പൊതു വിഭാഗം

ഭായിയോം ബഹനോം …

നോട്ടുനിരോധനം വന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണല്ലോ. കഴിഞ്ഞ നവംബർ ഏഴ് യാതൊരു പ്രത്യേകതയും ഇല്ലാത്തതായിരുന്നു. പക്ഷെ എട്ടു കഴിഞ്ഞപ്പോൾ കളി മാറി. രാജ്യം മുഴുവൻ സാമ്പത്തിക വിദഗ്ദ്ധരെക്കൊണ്ട് നിറഞ്ഞു. പിന്നെ എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ! ഇളയച്ഛനും ഗുണ്ടകളും ഒരുവശത്ത്, അനന്തനും സംഘവും മറുവശത്ത്. യുദ്ധമല്ലായിരുന്നോ യുദ്ധം! ഇപ്പോൾ എല്ലാം ഒരു വഴിക്കായി.

ഞാൻ ഒരു സാമ്പത്തിക വിദഗ്ദ്ധൻ അല്ലെന്ന് അന്നേ പറഞ്ഞിരുന്നല്ലോ. അക്കാലത്തെ വിദഗ്ദ്ധരോടൊക്കെ ഞാൻ ഒരു ചെറിയ ടെസ്റ്റ് എടുക്കാൻ പറഞ്ഞിരുന്നു. സ്ഥലവില മുതൽ ഡോളറിന്റെ വില വരെ ഓരോന്നും നോട്ടു നിരോധനം കാരണം എങ്ങോട്ടു പോകുമെന്ന് ഒന്ന് പ്രവചിച്ചു നോക്കാം എന്ന്. ഞാൻ പറഞ്ഞതൊക്കെ തെറ്റി പാളീസ് ആയി. അതുകൊണ്ട് നോട്ടുനിരോധനം ശരിയെന്നോ തെറ്റെന്നോ വരുന്നില്ല. അതിൽ വിഷമിക്കേണ്ട കാര്യവുമില്ല. പ്രവചനം, അതും ഭാവിയെ കുറിച്ചാകുമ്പോൾ, വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എം ടി ഒന്നാമൻ പറഞ്ഞിട്ടുണ്ട്. സാമ്പത്തികശാസ്ത്രം എന്നത് ഫിസ്‌ക്‌സും കെമിസ്ട്രിയും പോലുള്ള ഒരു ശാസ്ത്രമല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. നിങ്ങളുടെ പ്രവചനം എന്തായിരുന്നു എന്ന് സ്വയം ഓർത്തു നോക്കിയാൽ മതി, അല്ലെങ്കിൽ കഴിഞ്ഞ വർഷത്തെ എന്റെ ഫേസ്ബുക്ക് പേജിലുണ്ട്.

പക്ഷെ ഒരു ശരാശരി ഇന്ത്യക്കാരനെ പോലെ അഴിമതിയും കള്ളപ്പണവും ഒരു രാജ്യത്തെ കാർന്നുതിന്നുന്ന അർബുദം ആണെന്നും അതിനെതിരെയുള്ള ഏത് പ്രവർത്തനത്തെയും ഞാൻ പിന്തുണക്കുന്നു എന്നുമാണ് ഞാനന്ന് പറഞ്ഞത്. അക്കാര്യത്തിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. ഇനിയാണെങ്കിലും അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരായും സർക്കാർ നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഏത് നടപടിയേയും ഞാൻ പിന്തുണക്കും. അത് ഏത് സർക്കാരാണെങ്കിലും, കേന്ദ്രത്തിലാണെങ്കിലും സംസ്ഥാനത്താണെങ്കിലും.

നോട്ടു നിരോധനം കാരണം കുറച്ചു പാഠങ്ങൾ പഠിക്കാൻ അവസരം കിട്ടി.

