ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് കോട്ടയത്ത് ഒരു സാമൂഹ്യ വനവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ ചെന്ന എന്നെ നാട്ടുകാർ തള്ളിപ്പുറത്താക്കിയ കഥ ഞാൻ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട്. അതേ സമയം എന്നെക്കാളും തീരെ ആരോഗ്യം കുറഞ്ഞ – ഫുൾടൈം രാഷ്ട്രീയക്കാർ ആ തള്ളിലും പിടിച്ചു നിന്ന കഥയും പറഞ്ഞു. അങ്ങനെയാണ് ഗ്രൗണ്ടിൽ തള്ളാനുള്ള വൈഭവം എനിക്കില്ല എന്നും ഫേസ്ബുക്കിൽ തള്ളി ശേഷകാലം ജീവിക്കാം എന്നും ഞാൻ പ്രതിജ്ഞയെടുത്തത്.
ആ അവസരത്തിൽ എൻറെ ചേട്ടനും കൂടെ ഉണ്ടായിരുന്നു എന്നത് എൻറെ ചമ്മൽ വർദ്ധിപ്പിച്ചു.
“നിനക്കിത് തന്നെ വേണം, ചെറുപ്പത്തിൽ ഒരു മരം എങ്കിലും നീ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ടോ?” എന്ന കുത്തുവാക്ക് പറഞ്ഞ് ചേട്ടൻ മുറിവിൽ ഉപ്പ് തേച്ചു.
മരം നടൽ കഴിഞ്ഞുള്ള പൊതു സമ്മേളനത്തിൽ ചമ്മി വിഷണ്ണനായി ദൂരെ നിന്നിരുന്ന എന്നെ തിരുവഞ്ചൂർ കണ്ടുപിടിച്ച് സമ്മേളനത്തിലെ മുൻനിര പ്രാസംഗികൻ ആക്കിയതുകൊണ്ട് മാത്രം ഇപ്പോഴും വീട്ടിൽ വലിയ നാണക്കേടില്ലാതെ പിടിച്ചു നിൽക്കുന്നു.
ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്. ചെറുപ്പകാലത്ത് വീട്ടിൽ ഒരു മരം പോലും ഞാൻ നട്ടുപിടിപ്പിച്ചിട്ടില്ല.
എൻറെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ഇപ്പോഴത്തെപ്പോലെ അല്ല, മരങ്ങൾ തീരെ കുറവാണ്. ഇത് വെങ്ങോലയിലെ മാത്രം കാര്യമല്ല, കേരളത്തിലെ മൊത്തം ഇടനാട്ടിലെ കാര്യമാണ്. കേരളത്തിലെ സമീപകാല ചരിത്രത്തിൽ ഇടനാട്ടിലെങ്കിലും ഏറ്റവും കൂടുതൽ മരങ്ങളുള്ള കാലമായിരിക്കണം ഇപ്പോൾ നമ്മൾ കടന്നുപോകുന്നത്. ‘നമ്മുടെ പരിസ്ഥിതിയെല്ലാം നശിച്ചു പോയി’ എന്ന് ചിന്തിച്ചിരിക്കുന്ന പുതിയ തലമുറക്ക് ഒരു അതിശയമായി തോന്നാമെങ്കിലും സത്യമാണ്. വീട്ടിൽ അപ്പൂപ്പനൊ അമ്മൂമ്മയോ ഉണ്ടെങ്കിൽ ചോദിച്ചു നോക്കിയാൽ മതി.
ഇതിന് പല കാരണങ്ങൾ ഉണ്ട്.
മനുഷ്യരുടെ ജീവിതത്തിൽ അന്ന് മരത്തിന്റെ ഉപയോഗം ഇന്നത്തേക്കാൾ കൂടുതലായിരുന്നു. കേരളത്തിലെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഓട് മേഞ്ഞ് തുടങ്ങിയ കാലത്ത് അതിനെ താങ്ങി നിർത്താൻ മുളകൾ കൊണ്ടുള്ള കഴുക്കോലും പട്ടികയും മതിയാകാതെ വന്നു. വാതിലും ജനലും മാത്രമല്ല മച്ചും, പത്താഴവും, പെട്ടിയും എന്തിന് ഭിത്തി വരെ മരത്തിന്റേതായ വീടുകളുണ്ടായിരുന്നു. ഇതിനൊക്കെ മരങ്ങൾ കാട്ടിൽ നിന്നു മാത്രമല്ല, നാട്ടിൽ നിന്നും മുറിക്കപ്പെട്ടു.
