പൊതു വിഭാഗം

മിലേനിയൽസിന്റെ കുഴപ്പം…

ആ ധനകാര്യമന്ത്രി പറഞ്ഞത് പരിഛേദം അങ്ങട് തള്ളിക്കളയണ്ട… ഈ മിലേനിയൽസിന് എന്തോ ഒരു കൊഴപ്പണ്ട്…..!!! കൊഴപ്പ്ണ്ട്…
 
ഇതിപ്പോ ഇന്ത്യയിലെ കാര്യം മാത്രമല്ല, ലോകത്തെല്ലാം ഇത് തന്നെ സ്ഥിതി. സ്വീഡനിൽ യൂബർ ഉണ്ടെന്ന ധൈര്യത്താൽ അവർ കാറ് വാങ്ങുന്നില്ലെന്നു മാത്രമല്ല, ഡ്രൈവിങ്ങ് പോലും പഠിക്കുന്നില്ല.
സ്വിറ്റ്‌സർലന്റിൽ ആയുഷ്‌ക്കാലത്ത് വീട് വാങ്ങാം എന്ന പരിപാടി തന്നെ അവർ ഉപേക്ഷിച്ചു. ഉള്ള കാശും വായ്പയും എടുത്ത് എടുത്താൽ പൊങ്ങാത്ത വീടുണ്ടാക്കി വാടകക്ക് കൊടുക്കാൻ മണ്ടന്മാർ ക്യു നിൽക്കുന്പോൾ എന്തിനാണ് വെറുതെ വീട് മേടിച്ചു കഷ്ടപ്പെടുന്നത്.
 
ചരിത്രത്തിലെ മറ്റേതൊരു തലമുറയെക്കാളും ലോകമെന്പാടും പരസ്പരബന്ധിതമാണ് മിലേനിയൽസ്. സ്വീഡനിലും സ്വിറ്റ്സർലണ്ടിലുമുള്ള പയ്യന്മാരും പയ്യത്തികളും ചെയ്യുന്നത് ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും പയ്യന്മാരും പയ്യത്തിമാരും കണ്ടുപഠിക്കും. നമ്മുടെ മഹത്തായ സംസ്കാരമായ അറേൻജ്‌ഡ്‌ മാര്യേജ് ഒരു തലമുറ കടക്കില്ല. കല്യാണത്തിന്റെ കാര്യവും കണക്കാ…
 
എന്നുവെച്ച് മുഴുവൻ സാന്പത്തിക പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം അവരുടെ തലയിൽ വച്ചുകെട്ടേണ്ട. കാറും ഫ്ലാറ്റും വാങ്ങാതെ അവർ ചുമ്മാതിരിക്കുകയല്ല, കയ്യിലുള്ള കാശ് ഏറ്റവും വേഗത്തിൽ ചിലവാക്കുകയാണ്.
 
പണം കല്യാണച്ചിലവിനും സ്വർണ്ണം മേടിക്കാനും മാറ്റിവക്കാതെ അവർ ഹണിമൂൺ യാത്രകൾക്കായി ചിലവാക്കുന്നുണ്ട് (ചിലപ്പോൾ കല്യാണത്തിന് മുൻപ് തന്നെ) . അതുകൊണ്ട് തന്നെ മിലേനിയൽസ് നമ്മുടെ സന്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിൽ അത് പോസിറ്റിവ് ആവാനേ തരമുള്ളൂ.
 
ഷഡ്ഢിമാന്ദ്യം ഉൾപ്പടെയുള്ള സാന്പത്തികപ്രശ്നങ്ങളുടെ ഉത്തരം മിലേനിയൽസിന്റെ ഷഡിയിൽ തപ്പി നോക്കാതിരിക്കുന്നതാണ് ബുദ്ധി.
 
മുരളി തുമ്മാരുകുടി
 

Leave a Comment