രണ്ടായിരത്തി പത്തൊന്പത് മെയ് മാസം അവസാനിക്കുന്നതിന് മുൻപ് പുതിയ സർക്കാർ അധികാരത്തിൽ വരണം. അങ്ങനെ വരുന്പോൾ അടുത്ത നൂറു ദിവസത്തിനകം ലോകസഭാ തിരഞ്ഞെടുപ്പ് നടക്കണം. വടക്കേ ഇന്ത്യയിൽ അതിന്റെ ചർച്ചകളും ഗഡ്ബന്ധനും വരുന്നു. ഇവിടെ ഒള്ളോർക്ക് അങ്ങനെ വല്ല ചിന്തയും ഉണ്ടോ? ങേ ഹേ …
ഇതിൽ അത്ര അതിശയിക്കാനൊന്നുമില്ല. ലോകസഭാ തിരഞ്ഞെടുപ്പ് എന്നത് കേരളത്തിൽ ഒരു ബി ലീഗ് ഫുട്ബാൾ മാച്ച് പോലെയാണ്. കേരള രാഷ്ട്രീയത്തിലെ താപ്പാനകൾക്കൊന്നും കേന്ദ്രത്തിലേക്ക് പോകണമെന്നൊരു താല്പര്യമില്ല. അതിന് പല കാരണങ്ങളുണ്ട്. ഇപ്പോൾ ഭരിക്കുന്ന ബി ജെ പി ക്ക് കേരളത്തിൽ ഒരു സീറ്റു കിട്ടിയാൽ തന്നെ വലിയ കാര്യം എന്ന മട്ടിൽ ഇരിക്കുന്നു. ഭരണം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനാകട്ടെ മുന്നണി സംവിധാനം കാരണം പരമാവധി ഒരു ഡസൻ സീറ്റിൽ കൂടുതൽ കേരളത്തിൽ നിന്നും ഡൽഹിയിൽ എത്തിക്കാൻ പറ്റില്ല. കേന്ദ്രത്തിലെ ഇരുന്നൂറ്റി എഴുപത്തി ആറിന്റെ കണക്കിൽ ഇതൊന്നും ഒന്നുമല്ല. നമ്മുടെ നന്പറുകൾ അതുകൊണ്ട് കേന്ദ്രത്തിലെ കണക്കുകൂട്ടലുകളിൽ പ്രസക്തമാകാറില്ല. ഇടതു പക്ഷത്തിനാകട്ടെ കേരളത്തിൽ ഇരുപതിൽ ഇരുപത് കിട്ടിയാലും കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയും ഇല്ല. അതുകൊണ്ടു തന്നെ കേരളത്തിലെ തിരഞ്ഞെടുപ്പ് പാർട്ടികൾക്ക് ജീവൻ മരണ പ്രശ്നമല്ല.
വ്യക്തിപരമായും ഇത് ശരിയാണ്. കേരളത്തിൽ നിന്നും എം പി യായി കേന്ദ്രത്തിലേക്ക് പോകുന്നത് കേരളത്തിലെ മുൻ നിര രാഷ്ട്രീയക്കാർക്ക് നഷ്ടക്കച്ചവടമാണ്. കേന്ദ്രത്തിലെ അധികാര സംവിധാനങ്ങളിൽ മുന്തിയ ഭാഗം ഒന്നും നമുക്ക് കിട്ടാറില്ല (എ കെ ആന്റണിക്ക് പ്രതിരോധ വകുപ്പ് കിട്ടിയത് കാണാതിരിക്കുന്നില്ല, പക്ഷെ അതൊരു exception ആണ്), ഭാഷയുടെയും നെറ്റ്വർക്കിന്റെയും അഭാവത്തിൽ കേന്ദ്രത്തിൽ ഷൈൻ ചെയ്യാൻ നമ്മുടെ നേതാക്കൾക്ക് സാധിക്കാറില്ല, സഹ മന്ത്രി പദം പോലെ അപ്രസക്തമായ സ്ഥാനങ്ങളിൽ ഇരുന്നാൽ അധികാരം കൊണ്ട് ആളുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല. പിന്നെ ‘മന്ത്രിയായി’ കൊടിയും പോലീസ് എസ്കോർട്ടും ആയി നാട്ടുകാരുടെ മുൻപിൽ കൂടി നടക്കാനുള്ള അവസരവുമില്ല. കേരളത്തിലെ മുൻനിര നേതാക്കൾ ഒന്നും കേന്ദ്രത്തിലേക്ക് സ്വമേധയാ പോകാത്തതിന്റെ കാരണം ഇതാണ്.
