പൊതു വിഭാഗം

രണ്ടാമന്റെ നിക്ഷേപങ്ങൾ…

പണം പോലെ അല്ല സമയം. കൂടുതൽ പണം ഉള്ളവരും കുറച്ചു പണം ഉള്ളവരുമുണ്ട്. സമയം എല്ലാവർക്കും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ അത് നന്നായി ഉപയോഗിക്കാൻ പഠിക്കുക എന്നത് പ്രധാനമാണ്.
 
ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് കൊടുക്കുന്ന ഒരു ഉപദേശമാണ്, എല്ലാ നിക്ഷേപവും ഒറ്റ കന്പനിയിൽ ആകരുത് എന്ന്. കാരണം ആ കന്പനി പൊളിഞ്ഞാൽ നിങ്ങളുടെ ജീവിതം കട്ടപ്പുക ആകുമല്ലോ.
 
അതേ സമയം ലോകത്ത് കാണുന്ന എല്ലാ കന്പനികളിലും ഇൻവെസ്റ്റ് ചെയ്യാനും പോകരുത്. ഓരോ ഇൻവെസ്റ്മെന്റിന് മുൻപും ശേഷവും അത്യാവശ്യം ഗവേഷണം നടത്തണം, മാർക്കറ്റിനകത്തും പുറത്തും വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കണം. അല്ലെങ്കിൽ ഇട്ട കാശ് പോകും. കന്പനികളുടെ എണ്ണം കൂടുന്പോൾ എല്ലാത്തിനേയും നിരീക്ഷിക്കാൻ സമയം ഉണ്ടാവില്ല.
എൻറെ സമയത്തേയും ഞാൻ ഇത്തരം ഒരു നിക്ഷേപം ആയിട്ടാണ് കാണുന്നത്. കരിയർ, കുടുംബം, സുഹൃത്തുക്കൾ, ഫേസ്ബുക്ക് എന്നിങ്ങനെ പല നിക്ഷേപ പദ്ധതികളുണ്ട്. ഓരോന്നിലും നമുക്ക് നിക്ഷേപവും ഉണ്ട്.
 
പണം നിക്ഷേപിക്കുന്പോൾ തിരിച്ചു കിട്ടുന്നത് പണം തന്നെയാണെങ്കിൽ സമയം നിക്ഷേപിക്കുന്പോൾ തിരിച്ചു കിട്ടുന്നത് സമയമല്ല. സ്നേഹം, കടപ്പാട്, മനഃസമാധാനം, സംതൃപ്തി തുടങ്ങി ചിലപ്പോൾ പണം പോലും ആകാം.
 
പണം നിക്ഷേപിക്കുന്നത് പോലെ സമയം നിക്ഷേപിക്കുന്പോഴും അത് തിരിച്ചു ലാഭവിഹിതം പോയിട്ട് മുടക്കു മുതൽ പോലും തിരിച്ചു കിട്ടാത്ത സാഹചര്യം ഉണ്ടാകും. ഒന്നോ രണ്ടോ വിഷയത്തിലേ നിങ്ങൾ സമയം നിക്ഷേപിക്കുന്നുള്ളുവെങ്കിൽ എങ്കിൽ അവിടെ നിന്നും ഒന്നും തിരിച്ചു കിട്ടിയില്ലെങ്കിൽ ജീവിതമാകെ തകർന്നത് പോലാകും.
 
എവിടെയാണ് നമ്മൾ ആദായകരമായി സമയം നിക്ഷേപിക്കേണ്ടത് എന്നതിന് ഗൈഡ് ബുക്ക് ഇല്ല. അത് നമ്മൾ ഓരോരുത്തരും ട്രയൽ ആൻഡ് എറർ ആയി കണ്ടു പിടിക്കേണ്ടതാണ്.
ഒന്ന് മാത്രം പറയാം. സമയത്തിന്റെ നിക്ഷേപം ഒരിക്കലും ഒറ്റ കന്പനിയിൽ ആകരുത്. അത് കുടുംബമോ കരിയറോ സുഹൃത്തുക്കളോ ആകട്ടെ. അതേ സമയം കണ്ണിൽ കാണുന്ന എല്ലാത്തിലും നിക്ഷേപിക്കാൻ പോയാൽ ഒന്നിൽ നിന്നും തിരിച്ചു കിട്ടിയെന്ന് വരില്ല.
 
എത്ര കാര്യങ്ങളിൽ സമയം നിക്ഷേപിക്കുന്നു എന്നത് പോലെ പ്രധാനമാണ് എവിടെ സമയം നിക്ഷേപിക്കുന്നില്ല എന്നതും. ഇത് കണ്ടുപിടിക്കാനുള്ള നിയോഗമാണ് തന്പുരാൻ, ഓരോ മനുഷ്യ ജന്മവും.
 
മുരളി തുമ്മാരുകുടി

Leave a Comment