പൊതു വിഭാഗം

പ്രൊഫഷണൽ ആയ കള്ളൻ…

അവസാനം ശവമായെങ്കിലും മലയാള സിനിമയിൽ ഒരു പ്രൊഫഷണൽ കില്ലറുടെ പേര് ചോദിച്ചാൽ അന്നും ഇന്നും ഒറ്റ ഉത്തരമേ ഉള്ളൂ. കാഞ്ഞങ്ങാട്ട് കാരൻ പി വി നാരായണൻ എന്ന പവനായി !
 
കാര്യങ്ങൾ പ്രൊഫഷണലായി ചെയ്യുന്നതാണ് എനിക്കിഷ്ടം. കേരളത്തെ കുറിച്ചുള്ള എന്റെ വലിയൊരു പരാതി ആളുകൾക്ക് വേണ്ടത്ര പ്രൊഫഷണലിസം ഇല്ല എന്നതാണ്.
 
പ്രൊഫഷണൽ എന്നാൽ കളക്ടർ അവധി പ്രഖ്യാപിക്കുന്പോൾ അവധി കിട്ടാത്ത എൻജിനീയർ, ഡോക്ടർ, വക്കീൽ തുടങ്ങിയ തൊഴിലുകൾ ആണെന്നാണ് നാം തെറ്റിദ്ധരിച്ചിരിക്കുന്നത്. അങ്ങനെയല്ല, ഏതൊരു തൊഴിലിലും പ്രൊഫഷണലിസം ആകാം.
അത് പാടത്തു ചെയ്യുന്ന പണിയോ, ഹോട്ടലിൽ കറിക്ക് കഷ്ണം നുറുക്കുന്നതോ, ഗേറ്റിന് പെയിന്റ് അടിക്കുന്നതോ, വാഹനം ഓടിക്കുന്നതോ ആകട്ടെ, പ്രൊഫഷണലായി ഒരു ജോലി ചെയ്യുന്നത് കണ്ടാൽ നമുക്ക് ഒറ്റനോട്ടത്തിൽ അത് മനസ്സിലാകും. വളരെ എളുപ്പമാണെന്നും ആർക്കും ചെയ്യാവുന്നതാണെന്നും തോന്നുകയും ചെയ്യും. ഞാൻ ജീവിതത്തിലെ നിസാര സംഭവം പെരുപ്പിച്ച് കാട്ടി കഥയെഴുതുന്പോൾ ‘അതൊക്കെ എനിക്കും ചെയ്യാം’ എന്ന് നിങ്ങൾക്ക് തോന്നാറില്ലേ?, അതാണ് പ്രൊഫഷണലിസം. അല്ലാതെ ഒരു തൊഴിൽ കൊണ്ട് ജീവിച്ചാൽ അത് പ്രൊഫഷൻ, തൊഴിൽ ജീവിതമായാൽ പ്രൊഫഷണലിസം എന്നല്ല.
 
നന്നായി പണി അറിയുന്നത് മാത്രമല്ല, ഒരാൾ ഒരു ജോലി ഏൽപ്പിക്കുന്പോൾ അത് തനിക്ക് സാധിക്കില്ലെങ്കിൽ (അറിയില്ലെങ്കിലോ, സമയത്തിന് ചെയ്തു തീർക്കാൻ കഴിയില്ലെങ്കിലോ) അത് മുൻകൂട്ടി പറയുന്നതാണ് പ്രൊഫഷണലിസം. സ്വന്തം കഴിവിലുള്ള തെറ്റായ ധാരണ കൊണ്ട് എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും, കക്ഷികളെ മുഷിപ്പിക്കാൻ കഴിയാത്തതിനാൽ ആവശ്യത്തിൽ കൂടുതൽ ജോലി ഉണ്ടെങ്കിലും പിന്നെയും ജോലി ഏറ്റെടുക്കുന്നതും പ്രൊഫഷണലിസം അല്ല. ഇപ്പോഴത്തെ തലമുറയിലെ കൺസൾട്ടന്റുമാർ, അവർ ഏത് പ്രൊഫഷനിൽ നിന്നാകട്ടെ, ഈ പ്രൊഫഷണലിസത്തിൽ വളരെ പുറകിലാണ്.
 
