റോബോട്ടുകളും നിർമ്മിത ബുദ്ധിയും ലോകത്തെ അടക്കിവാഴുന്ന ഭാവിയെപ്പറ്റി ഞാൻ പലപ്പോഴും എഴുതിയിരുന്നുവല്ലോ. അക്കാലത്ത് ലോകത്ത് ബഹുഭൂരിപക്ഷം ആളുകൾക്കും പണി ഇല്ലാതായേക്കാമെന്നും, ആ സാഹചര്യത്തിൽ രാജ്യത്തെ എല്ലാവർക്കും എല്ലാ മാസവും സർക്കാർ ഒരു നിശ്ചിത തുക (Universal Basic Income) കൊടുക്കുന്ന കാലം ഉണ്ടാകുമെന്നും ആണ് ഞാൻ പറയാറുള്ളത്. ഇതെന്റെ സ്വന്തം ആശയമൊന്നുമല്ല, പല രാജ്യങ്ങളും അതിനെ പറ്റി ചിന്തിക്കുന്നു, ചിലർ പൈലറ്റ് ചെയ്യുന്നു, സ്വിറ്റ്‌സർലൻഡ് ഇങ്ങനെ ഒരു സംവിധാനം ഏർപ്പെടുത്തുന്നതിനായി രണ്ടു വർഷം മുൻപ് തന്നെ അവിടെ ഒരു റഫറണ്ടം നടത്തിയിരുന്നു.
ഇതൊക്കെ ഒരു ഉട്ടോപ്യൻ ആശയമായിട്ടാണ് ആളുകൾ കരുതിയിരുന്നത്. നമ്മൾ നമ്മൾ പ്രതീക്ഷിക്കാത്ത വേഗത്തിൽ പ്രതീക്ഷിക്കാത്ത കാരണങ്ങളാൽ ഈ ചോദ്യം നമ്മുടെ നേരെ വരികയാണ്.
ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇപ്പോൾ ലോക്ക് ഡൗണിൽ ആണ്. ജനജീവിതം നിലനിർത്താനുള്ള അത്യാവശ്യ സർവീസുകൾ മാത്രമാണ് ഇപ്പോൾ മിക്കയിടത്തും പ്രവർത്തിക്കുന്നത്. വീട്ടിൽ നിന്നും ചെയ്യാവുന്ന തൊഴിലുകളുള്ള വിഭാഗങ്ങളിൽ അതും കുറച്ചു നടക്കുന്നുണ്ട്. എന്നാലും ലോകത്തെ ബഹുഭൂരിപക്ഷം നാടുകളിലും ബഹുഭൂരിപക്ഷം ആളുകളും തൊഴിലില്ലാതെ വീട്ടിൽ ഇരിക്കുകയാണ്.
അമേരിക്കയിൽ ഈ ലോക്ക് ഡൌൺ തുടങ്ങിയതിനു ശേഷം 66 ലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. ടൂറിസം രംഗത്ത് തന്നെ ലോക വ്യാപകമായി അഞ്ചുകോടി തൊഴിലുകൾ ഇല്ലാതാകുമെന്ന് ലോക ടൂറിസം ട്രാവൽ കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊറോണ രണ്ടര കോടി ജോലികൾ ഇല്ലാതാക്കുമെന്ന് അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനും പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറെ ജോലികൾ അസംഘടിത മേഖലയിൽ ആയതിനാൽ എത്ര ജോലികൾ നഷ്ടപ്പെടുമെന്നതിന്റെ കണക്കില്ല, കോടിക്കണക്കിന് ആളുകൾ, പ്രവാസി തൊഴിലാളികൾ ഉൾപ്പടെ, വീട്ടിലിരിക്കുകയാണല്ലോ.
ലോകത്തെവിടെയുമുള്ള രാജ്യങ്ങൾ വലിയൊരു ധർമ്മസങ്കടത്തിലാണ്. ആളുകൾ വീട്ടിലിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ലെങ്കിൽ കൊറോണബാധിതരുടെ എണ്ണം അതിവേഗം കൂടും, ആരോഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യുന്നതിന് അപ്പുറത്ത് കാര്യങ്ങൾ എത്തും, മരണ നിരക്ക് കൂടും. അതേസമയം വീട്ടിലിരിക്കുന്നവരുടെ ഭക്ഷണം, ആരോഗ്യം, മറ്റു ന്യായമായ ചിലവുകൾ ഇവക്ക് സൗകര്യം ഉണ്ടാക്കിയില്ലെങ്കിൽ അത് പട്ടിണിയിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിക്കും. ഇത് പൊതുജനാരോഗ്യത്തെയും കൊറോണാവ്യാപനത്തെയും മോശമായി ബാധിക്കും. ഈ രണ്ടു കാര്യങ്ങളും നടപ്പിലാക്കേണ്ടത് ഇക്കോണമി ഏതാണ്ട് നിന്ന നിൽപ്പിലേക്ക് വരുന്ന, അങ്ങനെ സർക്കാർ വരുമാനം കുറയുന്ന, ഒരു സാഹചര്യത്തിലാണ്. സർക്കാരുകൾ എന്ത് ചെയ്യും?
