ഇത്തവണ യു.കെ.യിലെ പാർലിമെൻറ് തിരഞ്ഞെടുപ്പിൽ ഒരു മലയാളി വിജയിച്ചിട്ടുണ്ട്. ആശംസകൾ!
ഇതിന് മുൻപും കേരളത്തിൽ നിന്നു പോയവരും അവരുടെ കൊച്ചു മക്കളും മറുനാടുകളിൽ (ഇന്ത്യക്ക് അകത്തും പുറത്തും) മേയർ മുതൽ പ്രധാനമന്ത്രി വരെ ആയിട്ടുണ്ട്. മലേഷ്യയിൽ പലവട്ടം പ്രധാനമന്തിയായ മഹാതിർ മുഹമ്മദിൻറെ മുത്തച്ഛൻ മലയാളിയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന എം.ജി.ആറിൻറെ മലയാളി ബന്ധങ്ങൾ എല്ലാവർക്കും അറിയാമല്ലോ.
ഞാൻ താമസിക്കുന്ന ബോണിലെ മുൻ മേയർ അശോക് അലക്സാണ്ടർ ശ്രീധരൻറെ അച്ഛൻ മലയാളിയാണ്. സ്വിറ്റ്സർലാൻഡിലെ സോലോ സോളോതോൺ പ്രവശ്യയിൽ നമ്മുടെ എം.എൽ.എ.ക്ക് തുല്യമായ പദവി വഹിക്കുന്ന സൂസൻ വോൺ സൂരി മലയാളിയാണ്. കേംബ്രിഡ്ജിലെ മേയർ ബൈജു തിട്ടാല മലയാളിയാണ്. ഞാൻ അറിയാത്ത മറുനാടൻ ജനപ്രതിനിധികൾ വേറെയും ഉണ്ടാകും. നിങ്ങൾക്ക് അറിയുമെങ്കിൽ എഴുതുമല്ലോ.
കുടിയേറ്റത്തിനെതിരെ പൊതുബോധമുള്ള ലോകത്ത് മറുനാട്ടിൽ നിന്നും വന്നവരേയും അവരുടെ പിൻതലമുറക്കാരേയും സ്വന്തം ജനപ്രതിനിധികളും ഭരണകർത്താക്കളും ആയി തിരഞ്ഞെടുക്കുന്ന നാട്ടുകാരും അഭിനന്ദനം അർഹിക്കുന്നുണ്ട്.
ഇന്ത്യയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. എന്നാണ് നമുക്ക് ബംഗാളിൽ നിന്നും ഛത്തിസ്ഗഡിൽ നിന്നും ഉള്ള മേയർമാരും മന്ത്രിമാരും ഉണ്ടാകുന്നത്? അതും സന്തോഷവും അഭിമാനവും ആയി ആഘോഷിക്കാൻ നമുക്കും സാധിക്കട്ടെ!
മുരളി തുമ്മാരുകുടി
Leave a Comment