ഇന്ന് ലോക പരിസ്ഥിതിദിനം ആണ്. ‘ഞാൻ പ്രകൃതിയോടൊപ്പം ആണ്’ (I’am With Nature) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. പറയാനൊക്കെ എളുപ്പമാണ്, പ്രയോഗിക്കാനാണ് വിഷമം.
പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന്റെ ആവശ്യത്തിനുവേണ്ടി മാത്രം ചെയ്യേണ്ടതോ മനുഷ്യന്റെ ആവശ്യങ്ങളെല്ലാം നിറവേറിക്കഴിഞ്ഞു ചെയ്യേണ്ടതോ ആയ ഒന്നല്ല. ‘നമ്മുടെ ആവശ്യങ്ങൾക്കുള്ളതെല്ലാം പ്രകൃതിയിലുണ്ട്, നമ്മുടെ അത്യാഗ്രഹമാണ് പ്രകൃതിയെ കൊല്ലുന്നത്’ (The world has enough for everyone’s need, but not enough for everyone’s greed) എന്ന ഗാന്ധി വചനം ഇന്നും കേരളത്തിൽ പ്രസക്തമാണ്. കൃഷിയാവശ്യത്തിനോ വീട് വെക്കാനോ ഉപയോഗിക്കുന്ന സ്ഥലമല്ല നമ്മളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നത്. മറിച്ച് പണമിരട്ടിക്കാൻ വേണ്ടി കയ്യേറ്റം ചെയ്യുകയും, മണ്ണിട്ട് നികത്തുകയും, തുണ്ടു തുണ്ടാക്കുകയും ചെയ്യുന്നതാണ്. കുടിക്കാനും കുളിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന ജലം അല്ല നമ്മുടെ പുഴകളേയും ജലാശയങ്ങളെയും കൊല്ലുന്നത്. മറിച്ച് പണത്തിന് വേണ്ടി പുഴ കയ്യേറുന്നതും മണലൂറ്റുന്നതും നമ്മുടെ വികസനത്തിന്റെ ബാക്കിപത്രമായ മലിനജലം പുഴയിലേക്ക് തള്ളി വിടുന്നതുമാണ്.
കേരളം പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കവലയിൽ ആണ്. വിദ്യാഭ്യാസത്തിലും സാമ്പത്തിക നിലയിലും ഉള്ള പുരോഗതി കാരണം പഴയ അത്രയും ഭൂമി ഒന്നും നമുക്ക് കൃഷി ചെയ്യാനായി വേണ്ട. ലക്ഷക്കണക്കിന് വീടുകൾ ഉപയോഗിക്കാതെ കിടക്കുകയാണ്. പൊതുവെ സാമ്പത്തികനില കൂടിയതോടെ ആരോഗ്യമുള്ള പ്രകൃതി വേണം എന്ന ആഗ്രഹം ജനങ്ങൾക്കുണ്ട്. ഇതെല്ലാം യോജിപ്പിച്ച് നയങ്ങൾ ഉണ്ടാക്കിയാൽ ഇനിയുള്ള കാലം പ്രകൃതി പുനരുദ്ധാരണത്തിന്റെ കാലം ആയിരിക്കും.
അതേസമയം തന്നെ പ്രകൃതിയെ പണമിരട്ടിപ്പിനുള്ള വസ്തുവായി ഉപയോഗിക്കുകയും നമ്മുടെ നിയമങ്ങളുടെയും നിയമപാലകരുടെയും കണ്ണുവെട്ടിച്ച് അതിനെ കുഴിച്ചും കീറിമുറിച്ചും ഉപയോഗിക്കുകയും ചെയ്താൽ ഒരു തലമുറ ദൂരം പോലും വേണ്ട ഇവിടത്തെ പ്രകൃതി വാസയോഗ്യം അല്ലാതാവാൻ. ഇപ്പോൾ തന്നെ പ്രകടമായിരിക്കുന്ന കാലാവസ്ഥ വ്യതിയാനം അതിന് ആക്കം കൂട്ടും.
‘What you don’t measure you can’t manage’ എന്നത് ഇംഗ്ലീഷിലെ ഒരു ചൊല്ലാണ്. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ ആദ്യം വേണ്ടത് പ്രകൃതിയുടെ ആരോഗ്യത്തെപ്പറ്റിയുള്ള ഒരു കണക്കെടുപ്പാണ്. നമ്മുടെ പുഴകളുടെ, വായുവിന്റെ, ജലാശയങ്ങളുടെ, തണ്ണീർത്തടങ്ങളുടെ, തീരദേശത്തെ കണ്ടൽക്കാടുകളുടെ, വനത്തിന്റെ ഒക്കെ എണ്ണവും വിസ്തൃതിയും ഗുണനിലവാരവും ഒക്കെ വർഷാവർഷം അളന്നു നോക്കണം. എന്നിട്ട് എവിടെയാണ് പ്രകൃതി ഞെരുക്കം നേരിടുന്നത് അവിടെയാണ് സഹായം ആദ്യം എത്തേണ്ടത്. തണ്ണീർത്തടം നികത്തുന്നതാണ് പ്രധാന പ്രശ്നമെങ്കിൽ അവിടെ മരംവെച്ച് പിടിപ്പിക്കുന്നതല്ലല്ലോ പരിഹാരം.
