പൊതു വിഭാഗം

മൂന്നാർ – വെനീസിൽ നിന്നും ഒരു പാഠം

ഞാൻ ഇപ്പോൾ മൂന്നാറിലേക്ക് പോകാറില്ല. പടയപ്പയെ പേടിച്ചിട്ടൊന്നുമല്ല, ഹൈറേഞ്ചിലേക്ക് പോകുന്പോൾ കാട്ടാന എതിരെ വന്നേക്കും എന്നൊരു പേടി എനിക്ക് എപ്പോഴും ഉണ്ടെന്നത് സത്യമാണ്. പക്ഷെ അതല്ല പ്രധാന കാരണം.

മൂന്നാറിലെ അനിയന്ത്രിതമായ തിരക്കാണ് കാരണം. പ്രത്യേകിച്ചും അവധി ദിവസങ്ങളിൽ മണിക്കൂറുകൾ വേണം അടിമാലിയിൽ നിന്നും മൂന്നാറിൽ എത്താൻ. മൂന്നാർ ടൌൺ കടന്നു പോകാൻ രണ്ടോ മൂന്നോ മണിക്കൂർ എടുക്കുന്നതും അപൂർവ്വമല്ല.

ഒരു വർഷം മുൻപാണ് ഞാൻ മൂന്നാർ വഴി അവസാനം പോയത്. മറയൂരിൽ നിന്നും തിരിച്ചു വരുന്ന വഴി ഉച്ച സമയത്ത് ഭക്ഷണം കിട്ടാൻ ഏറെ കഷ്ടപ്പെട്ടു. എല്ലാ ഹോട്ടലിലും വലിയ തിരക്കാണ്, ഭക്ഷണം കിട്ടണമെങ്കിൽ ഹോട്ടലിന് പുറത്ത് തന്നെ ഒരു മണിക്കൂർ കാത്തുനിൽക്കണം, പാർക്കിങ്ങിന്റെ കാര്യം പറയുകയേ വേണ്ട.

വിനോദ സഞ്ചാരത്തെപ്പറ്റിയുള്ള എന്റെ സങ്കല്പം ട്രാഫിക്കിൽ പെട്ട് കിടക്കുന്നതും ഭക്ഷണത്തിന് തിരക്ക് കൂട്ടുന്നതും ഒന്നുമല്ല. അതിനൊക്കെ ബാംഗ്ളൂരിലോ മറ്റോ പോയാൽ മതിയല്ലോ. 

1981 ലാണ് ഞാൻ ആദ്യമായി മൂന്നാറിൽ പോകുന്നത്. എൻറെ സുഹൃത്ത് ജോർട്ടിക്ക് കല്ലാറിൽ ഒരു ഏലത്തോട്ടമുണ്ട്. അവിടെ പോയി താമസിച്ച സമയത്ത് ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോൾ മൂന്നാറിൽ എത്തി. അക്കാലത്ത് മൂന്നാർ ഇന്നത്തെ പോലല്ല. രാവിലെ പോയാൽ പച്ചക്കറിച്ചന്തയും ആൾക്കൂട്ടവും ഒക്കെയുണ്ട്. ഉച്ച കഴിഞ്ഞാൽ മൂന്നാറിൽ ശ്മശാന മൂകതയാണ്. കച്ചവടങ്ങൾ ഒന്നും തന്നെ ഇല്ല. കണ്ണൻ ദേവൻ കന്പനിയുടെ ഒരു ക്ലബ്ബ് ഉണ്ട്, അവിടെ അതിശയകരമായ ടേസ്റ്റ് ഉള്ള ചായ കിട്ടും. ചിലപ്പോൾ നല്ല സാൻഡ്‌വിച്ചസും (ആദ്യമായിട്ട് സാൻഡ്‌വിച്ചസ് എന്ന് കേൾക്കുന്നത് പോലും അവിടെനിന്നാണ്).

അന്നും ഇന്നും മൂന്നാറിലേക്കും മൂന്നാറിന് അപ്പുറമുള്ള ദേവികുളത്തേക്കും മറയൂരിലേക്കുമുള്ള യാത്ര അതിമനോഹരമാണ്. കൃത്യമായി വെട്ടിനിറുത്തിയിരിക്കുന്ന തേയിലത്തോട്ടങ്ങൾ, നാട്ടിൽ ചൂടുള്ളപ്പോൾ പോലുമുള്ള നല്ല തണുപ്പ്, രാവിലേയും വൈകീട്ടും കോടമഞ്ഞുള്ള അന്തരീക്ഷം, താഴെ അന്നൊന്നും കാണാത്ത തരം പൂക്കൾ എല്ലാമാണ് അന്ന് മൂന്നാറിനെ ആകർഷകമാക്കിയതും ഇന്നും ആളുകളെ ആകർഷിക്കുന്നതും.

