പൊതു വിഭാഗം

വികസനവും പരിസ്ഥിതിയും.

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. വായു മലിനീകരണമാണ് ഇത്തവണത്തെ വിഷയം. മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട വായുമലിനീകരണത്തിന്റെ തുരുത്തുകളും, നഗരമധ്യത്തിലും തിരക്കുള്ള റോഡുകളുടെ ഓരങ്ങളിലും ട്രാഫിക്കുമായി ബന്ധപ്പെട്ട മലിനീകരണവും, ചെറുതും വലുതുമായ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ചുറ്റുമുള്ള വായു മലിനീകരണവും കേരളത്തിൽ ഏറെ ഇടങ്ങളിൽ ഉണ്ടെങ്കിലും പൊതുവെ പറഞ്ഞാൽ അത്യാവശ്യം ശുദ്ധവായു ഉള്ള പ്രദേശം തന്നെയാണ് ഇപ്പോഴും കേരളം (ഏയ് അങ്ങനെ അല്ല എന്നൊക്കെപ്പറഞ്ഞിപ്പോൾ ആളുകൾ വരും എന്നെനിക്കറിയാം, ആയിക്കോളൂ. ജനുവരിയിലെ കാബൂളും ജൂണിലെ കാഠ്‌മണ്ഡുവും കണ്ട എന്നോടോ ബാലാ… എന്ന് മാത്രം ഓർത്താൽ മതി).
 
എൻറെ അടിസ്ഥാനമായ വിദ്യാഭ്യാസവും ആദ്യകാല തൊഴിൽ പരിചയവും പരിസ്ഥിതി വിഷയത്തിലായിരുന്നു. ഇപ്പോഴും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. എന്നാലും പെരിയാർ തൊട്ട് ശാന്തിവനം വരെയുള്ള കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളിൽ ഞാൻ അധികം അഭിപ്രായം പറയാറില്ല. കേരളത്തിൽ ഈ വിഷയത്തിൽ അറിവുള്ളവരും അഭിപ്രായമുള്ളവരും ധാരാളം ഉള്ളതുകൊണ്ട് ഞാൻ കൂടി അങ്ങോട്ട് വരേണ്ട ഒരു കാര്യവും കാണാത്തത് കൊണ്ടാണ് ഗാലറിയിൽ ഇരിക്കുന്നത്.
 
ഒരു കാര്യം മാത്രം പറയാം. കേരളത്തിൽ പലപ്പോഴും ആളുകൾ ചോദിക്കുന്ന ചോദ്യമാണ് “നമുക്ക് പരിസ്ഥിതി മാത്രം മതിയോ, വികസനം വേണ്ടേ?” എന്ന്. ലോകത്ത് ഏറെ ചോദിക്കപ്പെട്ടിട്ടുള്ള ചോദ്യമാണെങ്കിലും അന്താരാഷ്ട്രമായി ശാസ്ത്രവും സാമൂഹ്യപാഠവും സാന്പത്തികശാസ്ത്രവും ഒന്നും ഇപ്പോൾ ഈ ചോദ്യത്തെ ഗൗരവമായി എടുക്കാറില്ല. കാരണം പരിസ്ഥിതിയെ നശിപ്പിച്ചിട്ടുണ്ടാകുന്ന വികസനം വിത്ത് കുത്തി ഉണ്ണുന്നത് പോലുള്ള സന്പന്നതയാണ്. അതേ സമയം വികസനത്തിന്റെ അഭാവമാണ് ഏറെ സ്ഥലങ്ങളിൽ പരിസ്ഥിതി നാശമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പരിസ്ഥിതി നാശം ഉണ്ടാക്കുന്ന വികസനവും വികസനം അനുവദിക്കാത്തതിനാൽ ഉണ്ടാകുന്ന പരിസ്ഥിതി നാശവും ഒരുപോലെ അർത്ഥശൂന്യവും ഒഴിവാക്കേണ്ടതുമാണ്. അതായത് ഉത്തമാ, പരിസ്ഥിതി സംരക്ഷകരും വികസനവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും അവർക്കിടയിൽ അന്തർധാര ഉണ്ടായേ പറ്റൂ.
 
