പൊതു വിഭാഗം

ബോണ്ടും ബോണ്ടയും.

കിഫ്‌ബി എന്ന പ്രസ്ഥാനത്തിന്റെ സാന്പത്തിക മാതൃക എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളവരുടെ കൂട്ടത്തിൽ എൻറെ പേരില്ല. ശ്രീ തോമസ് ഐസക്ക് അത് പ്രഖ്യാപിച്ച സമയത്ത് ഒന്ന് മനസ്സിലാക്കാൻ നോക്കിയതാണ്, പക്ഷെ നടന്നില്ല. പിന്നെ വിചാരിച്ചു നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും, ശന്പളത്തിനും ക്ഷേമ പദ്ധതികൾക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി ചിലവാക്കുന്ന ഒരു സംസ്ഥാനമാണ്. നാമമാത്രമായ ഭൂ-നികുതി മുതൽ ഏറെയില്ലാത്ത കെട്ടിട നികുതി വരെ അല്പമൊന്ന് വർദ്ധിപ്പിച്ചാൽ തന്നെ മാധ്യമങ്ങളും പ്രതിപക്ഷവും എതിർക്കുന്ന സംസ്ഥാനമാണ്. അവിടെ കിഫ്ബിയോ മറ്റെന്ത് പരിപാടിയോ ഉപയോഗിച്ച് കുറച്ചു പണം സംഭരിച്ചു വികസന പ്രവർത്തനങ്ങൾ നടത്തിയാൽ എന്താണ് കുഴപ്പം? ഇനി അഥവാ പറയുന്നത് പോലെ അധികം പണം വന്നില്ലെങ്കിലും ചിലവാക്കിയില്ലെങ്കിലും പഴയതിൽ നിന്നും മാറ്റമില്ലല്ലോ. അപ്പോൾ ഒരു ‘നോ റിഗ്രെറ്റ്’ ഓപ്‌ഷനാണ് എന്നതുകൊണ്ടു തന്നെ അതിനെപ്പറ്റി കൂടുതൽ ചിന്തിച്ചില്ല.
 
ഇപ്പോൾ കിഫ്ബിയുടെ ബോണ്ടുകൾ വിവാദമായപ്പോൾ വീണ്ടും ശ്രദ്ധിച്ചു. വാസ്തവത്തിൽ കേരളം പോലെ ഒരു സംസ്ഥാനത്തിലെ പൊതുമേഖലയിലുള്ള പ്രസ്ഥാനത്തിന് അന്താരാഷ്ട്രമായി പണം സംഭരിക്കാൻ സാധിച്ചു എന്നത് വലിയ കാര്യമാണ്. ഒന്നാമതായി അന്താരാഷ്ട്ര വിപണിയിൽ ബോണ്ടു പോലെയുള്ള ഒരു ഫിനാൻഷ്യൽ ഇൻസ്ട്രുമെൻറ്റ് കൊണ്ടുപോയി കച്ചവടം ചെയ്യാൻ നന്നായി ഗ്രൗണ്ട് വർക്ക് ചെയ്യണം. അതിനൊക്കെ പ്രൊഫഷണൽ സഹായം കിട്ടുമെങ്കിലും ഇത്തരം സാധ്യതകളെ അറിയുക, അതിന് പറ്റിയ ബാങ്കർമാരെ കണ്ടുപിടിക്കുക എന്നതിനൊക്കെയും ശരാശരിയിൽ കൂടുതൽ ഫിനാൻഷ്യൽ ലിറ്ററസി വേണം. നമ്മുടെ ധനമന്ത്രിക്കും സംഘത്തിനും അതുണ്ട് എന്നാണ് ഈ കിഫ്‌ബി ബോണ്ട് കാണിക്കുന്നത് (ഇലക്ഷൻ ആയപ്പോൾ രണ്ടാമൻ തനി സ്വഭാവം കാണിച്ചു !!)
 