കെട്ടിട നിർമ്മാണത്തിന് മാത്രമല്ല ഭക്ഷണം പാചകം ചെയ്യാനുള്ള ഇന്ധനവും പ്രധാനമായും വിറകായിരുന്നു. മരങ്ങൾ വെട്ടി ഉണക്കിയും വലിയ മരങ്ങൾ വെട്ടി മണ്ണിൽ കുഴിച്ചിട്ടു പുകച്ച് കരിയാക്കിയുമാണ് ഇന്ധനത്തിൻറെ ആവശ്യം നിറവേറ്റിപ്പോന്നിരുന്നത്. ഓടും ഇഷ്ടികയും ചുടാനും, റബറും ഏലവും പുകയ്‌ക്കാനും, തേയില ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചിരുന്നത് മരം തന്നെ. നാട്ടിലെ മരങ്ങൾ ഒന്നൊന്നായും കൂട്ടമായും ഇല്ലാതായത് ചുമ്മാതാണോ?
മരങ്ങളുടെ ആവശ്യം കൂടുതലായിരുന്നു എന്ന് മാത്രമല്ല പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല. ഇതിനും പല കാരണങ്ങളുണ്ട്. ധാരാളം ഭൂസ്വത്ത് ഉള്ളവർക്ക് മരം ഒരു വരുമാന മാർഗ്ഗമായിരുന്നില്ല, മരങ്ങളുടെ ക്ഷാമം അവരെ ബുദ്ധിമുട്ടിച്ചതുമില്ല. സ്വന്തമായി ഭൂസ്വത്ത് ഇല്ലാത്തവർക്ക്, അതായത് ഭൂമിയിൽ താമസിക്കുന്നെങ്കിലും അതിൻറെ അവകാശം സ്വന്തമായി ഇല്ലാത്തവർ ദീർഘനാൾ കഴിഞ്ഞു മാത്രം ഗുണവും വരുമാനവും തരുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കാൻ മെനക്കെട്ടില്ല. ആളുകളുടെ ആയുർദൈർഘ്യം കുറവായിരുന്നതിനാൽ അവരുടെ ‘ജീവിതകാലത്തിനപ്പുറം’ നീണ്ടു നിൽക്കുന്ന ഒരു നിക്ഷേപത്തിനും സമയം ചിലവാക്കാൻ അവർ തയ്യാറാകുകയില്ല.
ഒരു കാര്യം കൂടിയുണ്ട്. രാസവളങ്ങൾ ഇല്ലാത്ത കാലത്ത് കൃഷിക്ക് ആവശ്യമായിരുന്നത് ചവർ ആയിരുന്നു, അതായത് മരങ്ങളുടെ ഇലയും ചില്ലകളും. വലിയ മരങ്ങളിൽ നിന്നും ചവർ വെട്ടിയിറക്കുക ബുദ്ധിമുട്ടായിരുന്നതുകൊണ്ട് പറന്പിൽ വലിയ മരങ്ങൾക്ക് പകരം വേഗത്തിൽ വളരുന്ന – ധാരാളം ഇലകളുള്ള – ചെറിയ മരങ്ങൾ നടുന്നതിയിലാരുന്നു ആളുകൾക്ക് താൽപര്യം.
ഇതൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള കഥയാണ്. എനിക്ക് ഓർമ്മവെക്കുന്ന 1970 കളിൽ വെങ്ങോലയും ചുറ്റുമുള്ള പ്രദേശങ്ങളും കുറ്റിക്കാടാണ്. വലിയ മരങ്ങൾ അവിടെയും ഇവിടെയും മാത്രം. ഇപ്പോൾ കലക്ടറേറ്റ് ഇരിക്കുന്ന കാക്കനാട് അന്ന് മൊട്ടക്കുന്നാണ്. പെരുന്പാവൂരിൽ നിന്നും ഇപ്പോൾ കോതമംഗലത്തേക്ക് പോകുന്പോൾ കണ്ണെത്തുന്നിടത്തെല്ലാം ഇരുവശത്തും വലിയ മരങ്ങളുണ്ട്, ഇടക്കൊക്കെ ബസുകളുടെ മുകളിൽ മരം വീണ് അപകടം ഉണ്ടാകാറുമുണ്ട്. അറുപത് വർഷം മുൻപ് ഈ വഴിയിലൂടെ പോകുന്പോൾ ഇരുവശത്തും മരങ്ങൾ ഒന്നുമില്ല, കുറ്റിക്കാടും, പുൽക്കാടുകളുമേ ഉണ്ടായിരുന്നുള്ളൂ എന്ന് എന്റെ പ്രായമായ ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. ആദ്യം റോഡ് വന്നു, പിന്നെ വീട്, പിന്നെയാണ് മരങ്ങൾ ഉണ്ടായത്.
