പൊതു വിഭാഗം

രണ്ടര നിലയിൽ നിന്നുള്ള വികസനം.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ നഗരവൽക്കരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ ആണ് ജീവിക്കുന്നത്. നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വളരുകയും ഗ്രാമത്തിൽ നിന്നും ആളുകൾ നഗരത്തിലേക്ക് ചേക്കേറുകയും ചെയ്യുന്നതിനാൽ അടുത്ത മുപ്പതു വർഷത്തിനകം കേരളത്തിലെ പത്തിൽ എട്ടുപേരും നഗരവാസികൾ ആയിരിക്കും.

കേരളത്തിലെ ഒരു നഗരവും പക്ഷെ വേണ്ട രീതിയിൽ ചിന്തിച്ചു വികസിപ്പിച്ചതല്ല. ഭൂരിഭാഗം ആളുകളും നടന്നു യാത്ര ചെയ്യുകയും കാളവണ്ടി പ്രധാന ചരക്കു ഗതാഗത സംവിധാനം ആയിരിക്കുകയും ചെയ്ത കാലത്തുണ്ടായ നഗരങ്ങളും നഗര സങ്കൽപ്പവുമാണ് ഇപ്പോഴും നമ്മുടേത്. പ്രധാനമായ ഒന്നോ രണ്ടോ തെരുവുകൾ, അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന കടകമ്പോളങ്ങൾ, കുറച്ചു സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ. നഗരം കഴിഞ്ഞു.

ഇതിലെ കഷ്ടം എന്തെന്ന് വെച്ചാൽ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് പോകുന്ന പ്രധാന റോഡ് മിക്കവാറും എല്ലാ നഗരങ്ങളുടെയും നടുവിലൂടെയാണ് പോകുന്നത്. ഒരു പരിധി വരെ ഈ റോഡാണ് നഗരത്തിന്റെ വികസനത്തിന് സഹായിച്ചതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ കാളവണ്ടി കാലത്തുണ്ടായ ഈ റോഡ്-നഗരം സങ്കല്പമാണ് ബസും കാറും ഒക്കെയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മെട്രോയും നോക്കിയിരിക്കുന്ന നമ്മളെ ഇപ്പോഴും നയിക്കുന്നത്. ഇതിന്റെ ഫലവും പ്രത്യക്ഷമാണ്. കേരളത്തിലെ ഒരു നഗരത്തിലും വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലമില്ല, കാൽനട യാത്രക്കാർക്ക് ഒരു സൗകര്യവുമില്ല. ബസും ട്രക്കും കാറും തിങ്ങിനിറഞ്ഞ, ഗതാഗതക്കുരുക്കും വായു മലിനീകരണവും ഒക്കെയാണ് ഇപ്പോൾ നമ്മുടെ നഗരങ്ങളുടെ മുഖമുദ്ര. നഗരവും നരകവും ഒരുപോലെ തോന്നുന്നത് നമ്മുടെ ഭാഷയിൽ മാത്രമല്ല, റോഡിലും കൂടിയാണ്.

ആഗോളതലത്തിൽ നഗരസങ്കൽപ്പങ്ങൾ മാറുകയാണ്. നഗരത്തോട് അടുക്കും തോറും ട്രാഫിക്കിന്റെ സ്പീഡ് കുറയുന്ന ‘Calming of Traffic’ സമ്പ്രദായമാണ് ലോകമെമ്പാടും ഇപ്പോൾ നാഗരാസൂത്രകർ പ്ലാൻ ചെയ്യുന്നത്. വൻ റോഡുകളും ട്രെയിനുകളും എല്ലാം നഗരത്തിൽ നിന്നും അകന്നോ, അടിയിലൂടെയോ മുകളിലൂടെയോ പോകുന്നു. നഗരത്തിലെ വീഥികളിൽ വാഹനങ്ങളുടെ എണ്ണവും വേഗതയും കുറക്കുന്നു, ചെറിയ വേഗതയിൽ പോകുന്ന പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നു, നഗരത്തിനിടക്കെല്ലാം പച്ചപ്പിന്റെ തുരുത്തുകൾ ആയി പാർക്കുകളും പൂന്തോട്ടങ്ങളും ഉണ്ടാകുന്നു, നഗരമധ്യം പൊതു ജനങ്ങളുടേത് ആകുന്നു. അവിടെ കോഫി ഷോപ്പുകളും സാംസ്കാരിക പരിപാടികളും നടക്കുന്നു. വൈകുന്നേരമോ ആഴ്ചയവസാനങ്ങളിലോ നഗരത്തിലേക്ക് പോകുന്നത് എല്ലാവർക്കും ആസ്വാദ്യകരമാകുന്നു.