ഒരു ജോലി പറഞ്ഞ സമയത്ത് തന്നെ ചെയ്തു തീർക്കുന്നത് പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. പഴയ തലമുറയിൽ ധാരാളം വിദഗ്ദ്ധരായ തയ്യൽക്കാർ ഉണ്ടായിരുന്നു, എന്നാൽ അതിൽ ഒരാൾ പോലും പറഞ്ഞ സമയത്ത് ജോലി ചെയ്തു തീർക്കാറില്ല.
ചെയ്യുന്ന പണിയുടെ മൂല്യം അറിയുന്നതും അത് കക്ഷിയോട് മുൻ‌കൂർ പറയുന്നതും പണി ചെയ്തു കഴിഞ്ഞാൽ പണം ചോദിച്ചു മേടിക്കുന്നതും പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. നന്നായി പണി ചെയ്തു കഴിഞ്ഞതിന് ശേഷം ‘സാർ ഇഷ്ടമുളളത് തന്നാൽ മതി’ എന്ന് പറയുന്നത് പ്രൊഫഷണലിസം അല്ല. പറഞ്ഞു പണം മേടിച്ചതിന് ശേഷം മോശമായി പണി ചെയ്യുന്നത് പ്രൊഫഷണലിസം അല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.
നമ്മൾ ചുറ്റും നോക്കിയാൽ ഏതൊരു തൊഴിലിലും ഇത്തരം പ്രൊഫഷണലുകൾ ഉണ്ട്. പൊതുവെ മറ്റുളളവരേക്കാൾ ആത്മവിശ്വാസം അവർക്കുണ്ടാകും, ചിലപ്പോൾ അല്പം അഹന്ത എന്ന് പോലും തോന്നിയേക്കാം (എന്നെത്തന്നെ ആണ് ഉദ്ദേശിച്ചത്), കൂലിയും മറ്റുള്ളവരേക്കാൾ കൂടുതലായിരിക്കും. പക്ഷെ പറഞ്ഞാൽ പറഞ്ഞതാണ് !. പ്രൊഫഷനലുകളുമായി ഇടപെട്ട് ജോലി ചെയ്യുന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്, ഏത് പ്രൊഫഷൻ ആയാലും.
 
ഇന്ന് ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് പ്രൊഫഷണലായ ഒരു കള്ളനെ ആണ്. കളവ് പ്രൊഫഷൻ ആക്കിയ ആൾ എന്ന അർത്ഥത്തിലല്ല, മറിച്ച് ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുള്ള, അഭിമാനിയായ ഒരു കള്ളന്റെ കഥ.
കഥ നടക്കുന്നത് വെങ്ങോലയിൽ ആണ്. പണ്ടൊക്കെ എല്ലാ ഗ്രാമത്തിലും പേരുകേട്ട ഓരോ കള്ളന്മാർ ഉണ്ടായിരുന്നല്ലോ. വെങ്ങോലയിലും അത്തരത്തിൽ ഒരാൾ ഉണ്ടായിരുന്നു. പക്ഷെ അയാൾ വാസ്തവത്തിൽ ഒരു പാവമായിരുന്നു. പാടത്തും പറന്പിലും പണിയെടുക്കുന്ന ഒരു തൊഴിലാളി. ഏതോ സാഹചര്യത്തിൽ ഒരു കളവ് നടത്തി, പിടിച്ചു, പോലീസ് കേസായി. പിന്നെ ആരും അയാളെ ജോലിക്ക് വിളിക്കാതായതോടെ കളവ് അല്ലാതെ മറ്റു തൊഴിൽ ചെയ്യാനില്ലാതായി. അതിലാണെങ്കിൽ ഒട്ടും പ്രൊഫഷണലിസം ഇല്ലാത്തതിനാൽ പിന്നീട് ആ തൊഴിൽ ഉപേക്ഷിച്ച് ചെറിയ തോതിൽ അടക്ക കൃഷി ചെയ്ത് ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
 
പുതിയ തലമുറയിലെ പ്രൊഫഷണലായ ഒരു കള്ളൻ വെങ്ങോലയിലെത്തി. ആൾ പക്ഷെ വെങ്ങോലക്കാരൻ അല്ല.
വെങ്ങോലയിൽ എനിക്ക് പൈതൃകമായി ലഭിച്ച ഒരു പറന്പുണ്ട്, അതിൽ ഏറെക്കാലമായി റബ്ബർ വച്ചിരിക്കയാണ് (ഒന്നാമത്തെ ഫ്രൂട്ട് ഗാർഡൻ വിജയിച്ചാൽ ഈ റബ്ബർ വെട്ടി രണ്ടാമത്തെ ഫ്രൂട്ട് ഗാർഡൻ ഇവിടെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്).
ഈ റബ്ബറിന് നടക്കും ഒരു മാവുണ്ട്, അതിൽ എല്ലാ വർഷവും നിറയെ മാങ്ങ ഉണ്ടാകും. അമ്മാവൻ ഉണ്ടായിരുന്ന കാലത്ത് അത് ഒരാളെ വിളിച്ച് പറിച്ചുകൊണ്ടുവന്ന് അച്ചാറിടും. ഒന്നോ രണ്ടോ ചാക്ക് മാങ്ങ നാലോ അഞ്ചോ ഭരണിയിലാകും.
 