ഇതൊരു വലിയ അവസരമാണ്. നന്പറുകളുടെ കളിയിൽ കേരളത്തിന് ഒരു കാലത്തും കേന്ദ്രത്തിൽ ഒരു ശക്തിയാകാൻ പറ്റില്ല. കേരളത്തിലെ ജനസംഖ്യ ആനുപാതികമായി കുറയുന്നതുകൊണ്ട് വരും കാലത്തിൽ ആനുപാതികമായി എം പി മാരുടെ എണ്ണവും കുറയുകയേ ഉള്ളൂ. പക്ഷെ എണ്ണത്തിന്റെ കുറവ് ഗുണം കൊണ്ട് പരിഹരിക്കാനുള്ള സാധ്യത നമുക്കുണ്ട്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എം പി മാരിലും ചെറുപ്പമുള്ള, വിദ്യാഭ്യാസമുള്ള, ലോകപരിചയമുള്ള, ഡൈവേഴ്സിറ്റിയുള്ള എംപിമാരുടെ സംഘത്തെ നമുക്ക് കേന്ദ്രത്തിലേക്ക് പറഞ്ഞയക്കാം.
കേരളത്തിൽ നിന്നുള്ള എം പി മാരുടെ സംഘം, അതേത് പാർട്ടിയുടെ ആണെങ്കിലും, വ്യത്യസ്തമാണെന്ന് മറ്റുള്ളവർക്ക് തോന്നണം. മറ്റുള്ള എം പിമാർ പാർലമെന്റിൽ ഒച്ചപ്പാടിന്റെ പേരിൽ ശ്രദ്ധ പിടിച്ചു പറ്റുന്പോൾ നമുക്ക് ഇപ്പോൾ ശ്രീ പ്രേമചന്ദ്രൻ ചെയ്യുന്നത് പോലെ അല്ലെങ്കിൽ ഇതിന് മുൻപ് ശ്രീ പി രാജീവ് ചെയ്തതു പോലെ വേണ്ടത്ര ഗൃഹപാഠം ചെയ്ത് ചർച്ചകളിൽ നന്നായി പങ്കെടുത്ത് പേര് നേടാം. ‘ഇതാണെടാ എം പി, അല്ലെങ്കിൽ ഇതാവണമെടാ എം പി’ എന്ന് മറ്റു സംസ്ഥാനക്കാരെക്കൊണ്ട് പറയിപ്പിക്കണം. ഇതിന് ഇരുപതിൽ ഒന്നോ രണ്ടോ പേർ മാത്രം വ്യത്യസ്ഥരോ സ്റ്റാർ പെർഫോർമറോ ആയാൽ പോരാ, ബഹു ഭൂരിപക്ഷവും അങ്ങനെ ആകണം. അങ്ങനെ ചിന്തിച്ച് വേണം ഇരുപക്ഷവും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ.
അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആയി കാണാൻ ഞാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിഭാഗങ്ങളിൽ പെട്ടവരാണ്.
1. സ്ത്രീകൾ (ചുരുങ്ങിയത് മുപ്പത് ശതമാനം, പറ്റിയാൽ അൻപത് ശതമാനം).
2. യുവാക്കൾ (പകുതി എംപിമാർ എങ്കിലും നാല്പത്തിയഞ്ചു വയസ്സിനും താഴെയുള്ളവർ ആയിരിക്കണം).
3. പ്രവാസ അനുഭവം ഉള്ളവർ (വിദേശത്ത് വളർന്നതോ, പഠിച്ചതോ ജോലി ചെയ്തതോ ആയവർ) (ഒരാളുടെ പേര് “ഞാന്പറയാം”).
ഇതൊക്കെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകാം. അതെനിക്കറിയാം. പക്ഷെ ഇന്നലെയുടെ തുടർച്ചയായ ഇന്നല്ല, മാറുന്ന ലോകമാണ് ഞാൻ സ്വപ്നം കാണുന്നത്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിലുള്ള സ്ഥാനാർത്ഥികളെ, അവർ യു ഡി എഫ് ആണെങ്കിലും എൽ ഡി എഫ് ആണെങ്കിലും ഞാൻ വ്യക്തിപരമായി പിന്തുണക്കും. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു മാസം അവധി ഞാൻ ഇപ്പോഴേ ചോദിച്ചിട്ടുണ്ട്. കേരളത്തിലെ ഏത് പാർലിമെന്റ് മണ്ഡലത്തിലും ഒരു ചായ് പേ ചർച്ച നടത്താനുള്ള പിന്തുണയൊക്കെ ഇപ്പോൾ എനിക്കുണ്ട് !
അപ്പോൾ ഇനി കൗണ്ട് ഡൌൺ തുടങ്ങുകയല്ലേ…
മുരളി തുമ്മാരുകുടി
Leave a Comment