മൂന്നു മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് തുമ്മാരുകുടി. വീടിന് ചുറ്റുമുള്ള 360 ഡിഗ്രി എടുത്താൽ കഷ്ടി പതിനഞ്ചു ഡിഗ്രി മാത്രമേ കുന്നും മലയും അല്ലാത്തതായിട്ടുള്ളൂ.
ഇടത് വശത്ത് മാപ്പിൽ ഇപ്പോഴും ചുണ്ടമല ആണ്. വെങ്ങോലയിലെ തന്നെ ഏറ്റവും ഉയരമുള്ള മലയായിരുന്നു അത്. വൈകുന്നേരങ്ങളിൽ അവിടെ കയറി നിന്ന് നോക്കിയാൽ ദൂരെ അറബിക്കടൽ കാണാമായിരുന്നു. മലയാറ്റൂർ പള്ളിയിൽ പെരുന്നാളുള്ള നാളുകളിൽ അവിടുത്തെ ലൈറ്റിംഗ് കാണാനായി മാത്രം ഞങ്ങൾ ചുണ്ടമല കയറുമായിരുന്നു. ചുണ്ടമല കയറിയിറങ്ങി വേണം ഞങ്ങൾക്ക് അടുത്ത ബസ് സ്റ്റോപ്പിൽ എത്താൻ, രണ്ടു കിലോമീറ്ററോളം വരും അത്.
വലത് ഭാഗത്ത് “പാലായി കുന്ന്” ആണ്. ഈ കുന്നിനപ്പുറമാണ് ഓണംകുളം, അവിടെയാണ് ഞങ്ങൾ പ്രൈമറി സ്കൂളിൽ പഠിച്ചത്. കുന്നു കയറി ഒരു കിലോമീറ്ററിനപ്പുറം പോണം അവിടെ എത്താൻ.
വീടിന് പുറകിലുള്ള ഭാഗവും കുന്നിൻ പ്രദേശം തന്നെയാണ്, അതിൽ കുറച്ചു ഭാഗം ഞങ്ങളുടെ തന്നെയാണ്. ഞങ്ങൾ അതിനെ എരുമക്കാട് എന്നാണ് വിളിക്കാറ്. പണ്ടൊക്കെ കരഭൂമിക്ക് അളവോ, കരമോ ഉടമസ്ഥരോ ഉണ്ടായിരുന്നില്ല എന്നത് ഇന്നത്തെ തലമുറയെ അതിശയിപ്പിച്ചേക്കാം. നെൽകൃഷി ചെയ്യുന്ന ഭൂമിയാണ് “ഭൂമിയിലെ രാജാവ്”. നെൽകൃഷിക്ക് ഒട്ടും യോഗ്യമല്ലാത്ത കരഭൂമി വെട്ടി വെളുപ്പിച്ച് വെള്ളം കെട്ടി നിർത്തി അതിൽ നെൽകൃഷി ചെയ്യുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. 1970 കൾ വരെയുള്ള കഥയാണ്.
ഓരോ കൃഷിഭൂമിയിലേക്കും വളമായി ചവർ (മരങ്ങളുടെ ഇലയും ചെറിയ കൊന്പും കുറ്റിച്ചെടികളും) വെട്ടിയിടാനും കൃഷിക്കാവശ്യമായ കന്നുകാലികളെ മേക്കാനും ഓരോ വീട്ടുകാരും കുറച്ച് കരഭൂമി വളഞ്ഞു വച്ചിരിക്കും. വില കൊടുത്തു വാങ്ങുന്നതല്ല, അതിന് പ്രത്യേക അതിരുകളും ഉണ്ടായിരിക്കില്ല. അതിന് വേണ്ടിയാണ് എരുമക്കാട് ഞങ്ങൾ പിടിച്ചു വച്ചിരുന്നത്.
