വീട്ടിലല്ല, കാട്ടിലാണെങ്കിലും വൈൻ ഉണ്ടാക്കിയാൽ അല്പം ലഹരി ഒക്കെ കാണും. അങ്ങനെയാണ് വൈൻ ഉണ്ടാകുന്നത്. ലഹരി ഇല്ലാതെ വൈൻ ഉണ്ടാക്കാനും മാർഗ്ഗമുണ്ട്. പക്ഷെ അതിന് ആദ്യം ചെയ്യേണ്ടത് ലഹരി ഉള്ള വൈൻ ഉണ്ടാക്കുകയാണ്, എന്നിട്ട് പതുക്കെ അതിൽ നിന്നും ആൽക്കഹോളിന്റെ അംശം നീക്കം ചെയ്യണം. കുറച്ചു സങ്കീർണ്ണമായ സാങ്കേതികവിദ്യ ആണീ ലഹരി ഇല്ലാതാക്കുന്നത്, വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യമല്ല. ലഹരി സാന്നിധ്യം ഇല്ലാത്ത വൈൻ മാത്രമേ വീട്ടിൽ ഉണ്ടാക്കാവൂ എന്ന നിയമം നടക്കുന്ന കാര്യമല്ല.
അല്ല, സത്യത്തിൽ എന്താ നിങ്ങടെ പ്രശ്നം? ലഹരിയുള്ള വൈൻ ഉണ്ടാക്കുന്നതാണോ, വിൽക്കുന്നതാണോ, ആളുകൾ മദ്യപാനികൾ ആകുന്നതാണോ, അതോ സർക്കാരിന് നഷ്ടം സംഭവിക്കുന്നതാണോ?
ഇക്കാര്യത്തിൽ ഒരു തീരുമാനം ആയാൽ പിന്നെ നമുക്ക് എന്താണ് നിരോധിക്കേണ്ടത് എന്ന് തീരുമാനിക്കാം.
നമ്മുടെ വീട്ടിൽ സ്വന്തം ആവശ്യത്തിനും കൂട്ടുകാർക്ക് വേണ്ടിയും മുന്തിരിയിൽ നിന്നോ പാഷൻ ഫ്രൂട്ടിൽ നിന്നോ കുറച്ചു വീഞ്ഞുണ്ടാക്കുന്നതിന്റെ പുറകെ ഒന്നും സർക്കാർ പോകേണ്ട കാര്യമില്ല എന്നാണ് എൻറെ അഭിപ്രായം.
നല്ല മദ്യം വെയിലത്തും മഴയത്തും ക്യു നിൽക്കാതെ മനുഷ്യന് ലഭിക്കാനുള്ള സൗകര്യം ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ആരോഗ്യകരമായ മദ്യപാനം എന്ന അവബോധം ആളുകളിൽ ഉണ്ടാക്കുകയാണ് അടുത്ത പടി.
മദ്യപാന ശീലം ഒരു അഡിക്ഷൻ ആയി മാറുന്നവർക്ക് വേണ്ട കൗൺസലിങ്ങും ചികിത്സയും ലഭ്യമാക്കണം.
മദ്യപാനം കൊണ്ടോ അല്ലാതെയോ ആളുകൾ റോഡിലോ വീട്ടിലോ കുറ്റകൃത്യങ്ങൾ ചെയ്താൽ അതിന് കൃത്യമായ ശിക്ഷ കിട്ടണം. അതിന് മദ്യത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എന്തുകൊണ്ടാണ് മലയാളികൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗത്തിൽ എത്തിപ്പെടുന്നത് എന്ന് പഠിക്കണം. അതില്ലാതാക്കാൻ വേണ്ട ഇടപെടലുകളും സമൂഹത്തിൽ നടത്തണം.
വീട്ടിലെ വീഞ്ഞിനെ വെറുതെ വിടണം… ക്രിസ്തുമസിനും ക്യു നിൽക്കാൻ വയ്യ. വീട്ടിൽ അല്പം എക്സ്ട്രാ വീഞ്ഞുണ്ടാക്കുന്ന ക്രിസ്ത്യൻ സുഹൃത്തുക്കളുടെ സഹായത്താലാണ് ക്രിസ്തുമസ് സീസൺ ആഘോഷം ആക്കുന്നത്, അതിന് കത്തിവെക്കരുത്, പ്ലീസ്…
https://www.manoramaonline.com/…/no-prohibition-for-home-ma…
മുരളി തുമ്മാരുകുടി
Leave a Comment