1997 ൽ അമ്മാനിൽ ഐക്യരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ നേതൃത്വ പരിശീലനത്തിന് ചെന്നപ്പോളാണ് ഞാൻ ഹർലാൻ ക്ളീവ്ലാൻഡിനെ പരിചയപ്പെടുന്നത്. പ്രസിഡന്റ് കെന്നഡിയുടെ ഭരണകാലത്ത് വിദേശകാര്യ സഹമന്ത്രി ആയിരുന്നു. അതിന് മുൻപും ശേഷവും അനവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അന്ന് ജോർദ്ദാൻ ഭരിച്ചിരുന്ന ഹുസ്സൈൻ രാജാവ് ആയിരുന്നു പരിശീലനം നടത്താൻ മുന്നിൽ നിന്നത്. യാസർ അറാഫത്ത് മുതൽ യാക്കൂബ് ഖാൻ വരെ ഷിമോൺ പെരെസ് മുതൽ അരുന്ധതി ഘോഷ് വരെ ഉള്ളവരാണ് ക്ലാസ്സ് എടുക്കുന്നത്. ഒരാളുടെ ക്ലാസ് ഒരു ദിവസം മുഴുവൻ ആണ്. ആദ്യത്തെ ഒരു മണിക്കൂർ അവരുടെ നേതൃത്വത്തെ പറ്റിയുള്ള സങ്കല്പം അവർ പറയും. അടുത്ത രണ്ടുമണിക്കൂർ ഞങ്ങൾ ‘നേതൃത്വ മോഹികൾ’ അവരുടെ നേതൃത്വ ശൈലിയും ചിന്തയും വിജയ പരാജയങ്ങളും ചർച്ച ചെയ്യും. ശേഷം ഉച്ചക്ക് രണ്ടോ മൂന്നോ മണിക്കൂർ നേതാക്കളോട് സംവദിക്കും. താത്വികമോ പ്രായോഗികമോ വ്യക്തിപരമോ ആയ ഏതു ചോദ്യങ്ങളും നമുക്ക് നേതാക്കളോട് ചോദിക്കാം.
ഹുസ്സൈൻ രാജാവ് തൊട്ടുള്ള നേതാക്കളൊന്നും തന്നെ അടിസ്ഥാനപരമായി നമ്മിൽ നിന്നും വ്യത്യസ്തരല്ലെന്നും അവസരവും ഉൽക്കർഷേച്ഛയുമാണ് (ambition) നേതാക്കളെ സൃഷ്ടിക്കുന്നതെന്നും ഞാൻ അന്നാണ് പഠിച്ചത്. തിരക്ക് പിടിച്ച് ഓടിവന്ന് ഒരു വശത്തേക്ക് മാത്രം സംസാരിച്ച് ഓടിപ്പോകുന്ന നേതൃത്വ ശൈലി എത്ര മോശമാണെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്.
“നിങ്ങളുടെ കാലത്ത് അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ വിദേശകാര്യത്തെ ഇന്നത്തെപ്പോലെ ബാധിക്കാറുണ്ടോ?”
ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ഡോക്ടർ ക്ളീവ്ലാൻഡിനോട് ചോദിച്ചു. അദ്ദേഹത്തിന് അന്ന് എഴുപത്തി എട്ടു വയസ്സുണ്ട്. കെന്നഡിയുടെ മന്ത്രിയായിട്ട് മുപ്പത്തി ആറു വർഷം കഴിഞ്ഞിരുന്നു.
“നിങ്ങളുടെ കാലം എന്നുവെച്ചാൽ? എൻറെ കാലം എന്നാൽ ഇന്നും നാളെയും ആണ്. ഞാൻ ഇന്നലെയുടെ ഫോസ്സിൽ ഒന്നുമല്ല” !!.
എനിക്ക് തൊണ്ണൂറു വയസ്സാവുന്ന കാലത്ത് ആരെങ്കിലും “അപ്പൂപ്പാ, നിങ്ങളുടെ കാലത്ത് ഇന്ത്യൻ രാഷ്ട്രീയം ഇത്ര മോശമായിരുന്നോ”” എന്നെങ്ങാനും ചോദിച്ചാൽ അന്ന് പറയാനായി ഈ ഉത്തരം ഞാൻ മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട്.
ഈ പഴംപുരാണത്തിനൊക്കെ വിമാന സുരക്ഷയുമായി എന്ത് ബന്ധം എന്നാണ് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് എന്നറിയാം.
