ഏറ്റവും പുതിയ ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ ഇരുന്നൂറ്റി അൻപതിലും താഴെയുള്ള റാങ്കുകളാണ് നേടിയതെന്ന് ഇന്ന് വാർത്തയുണ്ടല്ലോ. കേരളത്തിലെ നഗരങ്ങളിൽ ഒന്നിലും തന്നെ ഒരു ആധുനിക നഗരത്തിനു വേണ്ട ഖരമാലിന്യ നിർമാർജ്ജന സംവിധാനമോ ആവശ്യത്തിന് മലിന ജല ശുചീകരണം പോയിട്ട്, സംഭരണ സംവിധാനം പോലുമില്ലല്ലോ. പെരുമ്പാവൂർ പോലുള്ള ചെറുകിട നഗരങ്ങളിൽ പോലും ഗതാഗതക്കുരുക്കും അതുണ്ടാക്കുന്ന വായു മലിനീകരണവും വളരെ സാധാരണമാണ്. ഇതൊക്കെ കാണുന്ന ഒരാൾക്ക് നമ്മുടെ ശുചിത്വ റാങ്ക് ഏറെ പുറകിലായതിൽ അതിശയം തോന്നേണ്ട കാര്യമില്ല.
എന്നാൽ നഗരത്തിന്റെ ശുചിത്വമോ, സംസ്ഥാനത്തിന്റെ അഴിമതി നിരക്കോ, യൂണിവേഴ്സിറ്റിയുടെ നിലവാരമോ റാങ്ക് ചെയ്യുന്ന റിപ്പോർട്ടിനെ ഞാൻ ഒരിക്കലൂം കാര്യമായി എടുക്കാറില്ല. കാരണം എന്താണ് അളക്കുന്നത്, അതിന്റെ മാനദണ്ഡമെന്താണ്, ചോദ്യം ആരോടാണ് ചോദിക്കുന്നത്, ആരാണ് ചോദിക്കുന്നത്, എപ്പോൾ ആണ് ചോദിക്കുന്നത് എന്നതൊക്കെ അടിസ്ഥാനപ്പെടുത്തി ഈ റാങ്കിങ് കീഴ് മേൽ മറിയും. ഈ വലിയ റാങ്ക് എന്നോ മോശം റാങ്ക് എന്നോ റിപ്പോർട്ട് വരുമ്പോൾ ഞാൻ സ്ഥിരം ചെയ്യുന്ന ഒരു കാര്യമുണ്ട്. ഇപ്പോൾ കേരളത്തിന് മോശം റാങ്ക് ആണല്ലോ, അപ്പോൾ “kerala cleanest” എന്നൊന്ന് ഗൂഗിൾ ചെയ്യും. ദാ വരുന്നു രണ്ടെണ്ണം..
1. ആലപ്പുഴ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം (2016) https://www.scoopwhoop.com/Keralas-Alappuzha-Has-Been-Pick…/
2. കേരളത്തിലെ മൂന്ന് നഗരങ്ങൾ ആദ്യത്തെ പത്തു റാങ്കിൽ (2015) http://www.thehindu.com/…/clean-cities-s…/article7518156.ece
കേരളത്തിലെ നഗരങ്ങൾ മലിനമാണെങ്കിലും, ലോകത്തെ വൃത്തിയുള്ള ഒരു നഗരത്തോടും താരതമ്യം ചെയ്യാൻ പറ്റാത്തതാണെങ്കിലും നമുക്ക് ഒരു കാര്യം ഉറപ്പിക്കാം. കഴിഞ്ഞ രണ്ടുവർഷത്തിനകം നമ്മുടെ നഗരങ്ങൾ പ്രത്യേകിച്ച് വഷളായിട്ടൊന്നും ഇല്ല, നന്നായിട്ടും. ഇന്ത്യയിലെ മറ്റു നഗരങ്ങൾ നമ്മെ അപേക്ഷിച്ച് അതി വേഗം വൃത്തിയുള്ളതായോ?, സാധ്യത ഉണ്ടെങ്കിലും “ചിലപ്പഴേ ഉള്ളൂ” എന്നാണ് എനിക്ക് തോന്നുന്നത്.
അപ്പോൾ ഈ സർവ്വേ ഒക്കെ വരുമ്പോൾ മാധ്യമ പ്രവർത്തകർ ഒരു കാര്യം ചെയ്യണം. എന്താണ് ഈ സർവ്വേ അളന്നത്, ആരാണ് അളന്നത് എന്നൊക്കെ ഒന്ന് പരിശോധിച്ചു വ്യക്തമാക്കണം.
ഒരു കാര്യം കൂടി. ഈ സർവ്വേ ഒന്നും യൂസ് ലെസ്സ് അല്ല കേട്ടോ. പല തരത്തിൽ ഇതിനെ ഉപയോഗിക്കാം. ആദ്യത്തെ നൂറു റാങ്കിൽ വരുന്ന സ്ഥലങ്ങൾക്ക് എന്തെങ്കിലും ഇൻസെന്റീവ് നൽകാം. മോശം ആയിട്ടുള്ള സ്ഥലത്തെ ജന പ്രതിനിധികളെ ഇൻഡോറിൽ കൊണ്ട് പോയി അവിടെ നിന്നുള്ള പാഠങ്ങൾ രാജ്യത്ത് എമ്പാടും പ്രചരിപ്പിക്കാം. ഏറ്റവും മോശം സ്ഥാനം കിട്ടുന്ന സ്ഥലത്തെ ഉത്തരവാദിത്തപ്പെട്ടവരെ നാണിപ്പിക്കാം (name and shame).
ഇതൊന്നും ചെയ്യാതെ അടുത്ത വർഷത്തെ റാങ്കിങ്ങും നോക്കി തലേക്കെട്ട് ഉണ്ടാക്കാൻ മാത്രം ഉപയോഗിച്ചാൽ പ്രത്യേകിച്ച് ഗുണം ഒന്നുമില്ല.
http://www.india.com/…/swachh-survekshan-2017-full-list-st…/
Leave a Comment