പൊതു വിഭാഗം

പുതിയ സ്‌കൂൾ വർഷം തുടങ്ങുമ്പോൾ

വീണ്ടും പുതിയൊരു സ്കൂൾവർഷം തുടങ്ങുകയാണ്.

പുത്തനുടുപ്പും വർണ്ണക്കുടയുമായി വെങ്ങോലയിലെ സർക്കാർ സ്കൂളിലേക്ക് ചേട്ടന്റെയും ചേച്ചിയുടെയും വേലമ്മാവ്കുടിയിലെ മിനിയുടെയും കൂടെ പെരുംമഴയത്ത് പാടത്തുകൂടെ നടന്നുപോയത് ഇന്നലത്തെപോലെ ഓർക്കുന്നു.

ഓണംകുളത്തെ പ്രൈമറി ബോയ്സ് സ്‌കൂളിലാണ് ഒന്നാം ക്ലാസ് പഠിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ട സ്‌കൂളിന് ഇപ്പോൾ 120 വയസായി. ഈ സ്‌കൂൾ സ്ഥാപിക്കുന്ന കാലത്ത് അടുത്ത പ്രദേശത്തൊന്നും സ്‌കൂളുകളില്ല. ദൂരെയുള്ള ആളുകൾ പോലും അവർക്ക് വെങ്ങോലയിൽ ബന്ധുക്കളുണ്ടെങ്കിൽ അവിടെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്ന ഒരു കാലമുണ്ടായിരുന്നു.

സ്‌കൂൾ കാലഘട്ടം എനിക്ക് പൊതുവെ സന്തോഷത്തിന്റെ കാലമായിരുന്നു. പ്രകൃതിയോട് ചേർന്നുള്ള ജീവിതം. തോടും, വരമ്പും, പറമ്പും, തൊണ്ടും, ഊടുവഴികളും താണ്ടിയാണ് സ്‌കൂളിലേക്കുള്ള യാത്ര. മൂത്ത സഹോദരങ്ങളും അടുത്ത വീട്ടിലെ ചേട്ടന്മാരും ചേച്ചിമാരും കൂടെ ഉണ്ടാകും. എന്റെ രാഷ്ട്രീയ ഗുരുവായ എസ്.കെ. (എസ്. കേരള കുമാർ) ആണ് ലീഡർ. ഒഴുക്കുള്ള തോട്ടിലും വഴുക്കലുള്ള വരമ്പിലും തെന്നുന്ന തൊണ്ടിലും കുട്ടികൾ വീണുപോകാനുള്ള സാധ്യതയുണ്ട് (സ്ഥിരം സംഭവിക്കാറുമുണ്ട്). ഒരു ഗ്രാമം മുഴുവൻ അവിടുത്തെ കുട്ടികളെ ‘നോക്കുന്ന’ ഒരു കാലഘട്ടത്തിലാണ് ഞാൻ സ്‌കൂളിൽ പോയത്. അതൊരു കാലം!

എന്നാൽ ഇപ്പോൾ ഞാൻ ഓരോ സ്കൂൾ തുറക്കലിനെയും പേടിയോടെയാണ് നോക്കിക്കാണുന്നത്. ഒന്നാമത്തെ ദിവസം തന്നെ കുട്ടികൾ സ്‌കൂളിലോ സ്‌കൂളിലേക്കുള്ള യാത്രയിലോ അപകടത്തിൽപ്പെടുന്നത് ഇപ്പോൾ എല്ലാക്കൊല്ലവും പതിവായിരിക്കുന്നു. ഇത് അപ്രതീക്ഷിതമല്ല. കാരണം സ്വന്തം അച്ഛനമ്മമാരുടെ കൺവെട്ടത്തു മാത്രം ജീവിച്ചിരുന്ന ലക്ഷക്കണക്കിന് കുട്ടികൾ അതുവരെ പരിചയിച്ച അന്തരീക്ഷത്തിൽ നിന്ന് മാറിയാണ് സ്‌കൂളിൽ എത്തുന്നത്. അവിടേക്കുള്ള യാത്ര ഉൾപ്പടെ എല്ലാം പുതുമയാണ്. കുട്ടികളെല്ലാം ആവേശഭരിതരായിരിക്കും.

