പൊതു വിഭാഗം

യൂണിവേഴ്സിറ്റി ഇല്ലാത്ത കേരളം

ഇന്നത്തെ ക്ലബ്ബ് ഹൌസ് ചർച്ച വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതായിരുന്നു. പ്ലാനിങ്ങ് കഴിഞ്ഞപ്പോൾ ഒറ്റയടിക്ക് എടുത്താൽ പൊങ്ങാത്ത വിഷയമാണെന്ന് മനസ്സിലായി. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതിലേക്ക് ചുരുക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ആയിരുന്ന അംബാസഡർ ടി. പി. ശ്രീനിവാസന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ച് രാത്രി ഒരു മണിക്കാണ് മെസ്സേജ് ഇട്ടത്, രാവിലെ തന്നെ അദ്ദേഹം സമ്മതിച്ചു. പതിവ് പോലെ റഷീദ് നെയ്യൻ ആയിരുന്നു മോഡറേറ്റർ.
ഭാവി പ്രവചനം വിഷമമുള്ള കാര്യമാണെങ്കിലും ഭാവി എന്നത് “കാലത്തിന്റെ” കാര്യം മാത്രമല്ലെന്നും, കേരളത്തിൽ നാളെ വരാനിരിക്കുന്ന കാര്യം ഇന്ന് തന്നെ മറ്റെവിടെയെങ്കിലും നിലനിൽക്കുന്നതാണെന്നും, ആ സാഹചര്യം കേരളത്തിൽ ഉണ്ടാകുമോ എന്ന് ചിന്തിച്ചാൽ മാത്രം ഭാവി പ്രവചിക്കാനാകും എന്നു പറഞ്ഞാണ് തുടങ്ങിയത്.
2014 ജനുവരിയിൽ കേരള ഉന്നത വിദ്യാഭ്യാസ കൗൺസലിന്റെ ആഭിമുഖ്യത്തിൽ “International Meet on Transnational Education” നടത്തിയതും, അതിൽ വിദ്യാഭ്യാസത്തിന്റെ ഭാവി ഡിജിറ്റൽ ആണെന്നു പ്രവചിച്ചിരുന്നതും, നമ്മുടെ അധ്യാപകരും വിദ്യാർത്ഥികളും അതിന് തയ്യാറെടുക്കണമെന്ന് ആഹ്വനം ചെയ്തതും പറഞ്ഞാണ് തുടങ്ങിയത്. അന്ന് തയ്യാറാക്കിയ “Trivandrum Declaration of Transnational Educaiton” ഇപ്പോഴും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. അന്ന് കേരളത്തിലെ എല്ലാ വൈസ് ചാൻസലർമാരും അതിൽ പങ്കെടുത്തിരുന്നു. അവരെല്ലാം കൂടി ചർച്ച ചെയ്ത് അംഗീകരിച്ചാണ് ട്രിവാൻഡ്രം ഡിക്ലറേഷൻ ഉണ്ടാക്കിയത്. കേരളത്തിലെ നൂറിലധികം എ ഗ്രേഡ് കോളേജുകളുടെ പ്രിൻസിപ്പൽമാർ ഉണ്ടായിരുന്നു. അന്ന് എല്ലാവരും ചർച്ച ചെയ്ത് അംഗീകരിച്ച കാര്യങ്ങൾ നമ്മൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇപ്പോൾ കൊറോണക്കാലത്ത് ഇത്രമാത്രം ചക്രശ്വാസം വലിക്കേണ്ടി വരില്ലായിരുന്നുവെന്ന് മാത്രമല്ല, ഇന്ത്യയിലെയും ലോകത്തെയും മറ്റു സ്ഥാപനങ്ങളെ ഇക്കാര്യങ്ങൾ പഠിപ്പിക്കുന്ന ജോലി നമുക്ക് ഏറ്റെടുക്കുകയും ചെയ്യാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ.
ഇത്തരത്തിൽ ഭാവി പ്രവചിക്കുന്നതല്ല, പ്രവചിക്കപ്പെടുന്ന ഭാവിയിന്മേൽ വേണ്ടപ്പെട്ടവർ തീരുമാനങ്ങൾ എടുക്കുന്നതാണ് പ്രധാനം എന്ന് പറഞ്ഞുകൊണ്ടാണ് വിഷയം അവതരിപ്പിച്ചത്.
ലോകത്ത് ഉന്നത വിദ്യാഭ്യാസം എങ്ങനെ മാറും എന്നതിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് നടത്തിയത്.
