“അമ്മയെ തല്ലിയാലും രണ്ടു പക്ഷം” ഈ പഴംചൊല്ല് കേരളത്തില്‍ മാത്രമേ ഞാന്‍ കേട്ടിട്ടുള്ളു. അതുകൊണ്ട് ആര്‍ക്കുമാരെയും എന്തിന്റെ പേരിലും
വിമര്‍ശിക്കാനുള്ള അവകാശം ഉണ്ട്. ആളുകള്‍ അത് സ്ഥിരമായി ഉപയോഗപെടുതുകയും ചെയ്യുന്നുണ്ട്.
ഒരാളെ പാപിയായ പുണ്യാളന് എന്നോ പുണ്യാളന് ആയ പാപി എന്നോ ഒക്കെ പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല. നാട്ടിന്റെ മുഖ്യമന്ത്രിയായ ആളെ ഭരണത്തെപറ്റി സംസാരിക്കാം എന്ന് പറഞ്ഞു വിളിച്ചുവരുതിയിട്ട് ലൈവ് ക്യാമറയുടെ മുന്പില് വച്ച് ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപോക്കാന്‍ ഒരു ചെറിയ ടി വി റിപ്പോര്‍ട്ടര്‍ക്ക് വരെ സാധിക്കുന്നു. ജനാധിപത്യം ഉള്ളത് കൊണ്ട് ആര്‍ക്കും ആരെയും പേടിക്കേണ്ട.
കേരളത്തിലെ മറ്റൊരു പ്രധാന പ്രത്യേകത വേറെ യാതൊരു കഴിവും ഇല്ലാത്ത ചിലരുടെ പൊതുജന മധ്യത്തിലുള്ള നില നില്പ് തന്നെ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇവര്‍ക്ക് ആരോടും ഒരു വിരോധവും ഇല്ല. ആരെങ്കിലും പൊതു ജന മധ്യത്തില്‍ തിളങ്ങി വന്നാല്‍ ഉടനെ അവരെ വിമര്‍ശിക്കുക. ഈ പട്ടിയും നക്ഷത്രവും പോലെ ഒരു ബന്ധം ഉണ്ടല്ലോ, അത്.
അങ്ങനെ ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും പ്രൊഫഷണല്‍ വിമര്‍ശകരും കൂലി വിമര്‍ശകരും ഉള്ള നാട്ടില്‍ ആരും വിമര്‍ശിക്കാത്ത വിഗ്രഹങ്ങള്‍ അനവധി ഇല്ല. ഇപ്പോള്‍ അങ്ങനെ ഉള്ളവരില്‍ പ്രധാനി ഗായകന് യേശുദാസ് ആണ്.
യേശുദാസ് കേരളത്തിലെ ഏറ്റവും പേരെടുത്ത ഗായകന് ആണെന്നതില്‍ ആര്‍ക്കും സംശയം ഇല്ല. കേരളത്തിലെ പല സാമൂഹ്യ പ്രശ്നങ്ങളിലും ധൈര്യമായി ഇടപെടുന്ന ആളും ആണ് അദ്ദേഹം. മത സൌഹാര്ദത്തിനു വേണ്ടി എന്തും ചെയ്യുന്ന ആളും ആണ്. ഇതിനുപരി മനുഷ്യ സ്നേഹിയും മറ്റു പലതും ആണ്. അതിലൊന്നും ആര്‍ക്കും തര്‍ക്കം ഇല്ല.
അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ മാസം അദ്ദേഹം ടി വി യില്‍ പടര്‍ന്ന് പന്തലിച്ചു നില്ക്കുന്ന റിയാലിറ്റി ഷോകളെ പറ്റി അഭിപ്രായം പറഞ്ഞപ്പോള്‍ കേരളം അത് കേട്ട് നിന്നത്. പുതിയ താരങ്ങളെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തുന്നത് മോശമല്ലെങ്കിലും ഗായകരെക്കൊണ്ട് എസ് എം എസ് അയക്കാന്‍ ആവശ്യപ്പെടുന്നത് അവരെക്കൊണ്ടു “തെണ്ടിക്കുന്നതിനു” തുല്യമാണെന്നയിരുന്നൂ അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം. “ഗായകന് തെണ്ടി അല്ല” എന്നദ്ദേഹം പറഞ്ഞപ്പോള്‍ സ്ഥിരം റിയാലിറ്റി ഷോ കാണുന്നവര്‍ തൊട്ടു എസ് എം എസ് അയക്കുന്നവര്‍ വരെ കയ്യടിച്ചു. ഇതാദ്യമായല്ല യേശുദാസ് റിയാലിറ്റി ഷോകളെ പറ്റി വിമര്‍ശനം പറയുന്നത്. അവസാനത്തെയും ആകില്ല എന്ന് നമ്മള് കരുതി, പക്ഷെ തെറ്റിപ്പോയി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന കേരളത്തിലെ ഏറ്റവും പഴയതും പ്രചാരം ഉള്ളതും ആയ റിയാലിറ്റി ഷോയുടെ ഫൈനലിന് മുന്‍ നിരയില്‍ തന്നെ കേരളീയരുടെ പ്രിയപ്പെട്ട ദാസേട്ടനെ കണ്ടതോടെ നമ്മള് ഞെട്ടി തുടങ്ങി. ഇതെന്തു പറ്റി, ഈ മനം മാറ്റത്തിന്? ഒരു മാസം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തിരുത്തിയോ? തിരുത്തുമോ? നമ്മള്‍ക്ക് ആകാംഷ ആയി.
റിയാലിറ്റി ഷോക്കിടയില്‍ അദ്ദേഹം നടത്തിയ ഷോ നമ്മെ അമ്പരപ്പിച്ചു.
ഒന്നാമതായി അദ്ദേഹം ചെയ്തത് ഒരു മത്സരാര്‍ത്ഥിയുടെ പ്രകടനം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു കയ്യടിക്കുക എന്നതാണ്. കേരളത്തിലെ സംഗീതത്തിന്റെ അവസാന വാക്ക് എന്ന് പേരുകേട്ട കേരളത്തിന്റെ ഗാന ഗന്ധര്വന് എഴുന്നേറ്റു നിന്ന് കയ്യടിക്കുമ്പോള്‍ അത് ജഡ്ജിമാരെ സ്വാധീനിക്കും എന്നത് അദ്ദേഹത്തിന് അറിയാതെ വരില്ല. എന്നാലും പോട്ടെ, ഒരു നല്ല പാട്ട് കേട്ടിട്ടായിരിക്കാം എന്ന് സമാധാനിക്കാം.
രണ്ടാമത്തെ അദ്ദേഹത്തിന്റെ ഷോ സ്റ്റേജില്‍ വച്ചായിരുന്നു. മത്സരത്തിന്റെ റിസള്‍ട്ട് പറയുന്നതിന് മുന്‍പേ തന്നെ അദ്ദേഹം മുന്‍പ് പറഞ്ഞ മത്സരാര്‍ത്ഥിയെ വാനോളം പുകഴ്ത്തി . ചെറുപ്പം മുതലേ ഞാന്‍ അറിയും, സംഗീത കുടുംബം, സിനിമാപ്പാട്ട് പഠിക്കുന്നതിനു മുന്‍പേ ക്ലാസിക്കല്‍ പഠിച്ചു എന്നിങ്ങനെ. ഗാന ഗന്ധര്വന് പാട്ട് ഇഷ്ടപ്പെട്ടു എന്നുമാത്രമല്ല വേണ്ടപ്പെട്ട കുട്ടിയാണെന്നും അദ്ദേഹം സന്ദേഹത്തിനു ഇടയില്ലാതെ വ്യക്തമാക്കി.
ഒരാളുടെ പാട്ട് കഴിയുമ്പോള്‍ “നന്നായി” എന്നൊരു നല്ല വാക്ക് പറഞ്ഞതിന് “ജഡ്ജിമാര്‍ അഭിപ്രായം പറയുന്നതിന് മുന്‍പ് ആരും മിണ്ടിപ്പോകരുതെന്നു” രണ്ജിനിയോടു ആക്രോശിച്ച ശ്രീ ജഗതി ശ്രീകുമാര്‍ ഇനി ദാസേട്ടന്റെ നേരെയും തിരിഞ്ഞു ഈ അഭിപ്രായം പറയാന്‍ ധൈര്യപ്പെടുമോ?