കേരളം പരിസ്ഥിതി സംരക്ഷണത്തിൽ കുതിച്ചുചാട്ടത്തിന്റെ വക്കിലാണ്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് സാന്പത്തികമായി കഴിഞ്ഞ അൻപത് വർഷത്തിൽ നമുക്കുണ്ടായിരിക്കുന്ന മുന്നേറ്റം. രണ്ട് കൃഷി ഉൾപ്പടെയുള്ള സാന്പത്തിക പ്രവർത്തികൾ കേരളത്തിന് പുറത്തേക്ക് പോയതോടെ നമ്മുടെ സന്പന്നത ഇപ്പോൾ നില നിൽക്കുന്നത് നമുക്ക് ചുറ്റുമുള്ള പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിൽ നിന്നല്ല. അപ്പോൾ പരിസ്ഥിതി സംരക്ഷണം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
 
നമ്മുടെ ചുറ്റും പ്രകൃതി നാശം ഇപ്പോൾ ഉണ്ടാകുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളിൽ നിന്നാണ്.
 
1. ആവശ്യവും അനാവശ്യവുമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കല്ലും മണ്ണും മണലും എടുക്കാനായി നടത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും,
 
2. നമ്മുടെ ഉപഭോഗത്തിൽ നിന്നുണ്ടാകുന്ന വസ്തുക്കൾ പരിസ്ഥിതി സൗഹൃദമായി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ നമുക്കില്ലാത്തതിൽ നിന്നും.
 
ഇവ കൂടാതെ നമ്മുടെ ഉപഭോഗം കേരളത്തിന് പുറത്ത് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പോരാത്തതിന് പുറമേ നിന്നും അരി തൊട്ട് കാറുകൾ വരെ എല്ലാം കേരളത്തിലേക്ക് കൊണ്ടുവരുന്പോൾ ഉണ്ടാകുന്ന ഹരിതപാദമുദ്ര ഉൾപ്പടെയുള്ള മലിനീകരണം.
 
ഈ മൂന്നു വിഷയങ്ങളും സാങ്കേതികമായി കൈകാര്യം ചെയ്യാൻ ഒട്ടും ബുദ്ധിമുട്ടില്ല. എന്നാൽ പരിസ്ഥിതി സൗഹൃദമായി കാര്യങ്ങൾ നടപ്പാക്കണമെങ്കിൽ അതിന് അല്പം ചിലവ് വരും. ആ ചിലവ് വഹിക്കാൻ നമ്മുടെ ജനങ്ങൾ തയ്യാറാണ് താനും. അതിന് അനുകൂലമായ നയങ്ങളും നിയമങ്ങളും ഉണ്ടാകണം. കല്ലിനും മണ്ണിനും മണലിനും ഒരു എൻവിറോണ്മെന്റൽ ടാക്സ് വരണം, കേരളത്തിന് പുറത്തു നിന്നും വരുന്ന വസ്തുക്കൾക്ക് ഒരു കാർബൺ ടാക്സ് വേണം, നമ്മൾ പുറന്തള്ളുന്ന മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പണം നമ്മളിൽ നിന്നും ഈടാക്കാനുള്ള സംവിധാനം വേണം. ഇതെല്ലാം വന്നാൽ നമ്മൾ ടാക്സ് കൊടുക്കുക മാത്രമല്ല ചെയ്യുന്നത്, നമ്മുടെ ജീവിതരീതിയും ഉപഭോഗ സംസ്കാരവും ഉണ്ടാക്കുന്ന പരിസ്ഥിതി നാശത്തെപ്പറ്റി ആളുകൾ ചിന്തിക്കും, ചിലതിലെങ്കിലും മാറ്റം വരുത്തുകയും ചെയ്യും.
 
കഴിഞ്ഞ പത്തുവർഷമായി പുറകിലേക്ക് പൊയ്ക്കൊണ്ടിരുന്ന ഹരിത രാഷ്ട്രീയം ഈ വർഷം യൂറോപ്യൻ തിരഞ്ഞെടുപ്പോടെ വീണ്ടും മുൻനിരയിലേക്ക് വന്നിരിക്കയാണ്. കേരളത്തിൽ ഹരിത രാഷ്ട്രീയം ഒന്നും ഇനിയും എത്തിയിട്ടില്ലെങ്കിലും ഹരിത ചിന്തകൾ എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഏറ്റെടുക്കുന്ന കാലം വിദൂരമല്ല. വർഷത്തിൽ പതിനായിരം ഡോളർ ആളോഹരി വരുമാനമുള്ള ഒരു പ്രദേശത്ത് വീടിന് പുറത്തിറങ്ങിയാൽ മൂക്കും പൊത്തി നടക്കേണ്ട സാഹചര്യം എല്ലാക്കാലത്തും ആളുകൾ സമ്മതിക്കില്ല. അതിലാണെന്റെ പ്രതീക്ഷ.
 
മുരളി തുമ്മാരുകുടി

Leave a Comment