കേരളത്തിലെ നഗരങ്ങൾ അത്ര വലുതോ ജനനിബിഢമോ അല്ല. ഇന്ത്യയിലെ ഇരുപത്തിയഞ്ചു വൻ നഗരങ്ങളിൽ ഒന്ന് പോലും കേരളത്തിൽ അല്ല. നമ്മുടെ ‘വൻ’ നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും ലോകത്തെ വൻ നഗരങ്ങളുടെ അഞ്ചു ശതമാനം പോലും ജനസംഖ്യ ഇല്ലാത്തതാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആധുനികമായ നാഗരാസൂത്രണം കേരളത്തിൽ എത്താത്തത് ?.
എന്റെ അഭിപ്രായത്തിൽ ഇനി പറയുന്ന കാരണങ്ങൾ ഇതിന് പ്രധാനമാണ്.

1. നഗരത്തെ ആസൂത്രിതമായി വളർത്താനുള്ള സ്ഥലം സർക്കാരിന്റെ കയ്യിൽ ഇല്ല. നൂറു കൊല്ലം മുൻപ് വലിയ ആസൂത്രണം ഒന്നും ഇല്ലാതെ ഉണ്ടാക്കിയ സർക്കാരിന്റെ പല സ്ഥാപങ്ങളും നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ ഉണ്ടെങ്കിലും അതിനെ സൗകര്യമുള്ള മറ്റെവിടെയെങ്കിലും മാറ്റി ആ സ്ഥലം പൊതുകാര്യങ്ങൾക്കോ സ്വകാര്യാവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന തരത്തിലുള്ള ചിന്തകൾ വ്യാപകമായി നടക്കുന്നില്ല. യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇത് സവർസാധാരണമാണ്.

2. നഗര ജീവിതത്തിന്റെ പ്രത്യേക ചിലവുകൾ (ഖരമാലിന്യ നിർമാർജനം, മലിന ജല നിർമ്മാർജനം, സുരക്ഷാ, ഹരിതവൽക്കരണം) ഇതിനൊക്കയുള്ള പണം കാര്യമായി പിരിച്ചെടുക്കുന്നതിൽ നമ്മുടെ സംവിധാനം വിജയിച്ചിട്ടില്ല.

3. ലണ്ടനിലും ന്യൂ യോർക്കിലും ടോക്യോവിലും ഒക്കെ അവിടുത്തെ മേയർക്ക് ധാരാളം വിഭവങ്ങളും അധികാരങ്ങളും ഉണ്ട്, വേണ്ടത്ര വിദഗ്ദ്ധന്മാരുടെ സേവനം ഉണ്ട്. പക്ഷെ അധികാര വികേന്ദ്രീകരണം വന്നിട്ടും നമ്മുടെ മേയർമാർക്ക് നാഗരാസൂത്രണത്തിനോ അതിനു വേണ്ടി വായ്പയെടുക്കുന്നതിനോ കരം വർദ്ധിപ്പിക്കുന്നതിനോ ഒന്നുമുള്ള വ്യാപകമായ അധികാരങ്ങൾ കിട്ടിയിട്ടില്ല. പ്രോട്ടോക്കോൾ വച്ച് എം എൽ യെക്കാളും എംപി യെക്കാളും കലക്ടറേക്കാളും ഒക്കെ മുകളിലാണ് മേയർ സ്ഥാനമെങ്കിലും വിഭവങ്ങളുടെ മേലുള്ള നിയന്ത്രണത്തിന്റെ കാര്യത്തിൽ അവർ അവിടെ എത്തിയിട്ടില്ല.