കേരളത്തിൽ വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുതൽ കാലാവസ്ഥ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് വരെ അനവധി സർക്കാർ സ്ഥാപനങ്ങൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. അതിൽ പലയിടത്തും കുറച്ചൊക്കെ പഠനങ്ങളും നിരീക്ഷണങ്ങളും ഒക്കെ നടക്കുന്നുമുണ്ട്. എന്നാലും കേരളത്തിലെ അവസാനത്തെ ‘State of the Environment’ റിപ്പോർട്ട് ഉണ്ടായിട്ട് ഇപ്പോൾ പത്തുവർഷത്തിൽ അധികമായി. ഇനിയും നമ്മൾ താമസിപ്പിക്കരുത്.
ഒരു ആശയം പറയാം. ഇന്ത്യയിലെ ആദ്യത്തെ തന്നെ ‘State of the Environment’ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ഗവൺമെന്റ് അല്ല. ഇന്ത്യയിലെ ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വാദിച്ച ശ്രീ അനിൽ അഗർവാളിന്റെ ‘Center for Science and Environment’ ആണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ ‘The State of India’s Environment: A Citizens’ Report’ പ്രസിദ്ധീകരിച്ചിത്.
കേരളത്തിൽ നമുക്കും ഒരു സിറ്റിസൺസ് റിപ്പോർട്ട് ഉണ്ടാക്കാവുന്നതേ ഉള്ളൂ. ധാരാളം വിവരങ്ങൾ നമ്മുടെ ഗവേഷണ സ്ഥാപനങ്ങളിൽ ഉണ്ട്. അത് സംഭരിക്കണം, ക്രോഡീകരിക്കണം. ഓരോ ഗ്രാമത്തിലെയും പ്രധാന പ്രശ്നങ്ങളും പുത്തൻ പരിഹാരങ്ങളും നമുക്ക് സമൂഹ മാധ്യമത്തിലൂടെ ‘crowd sourcing’ നടത്തി കണ്ടുപിടിക്കാം. കേരളത്തിന്റെ മൊത്തമായ പല കാര്യങ്ങളും റിമോട്ട് സെൻസിംഗ് അനാലിസിസ് വഴി കണ്ടുപിടിക്കാം. ഇതെല്ലാം കൂടി ഒരുമിച്ചു കൂട്ടിയാൽ നമ്മുടെ പ്രകൃതിയുടെ ഇപ്പോഴത്തെ പ്രകൃതി നമുക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാം, ഇനിയുള്ള കാലത്തേക്കുള്ള നയങ്ങൾ രൂപീകരിക്കുകയും ചെയ്യാം.
ഇക്കാര്യത്തിൽ സാങ്കേതികമായും സാമ്പത്തികമായും മുൻകൈ എടുക്കാനും സഹായം ചെയ്യാനും ഞാൻ തയ്യാറാണ്. പക്ഷെ ഏറെ ആളുകളുടെ സഹായം വേണം. പരിസ്ഥിതി രംഗത്തെ വിദഗ്ദ്ധർ, റിമോട്ട് സെൻസിങ്ങിലെ വിദഗ്ദ്ധർ, ശാസ്ത്ര എഴുത്തു നടത്തുന്നവർ, മാതൃഭൂമിയുടെ സീഡ് പദ്ധതി ഒക്കെ പോലെ വ്യാപകമായി സ്കൂളുകളിലോ കോളേജിലോ നെറ്റ്വർക്ക് ഉള്ളവർ, പരിസ്ഥിതി പ്രവർത്തകർ ഇവരൊക്കെ ഒരുമിച്ചു വരണം.
‘ഇപ്പൊ ശരിയാക്കുന്ന’ ഒരു പദ്ധതി ആയിട്ടല്ല, ഒരു വർഷത്തെ ഒരു പ്രൊജക്റ്റ് ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഇതിനുവേണ്ടി പരിസ്ഥിതിയിൽ താല്പര്യവും എഴുത്തിൽ കഴിവും പ്രോജക്റ്റ് മാനേജ്മെന്റിൽ പരിചയവുമുള്ള ഒരു ഫുൾ ടൈം കോർഡിനേറ്ററെ വെക്കണം (താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കൈ പൊക്കണം, ഒരു വർഷത്തെ ശമ്പളം തരാം).
അതുകൊണ്ട്, ഇന്നത്തെ പരിസ്ഥിതി ദിനത്തിൽ എന്റെ ചോദ്യം ഇതാണ്, “നിങ്ങൾ യഥാർത്ഥത്തിൽ പ്രകൃതിയോടൊപ്പം ആണോ ?”, ആണെങ്കിൽ ഒരു കമന്റ് ഇടൂ. അത്യാവശ്യം താൽപ്പര്യം മലയാളി സമൂഹം കാണിച്ചാൽ കൂടുതൽ വിവരങ്ങൾ പിന്നാലെ പറയാം.
എല്ലാവർക്കും പരിസ്ഥിതിദിന ആശംസകൾ…
Leave a Comment