പൊതു വിഭാഗം

ഭാവിക്കായി വെള്ളിയാഴ്ചകൾ

“പരിസ്ഥിതിയുടെ ഭാവിക്കു വേണ്ടി ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക?” കേരളത്തിൽ സ്‌കൂളുകളിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്പോൾ എപ്പോഴും കിട്ടുന്ന ചോദ്യമാണ്.

എന്റെ തലമുറ സ്‌കൂളിൽ പഠിക്കുന്പോൾ പരിസ്ഥിതി ഒരു പഠനവിഷയം അല്ല. 1986 ൽ GATE പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ഉണ്ടായിരുന്ന ഞാൻ സ്‌ട്രക്ച്ചറൽ എഞ്ചിനീയറിങ്ങ് എടുക്കാതെ എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തത് എല്ലാവർക്കും അതിശയമായിരുന്നു.

1990 കളിൽ ഇന്ത്യയിൽ ബിരുദത്തിന് പഠിക്കുന്ന എല്ലാവരും, അവർ ബിരുദമെടുക്കുന്നത് ഏത് വിഷയത്തിൽ ആയാലും, പരിസ്ഥിതി ശാസ്ത്രത്തിൽ ഒരു കോഴ്സ് ചെയ്യണം എന്ന സുപ്രീം കോടതി വിധി വന്നു. ഏതാണ്ട് അതേ സമയത്ത് തന്നെ സ്‌കൂളുകളിലും പരിസ്ഥിതി പഠന വിഷയമായി.

നാട്ടിലെ സാന്പത്തിക നിലവാരം ഉയർന്നതോടെ പരിസ്ഥിതിയുടെ കാര്യത്തിൽ അടിസ്ഥാനപരമായ പല മാറ്റങ്ങളും വന്നു. ഉദാഹരണത്തിന് കക്കൂസുകൾ ഇല്ലാത്ത വീടുകൾ ഇല്ലാതായി, കൂടുതൽ വീടുകളിൽ ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പിൽ എത്തിത്തുടങ്ങി. എന്റെ തലമുറ പ്രകൃതിയോടടുത്താണ് ജീവിച്ചതെങ്കിലും പ്രകൃതിയെപ്പറ്റി കൂടുതൽ അറിയുന്നത് അടുത്ത തലമുറക്കാണ് എന്ന് സമ്മതിക്കുന്നതിൽ എനിക്ക് വിഷമം ഒന്നുമില്ല. അവരാണ് ചോദിക്കുന്നത് “ഞങ്ങൾക്ക് പ്രകൃതിക്ക് വേണ്ടി  ഇനി എന്ത് ചെയ്യാൻ സാധിക്കും” എന്ന്.

സത്യത്തിൽ ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. പ്രകൃതിയെ അടുത്തറിയുക എന്നതാണ് ഒന്നാമത്.

എങ്ങനെയാണ് നമ്മുടെ ഭക്ഷണം, കുടിവെള്ളം, ആരോഗ്യത്തിനുള്ള മരുന്നുകൾ, സംസ്കാരം ഇതൊക്കെ നമ്മുടെ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്? എങ്ങനെയാണ് നമ്മുടെ ഉപഭോഗ സംസ്കാരം നമ്മൾ കാണുന്നതിനും ഏറെ അപ്പുറത്ത് പ്രകൃതിയെ നശിപ്പിക്കുന്നത്? എങ്ങനെയാണ് അധിനിവേശ സസ്യങ്ങൾ നമ്മുടെ കണ്മുന്നിൽ തന്നെ പ്രകൃതിയെ കീഴടക്കുന്നത് ?

സ്‌കൂൾ കാന്പസിനെ മൊത്തം ഒരു പരീക്ഷണശാലയാക്കി പ്രകൃതിയെപ്പറ്റി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതി ഞങ്ങൾ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അതിന് വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണ് നേപ്പാൾ തലസ്ഥാനത്ത് അവിടുത്തെ മേയർ നടത്തുന്ന “Text Book Free Friday” എന്ന സംവിധാനത്തെ പറ്റി വായിക്കുന്നത്.

ആഴ്ചയിൽ എല്ലാ വെള്ളിയാഴ്ചയും വിദ്യാർഥികൾ പുസ്തകങ്ങളില്ലാതെ ക്ലാസ്സിൽ വരുന്നതും സിലബസിൽ ഇല്ലാത്ത, എന്നാൽ ജീവിതത്തിൽ ആവശ്യമുള്ള, കാര്യങ്ങൾ പഠിക്കുന്നതും പരിശീലിക്കുന്നതുമാണ് രീതി. കാഠ്മണ്ഡുവിലെ മേയർ ബാലേന്ദ്ര ഷാ ആണ് ഇതിന് പിന്നിൽ.

യൂറോപ്പിലെങ്ങും പടർന്നുപിടിച്ച ‘Fridays for Future’ എന്ന പ്രസ്ഥാനത്തെ പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകും. 2018 ൽ ഗ്രെറ്റ തുൻബെർഗും സുഹൃത്തുക്കളും സ്വീഡിഷ് പാർലമെന്റിന് മുന്നിൽ തുടങ്ങിയ നിൽപ്പ് സമരമാണ് ഇന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങളുടെ നയങ്ങൾക്കെതിരെയുള്ള ഏറ്റവും ശക്തമായ മുന്നേറ്റമായി മാറിയിരിക്കുന്നത്. വാസ്തവത്തിൽ ക്ലാസ്സ്മുറികളിൽ എന്തൊക്കെ പഠിച്ചാലും കാലാവസ്ഥ വ്യതിയാനം ഭൂമിയുടെ ഭാവിയെ മാറ്റിമറിച്ചാൽ പിന്നെ വിദ്യാർത്ഥികൾക്ക് എന്ത് ഭാവി എന്നൊരു ചിന്ത വിദ്യാർത്ഥികൾക്ക് ഉണ്ടാക്കാനും അവരുടെ ഭാവിക്ക് വേണ്ടി വാദിക്കാനും ഈ പ്രസ്ഥാനം അവർക്ക് ശക്തി നൽകിയിട്ടുണ്ട്.

ലോകത്തെവിടെയും യുവാക്കളുടെ താല്പര്യങ്ങൾ കണക്കിലെടുത്ത് വേണം നയങ്ങൾ ഉണ്ടാക്കാൻ എന്ന് മാത്രമല്ല നടപ്പിലാക്കുന്ന കാര്യങ്ങളിലും യുവാക്കൾക്ക് പ്രകടമായ പങ്ക് വേണം എന്ന് സ്ഥാപിച്ചെടുക്കാൻ Fridays for Future എന്ന പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെ ആണ് ലോകം മാറുന്നത്. ഇതൊക്കെയാണ് ഭാവിയെ മാറ്റാൻ നമ്മളും ചിന്തിക്കേണ്ടത്

ആഴ്ചയിൽ അഞ്ചു ദിവസവും ക്ലാസ്സിൽ ഇരുന്നിട്ട് ശനിയും ഞായറും എൻട്രൻസ് കോച്ചിങ്ങിൽ ഇരിക്കേണ്ടി വരുന്ന നാട്ടിലെ കുട്ടികളോട് പുസ്തകങ്ങൾ ഇല്ലാത്ത വെള്ളിയാഴ്ചയാണ് ഭാവി എന്ന് എങ്ങനെയാണ് പറഞ്ഞുകൊടുക്കുന്നത്?

മുരളി തുമ്മാരുകുടി

Leave a Comment