പൊതു വിഭാഗം

യുദ്ധവും സത്യവും!

യുദ്ധത്തിലെ ഒന്നാമത്തെ രക്തസാക്ഷി ‘സത്യം’ ആണെന്ന് ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്. ‘The first casuality of war is truth’. ഇംഗ്ളീഷുകാർ യുദ്ധത്തേയും സത്യത്തേയും പറ്റി പറയുന്പോൾ നമ്മൾ ശ്രദ്ധിക്കണം. കാരണം ലോകമെങ്ങും നടന്ന് യുദ്ധം നടത്തിയും അതിനെപ്പറ്റി പൊടിപ്പും തൊങ്ങലും വെച്ച് ചരിത്രം ഉണ്ടാക്കിയും ഉണ്ടായ അറിവാണ്.
 
നമ്മുടെ അതിർത്തിയിലും സംഘർഷങ്ങൾ നടക്കുന്നു. യുദ്ധം കണ്ടിട്ടില്ലാത്ത ആളുകൾ ഫേസ്ബുക്കിലും പുറത്തും മുറവിളി കൂട്ടുന്നു. നമ്മുടെ പത്രങ്ങൾ ഒക്കെ തോന്നുന്നതു പോലെ എന്തൊക്കെയോ എഴുതുന്നു. അങ്ങനെ എഴുതേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നവർ തെറ്റിദ്ധരിക്കുന്നു.
 
ഇത്തരം സാഹചര്യത്തിൽ സത്യം എന്തെന്ന് അറിഞ്ഞിരിക്കേണ്ടത് സാധാരണ പൗരന്മാരുടെ ഉത്തരവാദിത്തം ആണ്. അസത്യങ്ങൾ പറഞ്ഞും ദേശാഭിമാനം ആളിക്കത്തിച്ചും ഒക്കെയാണ് ലോകത്തെന്പാടും രാജ്യങ്ങൾ വിനാശകരമായ യുദ്ധങ്ങളിലേക്ക് നീങ്ങിയിട്ടുള്ളത്.
 
ദുരന്ത രംഗത്തുള്ള പരിചയത്തെക്കാൾ ഏറെയുണ്ട് എനിക്ക് യുദ്ധ രംഗത്തുള്ള പരിചയം. കൊസോവോ യുദ്ധങ്ങൾ തൊട്ട് അഫ്ഘാനിസ്ഥാൻ, ഇറാക്ക്, ലെബനൻ, ഗാസ, സുഡാൻ, ശ്രീലങ്ക, ബോഗൻ വിൽ, ലൈബീരിയ, കോംഗോ, സിറിയ എന്നിങ്ങനെ സമീപകാലത്തെ എല്ലാ യുദ്ധ പ്രദേശങ്ങളിലും യുദ്ധത്തിന് മുൻപും, യുദ്ധം നടക്കുന്പോഴും, ശേഷവും പോയ പരിചയമുണ്ട്. യുദ്ധത്തിന് മുൻപും ശേഷവുമുള്ള അവരുടെയൊക്കെ ചരിത്രം അറിയാം, യുദ്ധം അവരോട് എന്ത് ചെയ്തു എന്നറിയാം. പക്ഷെ ഈ വിഷയം വിശദമായി എഴുതാൻ എനിക്ക് ഔദ്യോഗികമായി പരിമിതികളുണ്ട്. എന്നാലും സ്ഥിതിഗതികൾ ഞാൻ എപ്പോഴും നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കിൽ സുരക്ഷാ വിഷയങ്ങൾ എഴുതാം, തൽക്കാലം നമ്മൾ അവിടെ എത്തിയിട്ടില്ല.
 
എൻറെ വായനക്കാർ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഈ വിഷയത്തിൽ പരമാവധി കൃത്യമായ വിവരങ്ങൾ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കണം. പണ്ടൊക്കെ മനോരമയും ആകാശവാണിയും പറയുന്നതിനപ്പുറം അറിയാൻ നമുക്ക് മാർഗ്ഗങ്ങൾ ഒന്നും ഇല്ലായിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ കാലത്ത് ഞാൻ ബി ബി സി റേഡിയോ ആണ് കൂടുതൽ ബാലൻസ്‌ഡ് ആയ റിപ്പോർട്ടിംഗിന് വേണ്ടി ആശ്രയിച്ചിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. ലോകത്തെവിടെ നിന്നുമുള്ള വാർത്തകൾ നിങ്ങളുടെ ഗൂഗിളിന്റെ അറ്റത്ത് ഉണ്ട്. നമുക്ക് പരിചയമുള്ള മാധ്യമങ്ങൾ മാത്രം വായിച്ചു നോക്കാതിരുന്നാൽ മതി. പുതിയ പത്രങ്ങൾ വായിക്കുക. ഗൂഗിളിൽ ‘Kashmir India Pakistan’ എന്നൊരു അലേർട്ട് സെറ്റ് ചെയ്യണം. അതിൽ വരുന്ന പേജുകൾ എവിടെ നിന്നാണെങ്കിലും കുറച്ചൊക്കെ വായിക്കണം. നമ്മുടെ മാധ്യമങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടാൽ തന്നെ പകുതി ആശ്വാസമാകും. വാട്ട്സ്ആപ്പിൽ വരുന്ന ‘വാർത്തകൾ’ പൂർണ്ണമായും അവിശ്വസിക്കണം. അപ്പോൾ തന്നെ തൊണ്ണൂറു ശതമാനം നുണയും ഒഴിവായി കിട്ടും. വിദേശത്തു നിന്നും വരുന്ന വാർത്തകൾ വായിക്കുക, നമുക്ക് കിട്ടുന്നതുമായി താരതമ്യം ചെയ്യുക. ഇത്രയും ചെയ്താൽ തന്നെ സത്യത്തെക്കുറിച്ച് ഒരേകദേശ രൂപം കിട്ടും.
 
നിങ്ങളുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടങ്ങിക്കോളൂ…
 
മുരളി തുമ്മാരുകുടി
 

Leave a Comment