ഒരു ബന്ധവുമില്ല. ഞാൻ രണ്ടു പതിറ്റാണ്ടു മുൻപേ യു എൻ യൂണിവേഴ്സിറ്റിയിൽ പോയിട്ടുള്ള, കിംഗ് ഹുസ്സൈൻ പോലുള്ളവരുടെ ക്ലാസിൽ ഇരുന്നിട്ടുള്ള ആളും ആണെന്ന് ഒന്ന് പൊങ്ങച്ചം പറയാൻ വേണ്ടി മാത്രമാണ്. നിങ്ങളിൽ കുറച്ചു പേർ ഈ കഥയൊക്കെ ഇതിന് മുൻപ് കേട്ടിട്ടുണ്ടാവും. വിഷമിക്കേണ്ട. തൊണ്ണൂറു വയസ്സാവുന്നതിന് മുൻപ് ഒരു നൂറു പ്രാവശ്യമെങ്കിലും ഞാൻ ഇതിനിയും പറയും. അത്രക്കും പൊങ്ങച്ചക്കാരനാണ് ഞാൻ.
സത്യത്തിൽ ഈ ക്ളീവ്ലാൻഡും വിമാന സുരക്ഷയും തമ്മിൽ ഒരു ബന്ധമുണ്ട്. കഴിഞ്ഞ ദിവസം വിമാനാപകടത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്ന സമയത്ത് പലരും ചോദിച്ചു, “ആർക്കും മനസ്സിലാകാത്ത പൈലറ്റിന്റെ അനൗൺസ്‌മെന്റ് ഒന്ന് മാറ്റേണ്ടേ?”
ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്. അവിടെയാണ് ക്ളീവ്ലാൻഡ് വരുന്നത്.
“പണ്ടൊക്കെ വിമാനയാത്ര എന്നത് ഏറെ അപകടം പിടിച്ച കാര്യമായിരുന്നു” അദ്ദേഹം പറഞ്ഞു. “അതുകൊണ്ടു തന്നെ വിമാനത്തിൽ കയറാൻ ആളുകൾക്ക് വലിയ പേടിയായിരുന്നു.”
“വിമാനം ഓടിക്കുന്നതാകട്ടെ ഫുൾ ടൈം ജോലിയാണ്, മുന്നിലുള്ള ഡയലിൽ ഒക്കെ നോക്കണം, പറ്റുന്ന ലിവറൊക്കെ പിടിച്ചു വലിക്കണം, കൺട്രോൾ ടവറും ആയി സംസാരിക്കണം. പൈലറ്റിന് മൂത്രമൊഴിക്കാൻ പോകാൻ പോലും സമയവും സൗകര്യവും ഇല്ല.”
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു ലോകത്തെ സന്പദ്‌വ്യവസ്ഥകൾ ഒന്ന് പച്ചപിടിച്ചുവന്ന തൊള്ളായിരത്തി അന്പതുകളിലാണ് രാജാക്കന്മാരും രാഷ്ട്രത്തലവന്മാരും പട്ടാളക്കാരും അല്ലാത്തവർ വിമാനത്തിൽ കയറാൻ തുടങ്ങിയത്. അവർക്കാകട്ടെ വലിയ പേടിയും.
ആ കാലത്ത് വിമാനത്തിൽ അനൗൺസ്‌മെന്റ് ഒന്നുമില്ല. പൈലറ്റിന് അതിന് സമയവുമില്ല. എന്നാൽ ആളുകളുടെ പേടി മാറ്റാൻ ഒരു അനൗൺസ്‌മെന്റ് നടത്താം എന്ന് സർക്കാർ തീരുമാനിച്ചു.
ഏറ്റവും ബോറടിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം അനൗൺസ്‌മെന്റ് എന്നതായിരുന്നു അവർക്ക് കൊടുത്ത നിർദ്ദേശം. പറ്റിയാൽ കോട്ടുവാ ഒക്കെയിട്ട്!. പൈലറ്റ് ഒരു പേടിയും ശ്രദ്ധയും ഇല്ലാതെ ബോറടിപ്പിക്കുന്ന രീതിയിൽ അനൗൺസ്‌മെന്റ് നടത്തിയാൽ വിമാനത്തിന് ഒരു പ്രശ്നവും ഇല്ല, സുരക്ഷ പൈലറ്റിന്റെ കയ്യിൽ ഭദ്രമാണെന്ന് യാത്രക്കാർ കരുതിക്കൊള്ളും എന്നതായിരുന്നു അവരുടെ ലോജിക്ക്.
ഈ ലോജിക്ക് നിർദ്ദേശിച്ചത് ക്ളീവ്ലാൻഡ് ആണ്.
അന്നൊക്കെ വിമാനത്തിന്റെ കോക്ക് പിറ്റിൽ ഡയലുകളും ലിവറുകളുമായി മല്ലിടുന്ന പൈലറ്റുമാർക്ക് ഇത്തരം ബോറൻ സന്ദേശം നടത്തുക ബുദ്ധിമുട്ടായിരുന്നു. അതിന് പ്രത്യേകം പരിശീലനം തന്നെ വേണ്ടിയിരുന്നു.
