സ്കൂളുകളും ആശുപത്രികളും സ്മാർട്ടാവുന്ന കാര്യം നമുക്കറിയാം. പക്ഷെ ജയിൽ?
“സാർ, ഞാൻ അനിൽകുമാർ. പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ടാണ്. ഒരു ദിവസം താങ്കൾ ജയിൽ സന്ദർശിക്കാൻ വരുമോ?”
ഫെബ്രുവരി ഒന്നാമത്തെ ആഴ്ച അപ്രതീക്ഷിതമായാണ് ഇങ്ങനെ ഒരു സന്ദേശം എനിക്ക് കിട്ടുന്നത്. ലോകം ഏറെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ജയിൽ സന്ദർശിച്ചിട്ടില്ല. അതിനാൽ അല്പം ക്യൂരിയോസിറ്റി ഉണ്ട്. ഫെബ്രുവരി പകുതിയോടെ തിരിച്ച് പോകാൻ പ്ലാൻ ഇട്ടിരുന്നതിനാൽ ഈ വരവിൽ നടക്കുമെന്ന് കരുതിയില്ല.
“തൽക്കാലം പാലക്കാട് വരാൻ പ്ലാനൊന്നുമില്ല. എപ്പോഴെങ്കിലും അവിടെ വന്നാൽ തീർച്ചയായും എത്താം.” എന്ന് മറുപടി കൊടുത്തു.
“സാർ, പാലക്കാട് ജില്ലാ ജയിൽ പാലക്കാട്ടല്ല. മലന്പുഴയിലാണ്.”
അപ്പോൾ കാര്യങ്ങൾ എളുപ്പമായി. കാരണം കുറെ നാളുകളായി ഞാൻ ഐ ഐ ടിയിൽ പോകാൻ പ്ലാനിടുകയാണ്. അതും മലന്പുഴയുടെ അടുത്താണ്. ഒറ്റ ട്രിപ്പിൾ രണ്ടു കാര്യവും നടക്കും.
അങ്ങനെയാണ് ഫെബ്രുവരിയിലെ പോക്ക് മാർച്ചിലേക്കാക്കിയപ്പോൾ അധികം കിട്ടിയ സമയത്ത്, ഫെബ്രുവരി 12 ന് ഞാൻ മലന്പുഴയിലെത്തുന്നത്.
കേരളത്തിലെ ഏറ്റവും പുതിയ ജയിലാണ് മലന്പുഴയിലേത്. പാലക്കാട് കോട്ടയ്ക്കകത്തായിരുന്നു മുൻപ് പാലക്കാട് ജില്ലാ ജയിൽ. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണങ്ങളുള്ളതിനാൽ അവിടെ ജയിൽ നവീകരണം സാധ്യമല്ലാത്തതുകൊണ്ടാണ് മലന്പുഴയിൽ പുതിയ ജയിൽ നിർമ്മിക്കാൻ തീരുമാനമാകുന്നത്.
എട്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് മലന്പുഴയിലെ ജയിൽ സ്ഥിതിചെയ്യുന്നത്. വലിയ ചുറ്റുമതിലും ഇരുന്പിന്റെ വലിയ ഗേറ്റിൽ ഒരാൾക്ക് മാത്രം കടന്നുപോകാവുന്ന ചെറിയ വാതിലും പതിവ് പോലെ ഉണ്ട്. എന്നാൽ അവിടെ എന്നെ കാണിച്ചുതരണമെന്ന് അനിൽകുമാർ ആഗ്രഹിച്ചത് ഇതൊന്നുമല്ല, സർക്കാർ ചട്ടക്കൂടുകളുടെ പരിമിതിയിൽ നിന്നുകൊണ്ട് അദ്ദേഹം അവിടെ സാധിച്ചെടുത്ത ചില നല്ല കാര്യങ്ങൾ ആണ്.
മലന്പുഴ ഡാമിന് വളരെ അടുത്ത് മെയിൻ റോഡിൽ നിന്നും അല്പം മാറിയാണ് ജയിൽ. ജയിൽ കാന്പസിനകത്ത് എത്തുന്നതിന് മുൻപ് തന്നെ നന്നായി കൃഷി ചെയ്തിരിക്കുന്നത് കാണാം. ജയിൽ കാംപസിനകത്തും പുറത്തും വ്യാപകമായി കൃഷി നടക്കുന്നു. നെല്ല്, റാഗി, കപ്പ, മധുരക്കിഴങ്ങ്, ചെണ്ടുമല്ലി, കാരറ്റ്, പെരും ജീരകം തുടങ്ങി മുപ്പതോളം വിളകളാണ് അവിടെ കൃഷി ചെയ്യുന്നത്. ഒരു വർഷത്തെ വിളവ് ജയിലിലെ ആവശ്യത്തിന് ഉപയോഗിക്കുന്നതിലൂടെ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ചിലവ് കുറഞ്ഞു. പൂവ് വിറ്റ് പണം സർക്കാരിലേക്ക് വന്നു.
