പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ, പ്രത്യേകിച്ചും പോലീസിന്റെ പ്രധാന ഉത്തരവാദിത്തം.
പാലക്കാട് ഒരു കൊലക്കേസ് പ്രതി ജാമ്യത്തിൽ ഇറങ്ങി ജാമ്യവ്യവസ്ഥ ലംഘിച്ച് മുൻപ് കൊല നടത്തിയ പ്രദേശത്ത് എത്തി മുൻപ് അയാൾ കൊലപ്പെടുത്തിയ ആളുകളുടെ അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തുന്നു. കൊലക്കേസ് പ്രതിയുടെ കയ്യിൽ നിന്നും ഭീഷണി ഉണ്ടെന്ന് കൊല ചെയ്യപ്പെട്ടവർ പോലീസിൽ പരാതി പറഞ്ഞിരുന്നുവെന്ന് പറയുന്നു. പത്ര വാർത്തകൾ ശരിയാണെങ്കിൽ പോലീസ് ഇക്കാര്യം കാര്യമായി എടുത്തില്ല. കുടുംബത്തിന് ഒരു സംരക്ഷണവും നൽകിയില്ല.
പൗരന്മാരുടെ ജീവന് സുരക്ഷ നൽകുക എന്ന കാര്യത്തിൽ പോലീസ് സംവിധാനം തീർച്ചയായും പരാജയപ്പെട്ടു. കൊലക്കേസിൽ ജയിലിൽ കിടക്കുന്നവർക്ക് പോലും ജാമ്യത്തിലിറങ്ങി വീണ്ടും കൊലചെയ്യാനുള്ള സാഹചര്യം ഉണ്ട് എന്ന് വന്നാൽ എങ്ങനെയാണ് ആളുകൾ ധൈര്യമായി ഇത്തരം സാഹചര്യങ്ങളിൽ സാക്ഷി പറയുന്നത്? കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ എങ്ങനെയാണ് സമാധാനമായി കിടന്നുറങ്ങുന്നത്.
പല നാടുകളിലും കൊലപാതകികൾക്ക് ജാമ്യം നൽകുന്നതിന് മുൻപ് കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിനോട് കൂടി അഭിപ്രായം ചോദിക്കുന്ന രീതി ഉണ്ട്. ചുരുങ്ങിയത് കൊലപാതകി നാട്ടിൽ സ്വതന്ത്രമായി ഉള്ളിടത്തോളം കാലം കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തിന് സംരക്ഷണം നൽകുക എങ്കിലും ചെയ്യേണ്ട ഉത്തരവാദിത്തം പോലീസ് ഏറ്റെടുക്കണം. അതുണ്ടായില്ല.
ഈ പ്രത്യേക കേസിൽ ഒരു കുട്ടിയുടെ അമ്മയും ഇപ്പോൾ അച്ഛനുമാണ് കൊല ചെയ്യപ്പെട്ടത്. അത് സംഭവിച്ചത് നമ്മുടെ സംവിധാനങ്ങളുടെ പരാജയമാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം. ജാമ്യം നൽകുന്നതിലും ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിലും മാറ്റങ്ങൾ ഉണ്ടാകണം.
സംവിധാനങ്ങളുടെ പോരായ്മ കൊണ്ട് അനാഥയാക്കപ്പെട്ട ആ കുട്ടിയുടെ ഉത്തരവാദിത്തം സർക്കാർ എത്രയും വേഗത്തിൽ ഏറ്റെടുക്കേണ്ടതുമാണ്.
മുരളി തുമ്മാരുകടി
Leave a Comment