അമ്മാവന്റെ മരണശേഷം അതൊന്നും നടക്കാറില്ല. ഞാനാണെങ്കിൽ വർഷത്തിൽ ഒരിക്കൽ പോലും അങ്ങോട്ട് പോകാറില്ല. പറന്പായതിനാൽ ആരും അടിച്ചു മാറ്റി കൊണ്ടുപോകില്ല എന്നൊരു വിശ്വാസം. ഇപ്പോഴും മാവ് അവിടെത്തന്നെ കാണണം, മാങ്ങയും ഉണ്ടായിരിക്കണം.
അങ്ങനെയിരിക്കുന്പോൾ ആണ് ഒരു ബന്ദ് ദിവസം വീട്ടിലേക്ക് ഒരു ഫോൺ വരുന്നത്. ഈ റബ്ബർ തോട്ടത്തിന്റെ അടുത്ത വീട്ടിൽ നിന്നാണ്.
 
“ചേട്ടാ, മാങ്ങ പറിക്കാൻ ആരെയെങ്കിലും അയച്ചിട്ടുണ്ടോ?”
മാങ്ങാ പറിക്കാൻ ആളെ അയക്കുന്നത് പോയിട്ട് അവിടെ മാങ്ങാ ഉണ്ടെന്ന് പോലും അറിയില്ല.
“ഇല്ലല്ലോ”
“എന്നാൽ ആരോ ഒരു കള്ളൻ കയറിയിട്ടുണ്ട്, ചേട്ടൻ വേഗം ഇങ്ങോട്ട് വാ”
എന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട് ഈ തോട്ടത്തിലേക്ക്, ചേട്ടൻ ബൈക്കും എടുത്ത് അങ്ങോട്ട് ചെന്നു.
 
ഫോൺ വിളിച്ച ആളും അവിടെയുണ്ട്. രണ്ടുപേരും കൂടി മാവിന്റെ ചോട്ടിലേക്ക് പോയി.
സംഗതി സത്യമാണ്. മാവിലെ മാങ്ങ പകുതിയും അവിടെ പറിച്ചിട്ടിട്ടുണ്ട്, രണ്ടു ചാക്കും. പക്ഷെ കള്ളനെ അവിടെയെങ്ങും കാണാനില്ല.
“ചേട്ടാ, ആൾ ഇവിടെ ഉണ്ടായിരുന്നു, ഞാൻ ഫോൺ വിളിക്കാനായി വീട്ടിലേക്ക് പോയപ്പോൾ ഇറങ്ങി പോയതായിരിക്കാം.”
 
റബ്ബർ തോട്ടത്തിൽ പൊതുവെ അടിക്കാടില്ലെങ്കിലും ഒരു മൂലയിൽ അല്പം കുറ്റിച്ചെടികളുണ്ട്. ചേട്ടൻ അവിടെ ഒന്ന് പോയി നോക്കി.
അവിടെ മൂന്നു പയ്യന്മാർ പതുങ്ങിയിരിക്കയാണ്. അതിലൊരാൾ ഞങ്ങൾ അറിയുന്ന ആളാണ്.
 
“നിങ്ങളാണോ മാവിൽ കയറിയത് ?”
“അല്ല ചേട്ടാ.”
“പിന്നെ പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം? നിങ്ങൾ എന്തിനിവിടെ വന്നു.”
പയ്യമാർ ഒന്ന് പരുങ്ങി.
 
കൂട്ടത്തിലുള്ള ഒരു പയ്യൻ പറഞ്ഞു, “ഞാൻ അപ്പോഴേ പറഞ്ഞതാ ആ തോടിന്റെ അരുകിൽ മതിയെന്ന്, നീ അല്ലേ പറഞ്ഞത് ഇവിടെ പ്രശ്നം ഒന്നുമില്ലെന്ന്.”
ചേട്ടന് കാര്യം മനസ്സിലായി. പയ്യമാർ ബന്ദിന് ഒരു കുപ്പിയുമായി സൗകര്യത്തിന് സ്മാൾ അടിക്കാൻ ഇറങ്ങിയതാണ്. ഞങ്ങൾ അങ്ങോട്ടൊന്നും ഒരിക്കലും ചെല്ലില്ല എന്ന് പരിചയക്കാരനറിയാം. അവൻ വിളിച്ചു വരുത്തിയ കൂട്ടുകാരാണ്. ഈ പ്രായമൊക്കെ കഴിഞ്ഞു വന്നതിനാൽ ചേട്ടന് സഹതാപം തോന്നി.
 
