ഇനി ഒരു പത്തു ദിവസത്തേക്ക് പെരുന്പാവൂരിൽ ഉണ്ട്, വർക്ക് ഫ്രം ഹോം ആണ്.
യാദൃശ്ചികമായി കിട്ടിയതാണ്. മസ്കറ്റിലേക്ക് ഒരു യാത്ര, അടുത്ത യാത്ര വരുന്നത് റിയാദിലേക്കാണ്. ഇടക്കുള്ള പത്തു ദിവസം വേണമെങ്കിൽ ബോണിലേക്ക് പോകാം, അല്ലെങ്കിൽ നാട്ടിൽ ആകാം. നാട്ടിൽ ആകുന്നതാണ് സമയവും പണവും ലാഭം, അങ്ങനെ നാട്ടിലേക്ക് വന്നു.
നല്ല സമയമാണ്. കാലവർഷത്തിന്റെ മുന്നോടിയായിട്ടുള്ള നല്ല മഴ പടിഞ്ഞാറുനിന്നും രാവിലെ മുതൽ ഉണ്ട്. ഇടിയും മിന്നലും ഒന്നുമില്ലാത്തതിനാൽ പുറത്ത് മഴ നോക്കിയിരുന്നു കാപ്പി കുടിക്കാൻ പറ്റിയ സന്ദർഭമാണ്.
വർക്ക് ഫ്രം ഹോം ആയതുകൊണ്ട് അധികം പൊതുപരിപാടികൾ ഉണ്ടാകില്ല. എങ്കിലും വൈകീട്ട് അഞ്ചു മണി കഴിഞ്ഞാൽ രഞ്ജന്റെ ചായക്കടയിൽ നിന്നും പരിപ്പുവടയും കൂട്ടി കട്ടൻ കുടിക്കാൻ വരുന്നവർക്ക് സ്വാഗതം ഉണ്ട്.
ഇന്നുച്ചയ്ക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഞാൻ വീടിന് തൊട്ടടുത്തുള്ള തുരുത്തി പറന്പ് സിറ്റിയിൽ പോയി (ഇത് ഹൈറേഞ്ചിലെ സിറ്റി പ്രയോഗമാണ്). വീട്ടിൽ നിന്നും നൂറു മീറ്റർ ദൂരത്തിൽ ഒരു ചായക്കട, രണ്ടു സ്റ്റേഷനറിക്കട, ഒരു പെയിന്റ് കട, എന്നിങ്ങനെ പത്തിൽ താഴെ മാത്രം വ്യാപാര സ്ഥാപനങ്ങളണുള്ളത്. ഉച്ച ഊണിന്റെ സമയം ആയതിനാൽ എല്ലാം അടഞ്ഞു കിടക്കുന്നു. സംഗതി ഇഷ്ടപ്പെട്ടു. ഇതൊക്കെയാണ് യഥാർത്ഥത്തിൽ വർക്ക് ലൈഫ് ബാലൻസ് എന്ന് പറയുന്നത്.
പോരുന്ന വഴിക്ക് പറന്പിൽ പരിചയുമുള്ള ഒരു ചെടി കണ്ടു. അതിൻറെ കന്പിലും ഇലയിലും പൂവിലും ചെറിയ മുള്ളുണ്ട്. ഇലക്ക് ചെറിയൊരു പുളിപ്പുണ്ട്. സ്‌കൂളിൽ പോകുന്ന സമയത്ത് അത് പറിച്ചെടുത്ത് കഴിക്കും. ചിലപ്പോൾ വീട്ടിൽ കൊണ്ടുവന്ന് അതിനുള്ളിൽ ഒരു ഉപ്പ് കല്ല് വെച്ചും കഴിക്കും. എന്താ രസം!
ഞങ്ങളുടെ നാട്ടിൽ ഇതിന് പൻജീൻ ഇല (പനചീൻ ഇല?) എന്നൊക്കെയാണ് പറയുന്നത്. ഇതിന് മറ്റു നാടുകളിൽ എന്ത് പറയുന്നു, ആളുകൾ കഴിക്കാറുണ്ടോ, ശാസ്ത്രീയ നാമം എന്താണ്, ഇതൊന്നും എനിക്കറിയില്ല.
പാടത്തു നിന്ന് മാമനും മരുമക്കളും ഈരിഴ തോർത്ത് വീശി പരൽ മീനിനെ പിടിച്ച കാലത്ത് ആ മീനിനെ പാൻജിന്റെ ഇല അരച്ച് അതിനുള്ളിൽ വച്ച് കനലിൽ ഇട്ടു ചുട്ടു തിന്നിട്ടുണ്ട്.
മിഷലിൻ സ്റ്റാർ ഭക്ഷണവും കവിയറും കഴിച്ചിട്ടുണ്ട്. പക്ഷെ പുളിയിലയിൽ ചുട്ട ചമ്മന്തിയുടെ രുചി !
പറിച്ചു തിന്നിരുന്ന ഇലകൾ വേറെയും ഉണ്ട്. ശീമ പുളിയുടെ ഇല മാത്രമല്ല കായും കഴിക്കാറുണ്ട്. അന്പഴത്തിന്റെ ഇലയും തണ്ടും കായും കഴിച്ചിട്ടുണ്ട്. മറ്റു ചില ഇലകളുടെ ഷേപ്പ് ഓർക്കുന്നുണ്ട്, പേര് ഓർക്കുന്നില്ല.
നിങ്ങൾ ഇലകൾ പറിച്ചു കഴിച്ചിട്ടുണ്ടോ? അതിന്റ നിങ്ങളുടെ നാട്ടിലെ പേരെന്താണ്?
പ്രകൃതി വീണ്ടും നമ്മിലേക്ക് കടന്നു വരുന്പോൾ ചില ചെറിയ സന്തോഷങ്ങൾ എങ്കിലും വീണ്ടും അനുഭവിക്കാൻ പറ്റുന്നുണ്ട്.
#മടക്കയാത്ര
മുരളി തുമ്മാരുകുടി
Leave a Comment