പൊതു വിഭാഗം

യൂണിഫോമിനെ പറ്റി തന്നെ

സ്‌കൂൾ യൂണിഫോം ആണല്ലോ ഇപ്പോഴത്തെ പ്രധാന ചർച്ച.
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോമുള്ള എറണാകുളം ജില്ലയിലെ വളയൻചിറങ്ങര സ്‌കൂളിന്റെ വാർത്ത കഴിഞ്ഞ ദിവസം വായിച്ചിരുന്നു.
 
ഞാൻ പഠിക്കുന്ന കാലത്ത് സ്‌കൂളുകളിൽ യൂണിഫോം അത്ര പ്രചാരത്തിലില്ല. ഒന്നാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചിട്ടും യൂണിഫോം ഇട്ടിട്ടില്ലാത്ത ആളാണ് ഞാൻ. അന്ന് ഒന്പതാം ക്ലാസിലേ മുണ്ടുടുത്താണ് സ്‌കൂളിൽ പോകുന്നത്. ഇപ്പോൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കോളേജിൽ പോലും യൂണിഫോം ഉണ്ട്. താമസിയാതെ എം. ടെക്കിനും പി. എച്ച്. ഡി.ക്കും വന്നേക്കും. ആർക്കറിയാം?
 
ലോകത്തെല്ലായിടത്തും സ്‌കൂളുകളിൽ യൂണിഫോം ഇല്ല. ബ്രിട്ടനിലും അവരുടെ കോളനികളിലുമാണ് സ്‌കൂൾ യൂണിഫോം കൂടുതലായി ഉള്ളത്. ഫ്രാൻസിൽ നിർബന്ധമല്ല, ഇപ്പോൾ ഞാൻ ജീവിക്കുന്ന സ്വിറ്റ്‌സർലൻഡ് ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ഇപ്പോഴും സ്‌കൂൾ യൂണിഫോം ഇല്ല. ഇതിൽ സന്പന്ന രാജ്യങ്ങളും അല്ലാത്തവയും ഉണ്ട്. യൂണിഫോമിന് അനുകൂലമായും പ്രതികൂലമായും കാരണങ്ങൾ കണ്ടെത്താൻ നമുക്ക് കഴിയും. യൂണിഫോം ഇട്ടാൽ സമത്വ ചിന്താഗതി വരുമെന്നോ ഇട്ടില്ലെങ്കിൽ അസമത്വം വരുമെന്നോ എനിക്ക് തോന്നിയിട്ടില്ല. അതിന് പ്രത്യേകിച്ച് തെളിവൊന്നുമില്ല താനും. ഒരേ സ്കൂളിൽ യൂണിഫോമിറ്റി ഉണ്ടാക്കുന്ന ഈ സംവിധാനത്തിൽ, വ്യത്യസ്ഥ സ്കൂളുകൾ തമ്മിൽ വേർതിരിവ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്.
 
അതേ സമയം സുരക്ഷാ രംഗത്ത് ജോലി ചെയ്യുന്നതിനാൽ സുരക്ഷിതമായ വസ്ത്രം ധരിക്കണം എന്ന അറിവ് ഉണ്ട്. തണുപ്പ് കാലത്തെ യൂണിഫോം അല്ല ചൂടുകാലത്ത് വേണ്ടത്. ചൂടും ഈർപ്പവും കൂടുതലുള്ള കേരളത്തിൽ കഴുത്തു മൂടി ടൈയും ബ്ലൗസിന് മുകളിൽ കോട്ടും ഇട്ടുള്ള യൂണിഫോം വാസ്തവത്തിൽ ആരോഗ്യകരമല്ല. ക്ലാസിലെ വേഷമല്ല സ്പോർട്സിന് വേണ്ടത്, സ്പോർട്സിനിടുന്ന വേഷമല്ല വിനോദയാത്രക്ക് വേണ്ടത്.
 
ഇത് കുട്ടികളുടെ കാര്യം മാത്രമല്ല അധ്യാപകരുടേത് കൂടിയാണ്. പൊതുഗതാഗതത്തിൽ യാത്ര ചെയ്യാനോ ദിവസം മുഴുവൻ തൊഴിൽ ചെയ്യാനോ ഒട്ടും അനുകൂലമായ വേഷമല്ല സാരി, അത് പണ്ടേ മാറ്റിക്കളയേണ്ടതാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.
 
അതുകൊണ്ട് തന്നെ വ്യക്തിസ്വാന്തന്ത്ര്യവും ആരോഗ്യകരമായ ശീലങ്ങളുമൊക്കെയാണ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അധ്യാപകരും വിദ്യാർത്ഥികളും യൂണിഫോം ഇടാതെ സാഹചര്യത്തിനൊത്ത വേഷം ധരിക്കുന്നതാണ് ഭംഗി. യൂണിഫോം ആണെങ്കിലും അല്ലെങ്കിലും അതിനു മുകളിൽ സദാചാര പരിശോധന ഇല്ലാതിരിക്കുന്നതാണ് നല്ല സംസ്കാരം.
 
വളയൻചിറങ്ങര സ്‌കൂൾ യൂണിഫോമിൽ മാത്രമല്ല സ്‌കൂൾ പുസ്തകങ്ങളിലും പാരന്പര്യമായ ജൻഡർ സ്റ്റീരിയോ ടൈപ്പുകൾ പൊളിച്ചടുക്കുന്നതായി സുഹൃത്ത് ബിനോയി Benoy Peter എഴുതുന്നു. സന്തോഷം. വായിച്ചിരിക്കേണ്ടതും മാതൃകയാക്കാവുന്നതുമാണ്. 
https://www.mathrubhumi.com/…/valayanchirangara-lp…
 
മുരളി തുമ്മാരുകുടി

Leave a Comment