പൊതു വിഭാഗം

പ്രകൃതിയോടൊത്ത് നിർമ്മിക്കുമ്പോൾ…

ഈ സിവിൽ എഞ്ചിനീയർമാർ വാസ്തവത്തിൽ ഒരു സംഭവം ആണെന്ന് ഞാൻ പറയുന്നത് ഞാനൊരു സിവിൽ എൻജിനീയർ ആയതുകൊണ്ട് മാത്രമല്ല. പ്രകൃതിശക്തികളുടെ കളിപ്പാവയായിരുന്ന മനുഷ്യനെ അതിൽനിന്നും മോചിപ്പിച്ച് സ്വന്തം പ്ലാൻ പ്രകാരം ജീവിക്കാൻ അവസരം ഒരുക്കിയത് സിവിൽ എഞ്ചിനീയർമാരാണ്. വൻ പ്രളയം ഉണ്ടാക്കുന്ന നദികളെ അണകെട്ടി മെരുക്കിയതും, തീരം കടന്നുവരുന്ന കടലിനെ തടഞ്ഞുനിർത്തി കര സംരക്ഷിച്ചതും സിവിൽ എഞ്ചിനീയർമാരാണ്. റോഡ് പണിത് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചതും ഇറിഗേഷൻ പദ്ധതികളുണ്ടാക്കി മരുഭൂമിയെ കൃഷിഭൂമി ആക്കിയതും മറ്റാരുമല്ല.

എന്നാൽ ഈ നൂറ്റാണ്ടിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം വാസ്തവത്തിൽ പഴയ പ്രതാപത്തിന്റെ തടവുകാരനാണ്. അത്യാവശ്യം നല്ല ജീവിത സാഹചര്യമൊക്കെ ആയതോടെ സമൂഹത്തിന് പ്രകൃതിയോട് മത്സരിച്ചല്ലാ, ഇണങ്ങിയാണ് ജീവിക്കേണ്ടത് എന്ന ചിന്താഗതി വന്നു. കാലാവസ്ഥാ വ്യതിയാനം വരുന്നതോടെ പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിക്കുകയാണ്, അതിനോട് മത്സരിക്കാൻ ശ്രമിക്കുന്നത് നഷ്ടക്കച്ചവടമാകും എന്ന് നാട്ടുകാർക്കും ഇൻഷുറൻസ് കമ്പനികൾക്കും മനസ്സിലായിക്കഴിഞ്ഞു. എന്നിട്ടും ഈ രണ്ടു കാര്യങ്ങളും സിവിൽ എൻജിനീയർമാർ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് പുഴകളുടെ ഒഴുക്കിനെ പിടിച്ചുകെട്ടിക്കൊണ്ടുള്ള ഡാമുകളും കടലിനെ തടഞ്ഞു നിർത്താനുള്ള ഭിത്തികളും ഒക്കെയായി സിവിൽ എൻജിനീയർമാർ ഇപ്പോഴും മുന്നോട്ട് വരുന്നത്. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഉണ്ടാക്കുന്ന പദ്ധതികളുടെ പരിസ്ഥിതി ആഘാതം കുറക്കാൻ പഠിക്കുന്നതല്ലാതെ പരിസ്ഥിതിയോട് ചേർന്ന് പദ്ധതികൾ നിർമ്മിക്കുന്ന രീതി എഞ്ചിനീയറിംഗ് കരിക്കുലത്തിന്റെ ഭാഗമല്ല.

ഇത് മാറിവരികയാണ്. നെതർലാൻഡിൽ നിന്നും തുടങ്ങിയ ‘building with nature’ എന്ന പുതിയ പദ്ധതിയെ ലോകം ശ്രദ്ധിക്കുകയാണ്. കടലിനടുത്ത് സമുദ്രനിരപ്പിന് തൊട്ടും ചിലയിടത്ത് താഴേക്കും ആയി കിടക്കുന്ന രാജ്യമാണല്ലോ നെതർലാൻഡ്. പണ്ടൊക്കെ ബണ്ട് കെട്ടിയാണ് കരയെ കടലിൽനിന്നും സംരക്ഷിച്ചിരുന്നതെങ്കിൽ ഇനിയുള്ള കാലത്ത് കാലാവസ്ഥാ വ്യതിയാനമുണ്ടാകുകയും കടൽനിരപ്പ് ഉയരുകയും ചെയ്യുന്നതോടെ എക്കാലവും ഈ പരിപാടി തുടരാനാവില്ല എന്നവർക്ക് മനസ്സിലായി. അതിനാൽ പ്രകൃതിയോട് ചേർന്ന് എങ്ങനെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം എന്നാണവർ പരിശോധിക്കുന്നത്. കടൽ ഭിത്തിക്കളുടെ ഉയരം കൂട്ടാതെ അതിന്റെ മുന്നിൽ സ്വാഭാവികമായ മണൽത്തിട്ട എങ്ങനെ പ്രകൃതിയെക്കൊണ്ട് നിർമ്മിപ്പിക്കാം എന്നതാണ് ഒരു ഗവേഷണം.