ഇക്കാലത്ത് സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികൾ അധികം ഇല്ലെങ്കിലും സ്‌കൂളിലേക്കുള്ള വഴിയിൽ, റോഡിൽ, വാഹനത്തിൽ, പുഴയിൽ, സ്‌കൂൾ ക്യാംപസിൽ, ക്ലാസ്മുറിക്കകത്ത് എല്ലാം എപ്പോഴും അപകട സാദ്ധ്യതകളുണ്ട്. ഇവയെപ്പറ്റി കുട്ടികൾക്ക് വേണ്ടത്ര അറിവ് ഉണ്ടാവില്ല. ഇവർക്കോരോരുത്തർക്കും വേണ്ടത്ര മേൽനോട്ടം കൊടുക്കാൻ വാഹനത്തിലെ ആയയ്ക്കോ സ്‌കൂളിലെ അധ്യാപകർക്കോ സാധിക്കുകയുമില്ല. ആയിരം ഗ്രാമങ്ങളിലായി പന്തീരായിരം സ്‌കൂളുകളിൽ നാല്പത് ലക്ഷം കുട്ടികൾ ഒരേസമയം സ്‌കൂളിലേക്ക് എത്തുമ്പോൾ ഒരു ചെറിയ പിഴവ് മതി അപകടമുണ്ടാകാൻ.

ഈ തവണ സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ കേരളത്തിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സ്‌കൂളിൽ സുരക്ഷാ പരിശോധനയും മുൻകരുതലും എടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എല്ലാ സ്‌കൂളിലും ഒരു പോലീസ് ഉദ്യോഗസ്ഥന് ചാർജ്ജ് നൽകിയിട്ടുണ്ടെന്നും വായിച്ചു. ഈ വിഷയത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഒരു മീറ്റിംഗ് നടത്തി എന്നാണ് മനസ്സിലാക്കിയത്. വളരെ നല്ലത്.

സ്‌കൂളുകളിൽ പൊതുവെ കാണുന്ന സുരക്ഷാപ്രശ്നങ്ങൾ – ക്യാംപസിൽ സുരക്ഷിതമല്ലാതെ നിൽക്കുന്ന മരങ്ങൾ, വെള്ളം നിറഞ്ഞു നിൽക്കുന്ന കുഴികൾ, മറവില്ലാത്ത കിണറുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ നിർമ്മാണ വസ്തുക്കളും മറ്റും കൂട്ടിയിട്ടിരിക്കുന്നത് എന്നിങ്ങനെ പലതുണ്ട്. പണ്ടൊക്കെ സ്‌കൂൾ കെട്ടിടങ്ങൾ പോലും അത്ര സുരക്ഷിതമല്ലായിരുന്നു. ഞാൻ പഠിക്കുന്ന കാലത്ത് സ്‌കൂളിൽ കുട്ടികളുടെ എണ്ണം പെട്ടെന്ന് കൂടിയപ്പോൾ ഓല മേഞ്ഞ ഷെഡ്ഡുകൾ ഉണ്ടാക്കി അതിൽ ക്ലാസുകൾ നടത്തേണ്ടിവന്നു. ഒരിക്കൽ അതിന് തീപിടിച്ചു. ക്ലാസില്ലാതിരുന്ന സമയമായതിനാൽ കുട്ടികൾക്ക് അപായമുണ്ടായില്ല. ഇത്തരം സാഹചര്യങ്ങൾ ഇപ്പോഴില്ല എന്നത് നല്ല കാര്യമാണ്.