അൻപത് വർഷം മുൻപ് മൊട്ടക്കുന്നും കല്ലുവെട്ടുന്ന മടകളും കുറ്റിച്ചെടികളുള്ള മലകളും ആയിരുന്ന വെങ്ങോല ഇപ്പോൾ ആകെ മൊത്തം ഹരിതാഭമാണ്. മണ്ണെടുക്കുക, കരിങ്കൽ ക്വാറി നടത്തുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിലും മരങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും കാര്യത്തിൽ അൻപത് വർഷം മുന്പത്തേക്കാൾ ഏറെ ഗുണകരമാണ് ഇന്ന് വെങ്ങോലയിലെ സ്ഥിതി. കഷ്ടകാലത്തിന് 1960 കളിലെ ഉപഗ്രഹചിത്രം നമ്മുടെ കയ്യിലില്ല, അല്ലെങ്കിൽ എത്ര മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് നമുക്ക് കാണാമായിരുന്നു. വെങ്ങോലയുടെ ആസ്ഥാന വ്യവസായമായ പ്ലൈവുഡ് ഈ ‘വിജയത്തിന്റെ’ പ്രത്യാഘാതമാണ്.
എങ്ങനെയാണ് വെങ്ങോല ഇപ്പോൾ കാണുന്നത് പോലെ ഹരിതാഭമായത്? വെങ്ങോലയിൽ ആളുകൾ പെട്ടെന്ന് പരിസ്ഥിതി സ്നേഹികൾ ആയതൊന്നുമല്ല. സാങ്കേതിക വിദ്യയും സാമൂഹ്യ സാഹചര്യങ്ങളുമാണ് ഈ മാറ്റമുണ്ടാക്കിയത്. ഇതിൽ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്
1. ഇടനാട്ടിലെ പട്ടിണികാരണം മലനാട്ടിൽ എത്തിയവർ റബ്ബർ കൃഷി നടത്തി പണം ഉണ്ടാക്കുന്നതു കണ്ടപ്പോൾ റബ്ബർ ഇടനാട്ടിലേക്കും എത്തി. സർക്കാർ ചെടിക്കും വളത്തിനും സബ്‌സിഡി നൽകുക കൂടി ചെയ്തതോടെ ലക്ഷക്കണക്കിന് റബ്ബർ മരങ്ങൾ കേരളത്തിൽ ഇടനാട്ടിലെവിടെയും ഉണ്ടായി.
2. കൊച്ചിയിൽ റിഫൈനറിയും മധ്യവർഗ്ഗത്തിന് ഉൾപ്പടെ മണ്ണെണ്ണയും പാചകവാതകവും വാങ്ങി ഉപയോഗിക്കാവുന്ന സ്ഥിതിയും വന്നതോടെ പാചക ആവശ്യങ്ങൾക്കുള്ള വിറകിന്റെ ആവശ്യം നന്നായി കുറഞ്ഞു. പുതിയ തലമുറ വിറകിനുള്ള കരി കണ്ടിട്ട് കൂടിയില്ല. വെങ്ങോലയിൽ അവസാനം കരി ഉണ്ടാക്കിയത് 1970 കളിലായിരിക്കണം. മരം വെട്ടിനുറുക്കി മണ്ണിനടിയിൽ കുഴിച്ചിട്ടു കരിയുണ്ടാക്കുന്ന സാങ്കേതിക വിദ്യ ഇപ്പോൾ കേരളത്തിൽ അന്യമായി.
3. വിദ്യാഭ്യാസ അവസരങ്ങൾ ഉപയോഗിച്ച് പഠിച്ച് വെങ്ങോലക്കാർ മറ്റു തൊഴിലുകൾ തേടിയതോടെ പറന്പിൽ വേഗം വിളവ് കിട്ടുന്ന കപ്പയും ഇഞ്ചിയും കൃഷിചെയ്യേണ്ട ആവശ്യമില്ലാതായി. വീട്ടിൽ ഒരു അത്യാവശ്യം വരുന്പോൾ, (കല്യാണമോ, രോഗമോ) പറന്പിൽ നിൽക്കുന്ന തേക്കോ ആഞ്ഞിലിയോ വെട്ടി വിൽക്കേണ്ട ആവശ്യവും ഇല്ലാതായി.
4. കെട്ടിടനിർമ്മാണത്തിലെ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം വീടുപണിക്കുള്ള ആവശ്യത്തിനായി മരങ്ങൾ മുറിക്കുന്നതും ഇല്ലാതാക്കി.