മൂന്നാമത് ഇദ്ദേഹം പറഞ്ഞതാണ് ഏറ്റവും കടുപ്പം ആയത്. കല്പനയുടെ മുന്ജന്മ പാപം കൊണ്ടായിരിക്കണം അവര്‍ ഇന്ത്യയില്‍ ജനിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെന്താണ്? ഈ രാജ്യത്ത് അവര്‍ക്ക് എന്താണ് കുറവ്? ആരാണവരെ അംഗീകരിക്കാത്തത്? ആരാണവരെ അമേരിക്കയിലേക്ക് പോകുന്നതില്‍ നിന്നും വിലക്കി നിര്‍ത്തിയിരിക്കുന്നത്? ദാസേട്ടന് ഈ പേരും പ്രശസ്തിയും ഒക്കെ ഉണ്ടായതു അമേരിക്കയില്‍ പോയത് കൊണ്ടാണോ?
സാധാരണ ഗതിയില്‍ അദ്ദേഹത്തിന്റെ കഴിഞ്ഞ മാസത്തെ “ഗായകന് തെണ്ടിയല്ല” പ്രസംഗം കേട്ട ആരും അദ്ദേഹം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ആറാം കൊല്ലം ഉത്ഘാടനം ചെയ്തു പറഞ്ഞ കാര്യം കേട്ടാല്‍ നടുങ്ങിയേനെ. “ഐഡിയ സ്റ്റാര്‍ സിംഗര്‍ ആറു വര്‍ഷം ആല്ല, അറുപതു വര്‍ഷം അല്ല ആറായിരം വര്‍ഷം നില നില്ക്കട്ടെ” എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ കഴിഞ്ഞ മാസത്തെ അഭിപ്രായം ഇപ്പോഴും ഉണ്ടെകില്‍ അടുത്ത ആറായിരം വര്‍ഷം തെണ്ടികളെ സൃഷ്ടിക്കാന്‍ ഐഡിയക്ക് സാധിക്കട്ടെ എന്ന് വേണമെങ്കില്‍ കൂട്ടി വായിക്കാം. അതല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്ന് നമുക്ക് വിചാരിക്കാം.
ഈ നാലാമത്തെയും അവസാനത്തെയും ഷോ കണ്ടിട്ട് ഞാന്‍ പക്ഷെ ഞെട്ടിയില്ല. അപ്പോഴേക്കും ഞാന്‍ ഞെട്ടുന്നതിനപ്പുറം കടന്നു പോയിരുന്നു. അഭിപ്രായം ഇരുമ്പുലക്ക അല്ല എന്ന് മലയാളത്തില്‍ മറ്റൊരു ചൊല്ലുണ്ട്. ഇന്നലെ പറഞ്ഞത് നാളെ മാറ്റിപറയാം. നമ്മുടെ രാഷ്ട്രീയം മൊത്തം നില നില്കുന്നത് ആ ചൊല്ലിന്റെ പിന്നില്‍ ആണല്ലോ. കഴിഞ്ഞ വര്‍ഷം പനിയുണ്ടായത് മന്ത്രിയുടെ പിടിപ്പു കേടാണെന്ന് പറഞ്ഞ പാര്‍ട്ടി ഈ വര്‍ഷം പനിയുണ്ടായത് എലിയുടെ പ്രവര്‍ത്തി കൊണ്ടാണെന്ന് മാറ്റി പറയുന്നു. നമ്മള് കേള്‍ക്കുന്നു, രണ്ടു തവണയും കയ്യടിക്കുന്നൂ. അപ്പോള്‍ ദാസേട്ടന് ഒരു അഭിപ്രായം മാറ്റുന്നത് ഒരു സംഭവം ഒന്നും അല്ല. പക്ഷെ ഒന്നുണ്ട്. രാഷ്ട്രീയക്കാരെ പോലെ അല്ല മലയാളികളുടെ മനസ്സില്‍ ദാസേട്ടന്. അദ്ദേഹത്തിന് സാധാരണ ആരും വിമര്‍ശിക്കാത്ത ഒരു വിഗ്രഹത്തിന്റെ സ്ഥാനം ഉണ്ട്. അപ്പോള്‍ ദാസേട്ടന്റെ അഭിപ്രായം മാറിയെങ്കില്‍ അതിന്റെ കാരണം അറിയാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്ന മലയാളികള്‍ക്ക്അ വകാശം ഉണ്ട്.
എന്താ ഗായകര്‍ ഇപ്പോള്‍ തെണ്ടികളാണോ?
Leave a Comment