പൊതു വിഭാഗം

മുന്നൂറാൻമാരുടെ അഹംഭാവം…

ഇന്ത്യയിൽ എത്ര യൂണിവേഴ്സിറ്റികളുണ്ടെന്ന ചോദ്യം ലളിതമാണെങ്കിലും കൃത്യമായ ഉത്തരമില്ല. അഫിലിയേറ്റഡ് യൂണിവേഴ്സിറ്റി, സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി, ആട്ടോണോമസ് യൂണിവേഴ്സിറ്റി തുടങ്ങി യു ജി സി നിയന്ത്രിക്കുന്നവ, പാർലമെന്റ് നിയമപ്രകാരം നേരിട്ടുണ്ടാക്കിയവ (ഐ ഐ ടി പോലെ) എന്നിങ്ങനെ പല വകുപ്പുകളിലായി ആയിരത്തോളം യൂണിവേഴ്സിറ്റികളുണ്ട് ഇന്ത്യയിൽ.
 
എണ്ണത്തിന് ഒരു കണക്കുമില്ലെന്ന് മാത്രമല്ല ഇവ തമ്മിൽ പരസ്പരം ബന്ധവുമില്ല. ഒരു യൂണിവേഴ്സിറ്റിയിൽ ഒരു വർഷം പഠിച്ച ആൾക്ക് മറ്റൊരു യൂണിവേഴ്സിറ്റിയിൽ പോയി രണ്ടാം വർഷം പഠിക്കാൻ സാധാരണനിലയിൽ സാധിക്കില്ല. ഒരു ഐ ഐ ടി യിൽ നിന്നും മറ്റൊരു ഐ ഐ റ്റിയിലേക്ക് പോലും കോഴ്സിനിടയിൽ മാറാൻ കഴിയില്ല.
 
ഇങ്ങനൊന്നുമല്ല ലോകത്ത് ഉന്നത വിദ്യാഭ്യാസം നടക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരു രാജ്യത്തെ യൂണിവേഴ്സിറ്റികൾ തമ്മിൽ മാത്രമല്ല വിവിധ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ പോലും പഠനത്തിനിടക്ക് പരസ്പരം പോയി പഠിക്കാനുള്ള സാഹചര്യമുണ്ട്. അങ്ങനെ പഠിക്കുന്നത് സർക്കാരുകൾ പ്രമോട്ട് ചെയ്യുന്നുണ്ട്. അങ്ങനെ ഒരു യൂറോപ്യൻ രാജ്യത്തെ യൂണിവേഴ്സിറ്റിയിൽ ചേർന്നതിന് ശേഷം മറ്റൊരു രാജ്യത്തെ യൂണിവേഴ്സിറ്റിയിൽ ഒരു വർഷമെങ്കിലും പോയി പഠിക്കാൻ സർക്കാർ സ്‌കോളർഷിപ്പുകൾ നൽകുന്നു. അങ്ങനെ പോകുന്നവർ മറ്റു രാജ്യത്തെ സംസ്കാരത്തെ, ഭാഷകളെ അറിയുന്നു. പലപ്പോഴും അവിടെ ജോലി ചെയ്യുന്നതോടൊപ്പം, ആ രാജ്യത്തെയോ അവിടെ പഠിക്കുന്ന മറ്റ് യൂറോപ്യൻ രാജ്യത്തെയോ ആളെ പങ്കാളിയായി കണ്ടെത്തുന്നു. അങ്ങനെ പഠനത്തിനിടക്ക് വിവാഹം കഴിച്ചവർക്കുണ്ടായ ലക്ഷക്കണക്കിന് കുട്ടികളെ യുറോ ബേബീസ് എന്നാണ് പറയുന്നത്. യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ വക്താക്കൾ ഇവരാണ്.
 
ലോകം ഇങ്ങനെയായിരിക്കുന്പോഴാണ് ഒരു രാജ്യത്തിനുള്ളിൽ പോയിട്ട് സംസ്ഥാനത്തിനുള്ളിലെ സർവ്വകലാശാലകളിൽ പോലും പോയി പഠിക്കാൻ നമുക്ക് അവസരമില്ലാത്തത്. ഒരേ കുന്നിന്റെ മുകളിലുള്ള കോതമംഗലത്തെ എഞ്ചിനീയറിങ്ങ് കോളേജും ആർട്സ് കോളേജും പണ്ട് കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു. എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന ഞങ്ങൾക്ക് അവിടെ പോയി പ്രൊഫസർ കെ എം തരകനെ പോലുള്ള ഇംഗ്ളീഷ് അധ്യാപകരിൽ നിന്ന് ഇംഗ്ളീഷ് പഠിക്കണമെന്നും, അവിടുത്തെ കുട്ടികൾക്ക് എഞ്ചിനീയറിങ്ങ് കോളേജിലെ അധ്യാപകരിൽ നിന്ന് കണക്കും കന്പ്യൂട്ടറും പഠിക്കണമെന്നുമുണ്ടായിരുന്നു. എത്ര ഗുണകരമാകുമായിരുന്ന കാര്യമായിരുന്നു! മനോഹരമായ പ്രേമങ്ങൾ എത്ര ഉണ്ടായേനെ? നമ്മുടെ മണ്ടൻ നിയമങ്ങളിൽ ഒന്നിനും സാധ്യതയില്ലായിരുന്നു…
 
ഇക്കാര്യങ്ങൾ ഞാൻ പറയുന്പോൾ പലപ്പോഴും ആളുകൾ പറയുന്ന കാര്യമാണ്, പല യൂണിവേഴ്സിറ്റികളും പല നിലവാരത്തിൽ ഉള്ളതായതിനാൽ അവയെ തമ്മിൽ എങ്ങനെയാണ് ബന്ധിപ്പിക്കുന്നത് എന്ന്. ഈ ചോദ്യങ്ങളെല്ലാം മറ്റു രാജ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തി പരിഹരിച്ചിട്ടുള്ളതാണ്.
ഈ വർഷത്തെ ടൈംസ് ആഗോള യൂണിവേഴ്സിറ്റി റാങ്കിങ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റിക്കും ആദ്യത്തെ മുന്നൂറു റാങ്കിൽ സ്ഥാനമില്ല. ഈ മുന്നൂറു റാങ്കിനും അപ്പുറെ കിടക്കുന്നവരാണ് നിലവാരത്തെക്കുറിച്ച് പരസ്പരം കുറ്റപ്പെടുത്തുന്നത്.
കഷ്ടം തന്നെ മൊയ്‌ലാളീ…
 
(കൂട്ടത്തിൽ ഒരു ലിങ്ക് പോസ്റ്റ് ചെയ്തപ്പോൾ റീച്ച് പത്തിലൊന്നായി. എൻറെ സുക്കറണ്ണാ. ഇതല്പം കടുപ്പമാണ്).
 
മുരളി തുമ്മാരുകുടി

Leave a Comment