പൊതു വിഭാഗം

പ്രമോദ് കുമാറിന്റെ വീട്…

പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
 
ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. കേരളത്തിൽ ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്ന മുപ്പത് ലക്ഷം പേരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.
 
പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണമുണ്ട്. അദ്ദേഹം പായൽ കുമാരിയുടെ അച്ഛനാണ്. പായൽ കുമാരിക്കാണ് കഴിഞ്ഞ വർഷം എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ (ആർക്കിയോളജി & ഹിസ്റ്ററി) ഒന്നാം റാങ്ക് കിട്ടിയത്.
 
മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി മലയാളി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും റാങ്ക് നേടുന്നതും അപൂർവ്വമല്ലെങ്കിലും കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ മകൾ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ അന്നത് വാർത്തയായിരുന്നു.
 
നാട്ടിൽ എത്തിയപ്പോൾ പായൽ കുമാരിയെ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കൊറോണ ആയതിനാൽ വാർത്ത വന്ന സമയത്തൊന്നും അത് നടന്നില്ല. കഴിഞ്ഞ ആഴ്ച ഞാൻ എറണാകുളത്ത് കങ്ങരപ്പടിയിലുള്ള പായലിന്റെ വീട്ടിൽ എത്തി, പെരുന്പാവൂരിൽ Center for Migration and Inclusive Development എന്ന സ്ഥാപനം നടത്തുന്ന ബിനോയിയോടും അവിടുത്തെ പ്രോഗ്രാം ഓഫീസർ ആയാസ് അൻവറോടും ഒപ്പം.
 
പായൽ കുമാരിയോടും കുടുംബത്തോടുമൊപ്പം ഒരു മണിക്കൂറിലധികം ചിലവഴിച്ചു.
 
“എന്നാണ് താങ്കൾ കേരളത്തിൽ എത്തിയത് ?” ഞാൻ പ്രമോദ് കുമാറിനോട് ചോദിച്ചു.
 
“1997 ൽ. അന്ന് കേരളത്തിൽ ബിഹാറിൽ നിന്നും അധികം ആളുകൾ ഒന്നുമില്ല.”
 
“അതിന് മുൻപ് എവിടെയാണ് ജോലി ചെയ്തിരുന്നത്?”
 
“ഡൽഹിയിൽ.”
 
“എന്തുകൊണ്ടാണ് കേരളത്തിലേക്ക് വന്നത്?”
 
“ഡൽഹിയിൽ ജോലി ചെയ്യുന്പോൾ ബിഹാറിൽ നിന്ന് തന്നെയുള്ള ബിന്ദു കുമാരിയെ വിവാഹം കഴിച്ചു. കുട്ടികൾ ആയി. ഞാൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു, എൻറെ ഭാര്യ പത്തു വരെയും. പക്ഷെ കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കണം എന്നതാണ് പ്രധാന ലക്ഷ്യം. പെൺകുട്ടികൾക്ക് ഉൾപ്പെടെ ഏറെ കുറഞ്ഞ ചിലവിൽ നല്ല വിദ്യാഭ്യാസം കേരളത്തിൽ ലഭിക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെയാണ് കേരളത്തിൽ എത്തിയത്.”
 
2001 ൽ ഭാര്യയും പായൽ ഉൾപ്പെടെ മൂന്നു കുട്ടികളുമായി അദ്ദേഹവും ഭാര്യയും കേരളത്തിലെത്തി. പായലിന്റെ ചേട്ടൻ ആകാശ് കുമാർ, അനിയത്തി പല്ലവി കുമാരി. പാലാരിവട്ടത്ത് ഒരു വാടക വീടെടുത്ത് അവർ താമസമായി. പിന്നീട് കങ്ങരപ്പടിയിലെ വാടക വീട്ടിലേക്ക് മാറി.
 
“ഇടക്ക് നാട്ടിൽ പോകാറുണ്ടോ ?”
 
