പൊതു വിഭാഗം

ഭാവിയുടെ വാഗ്ദാനങ്ങൾ..!

ഞാൻ മുംബൈയിൽ ജോലി ചെയ്തിരുന്ന കാലത്ത് (1993-95), മലബാർ ഹില്ലിൽ ഒരു Naaz Cafe ഉണ്ടായിരുന്നു. ബോംബെയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു ഇറാനിയൻ ചായക്കടയായിരുന്നു അത്. അവിടുത്തെ ചായയെയും കടിയെയും കാൾ ആകർഷണമായിരുന്നത് അതിൻറെ ലൊക്കേഷൻ ആയിരുന്നു.
 
കഫെയുടെ രണ്ടാമത്തെ നിലയിൽ ഇരുന്നാൽ മുംബയിലെ പ്രശസ്തമായ ‘Queens Necklace’ എന്ന കടൽത്തീരം കാണാം. നരിമാൻ പോയന്റ് മുതൽ ചൗപ്പാട്ടി ബീച്ച് വരെയുള്ള മറൈൻ ഡ്രൈവ് പ്രദേശം, ഉയർന്നു നിൽക്കുന്ന എയർ ഇന്ത്യ ബിൽഡിംഗ്, ഒബറോയ് ടവർ വരെള്ള കെട്ടിടങ്ങൾ എന്നിവയും. വൈകീട്ട് ഇരുട്ട് പടർന്ന് വൈദുതി ദീപങ്ങൾ നിറയുന്ന സമയത്ത് അപാരമായ ഭംഗിയാണ് ആ പ്രദേശത്തിന്. അത് കാണാൻ തന്നെയാണ് ആളുകൾ വരുന്നത്, ഞങ്ങളും.
 
വിദേശത്ത് നിന്ന് ആര് അതിഥികളായി എത്തിയാലും ഞങ്ങൾ നിർബന്ധമായി പൊയ്ക്കൊണ്ടിരുന്ന ഒരു പ്രദേശമാണ് ഇത്. ഒരിക്കൽ ലോകബാങ്കിൽ നിന്നും എനിക്കൊരു അതിഥി ഉണ്ടായിരുന്നു, ലൂയിസ്. അവരുമായി ഞാൻ നാസ് കഫെയിൽ എത്തി. കൂടെ എന്റെ കൂടെ ട്രെയിനി ആയ ഒരു പെൺകുട്ടിയും ഉണ്ട്, നന്ദിനി. മുംബൈയിൽ ജനിച്ചു വളർന്ന നന്ദിനി ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായിരുന്ന ഒരു സ്‌ട്രക്ച്ചറൽ എൻജിനീയറുടെ മകളാണ്.
 
“ആ വലിയ കെട്ടിടങ്ങൾ ശ്രദ്ധിച്ചോ?” കെട്ടിടങ്ങൾ ഒന്നൊന്നായി പരിചയപ്പെടുത്തി അത് എന്നാണ് ഉണ്ടാക്കിയത്, എത്ര നിലയുണ്ട്, ആരാണ് നിർമ്മിച്ചത് എന്നെല്ലാം നന്ദിനി പറഞ്ഞു തുടങ്ങി.
“ഇതൊക്കെ എങ്ങനെ ഇത്ര കൃത്യമായി അറിയാം?” ഞാൻ ചോദിച്ചു.
 
“എൻറെ അപ്പൂപ്പൻ ബോംബയിലെ ഏറ്റവും പഴയ സിവിൽ എഞ്ചിനീയർമാരിൽ ഒരാളാണ്. അച്ഛനും ആ പാരന്പര്യം തുടർന്നു. ആ വലിയ കെട്ടിടങ്ങളുടെയെല്ലാം സ്‌ട്രക്ച്ചറൽ ഡിസൈൻ നടത്തിയത് എൻറെ അച്ഛനാണ്.”
 
“ഞാനും ആ കേട്ടിടങ്ങൾ ശ്രദ്ധിക്കുകയായിരുന്നു”, ലൂയിസ് പറഞ്ഞു. “എനിക്കും ഈ കെട്ടിടങ്ങളുടെ കാര്യത്തിൽ അല്പം താല്പര്യം പൈതൃകമായി കിട്ടിയിട്ടുണ്ട്.”
 