1. ഇന്ത്യയിൽ കള്ളപ്പണം ഉണ്ടെന്ന കാര്യത്തിൽ പണം കൈകാര്യം ചെയ്തിട്ടുള്ള ആർക്കും ഒരു സംശയവുമില്ല. നോട്ട് നിരോധനമാണ് അതിനുള്ള ഒറ്റമൂലി എന്ന് അനവധി കാലമായി അനവധി പേർ, രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ദ്ധരും ചിന്തിച്ചിരുന്നു. അതല്ല എന്നിപ്പോൾ മനസ്സിലായി. ഇതിൽനിന്നും ചുരുങ്ങിയത് ഒരു പാഠമെങ്കിലും പഠിക്കണം. ഒറ്റമൂലികൊണ്ട് പിടിച്ചുകെട്ടാവുന്നതല്ല രാജ്യങ്ങളുടെ പ്രശ്നങ്ങൾ. ചൈനീസ് വസ്തുക്കൾ നിരോധിച്ച് ശരിപ്പെടുത്താൻ പറ്റുന്നതല്ല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ഇന്ത്യൻ കമ്പനികൾക്ക് ഔട്ട് സോഴ്സ് ചെയ്യാതിരുന്നാൽ അമേരിക്കൻ കമ്പനികൾ രക്ഷപെടുകയുമില്ല.

2. നോട്ട് നിരോധനം പോലെ ഇത്രയും ആളുകളെ നേരിട്ട് ബാധിച്ച, ബാങ്കിന്റെ മുന്നിൽ എത്തിച്ച ഒരു തീരുമാനം ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ശരിയായാലും പാളിപ്പോയാലും രാഷ്ട്രീയമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള തീരുമാനമായിരുന്നു ഇത്. ഇതാണ് നമ്മുടെ പ്രധാനമന്ത്രി എടുത്തതും, മുന്നിൽനിന്നു പ്രഖ്യാപിച്ചതും. തീരുമാനം ആളുകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടും അതിനു ശേഷമുണ്ടായ പ്രധാന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പാർട്ടി വിജയിക്കുകയും ചെയ്തു. നോട്ട് നിരോധനം ശരിയോ തെറ്റോ എന്ന് ഇത് അർത്ഥമാക്കുന്നില്ല. രാഷ്ട്രീയ നഷ്ടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതി നേതാക്കൾ തീരുമാനങ്ങൾ എടുക്കാതിരിക്കരുത്. വിചാരിക്കുന്നത്ര പ്രത്യാഘാതം പലപ്പോഴും ഉണ്ടാകാറില്ല. കേരളത്തിൽ സ്ഥലവിനിയോഗത്തിന്റെ കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിലും, നഗരത്തിലെ ടാക്സ് കൂട്ടി കൂടുതൽ നല്ല മാലിന്യസംസ്കരണം ഉണ്ടാക്കുന്നതിലും, വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ചു മലിനീകരണവും അപകടമരണവും കുറക്കുന്ന കാര്യത്തിലും ഇക്കാര്യം പ്രസക്തമാണ്.

3. ഇന്ത്യ ഏറെ വലിയ രാജ്യവും കോടിക്കണക്കിന് ജനങ്ങളും അനവധി പ്രതിപക്ഷ പാർട്ടികളും ഉള്ള സ്ഥലമാണെങ്കിലും മർമ്മത്തിന് പിടിച്ചു കഴിഞ്ഞാൽ വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ ആളുകൾ വരി വരിയായി നിൽക്കും. ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തം ആണത്. ഇതാണ് ശരിക്കും എന്നെ പേടിപ്പിച്ചത് അന്നും ഇന്നും.

ഇനി വരുന്ന ദിവസങ്ങൾ തിരക്കും യാത്രയുമാണ്. അതിനിടക്ക് കരിയർ സീരീസ് ഇംഗ്ളീഷിൽ ഇറക്കണം. അതുകൊണ്ട് ഈ വർഷം ഇനി അധികം പോസ്റ്റുകൾ ഉണ്ടാവില്ല. പക്ഷെ പുതുവർഷത്തിൽ പുതിയ പല പരിപാടികളും പ്ലാനുണ്ട്, വഴിയേ പറയാം….

1 Comment

Leave a Comment