തുമ്മാരുകുടിയിലെ വിശാലമായ പറന്പിൽ മാവും പ്ലാവും ഡസൻ കണക്കിന് ഉണ്ടെങ്കിലും കൊന്നമരം ഒന്നേ ഉണ്ടായിരുന്നുള്ളൂ. അതും മറ്റുമരങ്ങൾക്കിടയിൽ തിക്കിത്തിങ്ങി വലിയ വളർച്ചയില്ലാത്ത ഒന്ന്. അന്നൊക്കെ പറന്പിൽ ഉള്ള മരങ്ങളും തന്നെ വളരുന്നതും അല്ലാതെ മറ്റു മരങ്ങൾ വാങ്ങി നട്ടുവളർത്തുന്ന രീതിയില്ല. തെങ്ങു വക്കണമെങ്കിൽ വീട്ടിൽ തന്നെ തേങ്ങ പാകി മുളപ്പിക്കണം. വെങ്ങോലയിൽ ആദ്യം ഉണ്ടായത് ഒരു റബ്ബർ നേഴ്സറിയാണ്, പിന്നീടാണ് കുട്ടികൾക്കുള്ള നേഴ്സറി പോലും ഉണ്ടാകുന്നത്. ചെടികളും തൈകളും കിട്ടുന്ന നേഴ്സറി ഇപ്പോൾ തന്നെ ഉണ്ടോ എന്നറിയില്ല. കണ്ടേക്കാം.
വലിയ കുടുംബം ആയതിനാൽ അകന്ന ബന്ധത്തിൽ ഉള്ള ഏതെങ്കിലും അപ്പൂപ്പനും അമ്മൂമ്മയും മിക്കവാറും വർഷങ്ങളിൽ മരിക്കും. അപ്പോൾ പിന്നെ വിഷു ആഘോഷിക്കാൻ പറ്റില്ല, ഓണം നമുക്ക് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്ന് വെച്ചാൽ തന്നെ വിഷുവിന് പടക്കം പൊട്ടിച്ചാൽ മറ്റുള്ളവർ അറിയുമല്ലോ. ടി.വി.യും കന്പ്യൂട്ടറും ഒന്നുമില്ലാത്ത വേനലവധിക്കാലത്ത് ആകപ്പാടെ ഉള്ള ഒരു ഉത്സവമാണ് വിഷു, അതും കൂടി മുടക്കുന്ന അപ്പൂപ്പന്റെ സ്മരണ ചെയ്യാൻ മറ്റൊരു കാരണവും വേണ്ട !
അങ്ങനെ കാരണവന്മാർ ചതിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും കൊന്ന ചതിച്ചിരുന്നില്ല. വിഷുവിന് കണി ഒരുക്കാൻ ഉള്ള പൂവ് എല്ലാ വർഷവും അതിൽ നിന്നും കിട്ടിയിരുന്നു.
പെരുന്പാവൂരിൽ വീട് വച്ചപ്പോൾ ആദ്യം തന്നെ വാങ്ങി നട്ടത് ഒരു കൊന്ന മരം ആയിരുന്നു. ഇന്നിപ്പോൾ ഓരോ വർഷവും അത് പൂക്കും. എന്നെപ്പോലെ തന്നെ ഏറെ ബുദ്ധിയുള്ള കൊന്നയാണ്, അത് കൊണ്ട് വിഷുവിന് രണ്ടു മാസം മുൻപേ പൂക്കും, അല്ലെങ്കിൽ പൂവെല്ലാം ആളുകൾ അടിച്ചുകൊണ്ട് പോകില്ലേ ! ഇത്തവണ മാർച്ചിൽ തന്നെ പൂത്തു നിൽക്കുന്ന കൊന്നയുടെ രാത്രിയിലെ ചിത്രം ആണ് താഴെ.
ഇങ്ങനെ ഓർത്തിരിക്കുന്പോൾ ആണ് എന്റെ സുഹൃത്ത് രജനി ചെന്നൈയിൽ കൊന്ന നട്ടുവളർത്തി നാട്ടുകാർക്ക് വിഷുക്കൈനീട്ടം ആയി നൽകുന്ന വാർത്ത കാണുന്നത്. വെൽ ഡൺ മൈ ഗേൾ ..
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും
മുരളി തുമ്മാരുകുടി
Leave a Comment