കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും രീതികളും1990 മുതൽ 2010 വരെയുള്ള ബംഗ്ലാദേശിലെ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്നു. മാറി വരുന്ന ഭരണങ്ങൾ, തെരുവിലിറങ്ങുന്ന സമരം, അതുണ്ടാക്കുന്ന ഭരണ സ്തംഭനം, അക്രമങ്ങൾ, പൊതു രാഷ്ട്രീയ പാർട്ടികൾ പരസ്പരം കടിച്ചു കീറുകയും ചെളിവാരി എറിയുകയും ചെയ്യുന്പോൾ അത് വർഗ്ഗീയ ശക്തികൾക്ക് വളർച്ചക്ക് നൽകുന്ന അവസരം, ഇതെല്ലാം കാരണം നാട്ടിൽ അവസരങ്ങളില്ലാതെ മറുനാടുകളിലേക്ക് യുവാക്കളുടെ ഒഴിഞ്ഞുപോക്ക്, എന്നിങ്ങനെ മീനിനും ചോറിനും വെള്ളപ്പൊക്കത്തിനും അപ്പുറം കേരളവും ബംഗ്ലാദേശുമായി താരതമ്യങ്ങൾ പലതുണ്ട്.
പക്ഷെ ഭാഗ്യവശാൽ കഴിഞ്ഞ പത്തു വർഷമായി ബംഗ്ലാദേശിന്റെ തലവര മാറി. സാന്പത്തിക സാമൂഹ്യ രംഗങ്ങളിൽ വലിയ മുന്നേറ്റമാണ് അവിടെ നടക്കുന്നത്. പത്ത് വർഷത്തിനകം ഒരു മിഡിൽ ഇൻകം കൺട്രി ആകാനാണ് അവർ ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. അവിടുത്തെ പ്രശ്നങ്ങൾ തീർന്നു എന്നല്ല, പക്ഷെ മലേഷ്യയും ഇന്തോനേഷ്യയും പോലുള്ള ഒരു സന്പദ് വുവസ്ഥയാവുന്നത് യാഥാർത്ഥ്യ ബോധത്തോടെ സ്വപ്നം കാണാവുന്ന സ്ഥിതിയായി. ഈ മാറ്റത്തിൽ സ്ത്രീകളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ബംഗ്ലാദേശിനെ നമ്മൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഭരണസ്ഥിരത എങ്ങനെ വളർച്ചയാക്കി മാറ്റാം എന്നുള്ള നല്ല പാഠങ്ങൾ പഠിക്കാം, മുന്നേറാൻ ശ്രമിക്കാം. പറ്റിയില്ലെങ്കിൽ ബംഗാളി ഒക്കെ പഠിച്ച് പത്തു കൊല്ലം കഴിയുന്പോൾ അവിടെ വല്ല തൊഴിലും കിട്ടുമോ എന്നു നോക്കാം.
മുരളി തുമ്മാരുകുടി
Leave a Comment