ജയിലിന്റെ മുകൾഭാഗത്ത് കെ എസ് ഇ ബി യുമായുള്ള ധാരണപ്രകാരം സോളാറാണ് സ്ഥാപിച്ചിരിക്കുന്നത്. 77 KW വൈദ്യുതിയാണ് അവിടെ ഉദ്പാദിപ്പിക്കുന്നത്. ഏകദേശം ഒരു കോടി രൂപയുടെ ചിലവ് വരുന്ന ഈ പദ്ധതി മുഴുവനായും സ്പോൺസർ ചെയ്യപ്പെട്ടതാണ്.
ജയിലിലെ മാലിന്യങ്ങളിൽ നിന്നും ഉത്പാദിപ്പിച്ച ബയോഗ്യാസ് അവിടുത്തെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. പരിസ്ഥിതി സൗഹൃദത്തിന് പുറമേ സാന്പത്തികലാഭവും ഇവിടെയുണ്ട്.
ജയിലിൽ ഉണ്ടാക്കുന്ന ചിത്രമതിൽ ഉദ്ഘാടനം ചെയ്യണമെന്നും അനിൽകുമാർ എന്നോട് പറഞ്ഞിരുന്നു. പ്രമുഖ ചിത്രകാരനായ രവിദാസ് അടങ്ങുന്ന ചിത്രകാരന്മാരും ചിത്ര കല നടത്തുന്ന വിദ്യാർത്ഥികളുടെ സംഘവും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. അതിൽ ഒരു മ്യുറലിന്റെ മിഴി വരയ്ക്കുന്ന ‘നേത്രോന്മീലനം’ എന്ന കർമം നിർവഹിച്ചാണ് പെയിന്റിംഗ് ഉദ്ഘാടനം ചെയ്തത്.
കൃഷിയും സോളാറും മാത്രമല്ല നമ്മുടെ ജയിലുകളും സ്മാർട്ടാവുകയാണ്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഓൺലൈനായി കോടതിയിൽ ഹാജരാകാനുള്ള സൗകര്യമാണ്. കോടതിയിൽ നമ്മൾ കാണുന്നതുപോലുള്ള ഒരു സാക്ഷിക്കൂട്, അതിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജഡ്ജിക്ക് പ്രതിയെയും പ്രതിക്ക് കോടതിയെയും മോണിറ്ററിൽ കാണാം. ഇത് കൊറോണക്കാലത്തെ പുതിയ രീതിയാണ്.
ഇത് സാർവത്രികമാക്കണം. കേരളത്തിലെ കോടതിയിൽ ഒരു സാക്ഷി പറയാൻ വേണ്ടി വിദേശത്ത് നിന്ന് ആളുകൾ വരേണ്ടിയിരുന്ന കാലം ഞാൻ ഓർക്കുന്നു. പലപ്പോഴും കേസ് വിളിക്കുകയുമില്ല. അഥവാ വിളിച്ചാൽ തന്നെ അഞ്ചു മിനിറ്റ് നേരത്തെ നടപടിക്രമങ്ങൾ മാത്രമേ ഉണ്ടാകുകയുമുള്ളൂ. ഇതൊക്കെ വീഡിയോ കോൺഫറൻസ് ആയാൽ എത്രയോ പേരുടെ യാത്രകൾ ഒഴിവാക്കാമായിരുന്നു, കോടതിയിലെ തിരക്കും. കൊറോണ കഴിഞ്ഞാലും ഇത്തരം നല്ല രീതികൾ തുടരുമെന്ന് കരുതാം. ഇപ്പോൾ തന്നെ ഐ എസ് ഒ അംഗീകാരമുള്ള ജയിൽ ആകാനാണ് അനിലിന്റേയും ടീമിന്റേയും ശ്രമം.
