പൊതു വിഭാഗം

ഭാവിയിലെ ശമ്പളം തീരുമാനിക്കുമ്പോൾ…

എം എൽ എ മാരുടെയും മന്ത്രിമാരുടെയും ഒക്കെ ശമ്പളം കൂട്ടുന്ന തീരുമാനം വായിച്ചു. എം എൽ എ മാർക്ക് അറുപത്തീരായിരവും മന്ത്രിമാർക്ക് തൊണ്ണൂറായിരം രൂപയുമാണ് ‘ഉയർത്തി’ നിശ്ചയിച്ചിരിക്കുന്നത്. ആളുകൾ എന്ത് പറയും എന്ന് കരുതിയിട്ടാകണം മന്ത്രിമാരുടെ പോലും ശമ്പളം ഇപ്പോഴും ഒരു ലക്ഷത്തിന്റെ താഴെ ആക്കിയത്.
 
ശമ്പളം വർധിപ്പിച്ചത് നന്നായി. ഇപ്പോൾ വർധിപ്പിച്ച തുക പോലും ഏറെ കുറവാണെന്നാണ് എൻറെ പക്ഷം. സിംഗപ്പൂരിൽ ഒക്കെ ചെയ്യുന്നതുപോലെ നാട്ടിലെ മൂന്നോ നാലോ പ്രൊഫഷനിലെ (ഡോക്ടർമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, ഐ ടി മാനേജർമാർ, സെയിൽസ് മാനേജർമാർ) ശരാശരി ശമ്പളത്തിനോട് ആനുപാതികമാക്കിയാൽ മതി. നമ്മുടെ മന്ത്രിമാർക്ക് അഞ്ചു ലക്ഷവും എം എൽ എ മാർക്ക് മൂന്നു ലക്ഷവും ശമ്പളം കൊടുത്തിട്ട് അനാവശ്യമായ മറ്റ് ആനുകൂല്യങ്ങൾ ഒക്കെ എടുത്തു കളയണം. അപ്പോൾ പിന്നെ അവർ കണ്ണടക്ക് ഇത്ര മേടിച്ചു, ഫ്രീ ആയി ട്രാൻസ്‌പോർട്ട് ബസിൽ കയറി കമ്പനി നഷ്ടത്തിലാക്കി എന്നൊക്കെയുള്ള ആരോപണം ഒഴിവാകുമല്ലോ. മറ്റുള്ളവരെ പോലെ അവർക്കും ഇൻഷുറൻസ് എടുക്കാം, ബസിൽ കയറിയാൽ ടിക്കറ്റ് എടുക്കാം, ശമ്പളം ജാമ്യം വച്ച് കാറ് മേടിക്കാം. അവരും ഹാപ്പി നമ്മളും ഹാപ്പി.
 
വളർന്നു വരുന്ന സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ് നമ്മുടെ എം എൽ എ മാരും മന്ത്രിമാരും. ആ വളർച്ചയിൽ അവർ വലിയ പങ്കു വഹിക്കുന്നുണ്ട്. സമൂഹത്തിൽ ലഭ്യമായ ഏറ്റവും നല്ല ടാലന്റുകൾ തന്നെ അവിടെ എത്തണം എന്നതല്ലേ നമ്മുടെ ആഗ്രഹം? അതല്ലേ നമുക്ക് നല്ലത്. അങ്ങനെ ഉള്ളവർ എം എൽ എ ആകണമെങ്കിൽ പുറത്തു ലക്ഷക്കണക്കിന് കിട്ടാവുന്ന ശമ്പളം ഉപേക്ഷിച്ച് സിംപിൾ ആയി ജീവിക്കണം എന്നൊക്കെ പറഞ്ഞാൽ ഒന്നുകിൽ അത് അഴിമതി വളർത്തും അല്ലെങ്കിൽ നല്ല ആളുകൾ ആ പണിക്ക് വരാതിരിക്കും. രണ്ടും സമൂഹത്തിന് വലിയ നഷ്ടമേ ഉണ്ടാക്കൂ. അതുകൊണ്ട് കൂട്ടുന്ന നിലക്ക് ഈ സൈക്കോളജിക്കൽ ബാരിയർ ആയ ഒരു ലക്ഷം ഒന്ന് കടത്തി വിടണമെന്നാണ് എൻറെ അഭിപ്രായം.
 
ഒരു ചെറിയ കാര്യം കൂടി പറയാം. അമേരിക്കയിൽ ഉൾപ്പടെ ലോകത്ത് പല സ്ഥലങ്ങളിലും നിലനിൽക്കുന്ന ഒരു വ്യവസ്ഥയുണ്ട്. ഒരു സെനറ്റ് പാസ്സാക്കുന്ന ശമ്പള വർദ്ധന നിയമം അടുത്ത സെനറ്റ് തൊട്ടേ ബാധകമാകൂ, കാരണം അല്ലെങ്കിൽ അവിടെ ഒരു ‘കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്’ ഉണ്ട്. തൽക്കാലം എം എൽ എ മാരുടെ ശമ്പളം ഏറെ കുറവായതിനാൽ നമുക്ക് ഈ വിഷയം വിടാം. പക്ഷെ ഈ സർക്കാരിന്റെ ഭരണ കാലത്ത് അടുത്ത നിയമസഭയിലെ അംഗങ്ങളുടെ ശമ്പളം ഒന്ന് അറിഞ്ഞു കൂട്ടണം, പിന്നെ അത് കൂട്ടാനുള്ള അനുമതി അവർക്ക് മാറ്റി വക്കുകയും വേണം. അതാണ് ശരി.
 
മുരളി തുമ്മാരുകുടി
 
(ആത്മഗതം: അല്പം ദൂരെ കണ്ടു തന്നെ എറിഞ്ഞേക്കാം)
 

Leave a Comment