“അഞ്ചു പേരുമായി ടിക്കറ്റ് എടുത്ത് നാട്ടിൽ പോവുക വലിയ ചിലവുള്ള കാര്യമാണ്. വാടകയും മറ്റു ചിലവുകളും കഴിഞ്ഞതിന് ശേഷം അതിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കുട്ടികൾ നാട്ടിൽ വന്നതിന് ശേഷം ഞാനും കുട്ടികളും നാട്ടിൽ പോയിട്ടില്ല. ഭാര്യ വല്ലപ്പോഴും പോകും. രണ്ടു വർഷം മുൻപാണ് അവസാനം പോയത്.”
 
പായൽ 2001മുതൽ കേരളത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം നമ്മളെപ്പോലെ എളുപ്പത്തിലും കൃത്യമായും പറയാൻ പറ്റും. പല്ലവിയുടെയും ആകാശിന്റെയും കാര്യവും വ്യത്യസ്തമല്ല. പ്രമോദ് കുമാറിനും ബിന്ദു ദേവിക്കും മലയാളം അത്യാവശ്യം മനസ്സിലാകും, സംസാരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
 
പായൽ ഇപ്പോൾ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ എം എ ഹിസ്റ്ററി പഠിക്കുകയാണ്. അടുത്ത വർഷം നെറ്റ് പരീക്ഷ എഴുതണം. എം എ കഴിഞ്ഞാൽ സിവിൽ സർവ്വീസ് എഴുതി നോക്കണം. അതിനുള്ള ഓൺലൈൻ പരിശീലനം ഉണ്ട്. അതൊക്കെയാണ് പ്ലാൻ.
 
പല്ലവിക്ക് ആർമിയിൽ പോകാനാണ് താല്പര്യം. തൃക്കാക്കര ഭാരത് മാതാ കോളേജിൽ ബി എസ് സി ഫിസിക്സ് പഠിക്കുകയാണ്. എൻ സി സി യിൽ സജീവമാണ്. ഡിഗ്രി കഴിഞ്ഞാൽ ആർമിയിൽ എത്തുക എന്നതാണ് ലക്ഷ്യം.
 
ആകാശ് ഭാരത് മാതാ കോളേജിൽ നിന്നു ബി കോം പാസ്സായി. ഇപ്പോൾ വീടിനടുത്തുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഓൺലൈനായി എം ബി എ ചെയ്യുന്നുണ്ട്.
 
മൂന്നു പേരും ഇടപ്പള്ളി ഗവർമെന്റ് ഹൈസ്‌കൂളിൽ നിന്നാണ് പത്തും പ്ലസ് ടു വും പാസായത്.
 
രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി. ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു. കുട്ടികൾ നന്നായി പഠിക്കുന്നു.
 
ഇരുപത്തി രണ്ടു ലക്ഷം മലയാളികൾ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് കേരള മൈഗ്രെഷൻ സർവ്വേ പറയുന്നത്. ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി ജോലിചെയ്യുന്ന മലയാളിയുടെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തം മക്കൾക്ക് കുറച്ചു കൂടി മെച്ചമായ അവസരങ്ങൾ ഉണ്ടാക്കുക എന്നതാണ്.
 
പ്രമോദ് കുമാർ ഉൾപ്പെടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെന്പാടുമുള്ള കോടിക്കണക്കിന് മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.
 
നമ്മുടെ കുട്ടികൾ മറ്റു നാടുകളിൽ പോയി പഠിച്ചു മിടുക്കരാകുന്പോൾ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോൾ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.
 
അതുകൊണ്ട് തന്നെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നും ഇറങ്ങുന്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു.
 
മുരളി തുമ്മാരുകുടി
May be an image of 6 people, including Rahna Beevi and Sasikumar Thummarukudy and people standingMay be an image of 2 people, including Sasikumar Thummarukudy and people standing

Leave a Comment