1. കൊറോണക്കാലത്ത് ഓൺലൈൻ ആയ വിദ്യാഭ്യാസം കൊറോണ കഴിഞ്ഞാലും ക്ലാസ്സ്‌റൂമിനകത്തേക്ക് മാറുകയില്ല. സ്വന്തമായ സമയത്തും രീതിയിലും പഠിക്കുന്ന രീതിയുമായി വിദ്യാർഥികൾ പരിചയപ്പെട്ടു കഴിഞ്ഞു. ഇനി പഴയ രീതിയിൽ അവരെ പിടിച്ചിരുത്താൻ പറ്റില്ല. കുട്ടികൾ സ്വന്തം വേഗതയിൽ പഠിക്കുന്ന രീതിയാണ് ഭാവി.
2. വിഷയം അവതരിപ്പിക്കാൻ കഴിവുള്ള അധ്യാപകർ “സൂപ്പർ സ്റ്റാർ” അധ്യാപകരായി മാറും എന്നാണ് 2014 ൽ പറഞ്ഞിരുന്നത്. അതിപ്പോൾ തന്നെ, കേരളത്തിൽ ഉൾപ്പടെ, സംഭവിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസിൽ തന്നെ വിക്ടേഴ്‌സ് ചാനൽ വഴി സെലിബ്രിറ്റി ടീച്ചേർസ് ഉണ്ടായി. ഇനി വരാൻ പോകുന്നത് വിഷയം അവതരിപ്പിക്കാൻ കഴിവുള്ള സൂപ്പർ സ്റ്റാറുകൾ അധ്യാപകർ ആകുന്നതാണ്. ടോം ഹാങ്ക്സ് സ്പേസ് സയൻസ് പ്രസന്റ്റ് ചെയ്യുന്നത് സങ്കല്പിച്ചാൽ മതി.
3. പേര് കേട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓക്സ്ഫോർഡും, സ്റ്റാൻഡ്‌ഫോർഡും, വിജ്ഞാനം ഉണ്ടാക്കുന്നതിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് ആളുകളിൽ എത്തിക്കുന്ന ജോലി കോർസെറാ പോലെയുള്ള പ്ലാറ്റ്‌ ഫോം മോഡൽ ഓൺലൈൻ സ്ഥാപനങ്ങൾ ഏറ്റെടുക്കും. ഓക്സ്ഫോർഡിന്റെ ആയിരം വർഷത്തെ നിലനിൽപ്പിന് പഠിപ്പിച്ചു വിട്ടവരിലും (ഒരു വർഷം ശരാശരി പതിനായിരം ആളുകൾ എന്ന് കൂട്ടിയാലും ഒരു കോടി ആളുകൾ) കൂടുതൽ കുട്ടികളെ കഴിഞ്ഞ പത്തുവർഷത്തിനകം കോർസെറാ പഠിപ്പിച്ചിട്ടുണ്ട് (ഏഴു കോടി). ഒറ്റ ടീച്ചറിൽ നിന്നും മുപ്പത് ലക്ഷം കുട്ടികൾ വരെ പഠിച്ച കോഴ്‌സുകൾ അവിടെ ഉണ്ട്. ഇതാണ് വിദ്യാഭ്യാസത്തിന്റെ ഭാവി, സൗജന്യം, സർവത്രികം.
4. 150 വർഷം പഴക്കമുള്ള വാഷിംഗ്ടൺ പോസ്റ്റിനെ ഇരുപത് വർഷം പോലും പ്രായമില്ലത്ത ആമസോൺ ഏറ്റെടുത്തതു പോലെ പേരുകേട്ട യൂണിവേഴ്സിറ്റികളെ വിദ്യാഭ്യാസ രംഗത്തോ അല്ലാതെയോ പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഏറ്റെടുക്കുന്ന സാഹചര്യം തികച്ചും സാധ്യമാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയെ നാളെ ഫേസ്ബുക്ക് ഏറ്റെടുത്ത് അവിടുത്തെ വിദ്യാഭ്യാസം ഇരുപതിനായിരം ആളുകളിൽ നിന്നും ഇരുന്നൂറു കോടി ആളുകളിലേക്ക് എത്തിക്കാനുള്ള സാഹചര്യമുണ്ട്. ഒരാൾ തുടങ്ങിയാൽ ഓക്സ്ഫോർഡ് മുതൽ ഹാർവാർഡ് വരെയുള്ള യൂണിവേഴ്സിറ്റികൾ മൊത്തമായി പ്ലാറ്റ്‌ഫോമുകളിൽ എത്തും.
