്ങളോ ഒക്കെ വാഗ്ദാനം ചെയ്യുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
 
ആരാധനാലയങ്ങളിൽ പണം കൊടുക്കുന്നതും ഇതുപോലെ തന്നെയാണ്. പണം ഉണ്ടായ കാലം മുതലേ അത് മനുഷ്യന് ഇഷ്ടമാണ്. വാശി പിടിക്കുന്ന കുട്ടികൾ മുതൽ ഉടക്കുണ്ടാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് പണം കൊടുത്ത് വരുതിക്ക് നിർത്താമെന്ന് നമുക്കറിയാം. ലോകമെമ്പാടും ദൈവങ്ങൾക്ക് പണം കാണിക്കയിടുന്ന ആചാരമുണ്ട്. സ്വർണ്ണം ആണെങ്കിലും മിക്കവാറും ദൈവങ്ങൾ അഡ്ജസ്റ്റ് ചെയ്യാൻ റെഡി, മനുഷ്യരും.
 
എന്നിട്ടും ഈ ‘കതിനാ വെടി’ എന്ന വഴിപാടിന്റെ പ്രസക്തി എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. നമ്മളാരും സന്തോഷം വന്നാൽ വീട്ടിൽ കതിനാ വെടി വെക്കാറില്ല. കാര്യം നടക്കാൻ വേണ്ടി സെക്രട്ടറിയേറ്റിന് അകത്തും പുറത്തും ആളുകളെ പ്രീതിപ്പെടുത്താനുള്ള സാധ്യമായ എല്ലാത്തരം ആചാരങ്ങളും നടത്താറുണ്ടെങ്കിലും കതിനാവെടി വെക്കുന്നത് നമ്മൾ കണ്ടിട്ടില്ല.
 
പിന്നെങ്ങനെയാണ് അമ്പലത്തിൽ ദൈവത്തിന് മുന്നിൽ വെടി വച്ച് കാര്യം സാധിക്കാം എന്ന് മനുഷ്യൻ ചിന്തിച്ച് തുടങ്ങിയത് ?
 
ഇതൊരു അതിപുരാതന ആചാരം അല്ല. വെടിമരുന്ന് കേരളത്തിൽ വ്യാപകമായി എത്തിയിട്ട് അധികം നൂറ്റാണ്ടായിട്ടില്ല. അതിൽത്തന്നെ അമ്പലത്തിലുപയോഗിക്കാൻ പാകത്തിന് നിയന്ത്രണങ്ങളില്ലാതെ ലഭ്യമായി തുടങ്ങിയത് നമ്മൾ യുദ്ധങ്ങൾ നിർത്തിയ കാലത്തായിരിക്കും, അതായത് ടിപ്പുവിന്റെ പടയോട്ടത്തിനും ശേഷം (പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം). അങ്ങനെ നോക്കുമ്പോൾ ഈ ആചാരത്തിന് ഇരുന്നൂറു വർഷത്തിൽ കൂടുതൽ പഴക്കമില്ല. അതിന് മുൻപൊക്കെ ഒച്ചപ്പാടില്ലാതെ തന്നെ ദൈവങ്ങൾ സന്തോഷമായി കാര്യം നടത്തിക്കൊടുത്തിരുന്നു.
 
ഇന്ന് വെടി വഴിപാടിനിക്ക് അപകടമുണ്ടായി രണ്ടു പേർ മരിച്ചു എന്ന് വായിച്ചു, ഇതിന് മുൻപും എത്രയോ പേർ മരിച്ചിട്ടുണ്ടാകണം. ഇനിയും എത്രയോ മരിക്കാനിരിക്കുന്നു. പക്ഷെ അതല്ല പ്രധാന പ്രശ്നം. ഇത്തരം വഴിപാടുള്ള ക്ഷേത്രങ്ങളുടെ ചുറ്റും താമസിക്കുന്നവരുടെ ജീവിതത്തിൽ ഇതൊരു സ്ഥിരം പ്രശ്നമാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും. കൊച്ചു കുട്ടികൾ പേടിക്കും, ഗർഭിണികൾക്കും വയസ്സായവർക്കും ഇത് നടുക്കം ഉണ്ടാക്കും.
കേരളത്തിൽ എവിടെയും വെടി വഴിപാടുള്ള ആരാധനാലയങ്ങളുടെ ചുറ്റിലുള്ള വീടിനും ഫ്ലാറ്റിനും വില കുറവാണ് എന്ന് അന്വേഷിച്ചാൽ അറിയാം. ആരാധനാലയങ്ങളും വിശ്വാസത്തിന്റെ പ്രശ്നവും ആയതുകൊണ്ട് മനുഷ്യർ മിണ്ടാതിരിക്കുന്നു എന്നേയുള്ളൂ. ക്ഷേത്രത്തിനടുത്ത് ജീവിക്കുന്ന ആളുകളിൽ ഒരു അഭിപ്രായ സർവ്വേ നടത്തിയാൽ ഈ ആചാരം അത്ര ജനപ്രിയമാകാൻ ഒരു സാധ്യതയുമില്ല. ആരാധനാലയത്തിന് അകത്തുള്ള ആളുടെ ഹിതം അന്വേഷിച്ചാലും കാര്യം മറ്റൊന്നാകാൻ വഴിയില്ല. ശരിക്കും ഇതുകൊണ്ട് ഗുണമുള്ളത് കമ്മിറ്റിക്കാർക്കും കതിനാവെടി കോൺട്രാക്ടർക്കും മാത്രമാണ്.
 
ഈ കതിനാ വെടി ഇരുപത്തി രണ്ടാം നൂറ്റാണ്ടിലെ കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. സാങ്കേതിക വിദ്യ കുതിച്ചു ചാടുന്ന ലോകത്ത് ആരാണ് അടുത്ത അൻപത് കൊല്ലം കഴിയുമ്പോൾ കതിന നിറക്കുന്ന പണി തൊഴിലായി കൊണ്ട് നടക്കാൻ പോകുന്നത് ?. അത് നാളെ നിറുത്തിയാലും ദൈവകോപമൊന്നും ഉണ്ടാകാൻ പോകുന്നില്ല. എത്രയും വേഗത്തിൽ നിർത്തുന്നോ അത്രയും നല്ലത്. ദൈവത്തിനും മനുഷ്യനും സമാധാനമായി ഉറങ്ങാൻ അവസരം ഉണ്ടാകട്ടെ.
 
മുരളി തുമ്മാരുകുടി
 

Leave a Comment