പിൽക്കാലത്ത് രാസവളം വന്നപ്പോൾ ചവറിന്റെ ആവശ്യമില്ലാതായി, മലയിൽ റബർ വച്ചു. പഞ്ചാബിൽ ഹരിത വിപ്ലവം വന്നപ്പോൾ നാട്ടിൽ നെല്ലിന് വിലയില്ലാതായതോടെ നെൽകൃഷി നഷ്ടമായി. അതേ സമയം തന്നെ ആളുകളുടെ എണ്ണം കൂടിയപ്പോൾ ആളുകൾക്ക് വീടുവെക്കാൻ കൂടുതൽ സ്ഥലം വേണ്ടി വന്നു. അപ്പോൾ കരഭൂമിക്ക് വില കൂടി. നെൽകൃഷിക്ക് ഉപയോഗിച്ചിരുന്ന ഭൂമി കരഭൂമിയാക്കാൻ ആളുകൾ പകലും രാത്രിയും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു, ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
ഇതൊക്കെ പഴയ കഥ.
കൊറോണ കാരണം നാട്ടിൽ ഏറെ സമയം ചിലവാക്കിയപ്പോൾ വീണ്ടുമൊരിക്കൽ വെങ്ങോലയിലൂടെ സഞ്ചരിക്കാൻ സമയം കിട്ടി.
ചുണ്ടമല ഇപ്പോൾ ഇല്ല, അതൊരു വലിയ കുഴിയാണ്. 1980 കളിൽ തുടങ്ങിയ ഒരു ക്വാറി (ഞങ്ങൾ പാറമട എന്ന് പറയും), മല തുരന്നു കുളമാക്കി. ഇന്നിപ്പോൾ ആ ചുണ്ടക്കുഴി ബഹരികാശ ഉപഗ്രഹങ്ങൾക്ക് പോലും കാണാൻ സാധിക്കുന്നത്ര വലുതാണ്. മലയുടെ മുകളിൽ നിന്നും മലയാറ്റൂർ കാണുന്നതൊക്കെ പോയിട്ട് ഇപ്പോൾ കുഴിയിൽ നിന്നാൽ കാണുന്നത് കുഴിമാത്രം.
ക്വാറി വന്നതോടെ അതിന്റെ അനുബന്ധ വ്യവസായങ്ങളുമായി. ആദ്യം ക്രഷർ വന്നു, വലിയ കല്ലുകൾ കയറിപ്പോയിരുന്നിടത്ത് ഇപ്പോൾ അത് പൊട്ടിച്ച് ചെറിയ കല്ലുകൾ (അഗ്രിഗേറ്റ് എന്ന് സിവിൽ എൻജിനീയർ, മെറ്റൽ എന്ന് വെങ്ങോലക്കാരൻ) ആക്കുന്നു. കൂടെ കിട്ടുന്ന പാറയുടെ പൊടി മണലിന് പകരം ഉപയോഗിക്കുന്നു. ക്വാറിയിൽ നിന്നും ഏറെ ദൂരെയുള്ള എന്റെ വീട്ടിലിരുന്നാലും ക്രഷറിന്റെ ശബ്ദം എപ്പോഴും ബാക്ക് ഗ്രൗണ്ടിൽ ഉണ്ട്. ഞങ്ങൾക്ക് വീട്ടിലെല്ലാവർക്കും ഇപ്പോൾ അതൊരു ശീലമായി !.