രണ്ടാമത്, സായിപ്പുമാർക്കൊക്കെ ധാരാളം പണം ഉണ്ടെന്നും അവർ അത് എവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിക്കാൻ നടക്കുകയാണെന്നും ഉള്ള തെറ്റിദ്ധാരണയാണ്. നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ച്, ബോണ്ടിന്റെ അപേക്ഷയിലെ സ്മാൾ പ്രിന്റിൽ എഴുതിയ കാര്യങ്ങളും വായിച്ച്, ബോണ്ടിലെ നിക്ഷേപത്തിൻറെ ലാഭ സാധ്യതകൾ കന്പ്യൂട്ടർ മോഡലിൽ ഇട്ട് ഹരിച്ചും ഗുണിച്ചും നോക്കിയിട്ട്, ലോകത്ത് മറ്റുള്ള എന്തൊക്കെ സാധ്യതകളുണ്ടോ അവിടെ നിക്ഷേപ്പിച്ചാൽ ഉണ്ടാകാവുന്ന ലാഭവും റിസ്കും ആയി താരതമ്യം ചെയ്തിട്ടാണ് അന്താരാഷ്ട്ര ഫൈനാൻഷ്യൽ കന്പനികളും പെൻഷൻ ഫണ്ടുകളും നിക്ഷേപം നടത്തുന്നത്. ഇത്തരത്തിലുള്ള ഒരു കടന്പ നമ്മൾ കടന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
 
ഈ രണ്ടുകാര്യവും ഇനിയങ്ങോട്ട് കേരളത്തിന്റെ വികസന കാര്യത്തിൽ അന്താരാഷ്ട്ര കന്പോളത്തിൽ നിന്നും പണം കണ്ടെത്താനുള്ള ശ്രമം എളുപ്പമാക്കും.
 
ഇപ്പോൾ പറഞ്ഞു കേൾക്കുന്ന പ്രധാന ആരോപണം ഉയർന്ന പലിശയുടേതാണ്. ഇന്ത്യയിൽ ഒന്നര ശതമാനത്തിനും രണ്ടു ശതമാനത്തിനും വിദേശ വായ്പ കിട്ടിയിട്ടുണ്ട്, അപ്പോൾ ഒന്പത് ശതമാനം ഉയർന്ന പലിശ നിരക്കാണെന്നാണ് പറയുന്നത്. ഒന്പത് ഒന്നരയേക്കർ ഉയർന്നതാണ്. എന്നാൽ സാധാരണ ഗതിയിൽ ഏതെങ്കിലും രാജ്യം നമുക്ക് ഒരു ഗ്രാന്റ് തരുന്നില്ലെങ്കിൽ വിദേശ വായ്പക്ക് അഞ്ചു ശതമാനത്തിൽ താഴെ പലിശ വരുന്നത് ലോൺ തിരിച്ചടക്കേണ്ടത് വിദേശ കറൻസിയിൽ ആകുന്പോളാണ്. അതിവിടെ സാധാരണവുമാണ്. ജനീവയിൽ എനിക്ക് ബാങ്കിൽ കിട്ടുന്നത് അര ശതമാനം പലിശയാണ്. ഇതേ പണം രൂപയാക്കി നാട്ടിൽ കൊണ്ട് പോയി ഇട്ടാൽ ഏഴോ എട്ടോ ശതമാനം പലിശ കിട്ടും. പക്ഷെ ഞാൻ ആ റിസ്ക് എടുക്കാറില്ല. കാരണം ഒരു ഫ്രാങ്കിന് 2011 ൽ അൻപത് രൂപ ആയിരുന്നത് ഇപ്പോൾ എഴുപത് രൂപ ആയി. അപ്പോൾ അന്ന് ഞാൻ ഏഴു ശതമാനം പലിശക്ക് പണം ഇട്ടിരുന്നാൽ കിട്ടുന്നതിൽ കൂടുതൽ ഫ്രാങ്കിന്റെ വില വർദ്ധിച്ചതിലൂടെ എനിക്കിപ്പോൾ കിട്ടും. ഇന്ത്യൻ കറൻസിയുടെ വില കുറയാനുള്ള പ്രവണത കാരണം പതിനഞ്ചു ശതമാനം പലിശ കിട്ടും എന്ന് വന്നാൽ പോലും ഞാൻ ഫ്രാങ്ക് മാറ്റി രൂപയിൽ നിക്ഷേപിക്കില്ല. ഇത് ലോകത്തെവിടെയും നടക്കുന്ന കാര്യമാണ്.
 