ഇന്നിപ്പോൾ കാലം മാറി. വിമാനയാത്ര വാസ്തവത്തിൽ സുരക്ഷിതമായി. ആധുനിക വിമാനങ്ങളിൽ പൈലറ്റുമാർക്ക് വലിയ പണിയൊന്നും ഇല്ല. അതുകൊണ്ട് പ്രത്യേക പരിശീലനം ഒന്നുമില്ലെങ്കിലും അവർക്ക് കോട്ടുവായിടാനും ബോറടിപ്പിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല.
നടന്നു പോകുന്നത് ഉൾപ്പടെയുള്ള ഏതു യാത്ര എടുത്താലും ഏറ്റവും സുരക്ഷിതമാണ് ഇപ്പോൾ വിമാനയാത്ര. ഒരു വർഷം ആയിരത്തോളം ആളുകൾ വിമാനാപകടത്തിൽ കൊല്ലപ്പെടുന്പോൾ പത്തുലക്ഷത്തിന് മുകളിൽ ആളുകളാണ് റോഡപകടത്തിൽ കൊല്ലപ്പെടുന്നത്. എൺപത് വയസ്സ് വരെ ജീവിക്കുകയും വിമാനത്തിലും റോഡിലും ഒക്കെ സഞ്ചരിക്കുകയും ചെയ്യുന്ന ഒരാൾക്ക്, റോഡപകടത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത നൂറ്റി ഇരുപതിൽ ഒന്നാണ്, വിമാനാപകടത്തിൽ മരിക്കാനുള്ളത് ഏതാണ്ട് പതിനായിരത്തിൽ ഒന്നും.
ഇങ്ങനെ ആണെങ്കിലും വിമാനാപകടങ്ങൾ എല്ലാ കാലത്തും വലിയ മാധ്യമ ശ്രദ്ധ കിട്ടുന്ന ഒന്നാണ്. അപകടത്തിൻറെ നാടകീയത, അപകടങ്ങളിൽ കൂടുതൽ പേർ ഒരുമിച്ച് മരിക്കുന്നത്, മിക്ക അപകടങ്ങളിലും സെലിബ്രിറ്റികൾ ഒക്കെ ഉണ്ടാകുന്നത് എന്നിങ്ങനെ പല കാരണങ്ങൾ അതിനുണ്ട്.
ലോകത്ത് ഓരോ വർഷവും റോഡപകടത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്പോൾ വിമാനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം വർഷാവർഷം കുറഞ്ഞുവരികയാണ്. വിമാനയാത്രക്കാരുടെ എണ്ണം കൂടുന്ന കാലത്താണ് ഇത് സംഭവിക്കുന്നത് എന്നോർക്കണം.
ഇതിന് പല കാരണങ്ങളുണ്ട്. പൈലറ്റുമാരുടെ പരിശീലനത്തിന്റെയും ലൈസൻസിന്റെയും കർശനമായ നിബന്ധനകൾ, വിമാനത്തിന്റെ ഡിസൈനിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, മെയ്ന്റനൻസിന്റെ കൃത്യത എന്നിങ്ങനെ പലതും.
എത്യോപ്യൻ വിമാനാപകടത്തിന്റെ സാഹചര്യത്തിൽ വിമാനത്തിൽ കയറാനോ എത്യോപ്യനിൽ കയറാനോ ആളുകൾ പേടിക്കും എന്നറിയാം. അതിന്റെ ഒരാവശ്യവും ഇല്ല. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡ് യാത്രയുടെ അത്രയും റിസ്കില്ല വിമാനയാത്രക്ക്. അതുകൊണ്ടു തന്നെ അടുത്ത വിമാനയാത്രക്ക് മുൻപ് ഒട്ടും കൂടുതൽ നെഞ്ചിടിക്കേണ്ട ആവശ്യമില്ല. പക്ഷെ ഒരു കാര്യം മാത്രം പറയാം. ലോകത്തിലെ എല്ലാ വിമാന കന്പനികളുടെയും സുരക്ഷാ റെക്കോർഡ് ഒരുപോലെയല്ല. ലോകത്തെ പല എയർ ലൈനുകളിലും പറക്കാൻ എനിക്ക് അനുവാദമില്ല. അതേ സമയം അത്തരം ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ബുദ്ധിമുട്ടുണ്ട്. എന്നാൽ ഇതൊക്കെ മിസ്റ്റർ ഗൂഗിളിനോട് ചോദിച്ചാൽ എളുപ്പത്തിൽ അറിയാം. അതൊക്കെ നോക്കി വേണം ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ.
വിമാന കന്പനി ഏതാണെങ്കിലും അച്ചാറുകുപ്പി ഇല്ലാതെ വിമാനത്തിൽ കയറുന്നത് ആയുസ്സ് വർദ്ധിപ്പിക്കും എന്ന് ബോറാണെങ്കിലും ഒന്ന് കൂടി പറയാം.
മുരളി തുമ്മാരുകുടി
Leave a Comment