പൊതു വിഭാഗം

വീണ്ടും ഹൌസ് ബോട്ട് സുരക്ഷ!

ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകൾ വേണ്ടത്ര സുരക്ഷയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ പല വട്ടം പറഞ്ഞിരുന്നു. ഇപ്പോൾ കുറച്ചു പരിശോധനകൾ നടക്കുന്നുവെങ്കിലും പരിശോധനയുടെ ഫലം എന്നെ വീണ്ടും പേടിപ്പിക്കുന്നു.

പതിനാല് ബോട്ടുകൾ പരിശോധന നടത്തിയതിൽ ആറെണ്ണത്തിന് ഏതെങ്കിലും തരത്തിലുള്ള കുറവുകൾ കാരണം ഫൈൻ അടക്കാൻ പറയുന്നു. പതിനാലിൽ ആറ് എന്നാൽ 42 ശതമാനം. ആലപ്പുഴയിൽ ആയിരം ഹൗസ്‌ബോട്ട് ഉണ്ടെങ്കിൽ ഈ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 400 നും എന്തെങ്കിലും ന്യൂനതകൾ കാണും.

പതിനാലിൽ രണ്ടെണ്ണത്തിന് ഒരു ലൈസൻസും ഇല്ലാത്തതിനാൽ പിടിച്ചെടുത്തു എന്നാണ് വാർത്ത. അതായത് പതിനാല് ശതമാനം. ആയിരം ബോട്ടുണ്ടെങ്കിൽ ഈ സ്റ്റാസ്റ്റിസ്റ്റിക്സ് പ്രകാരം അതിൽ 140 നും ഒരുവിധ ലൈസൻസും ഉണ്ടാവില്ല !

ഇത്തരത്തിൽ ഒരു ലൈസൻസും ഇല്ലാത്ത ബോട്ടിൽ ഒരപകടം ഉണ്ടായി എന്ന് കരുതുക. അതിൽ പെടുന്നവർക്ക്, മരിക്കുന്നവർക്ക് ഉൾപ്പടെ, എന്തെങ്കിലും സഹായം ലഭിക്കുമോ?, സാധാരണ ഗതിയിൽ ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുകയെങ്കിലും ചെയ്യാം, പക്ഷെ ലൈസൻസ് പോലും ഇല്ലാത്തവരോട് എന്ത് ചെയ്യാൻ?

എങ്ങനെയാണ് കേരളം പോലെ ഉദ്യോഗസ്ഥ സംവിധാനവും മാധ്യമങ്ങളും പൊതുജനങ്ങളും എല്ലാ കാര്യങ്ങളിലും ഭൂതക്കണ്ണാടിയുമായി നോക്കിയിരിക്കുന്ന ഒരു സംസ്ഥാനത്തിൽ ഇത്തരത്തിൽ നിയമവിരുദ്ധമായി കാര്യങ്ങൾ നടക്കുന്നത്?

ഇന്ന് നമ്മൾ കണ്ടിട്ടുള്ളതിനേക്കാൾ ദാരുണമായ ഒരപകടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ മാറ്റം ഉണ്ടാവുകയുള്ളൂ?

ആരുടെ ജീവനാണ് അന്ന് നഷ്ടപ്പെടാൻ പോകുന്നത്?

എൻറെ? നിങ്ങളുടെ? കുട്ടികളുടെ? മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ?

വിദേശികളുടെ?

എനിക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ആലപ്പുഴയിലെ ഹൗസ്‌ബോട്ട് ടൂറിസം. പക്ഷെ താൽക്കാലമെങ്കിലും ഞാൻ ആ വഴിക്ക് പോകുന്നില്ല. ആളെ മനസ്സിലായാൽ എന്നെ അവർ ഓടിച്ചിട്ട് അടിക്കുമോ എന്നുള്ള പേടിയും ഉണ്ട് കേട്ടോ !