കൊറോണയെ നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ പരിധിക്കുള്ളിൽ പിടിച്ചുകെട്ടുന്ന കാലത്തോളം നമുക്ക് ആളുകളുടെ രണ്ടു കാര്യത്തിൽ മാത്രമേ ശ്രദ്ധിക്കാൻ പറ്റൂ.
1. ഭക്ഷണം
2. ആരോഗ്യം
ലോക്ക് ഡൌൺ ആയിരിക്കുന്ന രാജ്യത്തിലെ എല്ലാവർക്കും ഭക്ഷണവും ആരോഗ്യ സുരക്ഷയും നമുക്ക് ഉറപ്പ് വരുത്തണം. അതിന് എന്ത് ചെയ്യാൻ സാധിക്കും?
ഈ സാഹചര്യത്തിൽ യൂണിവേഴ്സൽ ബേസിക് ഇൻകം വീണ്ടും പ്രസക്തമാവുകയാണ്.
1. ഇന്ത്യയിലെ എല്ലാ ആളുകൾക്കും ഈ ലോക്ക് ഡൌൺ നിലനിൽക്കുന്ന ഓരോ ആഴ്ചയിലും ഒരു നിശ്ചിത തുക സർക്കാരിൽ നിന്നും നൽകുക. മുതിർന്നവർക്കും കുട്ടികൾക്കും, ഗ്രാമത്തിലും നഗരത്തിലും ഉള്ളവർക്ക് എന്നിങ്ങനെ ചെറിയ മാറ്റങ്ങൾ ആകാം. (നഗരത്തിൽ എല്ലാത്തിനും ചിലവ് കൂടുതലായത് കൊണ്ട്).
2. ഭക്ഷണവസ്തുക്കളുടെ, പാചക ഇന്ധനത്തിന്റെ വില കർശനമായി നിയന്ത്രിക്കുക, ലഭ്യത ഉറപ്പാക്കുക. ആളുകൾക്ക് കിട്ടുന്ന പണം കൊണ്ട് ആളുകൾക്ക് ആവശ്യമായ ആഹാരം കിട്ടുമെന്ന് ഉറപ്പാക്കുക.
3. ആരോഗ്യ സംവിധാനങ്ങൾക്ക് ഒരു യൂണിവേഴ്സൽ ഇൻഷുറൻസ് ഏർപ്പെടുത്തുക. തൽക്കാലം പ്രീമിയം സർക്കാർ അടക്കുമെന്ന് പറയുക. സർക്കാരും സ്വകാര്യവുമായ എല്ലാ ആശുപത്രികളിലെ എല്ലാ അത്യാവശ്യ ചികിത്സകളും പൂർണ്ണമായും സൗജന്യമാക്കുക.
4. വാടക കൊടുക്കുന്നതിനും വായ്പ തിരിച്ചടക്കുന്നതിനും ഇപ്പോൾ തന്നെ സർക്കാർ സാവകാശം കൊടുത്തുവല്ലോ. അത് ഈ പ്രതിസന്ധി തീരുന്നത് വരെ തുടരുക.
5. ലോക്ക് ഡൌൺ നിലനിൽക്കുന്നിടത്തോളം കാലം അത്യാവശ്യ സർവീസുകളിൽ (നമ്മുടെ ആരോഗ്യവും ഭക്ഷണവും സുരക്ഷയും വൈദുതിയും ഇന്റർനെറ്റും ഇന്ധനങ്ങളും ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യുന്നവർ) ഒഴിച്ചുള്ളവരുടെ ശന്പളവും പെൻഷനും യൂണിവേഴ്സൽ ബേസിക് ഇൻകം എന്താണോ അതിന്റെ ഒപ്പമോ അല്പം കൂടുതലോ ആയി നിയന്ത്രിക്കുക.
അങ്ങനെ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്ന ചിന്ത പ്രയോഗികമാക്കുക. മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന മാവേലി നാടിനെ വരവേൽക്കുക.
മുരളി തുമ്മാരുകുടി
Leave a Comment