പൊതു വിഭാഗം

മരണത്തിന്റെ മരണം

1999 ഡിസംബർ 31 ന് ഞാൻ ജീവിതത്തെയും മരണത്തെയും പറ്റി ഒരു ലേഖനം എഴുതിയിരുന്നു.

സാങ്കേതിക വിദ്യകളുടെ മാറ്റങ്ങൾ കാരണം നൂറു വർഷത്തിനകം മരണം എന്നത് എല്ലാവർക്കും സംഭവിക്കുന്ന ഒന്നല്ല, മനുഷ്യന് തിരഞ്ഞെടുക്കാൻ പറ്റുന്ന ഒന്നായിരിക്കും എന്നതായിരുന്നു ആ വിഷയത്തിൽ ഞാൻ നടത്തിയിരുന്ന പ്രവചനം. (ഈ പ്രവചനം ഒക്കെ പണ്ടേ തുടങ്ങിയതാണ്, അന്ന് ആരും വായിക്കാൻ ഉണ്ടായിരുന്നില്ല എന്നേ ഉള്ളൂ).

സാങ്കേതിക വിദ്യകൾ നാം ചിന്തിക്കുന്നതിലും വേഗത്തിലാണ് വളരുന്നത്. ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ പോക്ക് പോയാൽ 2050 ആകുന്നതോടെ മരണം മരിക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്. ശരിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പല തലത്തിൽ, പല തരത്തിലുള്ള സാങ്കേതിക വിദ്യകളാണ് മനുഷ്യനെ അമരനാക്കാൻ പോകുന്നത്.

ഒന്നാമത്തേത് ന്യൂറോ സയൻസിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ആണ്. തലച്ചോറിന്റെ പ്രവർത്തനരീതിയിൽ നമുക്കിപ്പോൾ വലിയ അറിവുണ്ട്. ബാഹ്യമായി നൽകുന്ന ഇലക്ട്രിക്കൽ സിഗ്നലുകളിലൂടെ കയ്യോ കാലോ പ്രവർത്തിപ്പിക്കാൻ ഇപ്പോൾ നമുക്ക് കഴിയുന്നുണ്ട്.

തലച്ചോറിലെ ഓർമ്മകളുടെ ശേഖരത്തെ, കന്പ്യൂട്ടറിലെ മെമ്മറി പോലെ നമുക്ക് ഡൗൺലോഡ് ചെയ്ത് വക്കാൻ സാധിക്കുന്ന സ്ഥിതി അതി വിദൂരമല്ല.

പല്ലുകൾ പണ്ടേ നമുക്ക് കൃത്രിമമായി നിർമ്മിക്കാൻ പറ്റുമായിരുന്നു. ഇപ്പോൾ എല്ലുകൾ 3 ഡി പ്രിന്റ് ചെയ്യുന്ന കാലമായി.

കണ്ണുകൾ കൃത്രിമമായി ഉണ്ടാക്കുന്ന പ്രവർത്തനത്തിൽ വലിയ പുരോഗതിയുണ്ട്. അന്ധതക്ക് ഇനി ഒരു പതിറ്റാണ്ടിനപ്പുറം ആയുസ്സുണ്ടായേക്കില്ല.

മനുഷ്യ ശരീരത്തിലെ കോശങ്ങൾ കൃത്രിമമായി വളർത്താനും പ്രിന്റ് ചെയ്യാനും ഇപ്പോൾ തന്നെ നമുക്ക് കഴിയും. കൃത്രിമമായ ഹൃദയം ഇസ്രായേലിലെ ശാസ്ത്രജ്ഞർ ബയോപ്രിന്റ് ചെയ്തിട്ടുണ്ട്.

കണ്ണും, കരളും ഹൃദയവും ഒക്കെ ആവശ്യത്തിന് പ്രിന്റ് ചെയ്തെടുക്കാവുന്ന കാലം വളരെ അടുത്തെത്തിക്കഴിഞ്ഞു.