“നിങ്ങളുടെ അച്ഛനും സിവിൽ എൻജിനീയർ ആണോ?”
 
“അല്ല, എൻറെ അച്ഛൻ കെട്ടിടങ്ങൾ പൊളിക്കുന്ന എൻജിനീയർ ആണ്. ഇത്രമാത്രം ജനസാന്ദ്രതയുള്ള പ്രദേശത്ത് ഈ കെട്ടിടങ്ങൾ ഒക്കെ അച്ഛന് പൊളിക്കാൻ പറ്റുമോ എന്നാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.”
 
എനിക്കത് വളരെ തമാശയായി തോന്നി. ഒരിക്കൽ നന്ദിനിയുടെ അച്ഛനും ലൂയിസിന്റെ അച്ഛനും കൂടി ന്യൂയോർക്കിൽ കൂടി യാത്ര ചെയ്താൽ എന്തായിരിക്കും അവർ സംസാരിക്കാൻ പോകുന്നത് എന്ന് ഞാൻ ആലോചിച്ചു.
 
എന്പയർ സ്റ്റേറ്റ് ബിൽഡിങ് കാണുന്പോൾ ഒരാൾ അങ്ങനെ ഒന്ന് ഡിസൈൻ ചെയ്യുന്നത് സ്വപ്നം കാണുന്പോൾ മറ്റെയാൾ സ്വപ്നം കാണുന്നത് എങ്ങനെ അത് പൊളിക്കാം എന്നായിരിക്കുമല്ലോ.
നാസ് കഫെ ഇപ്പോൾ ഇല്ല. ബോംബെ മുനിസിപ്പാലിറ്റി ആ സ്ഥലം ഏറ്റെടുത്ത് ഒരു വ്യൂയിങ് ഗാലറി ഉണ്ടാക്കിയിട്ടുണ്ട് എന്ന് വായിച്ചു, ഞാൻ പോയിട്ടില്ല. മുംബയിൽ ഉളളവരും പോകുന്നവരും ഉറപ്പായും പോകണം, നഷ്ടം വരില്ല.
 
ഈ കഥ ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്, പത്തു വർഷങ്ങൾക്ക് മുൻപായിരിക്കണം. അന്ന് തന്നെ കെട്ടിടം നിർമ്മിക്കൽ മാത്രമല്ല കെട്ടിടം പൊളിക്കലും ഒരു തൊഴിലാണെന്നും അതിന് വേണ്ടിയും നാം ആളുകളെ പരിശീലിപ്പിക്കണം എന്നും പറഞ്ഞിരുന്നു. രണ്ടു വർഷം മുൻപ് കേരളത്തിൽ എവിടെയോ രണ്ടു നിലയുള്ള കെട്ടിടം പൊളിച്ചതിനിടക്ക് അപകടമുണ്ടായി ആളുകൾ മരിച്ച സംഭവം വന്നപ്പോൾ ‘കെട്ടിടം പൊളി എഞ്ചിനീയറിങ്ങ്’ എന്ന വിഷയത്തിന്റെ ആവശ്യത്തെയും സാധ്യതയെയും പറ്റി ഞാൻ വീണ്ടും പറഞ്ഞിരുന്നു.
 
 
പതിവുപോലെ അതൊന്നും ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിച്ചില്ല.
ഫലമെന്തായി?
 
സുപ്രീം കോടതി കേരളത്തിൽ നാല് കെട്ടിടം പൊളിക്കാൻ പറഞ്ഞപ്പോൾ നൂറായിരം സിവിൽ എൻജിനീയർമാർ ഉള്ള കേരളത്തിൽ ഒരുത്തനും ഉണ്ടായിരുന്നില്ല കെട്ടിടം പൊളിക്കാൻ അറിവുള്ളവരായിട്ട്. കേരളത്തിന് പുറത്തു നിന്നും, എന്തിന് വിദേശത്ത് നിന്നു പോലും ആളെ വരുത്തേണ്ടി വന്നു.
ഇനിയെങ്കിലും നമുക്ക് പാഠം പഠിക്കാം. കേരളത്തിൽ അവസാനമായി പൊളിക്കുന്ന ബഹുനില കെട്ടിടം ഒന്നുമല്ല മരടിലേത്.
 
