പൊതു വിഭാഗം

മമത ബാനർജി വഴി കാട്ടുന്പോൾ…

41 ശതമാനം സ്ത്രീകളെ പാർലമെന്റ്റ് മത്സരരംഗത്ത് ഇറക്കി ശ്രീമതി മമത ബാനർജി ഇന്ത്യൻ രാഷ്ട്രീയത്തിൽ മാതൃക കാട്ടുകയാണ്. 33 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കും എന്ന് നവീൻ പട്നായിക്കും പറഞ്ഞിട്ടുണ്ട്. ചിലയിടത്തെങ്കിലും നേരം വെളുക്കുന്നുണ്ട്.
 
സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും, പുറത്തു കടന്നു ജോലി ചെയ്യുന്നതിലും, വിദേശങ്ങളിൽ പോകുന്നതിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ മാതൃകയായി കാണുന്നതാണ് കേരളത്തിലെ സ്ത്രീകളെ. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ റിസർവേഷനാലും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ കാരണവും നേതൃത്വ ഗുണമുള്ള നൂറുകണക്കിന് സ്ത്രീകൾ കേരളത്തിലുണ്ട്. കേരളത്തിലെ രണ്ടര കോടി വോട്ടർമാരിൽ ആണുങ്ങളേക്കാൾ പത്തുലക്ഷം കൂടുതാലാണ് സ്ത്രീ വോട്ടർമാർ. അതായത് അന്പത് ശതമാനത്തിൽ കൂടുതൽ. എന്നിട്ടും കഴിഞ്ഞ പാർലമെന്റിൽ വെറും അഞ്ചു ശതമാനം ആയിരുന്നു കേരളത്തിൽ നിന്നുള്ള സ്ത്രീ പ്രാതിനിധ്യം. കണ്ടിടത്തോളം ഇത്തവണയും ഇതിൽ വലിയ മാറ്റമൊന്നും വരാൻ പോകുന്നില്ല. ഇത് നവകേരളത്തിന് നാണക്കേടാണ്.
 
മുൻപും പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴത്തെ സംവിധാനം പുരുഷന്മാരാൽ നയിക്കപ്പെടുന്നതും അവർക്ക് അനുകൂലവുമാണ്. അതുകൊണ്ട് തന്നെ അവർ സ്വയം ആ സംവിധാനം മാറ്റി സ്ത്രീകൾക്ക് അവസരം കൊടുക്കും എന്ന് പ്രതീക്ഷിച്ചിരിക്കുന്നതിൽ കാര്യമില്ല. പാർട്ടികൾക്കകത്തും പുറത്തും സ്ത്രീകൾ ഈ അനീതിക്കെതിരെ പ്രതികരിക്കുക തന്നെ വേണം.
 
ബംഗാളിൽ നിന്നും ഒറീസ്സയിൽ നിന്നും വലിയ ഒരു സംഘം വനിതാ എം പി മാർ പാർലിമെന്റിൽ എത്തുന്നതോടെ മാറ്റങ്ങൾ മറ്റുള്ളവരും അറിഞ്ഞു തുടങ്ങും എന്ന പ്രതീക്ഷയോടെ…
 
മുരളി തുമ്മാരുകുടി
 

Leave a Comment