സത്യം പറയട്ടെ. കേരളത്തിലെ ഹൌസ് ബോട്ട് വ്യവസായത്തിന് ഏതെങ്കിലും തരത്തിൽ കുറവ് സംഭവിക്കണം എന്ന് അഭിപ്രായമുള്ള ആളല്ല ഞാൻ. മറിച്ച് കേരളത്തെ ഇന്ന് ലോകപ്രശസ്തമാക്കുന്ന ഒരു ടൂറിസം പ്രോഡക്ട് ആണ് ഹൗസ്‌ബോട്ടുകൾ. അത് കൂടുതൽ ഉണ്ടാകണമെന്നും കൂടുതൽ ആകർഷകമാക്കണം എന്നും അഭിപ്രായമുള്ള ആളാണ് ഞാൻ. നമ്മുടെ ഹൗസ്ബോട്ടുകൾക്കൊക്കെ മനോഹരമായ കളറുകൾ കൊടുത്ത്, (അത് ഏതെങ്കിലും പരസ്യമാണെങ്കിലും) കായലിലൂടെ ഓടിച്ചാൽ എത്ര മനോഹരമായ കാഴ്ചയായിരിക്കും അത്?, ഹൌസ് ബോട്ടുകൾ പോകുന്ന ഓരോ സ്ഥലത്തെയും ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും  പറയുന്ന ഒരു കമന്ററി ആപ്പ് ഉണ്ടായിരുന്നെങ്കിൽ ഓരോ ദിവസവും അവിടെ എത്തുന്ന പതിനായിരങ്ങൾ ആലപ്പുഴയെപ്പറ്റി എന്തൊക്കെ മനസ്സിലാക്കുമായിരുന്നു. ഹൌസ് ബോട്ട് പോകുന്നതിന് ചുറ്റും മാത്രമായി മലയാളത്തിലും തമിഴിലെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എടുത്ത പ്രദേശങ്ങൾ ഉണ്ട്, അത് മാത്രം ഒരുമിപ്പിച്ച് ഒരു സർക്യൂട്ട് ഉണ്ടാക്കിയാൽ എത്ര രസമായിരിക്കും?

ഇതുപോലെ ആലപ്പുഴയിലെ ഹൗസ്‌ബോട്ട് ടൂറിസം ആകർഷകമാക്കാനും വർദ്ധിപ്പിക്കാനും ധാരാളം നിർദ്ദേശങ്ങൾ എനിക്കുണ്ട്, നിങ്ങൾക്കും ഉണ്ടാകും. ആലപ്പുഴയിലെ ടൂറിസം ഡിപ്പാർട്ട്മെന്റും ടൂറിസം ബോട്ട് ഉടമകളും മറ്റു സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് ഒരു ചർച്ച സംഘടിപ്പിച്ചാൽ ഇതൊക്കെ നമുക്ക് ചർച്ച ചെയ്യാമല്ലോ.

പക്ഷെ അതിനൊക്കെ മുൻപ് കേരളത്തിലെ ഹൗസ്‌ബോട്ട് ടൂറിസം സുരക്ഷിതമാകണം. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഒരു കർമ്മ പദ്ധതിപോലെ എല്ലാ ബോട്ടുകളും പരിശോധിക്കണം. പരിശോധനയുടെ സർട്ടിഫിക്കറ്റും സുരക്ഷാ നിർദ്ദേശങ്ങളും ബോട്ടുകളിൽ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കണം. ഇത്തരത്തിൽ ലൈസൻസ് ഉള്ള ബോട്ടുകളുടെ ലിസ്റ്റ് പബ്ലിക്ക് ആയി ലഭ്യമാക്കണം.

ഇതൊന്നും ചെയ്തില്ലെങ്കിൽ അപകടം ഉണ്ടാകും, അത് കഴിയുന്പോൾ സർക്കാറിന്റെ നഷ്ടപരിഹാരം കിട്ടിയിട്ടെന്തു കാര്യം.

എൻറെ കൂട്ടുകാരെല്ലാം കൂടി ജൂലൈ മാസത്തിൽ ആലപ്പുഴയിൽ ഉണ്ട്. പക്ഷെ അവിടുത്തെ സുരക്ഷ സംവിധാനങ്ങൾ ശരിയാകുന്നത് വരെ ഞാൻ അങ്ങോട്ട് ഇല്ല.

ആലപ്പുഴയിലെ ഹൌസ് ബോട്ട് എന്ന് പറഞ്ഞുവെന്നേ ഉള്ളൂ. കേരളത്തിൽ എവിടെയും ടൂറിസത്തിന് വേണ്ടി ഉപയോഗിക്കുന്ന ബോട്ടുകളുടെ സ്ഥിതി ഒന്ന് തന്നെയാണ്, പരിശോധിക്കപ്പെടേണ്ടതാണ്. ടൂറിസം എന്നത് ജീവൻ പണയം വച്ചുള്ള യാത്ര ആകരുത്.

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "23 9:23 AM ne മെട്രൊ വാർത്ത English E-Paper News Entertainment Sports Business Tech 2 houseboats operating illegally in Alappuzha were seized 6 boats were given notices to pay fines Health Lifestyle Columns Editorial Related Stories ××N×I Tummarukudi predicted boat accident month in advance predicts- mishn- well- n-advance?utm MV Desk May, 2023 Houseboat sinks in Vembanatukayal: People on board rescued"

Leave a Comment