ശീലമായത് ശബ്ദം മാത്രമല്ല. കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിക്കുന്ന ഒരാളാണ് ഞാൻ. കേരളത്തിലെ ഏറ്റവും മോശപ്പെട്ട റോഡുകൾ എവിടെയാണ്? അത് ചുണ്ടക്കുഴിയുടെ ചുറ്റുമുള്ളത് തന്നെ. സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഫുൾ ലോഡുമായി ടോറസ് ലോറികൾ കാളവണ്ടി പോകാൻ ഉദ്ദേശിച്ചുണ്ടാക്കിയ പഞ്ചായത്ത് റോഡിലൂടെ സഞ്ചരിച്ചാൽ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? ഒരു കണക്കിന് റോഡ് കുണ്ടും കുഴിയുമായത് നന്നായി, കാരണം വാഹനങ്ങൾക്ക് അധികം സ്പീഡ് ഉണ്ടാവില്ല. അല്ലങ്കിൽ ഇതൊക്കെ പണ്ടേ ആളുകളെ കൊന്നേനെ. കുണ്ടും കുഴിയുമുള്ള റോഡും ഞങ്ങൾക്ക് ശീലമായി. ജീവൻ ബാക്കി ഉണ്ടല്ലോ. ഇപ്പോൾ വെങ്ങോലയിൽ നിന്നും ഒരു ഓട്ടോ വിളിച്ചാൽ വീട്ടിലേക്ക് വരാൻ അവർ സമ്മതിക്കാറില്ല, കാരണം റോഡിന്റെ സ്ഥിതി തന്നെ. അതിനാൽ ഞങ്ങൾ പാവം ഓട്ടോക്കാരനെ പെരുന്പാവൂരിൽ നിന്ന് തന്നെ വിളിക്കും, വന്ന സ്ഥിതിക്ക് വീട്ടിലെത്തിച്ചിട്ടേ അവർ പോകൂ. പോകുന്ന വഴി പിതൃസ്മരണ ഉണ്ടാകും, ഉറപ്പാണ് !
വെങ്ങോലയുടെ പ്രതാപമായിരുന്ന ചുണ്ടമല ഇങ്ങനെ കുഴിയായി, നശിച്ചു പോയത് കണ്ടപ്പോൾ അന്നത്തെ കുഞ്ഞൻ കുന്നിന് എന്ത് സംഭവിച്ചു എന്ന് നോക്കാമെന്ന് ഒരു ദിവസം ഞാൻ വിചാരിച്ചു. അഞ്ചാം ക്ലാസിലെ സ്കൂളിൽ പോയതിന് ശേഷം പാലായി കുന്ന് ഞാൻ കയറിയിട്ടില്ല.
ഒരു ദിവസം യാത്ര ആ വഴിക്കായി.
ഭാഗ്യം ഒന്നും സംഭവിച്ചിട്ടില്ല !!
പക്ഷെ വളരെ അതിശയമായ ഒരു കാഴ്ച ഞാൻ കണ്ടു.
അതി മനോഹരമായ ഒരു സൂര്യാസ്തമയം !!
കാര്യം ആ കുന്ന് ഒരായിരം തവണ കയറിയിറങ്ങിയതാണെങ്കിലും അതൊക്കെ രാവിലെയായിരുന്നു. അതുകൊണ്ട് തന്നെ വൈകുന്നേരം കുന്നിലേക്ക് നടന്ന ഞാൻ അന്തം വിട്ടു പോയി.
കന്യാകുമാരി മുതൽ ലോകത്തെ എത്രയോ സ്ഥലങ്ങളിൽ പ്രശസ്തമായ സൂര്യോദയവും സൂര്യാസ്തമയവും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ വീടിന് തൊട്ടടുത്ത്, ഒരു കിലോമീറ്റർ അപ്പുറത്ത് ഇത്രയും മനോഹരമായ ഒരു സൂര്യാസ്തമയം ഉണ്ടെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. ചിത്രത്തിനൊന്നും അതിനോട് നീതി പുലർത്താൻ പറ്റില്ല.
അതൊരു ഫ്ലൂക് ആണോ എന്നറിയാൻ ഞാൻ അസ്തമന സമയം കണക്കുകൂട്ടി ഒരിക്കൽ കൂടി അവിടെ എത്തി.
സംഗതി സത്യമാണ്. പാലായിക്കുന്നിൽ നിന്നും നോക്കുന്പോൾ വെങ്ങോലയുടെ അതിരിൽ പൂമലക്ക് അപ്പുറത്ത് സൂര്യൻ മറയുന്നത് ഒരു മനോഹരമായ കാഴ്ചയാണ്.