അതുപോലെ തന്നെയാണ് വിദേശ കന്പനികൾ ഇവിടെ നിക്ഷേപിക്കുന്നതും. ഇവിടെ ഡോളറിൽ ലോൺ കൊടുത്ത് ഒന്നര ശതമാനം പലിശ കിട്ടിയാൽ അവർക്ക് നാട്ടിൽ കിട്ടുന്നതിലും ഒരു ശതമാനം കൂടുതലാണ്. അതേ സമയം ഡോളർ രൂപയിലേക്ക് മാറ്റി പത്തു ശതമാനം പലിശ കിട്ടിയാലും ലോൺ തിരിച്ചു കിട്ടുന്ന സമയത്ത് ഡോളറിന്റെ വില പതിനഞ്ചു ശതമാനം കൂടിയാൽ അവരുടെ വരുമാനം നെഗറ്റിവ് ആകും. അതായത് നൂറു രൂപക്ക് തുല്യമായ ഡോളർ നിക്ഷേപിച്ചു എന്ന് കരുതുക. ഒരു വർഷം കഴിഞ്ഞപ്പോൾ പലിശ ഉൾപ്പടെ നൂറ്റിപ്പത്തു രൂപ കിട്ടി. പക്ഷെ പഴയ അത്രയും ഡോളർ കിട്ടണമെങ്കിൽ ഇപ്പോൾ നൂറ്റി പതിനഞ്ചു രൂപ കൊടുക്കണം. അതായത് എത്ര ഡോളർ ഇങ്ങോട്ട് കൊണ്ട് വന്നോ അത്രയും ഡോളർ തിരിച്ചു വിദേശത്തേക്ക് കൊണ്ടുപോകാൻ ഉണ്ടാകില്ല. ഇതുകൊണ്ടാണ് ഇന്ത്യൻ കറൻസിയിൽ നിക്ഷേപിക്കാൻ വിദേശ കന്പനികൾ മടിക്കുന്നത്.
 
ഡോളറിന്റെ വില കുറഞ്ഞാൽ അവർക്ക് ഭീമമായ ലാഭം കിട്ടില്ലേ എന്ന ചോദ്യം ഉണ്ട്, ശരിയാണ്. പക്ഷെ നമ്മുടെ ട്രാക്ക് റെക്കോർഡ് നോക്കുന്പോൾ അത്തരം “ഭീമമായ” ലാഭം കിട്ടാനുള്ള സാധ്യത ഒന്നുമില്ല, അപ്പോൾ ഡോളറിന്റെ വിലയിൽ ഉണ്ടാകാൻ സാധ്യത ഉള്ള ഏറ്റക്കുറച്ചിലിനും മുകളിൽ ഒന്നോ രണ്ടോ ശതമാനം പലിശ കിട്ടുന്ന തരത്തിലാണ് അവർ രൂപ നിക്ഷേപത്തിൻറെ പലിശനിരക്ക് സെറ്റ് ചെയ്യുന്നത്. ഇതൊന്നും അറിയാതിരുന്ന കാലത്ത് പലിശ നിരക്കിലെ വൻ വ്യത്യാസം കണ്ടിട്ട് ഗൾഫിൽ ദിർഹമിൽ ലോൺ എടുത്ത് നാട്ടിൽ രൂപയിൽ നിക്ഷേപം നടത്തി അടി പൊളിഞ്ഞ ആളുകളെ എനിക്കറിയാം. കിഫ്‌ബി ബോണ്ട് രൂപയിൽ വിപണനം ചെയ്യുന്നതുകൊണ്ടാണ് പലിശ ഒന്നരയിലും രണ്ടിലും നിൽക്കാതെ ഒന്പതിൽ എത്തുന്നത്. അപ്പോൾ ഡോളറിന്റെ പലിശയും രൂപയുടെ പലിശയും തമ്മിൽ താരതമ്യം ചെയ്യുന്നത് ബോണ്ടയും നെയ്യപ്പവും തമ്മിലുള്ള താരതമ്യമാണ്.
 