ഇതൊന്നും വെങ്ങോലയിലെ മാത്രം കാര്യമല്ല. ലോകത്തെത്രയോ ഇടങ്ങളിൽ ഇപ്പോഴും വിറകും കരിയുമായി ആളുകൾ ജീവിക്കുന്നു, മൊട്ടക്കുന്നുകൾ ഉണ്ടാകുന്നു.
വിദ്യാഭ്യാസവും സാന്പത്തികസ്ഥിതിയും നന്നാവുന്നതോടെ ചുറ്റുമുള്ള പ്രകൃതിയിലെ ചൂഷണം കുറയുന്നു, പ്രകൃതിയെ സംരക്ഷിക്കണമെന്ന് ആളുകൾക്ക് ആഗ്രഹമുണ്ടാകുന്നു, അതിനുള്ള കഴിവ് ഉണ്ടാകുന്നു. പൊതുവെ പരിസ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്നു. ഇതൊക്കെയാണ് കേരളത്തിന് വരാനിരിക്കുന്ന ഭാവി.
ഞാൻ പറഞ്ഞു തുടങ്ങിയത് ചെറുപ്പത്തിൽ ഞാൻ മരം വെച്ചുപിടിപ്പിച്ചില്ല എന്നാണല്ലോ. സത്യത്തിൽ എൻറെ ചെറുപ്പകാലത്തൊന്നും ഈ മരം വെച്ചുപിടിപ്പിക്കുക എന്നൊരു പരിപാടി നാട്ടിലില്ലായിരുന്നു. റബ്ബർ മരത്തിനല്ലാതെ ഒരു നേഴ്സറി എന്നത് അപൂർവ്വമായിരുന്നു. അതുകൊണ്ട് ഞാൻ മരം വെച്ചുപിടിപ്പിച്ചില്ല എന്ന ചേട്ടന്റെ ആരോപണം സത്യമാണെങ്കിലും അത്ര ഗുരുതരമല്ല.
ഔദ്യോഗിക ജീവിതത്തിൽ ആയിരക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള അവസരം എനിക്കുണ്ടായിട്ടുണ്. ബ്രൂണെ മുതൽ അഫ്ഘാനിസ്ഥാൻ വരെ, കോംഗോ മുതൽ ഹെയ്തി വരെ, കണ്ടൽക്കാടുകൾ മുതൽ പൈൻ വരെ ലക്ഷക്കണക്കിന് മരങ്ങൾ ഞാൻ മുൻകൈ എടുത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. എൻറെ പെരുന്പാവൂരിലെ വീടിനു ചുറ്റും മാവ് മുതൽ ഇലഞ്ഞി വരെയുള്ള മരങ്ങളും എൻറെ സംഭാവനയായിട്ടുണ്ട്.
ഒരു കാര്യം കൂടി ഇവിടെ പറയണം. മരം വെച്ചുപിടിപ്പിക്കുന്നത് പോലെ മരം വെട്ടിക്കളയുന്ന പരിപാടിയും ഞാൻ നടത്തിയിട്ടുണ്ട്. എല്ലാ മരങ്ങളും ഒരുപോലെയല്ല. അനാവശ്യമായി വന്നുകയറിയ അധിനിവേശ സസ്യങ്ങളെ മൊത്തമായി പിഴുതെറിയുന്ന ജോലി ഞാൻ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ എല്ലായിടത്തും നിൽക്കുന്ന മരങ്ങളും ഒരുപോലെയല്ല. പറന്പിൽ നിൽക്കുന്ന ആഞ്ഞിലി പോലെയല്ല വീടിന് മുറ്റത്ത് നിൽക്കുന്ന ആഞ്ഞിലി. ഏത് മരം വെച്ചുപിടിപ്പിക്കുന്നതും നല്ലതാണെന്നും ഒരു മരം പോലും വെട്ടിക്കളയില്ല എന്നും പറയുന്നത് സുരക്ഷയുടെ കണ്ണിൽ നിന്നും മാത്രമല്ല, പരിസ്ഥിതിയുടെ വീക്ഷണത്തിൽ നിന്നും ശരിയല്ല.