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് സുരക്ഷയുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുക്കണമെന്നും ഓരോ സ്‌കൂളിലും പ്രഥമ ശുശ്രൂഷയ്ക്കുള്ള സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും അതിൽ പരിശീലനം ലഭിച്ച ആണും പെണ്ണുമായി രണ്ട് അധ്യാപകരെങ്കിലും ഉണ്ടാകണമെന്നും ഞാൻ എപ്പോഴും നിർദ്ദേശിക്കുന്നതാണ്. കുറച്ചെല്ലാം പ്രയോഗത്തിൽ വരുന്നുമുണ്ട്. സന്തോഷം.

ഇത്തവണത്തെ സ്‌കൂൾ പ്രവേശനം അഞ്ചു വയസ്സിൽ ആണോ ആറു വയസ്സിൽ ആണോ എന്നറിയില്ല. അഞ്ചു വയസ്സിൽ ആണെങ്കിൽ കോവിഡ് കാലത്ത് ജനിച്ച കുട്ടികളും ജീവിതത്തിന്റെ ആദ്യവർഷങ്ങൾ ലോക്ക് ഡൗണിൽ വളർന്ന കുട്ടികളും അതിൽ ഉൾപ്പെടും. ‘പാൻഡെമിക് ബേബീസ്’ എന്നാണ് ഈ കുട്ടികളെ പാശ്ചാത്യലോകം വിളിക്കുന്നത്. അവരുടെ വളർച്ചയുടെ വേഗതയിലും രീതിയിലും വെല്ലുവിളികൾ പ്രതീക്ഷിക്കേണ്ടതാണ്. കോവിഡ് നമ്മുടെ മനസ്സിൽ നിന്നും പോയ സാഹചര്യത്തിൽ നമ്മുടെ അധ്യാപകർ ഇക്കാര്യങ്ങൾ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്നും അവരെ ആരെങ്കിലും അത് ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല. ഇത് ശ്രദ്ധിക്കേണ്ടതും പഠനവിധേയമാക്കേണ്ടതും ആവശ്യമെങ്കിൽ പരിഹാരനിർദേശങ്ങൾ നൽകേണ്ടതുമാണ്.

ഈ വർഷം എത്ര കുട്ടികൾ പുതിയതായി സ്‌കൂളിൽ ചേരുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കേരളത്തിൽ കുട്ടികളുടെ എണ്ണം വളരെ വേഗത്തിൽ ഗണ്യമായി കുറയുകയാണ്. 1990 കളിൽ ഒരു വർഷം ആറു ലക്ഷത്തിലധികം കുട്ടികൾ ഓരോ വർഷവും ജനിച്ചിരുന്നത് ഇപ്പോൾ മൂന്നു ലക്ഷത്തിന് താഴെയായി എന്നും വായിച്ചിരുന്നു. 2021 ലെ കുട്ടികൾ സ്‌കൂളിലെത്തുന്ന വർഷത്തിൽ ഈ കുറവ് വളരെ പ്രകടമാകും.

നമ്മുടെ സ്‌കൂളുകളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുടെ എണ്ണം കൂടിവരുന്നതും ഈ വർഷത്തിൽ കൂടുതൽ പ്രകടമാകും. ചില സ്‌കൂളുകളിൽ കേരളത്തിൽ നിന്നുള്ള കുട്ടികളെക്കാൾ കൂടുതൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ ആയിരിക്കും. ഇതുണ്ടാക്കുന്ന അവസരങ്ങളും വെല്ലുവിളികളും നമ്മുടെ വിദ്യഭ്യാസ വകുപ്പും വിദഗ്‌ദ്ധരും ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികൾക്ക് സുരക്ഷിതമായൊരു സ്‌കൂൾവർഷം ആശംസിക്കുന്നതിനൊപ്പം ഒന്നാം ദിവസം വിഷമിപ്പിക്കുന്ന വാർത്തകളൊന്നും ഉണ്ടാകല്ലേയെന്നും ആഗ്രഹിക്കുന്നു. എല്ലാവരും ശ്രദ്ധിക്കുമല്ലോ.

മുരളി തുമ്മാരുകുടി

Leave a Comment