അടുത്ത ആരോപണം ലാവ്‌ലിനുമായി ബന്ധപ്പെട്ടാണ്. ഇലക്ഷൻ കാലമായതിനാൽ അതിന്റെ രാഷ്ട്രീയം എനിക്ക് മനസ്സിലായെങ്കിലും ഇതിന്റെ സാന്പത്തിക വശം എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല. കിഫ്‌ബി ബോണ്ടിൽ നിക്ഷേപിച്ച പെൻഷൻ ഫണ്ടിന് ലാവ്‌ലിനിലും നിക്ഷേപം ഉണ്ടെന്നാണോ അതോ പെൻഷൻ ഫണ്ടിന് പണം നൽകുന്നത് ലാവ്‌ലിനിൽ നിന്നാണെന്നാണോ? ഇതിൽ ഏതെങ്കിലുമോ രണ്ടും തന്നെയോ സത്യമാണെന്ന് വച്ചാൽ പോലും അതിനെന്താണ് പ്രസക്തി? നമ്മൾ പണം നിക്ഷേപിക്കുകയോ ലോൺ എടുക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിലെ എല്ലാ നിക്ഷേപകരും ലോൺ എടുക്കുന്നവരും ആരാണെന്ന് നമ്മൾ അന്വേഷിക്കാറുണ്ടോ? ഇവിടെ നമ്മുടെ ബോണ്ടിൽ അവർ പണം നിക്ഷേപിക്കുകയാണ്, അപ്പോൾ നമ്മൾ വിശ്വസിക്കാവുന്നവർ ആണോ അല്ലയോ എന്നത് അവരാണ് നോക്കേണ്ടത്. കാരണം റിസ്ക് എടുക്കുന്നത് അവരാണ്. മറ്റു സ്ഥാപനങ്ങളിൽ അവർ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതും അവരുടെ റിസ്ക് ആണ്, നമ്മളുമായി അതിന് ബന്ധമില്ല. ഇതിലപ്പുറം ഇതിനൊരു സാന്പത്തിക വശം ഉണ്ടെങ്കിൽ അതാരെങ്കിലും പറഞ്ഞു തന്നാൽ മനസ്സിലാക്കാൻ തയ്യാറാണ്.
 
സത്യത്തിൽ അല്പം ലളിതമായി പറഞ്ഞതാണ്. ഈ ബോണ്ട് എന്ന് പറയുന്നതിന് ഇതിലും കൂടിയ ചില റിസ്ക് ഉണ്ട്. കൂടുതൽ വിശദീകരിച്ച് കോംപ്ലിക്കേറ്റഡ് ആക്കുന്നില്ല. ബോണ്ടിലെ റിസ്ക് എടുക്കുന്നത് വാങ്ങുന്നവരാണ് എന്ന് സാമാന്യമായി പറയാം.
 
ബോണ്ട ആകുന്പോൾ പക്ഷെ റിസ്ക് ഒന്നുമില്ല. ഒന്നുകിൽ വെങ്ങോലയിലെ ചായക്കടകളിൽ കിട്ടുന്ന പോലെയുള്ള ഉണ്ടൻപൊരി ബോണ്ട. അല്ലെങ്കിൽ ഇന്ത്യൻ കോഫീ ഹൗസിലും ശരവണ ഭവനിലും കിട്ടുന്ന മസാല നിറച്ച ബോണ്ട. രണ്ടാണെങ്കിലും എനിക്കിഷ്ടമാണ്. ഉണ്ടൻ പൊരിയുടെ കൂടെ പക്ഷെ ചമ്മന്തി ഇല്ല.
 
മുരളി തുമ്മാരുകുടി.

Leave a Comment