ഇതിലൊക്കെ പ്രധാനമായ മറ്റൊരു കാര്യം കൂടിയുണ്ട്. കേരളത്തിലെ എല്ലാ നഗര വികസനവും നിയന്ത്രിക്കുന്നത് പ്രധാന പാതകളുടെ ഇരു വശവും കെട്ടിടം നിർമ്മിച്ച് കച്ചവടം നടത്തുന്നവരുടെ താല്പര്യങ്ങളാണ്. ഇവരാകട്ടെ മുപ്പതോ അതിലധികമോ വർഷം മുൻപ് അവിടെ കെട്ടിടങ്ങൾ പണിത് നഗര വികസനത്തിൽ പങ്കു വഹിച്ചവരും ആണ്. അവർ നഗരത്തിലെ രാഷ്ട്രീയത്തെ പണം കൊണ്ടും സാമൂഹ്യ ശൃംഖല കൊണ്ടും രാഷ്ട്രീയം കൊണ്ടും നിയന്ത്രിക്കുന്നു. തൊട്ടു മുന്നിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ‘captive clientile’ ആണ് അവരുടെ പ്രധാന വരുമാന മാർഗം. ഇതൊരു കാളവണ്ടി കാലത്തെ വാണിജ്യ ടെക്നിക്ക് ആണ്. ട്രാഫിക്ക് കുറഞ്ഞാൽ കച്ചവടം പോകുമെന്ന ചിന്തയാൽ പ്രധാനമായ ട്രാഫിക്ക് മാറ്റി വിടാൻ അവർ സമ്മതിക്കില്ല. ഇതിലെ വസ്തുത എന്തെന്ന് വച്ചാൽ ഈ കച്ചവടക്കാർ ഒന്നും കാലത്തിനനുസരിച്ച് വളരുന്നുമില്ല എന്നതാണ്. ശരാശരി രണ്ടര നിലയാണ് ഇപ്പോഴും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളുടെ ഉയരം, നഗര മധ്യത്തിലെ സ്ഥലത്തിനാനാണെങ്കിലോ പിടിച്ചാൽ കിട്ടാത്ത വിലയും. അതുകൊണ്ടുതന്നെ പുതിയ സംരംഭകർക്ക് അവിടെ വരാൻ പറ്റുന്നില്ല. ചുരുക്കത്തിൽ നമ്മുടെ നഗരങ്ങളെ ഇന്ന് ഞെക്കി കൊല്ലുന്നത് ഇന്നലെ അതിനെ വികസിപ്പിച്ചവരുടെ സ്വാർത്ഥ താല്പര്യങ്ങളും ഹൃസ്വ ദൃഷ്ടിയും ചേർന്നാണ്.

രണ്ടു സാധ്യതകളാണ് ഇനി നമ്മുടെ മുന്നിലുള്ളത്. ഒന്നാമത് സർക്കാരും കച്ചവടക്കാരും ഒരുമിച്ച് ഓരോ നഗരത്തിനും ആധുനിക നഗര സങ്കല്പങ്ങൾക്കനുസരിച്ചുള്ള മാസ്റ്റർ പ്ലാൻ ഉണ്ടാക്കുക. കച്ചവടക്കാരെ ഒത്തൊരുമിപ്പിച്ച് കെട്ടിടങ്ങൾ സംയോജിപ്പിക്കുകയും അതിനിടക്ക് പാർക്കിങ്ങും ഗ്രീൻ സ്പേസും ഒക്കെ ഉണ്ടാക്കണം. അങ്ങനെ കൂട്ടായി പ്ലാൻ ചെയ്യുന്നവർക്ക് ചെലവ് കുറഞ്ഞ വായ്പയും കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ചില വിട്ടുവീഴ്ചകളും ഒക്കെ ആകാം. സർക്കാരിന്റെ ഭാഗത്തു നിന്നും അല്പം ഔട്ട് ഓഫ് ദി ബോക്സ് തിങ്കിങ് ഒക്കെ വേണ്ടി വരും.

ലക്‌നോവിലെ ജയിലുകൾ ഇടിച്ചു പൊളിച്ചിട്ടാണ് മായാവതി നഗരമധ്യത്തിൽ പാർക്കുണ്ടാക്കിയത്. നമ്മുടെ നഗരത്തിലും എന്തൊക്ക സ്ഥാപനങ്ങൾ ഇടിച്ചു പൊളിച്ച് കൂടുതൽ പാർക്കിങ്ങും പൊതു സൗകര്യങ്ങളും ഉണ്ടാക്കി നഗരത്തെ ജീവിപ്പിക്കാം എന്ന് നമ്മൾ കണ്ടു പിടിക്കണം.
രണ്ടാമത്തേത് നമ്മൾ ഇങ്ങനെ ഒക്കെയങ്ങ് പോകുക എന്നതാണ്. പക്ഷെ അപ്പോൾ സാങ്കേതിക വിദ്യയും കമ്പോളവും കാര്യങ്ങൾ ഏറ്റെടുക്കും. പാർക്കിങ് ഇല്ലാത്ത നഗര മാധ്യങ്ങൾ വിട്ട് നരഗത്തിന് പുറത്തേക്ക് ലുലു മാളും ഡെക്കാത്‌ലോണും ഒക്കെ വന്നതു പോലെ നഗരം വളരും. മുറ്റത്തെ ട്രാഫിക്ക് മറ്റൊരിടത്തും പോകാതെ സമരം ചെയ്തിരുന്നവർ ഈച്ച പിടിച്ചിരിക്കുകയും ചെയ്യും.

Leave a Comment