നമ്മുടെ ചില താരങ്ങൾ ചന്ദ്രനിൽ സ്ഥലം വാങ്ങിയ കാര്യം ദേശീയ വർത്തയായിരുന്നത് ഒരുപക്ഷെ നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും.
സത്യത്തിൽ ചന്ദ്രനിൽ സ്ഥലം വാങ്ങുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. ഒരേക്കറിന് നാല്പത്തി രണ്ടു ഡോളർ, അതായത് ഏകദേശം 3400 രൂപ കൊടുത്താൽ ചന്ദ്രനിൽ നിങ്ങൾ സ്ഥലം വാങ്ങിയതിന്റെ രേഖകൾ തരുന്ന ചില വെബ്സൈറ്റുകൾ ഉണ്ട്. കുറച്ചു കാശും ഏറെ പൊങ്ങച്ചവും ഉള്ള ആർക്കും സ്ഥലം വാങ്ങാം, അതിന്റെ ആധാരം സിറ്റിംഗ് റൂമിൽ പ്രദർശിപ്പിക്കാം. താരങ്ങൾ എന്ത് ചെയ്താലും വർത്തയാക്കുന്ന മാധ്യമങ്ങൾ അത് പ്രസിദ്ധീകരിക്കും, അവരുടെ ഫാനുകൾ ആഘോഷിക്കും.
ഇതിന് നമ്മൾ കൊടുക്കുന്ന വിലയല്ലാതെ മറ്റൊരു വിലയുമില്ല, അടിസ്ഥാനവുമില്ല, നിയമ സാധുതയുമില്ല. ഇതുപോലെ അനവധി തട്ടിപ്പ് പ്രസ്ഥാനങ്ങൾ ലോകത്ത് ഉണ്ട്. ആയിരം രൂപ കൊടുത്താൽ കിട്ടുന്ന അവാർഡ് മുതൽ അയ്യായിരത്തിന് കിട്ടുന്ന ഡോക്ടറേറ്റ് വരെ ഉള്ള വെബ്സൈറ്റുകൾ ഉണ്ട്. ലോകത്ത് പണവും പൊങ്ങച്ചവും ഉള്ളവർക്ക് ഒരു കുറവും ഇല്ലാത്തതിനാൽ ഇവരൊക്കെ കാശുണ്ടാക്കുന്നുമുണ്ട്.
ഇങ്ങനെയുള്ള ലോകത്ത് യഥാർത്ഥ താരങ്ങൾ വരുന്പോൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളിയായ ഒരു ചെറുപ്പക്കാരൻ, 38 വയസ്സേ ഉള്ളൂ. അസ്ട്രോണമി രംഗത്ത് ലോകം ഇപ്പോൾത്തന്നെ ശ്രദ്ധിക്കുന്നു. ഇനിയും ധാരാളം സംഭാവനകൾ ചെയ്യാനിരിക്കുന്നു.
ഇപ്പോൾ ആകാശത്ത് ഒരു ഛിന്ന ഗ്രഹം അദ്ദേഹത്തിൻറെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു. നിസ്സാരമായ നേട്ടമല്ല. പണം കൊടുത്താൽ കിട്ടുന്ന അംഗീകാരവുമല്ല.
“Aswin Sekhar (b. 1985) is the first professional meteor astronomer from India in modern times. He has made important contributions to the field of meteors in meteoroid stream dynamics, particularly in the effects of relativity and resonances in meteoroid streams.”
എന്നാണ് നാസയുടെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. അതെ, യഥാർത്ഥ നാസ തന്നെ, ഫോട്ടോഷോപ്പ് അല്ല! അശ്വിനെ ഏറെ നാളായി അറിയാം. മനോരമയും മാതൃഭൂമിയും ഇന്ന് ഈ വാർത്ത ഓൺലൈൻ ആയിട്ടെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളികൾ ഇദ്ദേഹത്തെപ്പോലുള്ളവരെ കൂടുതൽ അറിയേണ്ടണ്ടതുണ്ട്. ഇവരെപ്പോലുള്ളവരുടെ ഇന്റർവ്യൂ ആണ് മാധ്യമങ്ങളിൽ വരേണ്ടത്. അങ്ങനെയാണ് പുതിയ തലമുറ ഈ വിഷയങ്ങളെപ്പറ്റി അറിയുകയും ആകർഷിക്കപ്പെടുകയും ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള ആളുകളെ ചുറ്റും കാണുന്പോൾ അവർക്ക് നല്ല റോൾ മോഡൽസ് ഉണ്ടാകുന്നു.
ഇത്തരത്തിൽ യഥാർത്ഥ താരങ്ങളെ അറിയാത്തത് കൊണ്ടാണ് കുട്ടികൾ തൊപ്പിയുടെയും ബുൾജെറ്റിന്റെയും പുറകെ പോകുന്നത്.
അശ്വിൻ നിങ്ങൾ യഥാർത്ഥ താരമാണ്, അഭിമാനമാണ്.
മുരളി തുമ്മാരുകുടി
Leave a Comment