ഈ വിഷുവിനെപ്പോലെ മനുഷ്യനെ കൺഫ്യൂഷൻ അടിപ്പിക്കുന്ന മറ്റൊരു ഉത്സവം ഇല്ല.
ഒന്നാമത് എന്താണ് വിഷു ആഘോഷിക്കുന്നത് എന്ന് എനിക്കൊരു ബോധ്യവും ഇല്ല. ചെറുപ്പകാലത്തൊക്കെ വിഷു കൈനീട്ടം, പടക്കം, പായസം. ഇതിനപ്പുറം വലിയ കാരണം ഒന്നും വേണ്ടായിരുന്നു.
പക്ഷെ പിന്നീട് ആലോചിക്കുന്പോൾ കുഴപ്പമായി.
വിഷു എന്നത് തുല്യം എന്ന വാക്കിൽ നിന്നാണെന്നും വിഷു ദിനം എന്നത് സൂര്യൻ ഭൂമധ്യ രേഖ കടക്കുന്ന ദിവസം ആയതിനാൽ പകലും രാത്രിയും തുല്യമാണെന്നൊക്കെ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ സൂര്യൻ ഭൂമധ്യരേഖ കടന്നു വടക്കോട്ട് വരുന്നത് മാർച്ച് ഇരുപത്തി ഒന്നിനാണ്.
വിഷു എന്നത് ഒരു വിളവെടുപ്പ് ഉത്സവം ആണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കേരളത്തിലെ വിളയൊന്നും എടുക്കുന്ന കാലമല്ല വിഷു.
വിഷു വിത്തിറക്കുന്ന കാലമാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. വിഷുവിന്റെ അന്ന് കാളപൂട്ടി ഉഴവുന്ന ഒരു ആചാരവും വെങ്ങോലയിൽ ഉണ്ടായിരുന്നു. വരണ്ടു കിടക്കുന്ന ഭൂമിയിൽ പട്ടാപ്പകൽ കാളപൂട്ടി ഉഴുവാൻ ശ്രമിക്കുന്നത് നട്ട പ്രാന്ത് ആണെന്ന് അന്നേ തോന്നാറുണ്ടെങ്കിലും വിഷുക്കൈനീട്ടം തരുന്നവർ ഒക്കെയാണ് അത് ചെയ്യാറുള്ളത് എന്നത് കൊണ്ട് പറയാറില്ല എന്ന് മാത്രം.
വിഷു എന്നത് പുതിയ മലയാള വർഷം തുടങ്ങുന്നതാണെന്നും അങ്ങനെയാണ് വിഷുഫലം പറയാൻ കണിയാൻ വീട്ടിൽ വന്നിരുന്നതെന്നും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ പിന്നെ എന്തുകൊണ്ടാണ് മലയാള മാസങ്ങൾ എന്ന് പറയുന്പോൾ ചിങ്ങം മുതൽ കർക്കിടകം വരെ എണ്ണുന്നത്, മേടം മുതൽ മീനം വരെ ആകാത്തത് എന്നെല്ലാം കൺഫ്യൂഷൻ.
കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങൾ ഇന്ത്യക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ ഏപ്രിൽ പതിനാല് ഏതെങ്കിലും തരത്തിൽ ആഘോഷമാണ്. അതൊക്കെ എവിടെ നിന്നും വന്നു?
ഇതിലൊക്കെ എന്നെ അന്പരപ്പിച്ച ഒരു കാര്യം ശ്രീ. M P Joseph പറഞ്ഞതാണ്
അദ്ദേഹം കംബോഡിയയിൽ ജോലി ചെയ്യുന്ന കാലം. അവിടുത്തെ ആളുകളോട് അവിടുത്തെ മാസങ്ങളുടെ പേരൊക്കെ ചോദിച്ച അദ്ദേഹം അതും നമ്മുടെ മാസങ്ങളുടെ പേരും തമ്മിലുള്ള സാദൃശ്യം കണ്ട് അതിശയിച്ചു. ഞാനും.
മുരളി തുമ്മാരുകുടി
Leave a Comment