ഹോളണ്ടിലാണ് ഇത് ഏറ്റവും പ്രചാരം നേടിയതെങ്കിലും മറ്റു രാജ്യങ്ങളിലും ഇത്തരം പദ്ധതികൾ വരുന്നുണ്ട്. വെള്ളപ്പൊക്കം ഒഴിവാക്കാൻ പുഴയുടെ തീരങ്ങളിൽ ബണ്ട് കെട്ടിപ്പൊക്കുന്നതിന് പകരം നഗരപ്രാന്തങ്ങളിൽ പുഴക്ക് വികസിക്കാൻ സ്ഥലം കൊടുക്കുന്ന ‘making space for water’ എന്ന പദ്ധതി യൂറോപ്പിൽ പലയിടത്തുമുണ്ട്. കടൽത്തീരങ്ങളിൽ കോൺക്രീറ്റ് ബണ്ടു കെട്ടി സുനാമിയെ പ്രതിരോധിക്കുന്നത് നടപ്പില്ല എന്നു മനസ്സിലാക്കിയ ജപ്പാൻ, രണ്ടായിരത്തി പതിനൊന്നിലെ സുനാമിക്കു ശേഷം കടൽത്തീരങ്ങളിൽ ‘protection forest’ വെച്ചുപിടിപ്പിക്കുകയും ജനങ്ങളുടെ താമസസ്ഥലം തീരത്തുനിന്ന് പിന്നിലോട്ട് മാറ്റുകയും ചെയ്തു.

നമ്മുടെ നാട്ടിലും പ്രകൃതിശക്തികളെ അറിഞ്ഞ് നിർമ്മാണം നടത്താൻ സിവിൽ എൻജിനീയർമാരെ പഠിപ്പിക്കേണ്ട കാലമായി. അങ്ങനെ വരുമ്പോൾ മൂന്നാറിൽ കുന്നിടിച്ച് കെട്ടിടങ്ങൾ വരില്ല, റോഡ് നിർമ്മാണം കൂടുതൽ പ്രകൃതിസൗഹൃദമാകും, വലിയ അണക്കെട്ടുകൾ നിർമ്മിച്ച് നദികളെ മൊത്തമായി കൊല്ലുന്ന പരിപാടി അവസാനിക്കും. കടലിനോട് വർഷാവർഷം കല്ലിട്ട് മത്സരിക്കുന്നത് മാറി അടുത്ത അമ്പത് വർഷത്തെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന മാറ്റങ്ങളെ അറിഞ്ഞുള്ള തീരദേശ ഭൂവിനിയോഗം നടപ്പിലാകും. കണ്ടൽക്കാടുകളെ ഉപയോഗശൂന്യമെന്ന് തെറ്റിദ്ധരിച്ച് വെട്ടിനശിപ്പിക്കാതെ കടൽത്തീരത്തും അഴിമുഖത്തും വെച്ചുപിടിപ്പിക്കുന്ന കാലം വരും.

ശ്രീ തോമസ് ഐസക്ക്, ഡോക്ടർ ശേഖർ ലൂക്കോസ് കുര്യാക്കോസിന്റെ സാങ്കേതിക നിർദ്ദേശ പ്രകാരം കടൽക്ഷോഭത്തിന് കയർ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ പരീക്ഷിച്ചു എന്ന് വായിച്ചപ്പോൾ തോന്നിയ കാര്യമാണ്. പുതിയ സങ്കേതങ്ങൾ വരുന്നത് എപ്പോഴും നല്ലതാണ്, എൻജിനീയറിങ്ങിൽ എല്ലാ പരീക്ഷണങ്ങളും എപ്പോഴും വിജയിക്കണം എന്നില്ല, എങ്കിലും മാറി ചിന്തിക്കുന്നവർ ആണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്, ആശംസകൾ! നമ്മുടെ എല്ലാ എൻജിനീയറിങ് കോളേജിലും Ecoglogical Engineering സിവിൽ എൻജിനീയറിങ്ങിന്റെ ഭാഗമാക്കണം, കേരളത്തിൽ മല മുതൽ കടൽ വരെ പ്രകൃതിയോടൊത്തു നിർമ്മിക്കാൻ നമുക്ക് പഠിക്കുകയും വേണം.

Building with Nature

Leave a Comment