അവിടെ താമസിക്കുന്നവർക്ക് അതൊരു അതിശയമല്ല. അതുകൊണ്ട് തന്നെ വൈകുന്നേരം അവിടെ വന്ന് സൂര്യാസ്തമനം നോക്കി നിൽക്കുന്ന എന്നെ അവർ അന്തം വിട്ടു നോക്കി നിന്ന്, “ഇവൻ ഏതാടാപ്പാ ?” (പുതിയ തലമുറയിലെ ആളുകൾ ആണ്. മിക്കവർക്കും എന്നെ അറിയില്ല).
വെങ്ങോലക്ക് രണ്ടു ഭാവികൾ സാധ്യമാണ്.
ഒന്ന് ചുണ്ടമലയുടെ ഭാവിയാണ്. പതിനഞ്ചു കോടി വർഷം ആയി കേരളത്തിൽ കുന്നുകൾ ഉണ്ടായിട്ട്. പതിനഞ്ചു കോടി വർഷം, മനുഷ്യൻ ഉണ്ടാകുന്നതിനും പതിനാലുകോടിയിൽ ഏറെ വർഷം ചുണ്ടമലയും അതിനടിയിലുള്ള പാറയും അവിടെ ഉണ്ടായിരുന്നു.
മനുഷ്യൻ ഉണ്ടായിട്ട് രണ്ടര ലക്ഷം വർഷങ്ങളാണ് ആയത്. മനുഷ്യൻ കേരളത്തിൽ എത്തിയിട്ട് അന്പതിനായിരം വർഷങ്ങൾ എങ്കിലും ആയിട്ടുണ്ടാകണം. തുമ്മാരുകുടിയിൽ മൂവായിരം വർഷം മുൻപേ മനുഷ്യവാസം ഉണ്ടായതായി ലക്ഷണങ്ങളുണ്ട്. അന്നൊക്കെ ആ ചുണ്ടമല അവിടെ ഉണ്ടായിരുന്നു.
അതാണ്, ഒറ്റ തലമുറകൊണ്ട്, 1980 മുതൽ 40 വർഷം കൊണ്ട് നാം ഇല്ലാതാക്കിയത്. ഇനി വരുന്ന തലമുറക്ക് അവിടെ ഒരു മലയില്ല, മലയിൽ ഉണ്ടായിരുന്നത് ഒന്നുമില്ല. ഭാഗ്യമുണ്ടെങ്കിൽ ഒരു കുഴി അവിടെ ബാക്കി ഉണ്ടാകും.
മിക്കവാറും അത് പോലും ഉണ്ടാകില്ല. കുറച്ചു നാൾ കഴിയുന്പോൾ എറണാകുളം നഗരത്തിലെ മാലിന്യം നിക്ഷേപിക്കാൻ സ്ഥലം ഇല്ലാതെ വരും, അപ്പോൾ സൗകര്യത്തിന് വെങ്ങോലയിലെ ആ കുഴി ആരെങ്കിലും കാണും. അതോടെ എറണാകുളം നഗരത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രമായി അത് മാറും. നഗരമാലിന്യവും, വ്യവസായ മാലിന്യവും, അറവ് മാലിന്യവും അവിടെ നിറയും. അത് ജലത്തിലൂടെ ചുറ്റും പരക്കും. അതിന് ചുറ്റും മനുഷ്യന് ജീവിക്കാൻ പറ്റാതാകും. പറ്റുന്നവരെല്ലാം കിട്ടുന്ന വിലക്ക് വസ്തു വിറ്റ് സ്ഥലം വിടാൻ നോക്കും. ആളുകൾ ഒഴിയുന്ന സ്ഥലത്ത് കൂടുതൽ മാലിന്യങ്ങളും മാലിന്യം ഉണ്ടാക്കുന്ന സ്ഥാപനങ്ങളും വരും.
ഇതാണ് ഒരു ഭാവി !!
മറ്റൊരു ഭാവിയും സാധ്യമാണ്.
