മുണ്ടക്കൈ ദുരന്തം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും അത് വയനാട്ടിലെ ടൂറിസം രംഗത്തിന് ഉണ്ടാക്കിയ ആഘാതത്തിന് കുറവ് വന്നിട്ടില്ലെന്നാണ് ആ രംഗത്ത് നിന്നുള്ളവർ പറയുന്നത്.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും ബാധിച്ചത് ചെറിയൊരു പ്രദേശത്ത് ആയിരുന്നുവെങ്കിലും വയനാട് ഡിസാസ്റ്റർ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം വായനാട്ടിലേക്കുള്ള യാത്ര ആളുകൾ ഒഴിവാക്കി. കേരളത്തിൽ കുന്നിൻചെരിവുകളിലാണ് ദുരന്തമുണ്ടായത് എന്നതിനാൽ മൊത്തം കേരളത്തിലെ ഹൈറേഞ്ച് ടൂറിസത്തിലും ഈ ദുരന്തം നിഴൽ വീഴ്ത്തിയിട്ടുണ്ട്.
സാധാരണഗതിയിൽ തന്നെ മഴക്കാലം ഹൈറേഞ്ച് ടൂറിസത്തിന് ചീത്ത കാലമാണ്. കൂടിയ മഴ ഉണ്ടായാൽ “ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്ര കളക്ടർ നിരോധിക്കും”, പക്ഷെ രണ്ടാമത് ഒരു നിരോധനം വരുന്നത് വരെ ആദ്യത്തെ നിരോധനം മാറ്റുന്ന അറിയിപ്പ് വരാറില്ല എന്നാണ് ഹൈറേഞ്ചിൽ ഹോം സ്റ്റേ നടത്തുന്ന സുഹൃത്തുക്കൾ പറയുന്നത്.
മാസങ്ങൾക്ക് മുൻപാണ് ആളുകൾ ടൂർ ബുക്ക് ചെയ്യുന്നത്. പെട്ടെന്ന് മൊത്തമായി ടൂറിസം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടാകുമ്പോൾ അത് ടൂറിസ്റ്റുകൾക്ക് വലിയ ഇച്ഛാഭംഗം ഉണ്ടാക്കുന്നു. പല വെബ്‌സൈറ്റുകളും ബുക്ക് ചെയ്ത പണം സമയത്തിന് തിരിച്ചു കൊടുത്തു എന്ന് വരില്ല. ഹോട്ടൽ ചാർജ്ജ് തിരിച്ചുകിട്ടിയാലും ഫ്ലൈറ്റ് ക്യാൻസലേഷന് ചാർജ്ജുണ്ടാകും. ഇക്കാര്യത്തിൽ തീർത്തും നിരപരാധിയായ ഹോം സ്റ്റേയുടെ ഗൂഗിൾ റേറ്റിങ്ങിലോ ബുക്കിങ്ങ് റിവ്യൂവിലോ ആകും ഇത്തരത്തിൽ നിരാശരായ ടൂറിസ്റ്റുകൾ ദേഷ്യം തീർക്കുന്നത്. അതോടെ ധനനഷ്ടം മാത്രമല്ല മാനനഷ്ടവും ബിസിനസ്സ് നഷ്ടവും ഉണ്ടാകും.
അതുകൊണ്ട് തന്നെ ടൂറിസ്റ്റുകൾ ഹൈറേഞ്ചിലേക്ക് വരുന്നത് നിരോധിക്കുന്നത് പോലുള്ള കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വവും, ഏറ്റവും അവസാനത്തെ കയ്യും ആയി ചെയ്യേണ്ട ഒന്നാണ്. ഇക്കാര്യത്തിൽ ടൂറിസം ഓപ്പറേറ്റർമാരെ വിശ്വാസത്തിൽ എടുക്കണം.
ഹൈറേഞ്ച് ടൂറിസത്തിന് വേണ്ടി മാത്രമായി നമുക്ക് ഒരു ദുരന്ത നിവാരണ സംവിധാനം ഉണ്ടാക്കാം. എന്തൊക്കെയാണ് ദുരന്ത സാദ്ധ്യതകൾ, ഒരു ദുരന്തം ഉണ്ടാകുമ്പോൾ ടൂറിസ്റ്റുകളുടെ സുരക്ഷക്ക് എന്ത് ചെയ്യണം എന്ന് ഹോട്ടൽ, ഹോം സ്റ്റേ, അഡ്വെഞ്ചർ ടൂറിസം, ടാക്സി ഡ്രൈവർമാരെ എല്ലാം വേണ്ടവിധത്തിൽ ബോധവൽക്കരിക്കുക. ദുരന്തം മൂലം ഹൈറേഞ്ചിലേക്കുള്ള ടൂറിസം കാൻസൽ ചെയ്താൽ അവർക്ക് കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും താമസം ഉറപ്പാക്കുകയും വിമാനത്തിന്റെ ചാർജ്ജ് ഉൾപ്പടെ നഷ്ടപരിഹാരം കൊടുക്കാനുള്ള ഒരു ഇൻഷുറൻസ് പദ്ധതിയും ഉണ്ടാക്കണം. വരുന്ന ടൂറിസ്റ്റുകൾക്ക് വേണമെങ്കിൽ ഒരു മൺസൂൺ ഇൻഷുറൻസും ആകാം. മഴപെയ്താൽ ഉടൻ ടൂറിസം നിരോധിക്കുന്ന ഇപ്പോഴത്തെ രീതി നമ്മുടെ ഹൈറേഞ്ച് ടൂറിസത്തെ തകർക്കാനേ ഉപകരിക്കൂ.
തൽക്കാലം ലോകത്ത് പലയിടത്തുള്ള പത്തോ മുപ്പതോ വ്ലോഗർമാരെ വിളിച്ചു വരുത്തി കേരളത്തിലെ ഹൈറേഞ്ചുകളിൽ ഒരു ടൂർ അറേഞ്ച് ചെയ്യുകയും ദുരന്ത നിവാരണ രംഗത്ത് കേരളത്തിന്റെ പ്ലാനുകളും പദ്ധതികളും മനസ്സിലാക്കിക്കൊടുക്കുകയും വേണം.
കേരളത്തിന്റെ വികസനത്തിന്റെ നെടുംതൂണാകാൻ കഴിവുള്ള രംഗമാണ് ടൂറിസം. അതിനെ ആയിരം ചെറിയ വെട്ടുകൾ കൊണ്ട് കൊന്നുകളയരുത്.
മുരളി തുമ്മാരുകുടി
Leave a Comment