ഒറ്റ ദിവസം മൂന്ന് പോസ്റ്ററുകൾ ആണ് ഞാൻ കാണുന്നത്. സി പി എമ്മും കോൺഗ്രസ്സും സോഷ്യൽ മീഡിയ വാളണ്ടിയർമാരെ ക്ഷണിക്കുന്ന തമാശ കലർത്തിയുള്ള പോസ്റ്റർ ആദ്യം. മൂന്ന് കാര്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒന്ന്, തിരഞ്ഞെടുപ്പിനെക്കുറിച്ച് എല്ലാവരും ചിന്തിച്ചു തുടങ്ങി. രണ്ട്, സമൂഹ മാധ്യമങ്ങൾ മറ്റു മാധ്യമങ്ങളെ പോലെ പ്രധാനമാണ് എന്ന് പാർട്ടികൾ ശരിക്ക് മനസ്സിലാക്കിക്കഴിഞ്ഞു. മൂന്ന്, പുതിയ തലമുറയുടെ അടുത്തെത്താൻ പഴയ തരത്തിലുള്ള സീരിയസ് രാഷ്ട്രീയം ഒന്നും നടക്കില്ലെന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്.
2025 ആകുന്നതോടെ നമ്മുടെ വോട്ടർമാരിൽ എൺപത് ശതമാനവും ഓൺലൈൻ ആകും. ആ കാലത്ത് മൈതാന പ്രസംഗവും റാലിയും എല്ലാം മ്യൂസിയം പീസ് ആകും. രാഷ്ട്രീയ യുദ്ധങ്ങൾ തുടങ്ങുന്നതും ജയിക്കുന്നതും സമൂഹമാധ്യമത്തിലാകും. പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കാൻ ഇന്നത്തെപോലെയുള്ള ബുദ്ധിമുട്ടുണ്ടാകില്ല. അതുകൊണ്ടാണ് 2026-ലെ കേരള തിരഞ്ഞെടുപ്പാണ് എൻറെ യഥാർത്ഥ ലക്ഷ്യമെന്ന് ഞാൻ എപ്പോഴും പറയാറ്. അടുത്ത തിരഞ്ഞെടുപ്പാണ് ലോകം എന്ന് കരുതുന്നവർ ഇതൊന്നും കാര്യമായി എടുക്കുന്നില്ല.
മൂന്നാമത്തെ പോസ്റ്റർ ഫേക്ക് ന്യൂസ് കണ്ടുപിടിക്കുന്നതിനെ പറ്റിയാണ്. ഈ തിരഞ്ഞെടുപ്പും ഇനി വരാനുളളതും ഫേക്ക് ന്യൂസ് കൊണ്ട് സമൃദ്ധം ആയിരിക്കും. നമ്മുടെ നാട്ടിലും വിദേശത്തും ഇരുന്ന് ആളുകൾ അത് പടച്ചു വിടും. ഫേസ്ബുക്ക് പോലുള്ള സംവിധാനങ്ങൾ അവ നമ്മുടെ മുന്നിൽ എത്തിക്കും. പൊട്ടന്മാരായ നമ്മൾ അത് വാട്ട്സ് ആപ്പ് വഴി ചുറ്റും പരത്തും. കൂടുതൽ ആളുകളും അത് വിശ്വസിക്കും. പതുക്കെ പതുക്കെ അത് ജനാധിപത്യത്തെ ഞെക്കി കൊല്ലും. അതിനെതിരെയുള്ള യുദ്ധം വിജയിക്കാൻ പറ്റുന്ന ഒന്നല്ല. പക്ഷെ, ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ.
മുരളി തുമ്മാരുകുടി
Leave a Comment