പെരുന്പാവൂരിൽ വീടുവെച്ച സമയത്ത് ചുറ്റും നിന്ന മരങ്ങൾ ഒന്നും വെട്ടിമാറ്റാതെയാണ് വീടുണ്ടാക്കിയത്. പക്ഷെ മ്യാന്മാറിലെയും ഫിലിപ്പൈൻസിലേയും കൊടുങ്കാറ്റ് കണ്ടു വന്നതിന് ശേഷം പേടിയായി. ലക്ഷക്കണക്കിന് വന്മരങ്ങളാണ് കടപുഴകി വീണതും, ചില്ലകൾ ഒടിഞ്ഞു വീടുകളുടെ മുകളിൽ പതിച്ചതും, ഏറെ ആളുകളെ കൊന്നതും. നമ്മുടെ വീടിൻറെ ചുറ്റും വീടിന് അപകടകരമായി മരങ്ങൾ, തെങ്ങ് ഉൾപ്പടെ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചു കളയുന്നതിൽ വിഷമിക്കേണ്ട കാര്യമില്ല. പൊക്കം കുറഞ്ഞ അപകടകാരിയല്ലാത്ത മരങ്ങൾ വെക്കാമല്ലോ.
പെരുന്പാവൂരിലെ വലിയ തെങ്ങും ആഞ്ഞിലിയും സുരക്ഷിതമായി വെട്ടിക്കളഞ്ഞ് ചെറിയ മരങ്ങൾ ധാരാളം വെച്ചുപിടിപ്പിച്ചു.
നമ്മുടെ റോഡുകളുടെ സൈഡിൽ കാണുന്ന വന്മരങ്ങളുടെ കാര്യവും ഇതുപോലെയാണ്. ആളുകൾ നടന്നും കാളവണ്ടിയിലും ദൂരയാത്ര ചെയ്തുകൊണ്ടിരുന്ന ഒരു കാലത്താണ് വഴിയരികിൽ തണൽ മരങ്ങൾ നടുന്ന പതിവ് കേരളത്തിലുണ്ടായത്. നടപ്പു യാത്രയും കാളവണ്ടിയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും അന്നത്തെ മരങ്ങൾ പലതും ഇന്നും നിലനിൽക്കുന്നു.
പുതിയതായി പോലും നാം വഴിയരികിൽ വന്മരങ്ങൾ വെച്ചുപിടിപ്പിക്കുന്നു. മരം നട്ടുപിടിപ്പിക്കുക എന്നത് എല്ലാക്കാലത്തും ഒരു ‘നന്മമര’ പരിപാടിയാണല്ലോ, ആരും എതിർക്കില്ല. പക്ഷെ മരങ്ങൾ വലുതായി വഴിയേ പോകുന്ന വാഹനങ്ങൾക്ക് അപകടകാരിയാകുന്നു. വർഷാവർഷം ആളുകൾ മരിക്കുന്നു. എന്നാലും ആ മരങ്ങൾ മുറിക്കുക എന്നത് ഇപ്പോൾ നമുക്ക് ചിന്തിക്കാൻ പറ്റാതായിരിക്കുന്നു. നമുക്ക് പരിസ്ഥിതി അവബോധം ഉണ്ടാകുന്നത് നല്ല കാര്യമാണെങ്കിലും ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും നിലനിർത്തുന്നതും ശരിയല്ല. അത് വഴിയരികിലാണെങ്കിലും സ്‌കൂൾ അങ്കണത്തിൽ ആണെങ്കിലും. അതിന് പകരമായി അപകടമുണ്ടാക്കാത്ത സ്ഥലത്ത് അല്ലെങ്കിൽ അധികം ഉയരം വെക്കാത്ത തരം പത്തിരട്ടി മരങ്ങൾ നടാമല്ലോ.
ഓരോ മഴക്കാലത്തും മരം മറിഞ്ഞുവീണ് വീട്ടുകാരും കുട്ടികളും യാത്രക്കാരും മരിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുള്ളതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ കാറ്റുകൾ കൂടാൻ പോവുകയാണ്. ഏതൊക്കെ മരങ്ങൾ എവിടെ നിൽക്കുന്നു എന്ന് നമ്മൾ ചിന്തിച്ചില്ലെങ്കിൽ ഓരോ കാറ്റിലും ഉണ്ടാകുന്ന അപകടം പതിന്മടങ്ങാകും. തെങ്ങ് ചതിക്കില്ല എന്നൊക്കെ പഴംചൊല്ല് ഉണ്ട്. ഫിലിപ്പൈൻസിലെ കാറ്റിൽ അഞ്ചുലക്ഷം തെങ്ങുകളാണ് കടപുഴകി വീണത്. അതുകൊണ്ട് ഈ പഴംചൊല്ലൊന്നും തെങ്ങിനറിയില്ല എന്നത് ഉറപ്പ്.
മുരളി തുമ്മാരുകുടി
Leave a Comment