സുപ്രീം കോടതി ഉത്തരവ് പ്രകാരം കൂടുതൽ കെട്ടിടങ്ങൾ പൊളിക്കും എന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടല്ല. മറിച്ച് കേരളത്തിൽ ഇന്നിപ്പോൾ നാം കാണുന്ന കെട്ടിടങ്ങളിൽ നാലിലൊന്നെങ്കിലും അടുത്ത അന്പത് വർഷത്തിനകം പൊളിക്കേണ്ടി വരും എന്ന് എനിക്കറിയാവുന്നത് കൊണ്ടാണ്. ഇതിൽ ചെറുതും വലുതും, സർക്കാർ കെട്ടിടങ്ങളും സ്വകാര്യ കെട്ടിടങ്ങളും, സ്‌കൂളും, ഹോട്ടലും, വീടും സ്റ്റേഡിയവും ഒക്കെ പെടും. പഴക്കം വരുന്നത് കൊണ്ടും, നഗരങ്ങൾ വികസിക്കുന്നത് കൊണ്ടും, അപകടം ഉണ്ടാക്കുന്നത് കൊണ്ടും, ആസ്ബസ്റ്റോസ് പോലെയുള്ള അപകട വസ്തുക്കൾ ഉള്ളതുകൊണ്ടും ഒക്കെയാകാം ഇത് സംഭവിക്കുന്നത്. ഇതൊക്കെ ഇപ്പോൾ തന്നെ വികസിത രാജ്യങ്ങളിൽ സ്ഥിരം സംഭവിക്കുന്ന കാര്യമാണ്.
 
അതുകൊണ്ട് തന്നെ വലുതും ചെറുതുമായ കെട്ടിടങ്ങൾ സുരക്ഷിതമായി പൊളിക്കുന്നത് എങ്ങനെ എന്നതിന് ഒരു ഡിപ്ലോമ കോഴ്സ് കേരളത്തിൽ തുടങ്ങേണ്ട കാലം കഴിഞ്ഞു. കേരളത്തിലെ എല്ലാ സിവിൽ എന്ജിനീയർമാർക്കും ഈ പൊളി എൻജിനീയറിങ്ങിൽ ഒരു നിർബന്ധ വിഷയം പഠിപ്പിക്കുകയും വേണം. തൊഴിൽ അവസരങ്ങൾ ഉണ്ടാകാൻ മാത്രമല്ല, അപകട മരണങ്ങൾ കുറക്കാനും ഇത് സഹായിക്കും.
 
കെട്ടിടം പൊളിക്കുന്നത് മാത്രമല്ല കെട്ടിടം ഉയർത്തുന്നതും കേരളത്തിൽ, പ്രത്യേകിച്ച് തീരദേശത്തും നദീതടങ്ങളിലും വലിയ സാധ്യത ഉള്ള ജോലിയാണ്. വെള്ളം പൊങ്ങിയ സ്ഥലങ്ങളിലുള്ള പള്ളിയും വീടും ജാക്കിവെച്ച് ഉയർത്തുകയും മാറ്റിവെക്കുകയും ചെയ്യുന്നതായി ഇടക്കിടക്ക് പത്രത്തിൽ വായിക്കുന്നുണ്ട്. ഇതും ഇപ്പോൾ ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള എൻജിനീയർമാരും സ്ഥാപനങ്ങളും ആണ്.
 
കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലൊക്കെ ഈ പ്രസ്ഥാനത്തിന് വൻ സാദ്ധ്യതകളാണ് വരാൻ പോകുന്നത്. ഇപ്പോഴേ ഈ ടെക്‌നോളജി കുട്ടികളെ പഠിപ്പിച്ചാൽ കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇത്തരം പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്താനുള്ള കഴിവ് നമുക്കുണ്ടാകും.
എഞ്ചിനീയറിങ്ങ് കോളേജുകളും അസോസിയേഷനുകളും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.
 
മുരളി തുമ്മാരുകുടി

Leave a Comment