എല്ലാ ജയിലിലും ഒരു ലൈബ്രറി ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പാലക്കാട് ജയിലിലുമുണ്ട്. അത്ര വലുതല്ലെങ്കിലും മോശമല്ലാത്ത കളക്ഷൻ അവിടെയുണ്ട്. കൂടുതൽ പ്രധാനം പ്രതിദിനം നൂറോളം പേർ അത് ഉപയോഗപ്പെടുത്തുന്നു എന്നതാണ്. നാട്ടിലെ വായനശാലകളിൽ പത്തു പേരുടെ എണ്ണം തികക്കാൻ ലൈബ്രേറിയന്മാർ പാടുപെടുകയാണ്. ജയിലിലെ ലൈബ്രറിയിലേക്ക് ‘തുമ്മാരുകുടി കഥകൾ’ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ സമ്മാനിച്ചു. (ജയിലിലുള്ളവരെ വീണ്ടും ശിക്ഷിക്കണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു).
പാലക്കാട് ജയിലിൽ തൊണ്ണൂറു ശതമാനവും വിചാരണത്തടവുകാരാണ്. അവരോട് അരമണിക്കൂർ സംസാരിച്ചു. ജയിൽ എന്നത് ശിക്ഷിക്കാനുള്ള ഒരു സ്ഥലമാണെന്ന ചിന്താഗതി ലോകത്ത് മാറി എന്നും ജയിൽ എന്ന വാക്ക് തന്നെ ‘കറക്ഷണൽ സെന്റർ’ എന്ന പേരിലേക്ക് മാറി എന്നും ഞാനവരോട് പറഞ്ഞു. എത്ര തന്നെ ആധുനികമാണെങ്കിലും, ജയിലിന് പുറത്തുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അത് അവർക്കെല്ലാവർക്കും ഏറ്റവും വേഗം സാധിക്കട്ടെ എന്നും ആശംസിച്ചു.
പാലക്കാട് നിന്നുള്ള യാത്രയിൽ ഞാൻ ജയിലുകളെ പറ്റി ചിന്തിക്കുകയായിരുന്നു. മറ്റേതൊരു രംഗത്തേയും പോലെ ജയിൽ എന്ന വിഷയത്തിലും ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ജയിലിന് അകത്തേക്ക് പോകുന്നവരുടെ എണ്ണം പരമാവധി കുറക്കുക എന്നതാണ് ഇപ്പോഴത്തെ ലോകത്തെ രീതി. ആദ്യമായി കുറ്റങ്ങൾ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷ വിധിക്കുന്പോൾ പോലും അത് “suspended sentence” ആയിട്ടാണ് പലപ്പോഴും കൊടുക്കാറ്, അതായത് വേറെ പുതിയ കുറ്റങ്ങൾ ചെയ്തില്ലെങ്കിൽ ആളുകൾക്ക് ജയിലേക്ക് പോകേണ്ടി വരില്ല. ജയിൽ ശിക്ഷ വിധിച്ചാലും ജയിലിൽ പോകാതെ വീടിനകത്ത് തന്നെ പുറത്തിറങ്ങാതെ മോണിറ്ററിങ്ങ് സംവിധാനത്തിൽ ഇരിക്കുന്ന രീതിയുണ്ട്. ജയിൽ തന്നെ സ്വകാര്യവൽക്കരിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ ഒന്നും കേരളത്തിൽ എത്തിയിട്ടില്ലെങ്കിലും നമ്മുടെ നിയമങ്ങളുടെ പരിമിതിക്കുള്ളിൽ വ്യത്യസ്തമായ രീതിയിൽ ഈ ജയിൽ നടത്തിക്കൊണ്ടുപോകുന്ന സുപ്രണ്ടിനും സഹപ്രവർത്തകർക്കും എന്റെ അനുമോദനങ്ങൾ!
വായനക്കാരോട് ഒരു കാര്യം ആവശ്യപ്പെടാനുണ്ട്. ജയിലിലെ ലൈബ്രറിയിലേക്ക് മലയാളം, തമിഴ്, ബംഗാളി, ഇംഗ്ളീഷ് എന്നീ ഭാഷകളിലെ പുസ്തകങ്ങൾ കൂടുതൽ ആവശ്യമുണ്ട്. നിങ്ങൾ എഴുതിയ പുസ്തകങ്ങളോ, നിങ്ങൾ വായിച്ചതിന് ശേഷം നിങ്ങളുടെ കയ്യിലുള്ള പുസ്തകമോ ആകാം. അവ ജയിലിലേക്ക് അയച്ചാൽ അത് വലിയ ഉപകാരം ആകും. അയക്കേണ്ട വിലാസം.
Superintendent
District Jail
Malampuzha, Palakkad
Kerala 678 651
മുരളി തുമ്മാരുകുടി.















Leave a Comment