“ഓ, അത് കുഴപ്പമൊന്നുമില്ല, ഞാൻ ആരോ മാങ്ങാ മോഷ്ടിക്കാൻ വന്നു എന്ന് കേട്ടിട്ട് അന്വേഷിക്കാൻ വന്നതാണ്. നിങ്ങൾ ആരെയെങ്കിലും കണ്ടോ ?”
 
“ഇല്ല ചേട്ടാ, ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരുന്നല്ലോ. ഇവിടുന്ന് ആരും എങ്ങോട്ടും പോയിട്ടില്ല. നമുക്ക് ഒന്ന് കൂടി നോക്കാം” പയ്യന്മാർ ഉഷാറായി.
 
അഞ്ചു പേരും കൂടി വീണ്ടും മാവിന്റെ ചുവട്ടിൽ എത്തി. മുകളിലേക്ക് നോക്കി.
 
“സംഗതി സത്യമാണ്, ഒരാൾ മാവിന്റെ കൊന്പിലെ ഇത്തിൾ കണ്ണിയുടെ ഇടയിൽ പതുങ്ങിയിരിക്കയാണ്.”
“ഇവനാണ് നമുക്ക് പണി തന്നത് “, സ്മാൾ അടി തടസ്സപ്പെട്ട പയ്യമാർക്ക് കലിപ്പായി.
 
“ഇറങ്ങി വാടാ കള്ളാ, നിന്നെ ഇന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം” അവർ താഴേക്കിടന്ന മാങ്ങയെടുത്ത് അയാളെ എറിയാൻ തുടങ്ങി.
എന്നെപ്പോലെ പേടിയുടെ അസുഖമുള്ള ആളാണ് എന്റെ ചേട്ടനും. കള്ളനെങ്ങാനും പേടിച്ചു താഴെ വീണാൽ പിന്നെ ഇരട്ടിപ്പണിയായി.
 
“ഏയ് എറിയുകയൊന്നും വേണ്ട, അയാൾ ഇറങ്ങിക്കോളും”, ചേട്ടൻ പയ്യന്മാരെ പറഞ്ഞു തണുപ്പിച്ചു.
അപ്പോഴാണ് ചേട്ടന് ഒരു ഐഡിയ കിട്ടിയത്. എന്താണെങ്കിലും കള്ളൻ മുകളിൽ ഉണ്ടല്ലോ. ബാക്കി മാങ്ങാ കൂടി പറിച്ചാൽ കറി വക്കാമല്ലോ?
 
ചേട്ടൻ കള്ളനോട് ഒരു പ്രൊപ്പോസൽ വെച്ചു,
“നീ എന്താണെങ്കിലും ബാക്കിയുള്ള മാങ്ങാ കൂടി പറിച്ചിടൂ, എന്നിട്ട് പകുതി നീ എടുത്തോ”
 
ഇവിടെയാണ് കള്ളന്റെ യഥാർത്ഥ പ്രൊഫഷണലിസം പുറത്താകുന്നത്.
 
“എനിക്ക് മാങ്ങാ പറിക്കാൻ സമയമില്ല, വേറെ പണിയുണ്ട്.”
കള്ളൻ നേരെ താഴേക്കിറങ്ങി.
 
ചിരിക്കണോ ചീത്ത പറയണോ എന്നറിയാതെ ചേട്ടൻ കുഴങ്ങി.
“എന്നാൽ നീ പറിച്ച മാങ്ങാ നീ കൊണ്ട് പൊയ്ക്കോ” ചേട്ടൻ പറഞ്ഞു.
 
“ഞാൻ ഒരു പ്രൊഫഷണൽ കള്ളനാണ്, നിങ്ങളുടെ ഔദാര്യമൊന്നും എനിക്ക് വേണ്ട. കളവിന് കൂലി മേടിക്കുന്ന പാരന്പര്യം എന്റെ കോലോത്തില്ല” എന്നഭാവത്തിൽ, കൊണ്ടുവന്ന ചാക്ക് പോലും എടുക്കാതെ കള്ളൻ സ്ഥലം വിട്ടു.
 
താഴെ കിടന്ന മാങ്ങ പങ്കിട്ടു ചാക്കിലാക്കി സി ഐ ഡി മാരും ചമ്മി സ്ഥലം വിട്ടു.
 
കള്ളന്മാർക്ക് പോലും പ്രൊഫഷണലിസവും അഭിമാനവുമുളള വെങ്ങോലയിൽ വളർന്നതിനാൽ ആകണം ഏതൊരു കാര്യത്തിലും ഇടപെടുന്നവർ പ്രൊഫഷണൽ ആകണം എന്ന് എനിക്ക് എപ്പോഴും നിർബന്ധമുള്ളത് !
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment