കേരളത്തിൽ മദ്യനയം ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇത് വരെ വന്നു കണ്ടില്ല.
ഒരു പക്ഷെ നയം ഒക്കെ ഇപ്പോൾ രൂപീകരിച്ചു പ്രിന്റിങ്ങിന് കൊടുത്തു കാണണം.
എന്നാലും അഥവാ ബിരിയാണി കിട്ടിയാലോ എന്ന വിചാരത്തിൽ കുറച്ചു കാര്യങ്ങൾ എഴുതാം.
ഒന്നാമത് മദ്യ നിയന്ത്രണം ആണോ മദ്യ നിരോധനം ആണോ നമ്മുടെ നയം എന്നൊക്കെയുള്ള കാര്യത്തിൽ കൃത്യമായ ഒരു ചിന്ത വേണം.
മദ്യം എന്നത് ചരിത്രമുള്ള കാലത്തോളം നമ്മുടെ കൂടെയുണ്ട്. അതിനെ നിരോധിക്കാൻ ശ്രമിച്ചിടത്തൊന്നും അത് ഫലപ്രദമായിട്ടില്ല. മദ്യവ്യവസായത്തിൽ ക്രിമിനലുകളുടെ ഇടപെടൽ കൂടും എന്നല്ലാതെ മദ്യത്തിന്റെ ലഭ്യതയിലോ ഉപയോഗത്തിലോ മദ്യനിരോധനം കൊണ്ട് കുറവൊന്നും വരാറില്ല.
മറ്റേതൊരു ഭക്ഷ്യവസ്തുവിനേയും പോലെ കലർപ്പില്ലാത്ത ഗുണമേന്മയുള്ള മദ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതായിരിക്കണം സർക്കാരിന്റെ ഒന്നാമത്തെ ലക്ഷ്യം.
മദ്യത്തിന്റെ നിർമ്മാണത്തിലും വിതരണത്തിലും ഉള്ള അനാവശ്യമായ നിയമങ്ങളും അത് പഴയകാലത്തെ ചിന്താഗതികളോടെ നടപ്പിലാക്കുന്ന സംവിധാനവും ഒക്കെയാണ് ഈ രംഗത്ത് അഴിമതി ഇപ്പോഴും നിലനിർത്തുന്നത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ പരമാവധി കുറച്ചുകൊണ്ട് വരിക എന്നതായിരിക്കണം അടുത്ത ലക്ഷ്യം.
കേരളത്തിൽ ലഭ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് കേരള ബ്രാൻഡിലുള്ള മദ്യങ്ങൾ ഉൽപ്പാദിപ്പിക്കാൻ ആളുകൾക്ക് പരിശീലനം നൽകുകയും മദ്യം ഉൽപ്പാദിപ്പിക്കുന്നവരെ ഏതെങ്കിലുമൊക്കെ കുപ്പിക്കണക്ക് കൊണ്ട് കുഴപ്പത്തിലാക്കാൻ എക്സൈസ് ഡിപ്പാർട്ട്മെന്റിന് സ്വാതന്ത്ര്യം കൊടുക്കാതിരിക്കുകയും വേണം.
കേരളത്തിൽ ഉപയോഗിക്കുന്ന മദ്യത്തിൽ കേരളത്തിൽ ഉൽപാദിപ്പിച്ച മദ്യത്തിന്റെ അളവ് കൂട്ടുക, കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന മദ്യത്തിന്റെ അളവ് കൂട്ടുക, കേരള ബ്രാൻഡിലുള്ള മദ്യങ്ങൾക്ക് വിദേശങ്ങളിൽ പോലും ബ്രാൻഡ് ഉണ്ടാക്കുക, ഇതൊക്കെ നമ്മുടെ ലക്ഷ്യമാകണം. ഇതിന് ഇൻഡസ്ട്രി, കൃഷി, ടൂറിസം വകുപ്പുകൾ ഒരുമിച്ച് ശ്രമിക്കണം. ഈ ശ്രമത്തെ പിന്തുണക്കുക എന്ന ഉത്തരവാദിത്തമേ എക്സൈസ് വകുപ്പിന് ഉണ്ടാകാവൂ.
കേരളത്തിൽ നല്ല മദ്യം ആരോഗ്യകരമായ സാഹചര്യത്തിൽ വാങ്ങാനുള്ള അവസരം ഉണ്ടാകണം. നട്ടുച്ചക്കും പെരുംമഴയത്തും ഉപഭോക്താക്കളെ പുറത്ത് ക്യൂ നിർത്തി അപമാനിക്കുന്ന രീതി ഈ നൂറ്റാണ്ടിന് ചേർന്നതല്ല. എല്ലാ മദ്യവിൽപ്പന ശാലകളും കൺസ്യൂമർ ഫ്രണ്ട്ലി ആകണം.
സത്യത്തിൽ സർക്കാർ ഒരു കോർപ്പറേഷനുമായി വന്ന് മദ്യം കച്ചവടം നടത്തുന്നത് ഒട്ടും നല്ല പരിപാടിയല്ല. ഈ രംഗത്ത് മുതൽ മുടക്കാൻ സ്വകാര്യമേഖലയിൽ എത്രയോ ആളുകൾ ഉണ്ട്. അവർ അത് നടത്തട്ടെ. അതിൽ കണക്കു വെട്ടിക്കലും മായം ചേർക്കലും കുടിപ്പകയും ഗുണ്ടായിസവും വന്നത് കൊണ്ടാണ് സർക്കാർ ഈ രംഗത്ത് എത്തിയതെന്ന് എനിക്ക് ഓർമ്മയുണ്ട്. പക്ഷെ അതിനുള്ള സൊല്യൂഷൻ ഗുഡ് ഗവേർണൻസും റൂൾ ഓഫ് ലോ യും ആണ്. Role of government is to govern എന്നതാണ് അടിസ്ഥാനതത്വം. ഹോട്ടൽ നടത്തുന്നതിനും കോഴിയിറച്ചിക്കച്ചവടത്തിനും ഒക്കെയായി സർക്കാർ സമയം ചിലവാക്കിയാൽ നഷ്ടമാകുന്നത് നല്ല ഭരണ സംവിധാനങ്ങൾ ഉണ്ടാക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട സമയമാണ്.
ഐ.ടി. പാർക്കുകളിൽ പബുകൾ അനുവദിക്കുമെന്ന് വായിച്ചു. നല്ലത്. ഐ.ടി. പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പെടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാകണം. താല്പര്യമുളള റസ്റ്റോറന്റുകൾ അപേക്ഷിക്കട്ടെ. ചൂടുള്ള കാലത്ത് ഉച്ചക്കും കൂട്ടുകാരോടൊത്ത് വൈകിട്ടും ഒരു ബിയർ അടിക്കാൻ ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥ ഉണ്ടാക്കേണ്ടതില്ല.
മാസത്തിൽ ഒന്നാം തിയതിക്കും ഓണത്തിനും സംക്രാന്തിക്കും മദ്യശാലകൾ അടച്ചു പൂട്ടുന്ന പരിപാടിയും നിർത്തണം. ആവശ്യമുള്ളവർ തലേന്നേ വാങ്ങിവെക്കുന്നതുകൊണ്ട് മുൻപുള്ള ദിവസങ്ങളിലെ തിരക്ക് കൂട്ടും എന്നല്ലാതെ ഒന്നാം തിയതി നിയന്ത്രണത്തിന് എന്ത് ഗുണമാണുള്ളത് എന്ന് പഠിച്ചിട്ടുണ്ടോ?
മദ്യപാനത്തിന് ശേഷം വാഹനം ഓടിക്കുന്നത് മിനിമം ഒരാഴ്ചയെങ്കിലും ജയിലിൽ കിടക്കുകയും മൂന്നു വർഷത്തേക്ക് ലൈസൻസ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കുറ്റമാക്കണം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നത് കൊലപാതക ശ്രമത്തിന് തുല്യമാക്കണം, പിന്നീട് അവർക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകുകയും അരുത്. ഇക്കാര്യത്തിൽ സീറോ ടോളറൻസ് വേണം.
സമൂഹത്തിൽ മദ്യപാനത്തിന്റെ രീതി, അതിൻറെ ദോഷഫലങ്ങൾ എന്നിവയെപ്പറ്റി നിരന്തരം പഠനങ്ങൾ നടത്തണം, പ്രസിദ്ധീകരിക്കണം.
മദ്യപാനത്തിൽ നിന്നും വിമുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കും മദ്യത്തിന് അടിമപ്പെടുന്നവർക്കും വേണ്ടി ശാസ്ത്രീയമായ ഡി അഡിക്ഷൻ ക്യാംപുകൾ നടത്തണം.
കേരളത്തിലെ നമ്മുടെ മദ്യപാനത്തിന്റെ രീതിക്കും മദ്യം കഴിച്ച ശേഷമുള്ള പെരുമാറ്റത്തിനും മറ്റു നാടുകളിലെ അപേക്ഷിച്ച് മാറ്റങ്ങൾ ഉണ്ട്. ഉത്തരവാദിത്തത്തോടെ ഉള്ള മദ്യപാനവും മദ്യപിച്ച് കഴിഞ്ഞാലുള്ള മര്യാദയും കേരളത്തിൽ പലപ്പോഴും കാണാറില്ല. ഇക്കാര്യത്തിലും ചിലത് പറയാനുണ്ട്, അത് പക്ഷെ അത് പിന്നീടൊരിക്കലാകാം. അത് നയം കൊണ്ട് നടപ്പിലാക്കേണ്ട ഒന്നല്ലല്ലോ.
കേരളത്തിന്റെ അയൽ സംസ്ഥാനമായ കർണ്ണാടകയിലെ ഒരു മദ്യ വില്പനശാലയിൽ നിന്നുള്ള ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നു. എന്നാണ് നമ്മുടെ മദ്യവില്പനശാലകൾ ഇത്തരത്തിൽ യൂസർ ഫ്രണ്ട്ലി ആകുന്നത്?
മുരളി തുമ്മാരുകുടി
Leave a Comment