അത് അസ്തമിക്കാത്ത ഭാവിയാണ്.
പതിനഞ്ചു കോടി വർഷത്തെ ഓരോ ദിവസത്തേയും പോലെ ഇന്നും അവിടെ സൂര്യൻ അസ്തമിക്കുന്നു.
അവിടെ സൂര്യാസ്തമയം കാണാനുള്ള ഒരു ടെറസ് കോഫീ ഷോപ്പ് ഉണ്ടാക്കിയാൽ ജില്ലയിൽ എവിടെനിന്നും ആളുകൾ അവിടെ വരും. അതൊരു ബിസിനസ്സ് ആകും, ആളുകൾക്ക് തൊഴിൽ ലഭിക്കും, ഹൈക്കിങ്ങും റെന്റ് ടൂറിസവും ഉൾപ്പെടുത്തിയ ഒരു പാക്കേജ് അതിനെ ചുറ്റി ഉണ്ടാക്കാം.
ഒരു പാറമടയിലെ പാറ ഒരാൾക്ക് ഒരു പ്രാവശ്യമേ ഉപയോഗിക്കാൻ പറ്റൂ. പക്ഷെ സൂര്യാസ്തമയം അങ്ങനെയല്ല. ഒരു ലക്ഷം ആളുകൾ സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിച്ചാലും ആ ഭംഗിക്ക് ഒരു കുറവും വരില്ല.
അതാണ് സുസ്ഥിര വികസനം.
മല തുരന്ന് കുളമാക്കുന്നത് വികസനമല്ല. അടുത്ത തലമുറക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുക്കുന്ന സ്വാർത്ഥതയാണ്.
ചുണ്ടക്കുഴി വീണ്ടും കുഴിയുമോ?, മലകൾ തുരന്നു കുഴിയാക്കിവർ അത് തീരുന്പോൾ ഇനി കുന്നുകൾ തുരക്കാൻ വരുമോ?, പലയിക്കുന്നൊരു കുളമാകുമോ?
അതോ അടുത്ത തലമുറക്ക് കൂടി ആസ്വദിക്കാനുള്ള സൂര്യാസ്തമയം അവിടെ ബാക്കി ഉണ്ടാകുമോ?
ഇതൊന്നും വേറെ ആരും തീരുമാനിക്കുന്നതല്ല, തീരുമാനിക്കേണ്ടതുമല്ല. വെങ്ങോലയുടെ ഭാവി വെങ്ങോലക്കാരിലാണ്. ഈ തലമുറ തീരുമാനിക്കുന്നത് അടുത്ത തലമുറക്കും കൂടിയാണ്.
മണ്ണെടുത്തും ക്വാറികളായും വെങ്ങോലയെ മുറിപ്പെടുത്തിയ കഴിഞ്ഞ തലമുറ അടുത്ത തലമുറയോട് തെറ്റ് ചെയ്തു എന്നത് ഇപ്പോൾ വ്യക്തമാണ്.
ആ തെറ്റ് ഇനി നമ്മൾ ആവർത്തിക്കുമോ എന്നതാണ് ചോദ്യം. താൽക്കാലിക ലാഭത്തിനപ്പുറം സുസ്ഥിരമായ ഭാവി തിരഞ്ഞെടുക്കാനുള്ള സെൻസും സെന്സിബിലിറ്റിയും ഇപ്പോഴത്തെ തലമുറക്ക് ഉണ്ടോ?
#ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ?
മുരളി തുമ്മാരുകുടി
(ഇന്നിപ്പോൾ പാറമടയുടെ കഥയാണ് പറഞ്ഞത്, ഇനി വെങ്ങോലയിൽ കുടിൽ വ്യവസായം പോലുള്ള പ്ലൈവുഡ് കന്പനികളുടെ, പുതിയതായി പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ടാർ മിക്സിങ് പ്ലാന്റിന്റെ കഥ അടുത്ത ദിവസങ്ങളിൽ പറയാം).

Leave a Comment