5. ലോകത്തെ ഏറ്റവും നവീനമായ സിലബസിൽ ലോകത്തെ ഏറ്റവും നല്ല അധ്യാപകരിൽ നിന്നും കാര്യങ്ങൾ, സൗജന്യമായി, പഠിക്കാമെന്നിരിക്കെ വീടിനടുത്തുള്ള കോളേജോ യൂണിവേഴ്സിറ്റിയോ ആയത് കൊണ്ട് മാത്രം ലോക റാങ്കിങ്ങിൽ ആയിരത്തിന് അപ്പുറമുള്ള സ്ഥാപനങ്ങളിൽ, വിഷയം പഠിപ്പിക്കാൻ അറിയുകയോ അറിയാതിരിക്കുകയോ ചെയ്യുന്ന അധ്യാപകരിൽ നിന്നും, വിദ്യ അഭ്യസിക്കാൻ ആളുകളെ കിട്ടാൻ ബുദ്ധിമുട്ടാകും.
6. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത പത്തു വർഷത്തിനകം യൂണിവേഴ്സിറ്റികൾ ഇല്ലാതാകും. ലോകത്ത് തന്നെ യൂണിവേഴ്സിറ്റിയുടെ എണ്ണം പതിനായിരത്തിൽ നിന്നും നൂറിന് താഴേക്ക് വരും.
7. ഈ സാഹചര്യം നമുക്ക് ഒഴിവാക്കാൻ പറ്റില്ല, പക്ഷെ അങ്ങനെ മാറുന്ന ലോകത്തിന് നമുക്ക് തയ്യാറെടുക്കാം. ഇപ്പോൾ കേരളത്തിലുള്ള ഇരുപത് യൂണിവേഴ്സിറ്റികളെ ഒറ്റ കുടക്കീഴിൽ കൊണ്ടുവന്ന് അവിടെ എവിടെയുമുള്ള ഏതൊരു വിഷയവും കേരളത്തിൽ തന്നെ മറ്റേതൊരു യൂണിവേഴ്സിറ്റിയിൽ ഉള്ളവർക്കും എവിടെ നിന്നും പഠിക്കാമെന്ന തരത്തിൽ നിയമങ്ങളും സാങ്കേതിക സൗകര്യങ്ങളും മാറ്റിയാൽ നമ്മുടെ വിദ്യാർത്ഥികളേയും ഇപ്പോൾ നില നിൽക്കുന്ന ഭൗതിക സാഹചര്യങ്ങളെയും ലോകത്ത് മാറിവരുന്ന ഉന്നത വിദ്യാഭ്യാസവുമായി പ്ലഗ് ചെയ്യാൻ സാധിക്കും. ഇത് നമ്മൾ ചെയ്തില്ലെങ്കിൽ ലോകത്ത് മുന്നിട്ട് നിൽക്കുന്ന സ്ഥാപനങ്ങൾ നാട്ടിൽ എവിടേയും ഫ്രാഞ്ചൈസികൾ ആയി ഷെയേർഡ് ലേർണിംഗ് സ്പേസ് ഉണ്ടാക്കും, ഇപ്പോൾ ഉള്ള യൂണിവേഴ്സിറ്റികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അപ്രസക്തമാവുകയും ചെയ്യും.
ഇതിനെ തുടർന്നാണ് ചർച്ചകൾ നടന്നത്. അംബാസഡർ ശ്രീനിവാസൻ ഉൾപ്പെടെ മുപ്പതോളം പേർക്കാണ് സംസാരിക്കാൻ അവസരം ഉണ്ടായത്, പകുതിയും സ്ത്രീകളായിരുന്നു. എൺപതോളം പേർ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഞ്ഞൂറിനും എണ്ണൂറിനും ഇടക്ക് ആളുകൾ ഉണ്ടായിരുന്നു.
ചർച്ചയുടെ വിശദാംശങ്ങൾ ഇവിടെ പറയുന്നില്ല. അടുത്ത തവണത്തെ ചർച്ചക്ക് ലൈവ് ആയി വരാൻ എന്തെങ്കിലും ഇൻസെന്റീവ് വേണമല്ലോ.
ഇനി അടുത്ത ഞായറാഴ്ച ചർച്ച ഉണ്ടാകും. സമയവും വിഷയവും റഷീദ് അറിയിക്കും.
എല്ലാവർക്കും നന്ദി, ചർച്ചക്ക് വന്നിട്ടും സംസാരിക്കാൻ പറ്റാത്തവരോട് ക്ഷമാപണം.
മുരളി തുമ്മാരുകുടി

Leave a Comment