പൊതു വിഭാഗം

പ്രകൃതി, പുനരുജ്ജീവനം, വിദ്യാഭ്യാസം

പ്രകൃതിയുടെ പുനരുജ്ജീവനം എന്ന വിഷയം എങ്ങനെ പുതിയ തലമുറയെ പഠിപ്പിക്കാം എന്ന് ഓൺലൈനിൽ തിരയുമ്പോൾ ആണ് തായ്‌ലൻഡിലെ ‘Ourland’ എന്ന പ്രസ്ഥാനത്തെ പറ്റി അറിയുന്നത്.

ഒരു നാഷണൽ പാർക്കിനോട് ചേർന്ന് കൃഷിയിടമായിരുന്ന ഭൂമി വിലക്ക് വാങ്ങി അതിൽ സാധാരണ മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രകൃതിയോടടുപ്പിച്ച് അവിടെ ലോകത്തെമ്പാടുനിന്നുമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രകൃതി, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത – സാധ്യതകൾ, രീതികൾ, മനുഷ്യരും മൃഗങ്ങളും തമ്മിൽ ഉടലെടുക്കുന്ന സംഘർഷങ്ങൾ എന്നിവ എല്ലാം  പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് Ourland. ബാങ്കോക്കിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരെ ബർമ്മ അതിർത്തിയോട് ചേർന്ന്, കാഞ്ചനബുരി എന്ന ജില്ലയിലാണ് അവരുടെ ആസ്ഥാനം. ഒരു ദിവസത്തെ സന്ദർശനം മുതൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ് വരെ പല തരത്തിൽ വിദ്യാർത്ഥികൾ ഇവിടം സന്ദർശിക്കുന്നു, കാര്യങ്ങൾ പഠിക്കുന്നു.

ജനുവരിയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ വാർഷിക സമ്മേളനത്തിന് പോകുമ്പോൾ അവിടം സന്ദർശിക്കണം എന്ന് തീരുമാനിച്ച് അവരുമായി ബന്ധപ്പെട്ടു. അപ്പോഴല്ലേ രസം.

ഈ പ്രസ്ഥാനത്തിന്റെ പ്രധാന നടത്തിപ്പുകാരൻ ഒരു മലയാളി ആണ്, വിജോ വർഗീസ്‌! (മലയാളി എത്താത്ത നാടില്ല എന്ന് പറയുന്നത് വെറുതെയല്ല).

പല കാരണങ്ങളാൽ ജനുവരിയിൽ യാത്ര നടന്നില്ല. കഴിഞ്ഞയാഴ്ച വീണ്ടും ബാങ്കോക്കിൽ എത്തിയപ്പോൾ ഒരിക്കൽ കൂടി വിജോയെ ബന്ധപ്പെട്ടു. ഒരു ദിവസം Ourland ൽ എത്തി, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ടു. ഒരു ദിവസം രാത്രി അവിടെ ക്യാംപ് ചെയ്തു. അദ്ദേഹവുമായി വളരെ നേരം സംസാരിച്ചു. അറിഞ്ഞിരിക്കേണ്ട ആളാണ്.

വിജോയുടെ അച്ഛൻ ബിർളയുടെ സ്ഥാപനങ്ങളിലാണ് ജോലി ചെയ്തിരുന്നത്. കേരളത്തിലാണ് വിജോ ജനിച്ചതെങ്കിലും ഒമ്പത് മാസം മുതൽ തായ്‌ലൻഡിൽ ആണ് താമസം. പഠിച്ചതും, തൊഴിൽ ചെയ്തതും അവിടെ തന്നെയാണ്. സ്വാഭാവികമായും തായ് ഭാഷ അനായാസം കൈകാര്യം ചെയ്യും. കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയാണെങ്കിലും തൊഴിൽ എടുത്തത് ഓട്ടോമോട്ടീവ് ജേർണലിസ്റ്റ് ആയിട്ടാണ്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും വേണ്ടെന്നു വച്ചു. പ്രകൃതിയോട് ചേർന്നുള്ള എന്തെങ്കിലും തൊഴിലാണ് കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകുന്നതെന്ന് മനസ്സിലാക്കി, അതിലേക്ക് തിരിഞ്ഞു.

(ലോകത്തെമ്പാടും ഇത്തരം ആളുകളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ വർഷം ബാംഗ്ലൂരിനടുത്ത് ഷൂലഗിരിയിൽ ബാംഗ്ലൂരിൽ ഐ.ടി. രംഗത്തുണ്ടായിരുന്ന കുറെ മലയാളികൾ ചേർന്ന് നടത്തുന്ന ‘Sanctity Ferme’ എന്ന പ്രസ്ഥാനത്തെ പറ്റി എഴുതിയിരുന്നല്ലോ. ബാംഗ്ലൂർ തമിഴ്നാട് അതിർത്തിയിലുള്ള ‘നവദർശനം ട്രസ്റ്റ്’ മറ്റൊരു ഉദാഹരണമാണ്).