മെമ്മറി ട്രാൻസ്‌പ്ലാന്റും ബയോപ്രിന്റിങ്ങും ചേർത്ത് വച്ചാൽ നമുക്ക് ഇഷ്ടമുള്ള നിറവും, രൂപവും എന്തിന് ഭാഷയും, അറിവും, സംസാരരീതിയും ഒക്കെയുള്ള, ഇടക്കിടക്ക് വിൻഡോസ് പോലെ സോഫ്റ്റ് വെയർ അപ്ഗ്രേഡും വേണ്ടപ്പോൾ ഐ ഫോൺ പോലെ ഹാർഡ്‌വെയർ അപ്ഗ്രേഡും സാധ്യമാകുന്ന ഒരു മനുഷ്യ ജീവിതം ഉണ്ടാകും എന്ന് തന്നെയാണ് ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ നമ്മളോട് പറയുന്നത്.

ഇവിടെ മനുഷ്യൻ എത്തുമോ എന്നുള്ളതല്ല പ്രവചിക്കാൻ ബുദ്ധിമുട്ടുള്ള കാര്യം. അതേതാണ്ട് ഉറപ്പാണ്. മുപ്പത് വർഷത്തിൽ ആണോ അന്പത് വർഷത്തിൽ ആണോ എന്നേ ചോദ്യമുള്ളൂ.

കൂടുതൽ പ്രസക്തമായ ചോദ്യം, നമുക്ക് മരണമില്ലെങ്കിൽ നമ്മുടെ സാമൂഹ്യ ബന്ധങ്ങൾക്ക് എന്ത് സംഭവിക്കും എന്നതാണ്.

“Till Death Do Us Part” എന്ന് പറയുന്ന വിവാഹത്തിന് എന്ത് സംഭവിക്കും? നാല്പതും അന്പതും വർഷമല്ല, അതിരില്ലാത്ത കാലത്തോളം നിലനിൽക്കുന്ന പങ്കാളിത്തങ്ങൾ സാധ്യമാണോ?

നമുക്ക് അമരനായി ജീവിക്കാൻ സാധിക്കുന്ന ഒരു ലോകത്ത് പുതിയൊരു തലമുറയെ ഉണ്ടാക്കി കൊണ്ടുവന്ന് നമുക്ക് ലഭ്യമായ വിഭവങ്ങൾക്ക് വേണ്ടി മത്സരിക്കാൻ മനുഷ്യന് എന്ത് താല്പര്യമാണ് ഉണ്ടാവുക? മരണത്തിന്റെ മരണം ജനനത്തിന്റെ മരണം കൂടി ആകുമോ?

ഈ സാങ്കേതികവിദ്യ ഒക്കെ വരുന്ന കാലത്ത് അത് വളരെ ചിലവുള്ളതായിരിക്കും. അപ്പോൾ അത് കരസ്ഥമാക്കാൻ പറ്റുന്നവരും പറ്റാത്തവരും ആയ തിരിവ് മനുഷ്യരിൽ ഉണ്ടാകും. അമരരായ മനുഷ്യർ മരിക്കുന്നവരെ രണ്ടാം കിടക്കാരായി കാണുമോ? ജനാധിപത്യ രീതികൾക്ക് ഇതെന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത് (ഈ സാധ്യത ഹരിരിയും ചർച്ച ചെയ്യുന്നുണ്ട്).

ഈ സാങ്കേതികവിദ്യ ആദ്യമായി തരമാക്കുന്ന രാജ്യങ്ങൾ മറ്റുള്ളവരുമായി ഇത് പങ്കിടുമോ?

ലോകത്തിലെ അധികാര ശ്രേണികൾക്ക് ഇതെന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്?

മരണമില്ലാത്ത ലോകമാണോ മരണമുള്ള ലോകമാണോ നാം ആഗ്രഹിക്കേണ്ടത്?

Death of Death എന്ന പുസ്തകം വായിച്ചപ്പോൾ ഉണ്ടായ ചിന്തകളാണ്.

മരണമില്ലാത്ത കാലത്തോളം ഞാൻ ജീവിച്ചിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല, ആഗ്രഹവും. മരണം വേണോ എന്ന തിരഞ്ഞെടുപ്പുണ്ടാകാതിരിക്കുന്നതാണ് എളുപ്പം എന്നാണ് എനിക്ക് തോന്നുന്നത്.

മുരളി തുമ്മാരുകുടി

May be an image of text

Leave a Comment