എന്നാൽ ആളുകളുടെ എണ്ണം ഇപ്പോൾ വല്ലാതെ കൂടി. ട്രാഫിക്ക് മാത്രമല്ല മലയിൽ എത്തുന്നവർക്കുള്ള താമസസൗകര്യം വേണ്ടത്ര ഇല്ലാത്തത്, ആളുകൾ കൂടുതൽ എത്തുന്നതിനാൽ നിയമവിധേയമായും അല്ലാതെയും ഉണ്ടായിരിക്കുന്ന നൂറുകണക്കിന് റിസോർട്ടുകളും ഹോംസ്റ്റേകളും, അവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ സൗകര്യങ്ങൾ ഇല്ലാത്തത്, പള്ളിവാസൽ പഞ്ചായത്ത് ഓഫിസിന് മുൻപിലുള്ള റോഡിൽ – പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെ സഞ്ചാരികളുടെ കണ്ണെത്താത്തിടത്ത് കന്പനി എസ്റേറ്റുകൾക്കിടയിലും മറ്റുമായി ഖരമാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നതും അത് മൂന്നാറിലെ വെള്ളത്തെ അശുദ്ധക്കുന്നതും എല്ലാം ഞാൻ അഞ്ചോ ആറോ വർഷം മുൻപ് അവിടെ പോയപ്പോൾ കണ്ടിരുന്നു. ഇതിലൊക്കെ ഇപ്പോൾ എന്തെങ്കിലും മാറ്റം വന്നോ എന്തോ?

ടൂറിസത്തിൻറെ ഒരു പ്രത്യേകത അത് ‘സെൽഫ് കറക്റ്റിംഗ്’ ആണെന്നതാണ്. നമ്മൾ സ്ഥിരം താമസിക്കുന്ന നഗരം മലിനമായാലും നമുക്കവിടെ ജീവിച്ചേ പറ്റൂ. പക്ഷെ ടൂറിസ്റ്റുകൾക്ക് മലിനമായ, താമസച്ചെലവ് അനാവശ്യമായി കൂടുന്ന, ട്രാഫിക്ക് കൂടുതൽ ഉള്ള, കൂടുതൽ ക്രൈം ഉള്ളതോ ആയ നഗരങ്ങളിൽ പോകേണ്ട ആവശ്യമില്ല. ടൂറിസം കേന്ദ്രങ്ങൾ നന്നായി സൂക്ഷിച്ചില്ലെങ്കിൽ ആളുകൾ വേറെ സ്ഥലം അന്വേഷിച്ചു പോകും. മൂന്നാറിലും ഇതാണ് സംഭവിക്കാൻ പോകുന്നത്.

യൂറോപ്പിൽ ധാരാളം ആളുകൾ വരുന്ന സ്ഥലമാണ് വെനീസ്. നഗരത്തിന്റെ കപ്പാസിറ്റിക്കപ്പുറം ആളുകൾ വരുന്ന ഒരു പ്രശ്നം അവിടെയുമുണ്ട്. ഇതിനെ കൈകാര്യം ചെയ്യാൻ വെനീസിൽ ഏപ്രിൽ മുതൽ ഒരു എൻട്രി ഫീ തീരുമാനിച്ചിട്ടുണ്ട്.

എൻറെ അഭിപ്രായത്തിൽ മൂന്നാറിലേക്ക് ഒരു എൻട്രി ഫീ വക്കേണ്ട സമയം അതിക്രമിച്ചു. വേണമെങ്കിൽ പ്രവർത്തി ദിവസവും അവധി ദിവസവും വ്യത്യസ്തമായ നിരക്ക് വെക്കാം. വരുന്ന ആളുകളുടെ എണ്ണത്തെ പറ്റി കൂടുതൽ കൃത്യമായ വിവരം കിട്ടും എന്ന് മാത്രമല്ല നഗരം കൂടുതൽ സൗന്ദര്യത്തോടെയും സൗകര്യങ്ങളോടെയും കൊണ്ടുനടക്കാനും സാധിക്കും.

ഒന്ന് ട്രൈ ചെയ്തു നോക്കുന്നതിൽ തെറ്റില്ലല്ലോ!

മുരളി തുമ്മാരുകുടി

Leave a Comment