പാരിസ്ഥിതികമായി തന്ത്രപ്രധാനമായ ഒരു സ്ഥലത്താണ് Our Land എന്ന പ്രസ്ഥാനം സ്ഥിതി ചെയ്യുന്നത്. Salakpra Wildlife Sanctuary ക്കും Kwae Yai River ഇടക്കുള്ള നദീതീരത്തുള്ള ധാരാളം സ്ഥലം ആളുകൾക്ക് കൃഷി ചെയ്യാനായി സർക്കാർ തുറന്നു കൊടുത്തു. വന്യമൃഗങ്ങൾക്ക്, പ്രത്യേകിച്ച് ആനകൾക്ക്, നദിയിലേക്ക് വെള്ളം കുടിക്കാൻ പോകാനുള്ള വഴിയിലാണ് ഇത്തരത്തിൽ കൃഷിഭൂമി ഉണ്ടായത്. സ്വാഭാവികമായും മൃഗങ്ങളും കൃഷി ചെയ്യുന്നവരും തമ്മിൽ സംഘർഷമുണ്ടായി.

ഈ സാഹചര്യത്തിലാണ് അവർലാൻഡും മറ്റു കുറച്ചു സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെട്ട ഒരു സംഘം നാഷണൽ പാർക്കിനും നദിക്കും ഇടയിലുള്ള ഒരു ചെറിയ ഭാഗം പുനരുജ്ജീവിപ്പിക്കുന്നത്. ഇതോടെ വന്യമൃഗങ്ങൾ ഈ വഴിയിലൂടെ നദിയിലേക്ക് വരാൻ തുടങ്ങി, കൃഷിയിടങ്ങളിലെ ശല്യം കുറഞ്ഞു.

ഈ പുനരുജ്ജീവിപ്പിക്കപ്പെട്ട പ്രകൃതിയിൽ വിജോ ഒരു വിദ്യാഭ്യാസ ക്യാംപ് ഉണ്ടാക്കി. ഒരേ സമയം ഏകദേശം മുപ്പത് ആളുകൾക്ക് താമസിച്ച് പ്രകൃതിയെക്കുറിച്ച് പഠിക്കാനുള്ള സംവിധാനം അവർലാന്റിലുണ്ട്. മിക്കവാറും സ്‌കൂൾ വിദ്യാർത്ഥികളുടെ സംഘമാണ് വരുന്നത്. കെട്ടുറപ്പുള്ളതും എന്നാൽ മിനിമം സൗകര്യങ്ങൾ മാത്രം ഉള്ളതുമായ താമസമാണ് ഒരുക്കിയിട്ടുള്ളത്. നാട്ടുകാരാണ് ജോലിക്കാരെല്ലാം. അവർലാൻഡിന് ചുറ്റുമുള്ള പ്രകൃതിയാണ് പഠനവിഷയവും പുസ്തകവും. നദിയിലൂടെ അഞ്ചു കിലോമീറ്റർ ഫ്‌ളോട്ട് ചെയ്ത് വരാനും, ആ സമയത്ത് നദിയിലെ ആവാസവ്യവസ്ഥയെ പറ്റി പഠിക്കാനുമുള്ള അവസരമുണ്ട്. മിക്കവാറും ആനകൾ ആ വഴി വന്നു പോകും, ചിലപ്പോഴെല്ലാം ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെങ്കില് അതിലപ്പുറം പ്രശ്നങ്ങൾ ഉണ്ടാകാറില്ല എന്നാണ് പറഞ്ഞത്.

കേരളത്തിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കൂടിക്കൂടി വരികയാണല്ലോ. അതിന്റെ കാരണങ്ങൾ, എങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്യാൻ സാധിക്കുന്നത്, ലോകത്തെ നൂറു കോടി സ്‌കൂൾ വിദ്യാർത്ഥികളിലേക്കും പ്രകൃതി പുനരുജീവനത്തിന്റെ ആവശ്യകതയും അറിവും എത്തിക്കുന്നതിനെ പറ്റി എല്ലാം രാത്രി വൈകുന്നത് വരെ ചർച്ച ചെയ്തു. 

രാത്രി കെട്ടിടത്തിന് മുകളിൽ നാലുവശത്തേക്കും തുറന്ന ടെറസിൽ കിടന്നുറങ്ങി. കനത്ത മഴയായിരുന്നത് കൊണ്ടാകണം, രാത്രി ആനകൾ ഒന്നും ആ വഴി വന്നില്ല. വിജോയുടെ ജീവിതത്തിൽ നിന്നും പ്രസ്ഥാനത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.  ഈ വിഷയത്തിൽ താല്പര്യമുളളവർക്ക് Ourland വെബ്‌സൈറ്റ് താഴെ കൊടുത്തിരിക്കുന്നു.

പല വരവ് വരേണ്ടി വരും.

മുരളി തുമ്മാരുകുടി

May be an image of 2 peopleMay be an image of elephant, rhinoceros, map and textMay be an image of lakeMay be an image of campsite and fire

Leave a Comment